Jump to content

താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
അഞ്ചു്


“ഹൃദയം നോവിക്കാതെ, മിഴികൾ നിറയ്ക്കാതെ ആത്മാവു വേദനയിലാഴുമ്പോൾ മന്ദഹസിച്ചുകൊണ്ടു കാത്തിരിക്കൂ”

ഇരുവശങ്ങളും കെട്ടിടങ്ങൾ ഇടതിങ്ങി നില്ക്കുന്ന ആ ഇടവഴിയിലൂടെ കടന്നു ഞാൻ നേരെ തെക്കോട്ടു നടന്നു. ഒരു ലക്ഷ്യവുമില്ല. ഈ രാത്രി എവിടെ കഴിയും? നാളെ പ്രഭാതമാകുമ്പോൾ ഈ പ്രദേശത്തുനിന്നുതന്നെ മറയണം. ഞാനൊരു വശം ചേർന്നു നടന്നു. സമീപത്തുകൂടി ആളുകൾ മുട്ടിയുരുമ്മി പോകുമ്പോൾ എന്റെ ഉള്ളു ഭീതികൊണ്ടു മൂളിപ്പോകുന്നു.

ഈ നശിച്ച ബൾബുകളൊന്നണഞ്ഞിരുന്നെങ്കിൽ! എന്നെന്റെ മനസ്സായിരം വട്ടം മന്ത്രിച്ചു. ഉദ്ദേശം ഒരു മൈലോളം നടന്നപ്പോൾ പട്ടണപ്രാന്തത്തിൽനിന്നും വിട്ടകലുവാൻ എനിക്ക് കഴിഞ്ഞു. തെരുവു വിളക്കുകളില്ലാത്ത ഒരു ഗ്രാമവീഥിയിൽ ഞാനെത്തിച്ചേർന്നു. എന്റെ ഉള്ളിലൊരു തണുപ്പു വീശി. പടിഞ്ഞാറുനിന്നും പുളകം കൊള്ളിക്കുന്ന തണുത്ത മാരുതൻ വീശുന്നു.