Jump to content

താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 48 —


രിവിലാണ്. ഈ പ്രപഞ്ചത്തിൽ എന്റെ ഉറ്റവരും ഉടയവരുമായി ആരെങ്കിലുമുണ്ടോ? പരിശുദ്ധ പ്രേമത്തിന്റെ ബലിപീഠത്തിൽ നിന്നുകൊണ്ട് രണ്ടാത്മാവുകൾ മന്ദഹസിക്കുന്ന മുഖത്തോടെ മാടിവിളിക്കുന്നുണ്ടു്.

ഞാൻ കഷ്ടപ്പാടിൽ ജനിച്ചു. കഷ്ടപ്പെട്ടു ജീവിച്ചു. ഇനിയുമതുതന്നെയവശേഷിക്കുന്നു.

ജീവിതമേ നീയൊരു പരീക്ഷണമാണു്. നന്മയും, തിന്മയും, വിശുദ്ധവും, അശുദ്ധവും, സുഖവും, ദുഃഖവും തമ്മിലുള്ള ഒരു പരീക്ഷണമാണിവിടെ. എത്രയോ സത്യങ്ങളിവിടെ പരാജയപ്പെട്ടിട്ടുണ്ട്. എത്രയോവിശുദ്ധ ഹൃദയങ്ങൾ ഇവിടുത്തെ മൃഗീയതയുടെ ഭദ്രാസനത്താൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. എത്രയോ നീചന്മാർ ആനന്ദാനുഭൂതികൾ ആവോളമാസ്വദിച്ചിട്ടുണ്ടവിടെ. അതെ, മനുഷ്യൻ കാരാഗൃഹത്തിലാണു്. അവൻ അഗ്നിപരീക്ഷണത്തിന്റെ വിരിമാറുകാട്ടണം.

കിലുങ്ങുന്ന നാണയത്തുട്ടുകളുടെ നൂൽപാലത്തിൽ കൂടി മനുഷ്യത്വത്തെ കടത്തിവിടുന്ന സാഹസികമായ പാരമ്പര്യത്തിന്റെ “അടയിരുപ്പുറയാ”ണീ പ്രപഞ്ചം. വർണ്ണത്തിന്റേയും, വർഗ്ഗത്തിന്റെയും പേരിൽ ഗതിയുടേയും, ഗതികേടിന്റെയും നാമത്തിൽ എണ്ണമറ്റ പരിശുദ്ധ ജീവിതങ്ങളെ അഹന്തയുടെ കോടതിയിൽ കയറിയിട്ടുണ്ടിവിടെ. അന്ധതയുടെ അജയ്യതയാൽ നിർമ്മലങ്ങളായ അനേകമാത്മാവുകളെ അനീതിയുടെ ആകത്തുകകൊണ്ട് അറുത്തു തള്ളിയ എത്രയോ ചരിത്രങ്ങൾ രക്തച്ചുവ വിട്ടുമാറാതെ അനന്തതയിലലിഞ്ഞു ചേർന്നിട്ടുണ്ടു്. നീതിയില്ലാത്ത അന്ധകാരമേ നീയൊരു കൽത്തുറുങ്കാണ്. പരിശുദ്ധതയുടെ തൂക്കുമരമാണു നീ. എത്രയധികം ജീവിതങ്ങളെ നിസ്സഹായത