താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 40 —


മണികിലുക്കിക്കൊണ്ട് ഒന്നുരണ്ടു കാളകൾ അതുവഴി കടന്നുപോയി. പിശാചിന്റെ വരവാണ്. എന്നിലാരോ വിളിച്ചറിയിച്ചു. ഭീതികൊണ്ട് ഞാനൊന്നു കൂടി ഞെട്ടി. ലൈറ്റടിച്ച സ്ത്രീകൾ എന്നോടടുത്തു വന്നു. അവരെന്നെത്തന്നെ നോക്കിക്കൊണ്ടാണു് വന്നത്. യക്ഷിതന്നെ. രക്തം കുടിക്കുന്ന യക്ഷി. അർദ്ധരാത്രിയിൽ തക്കം നോക്കി ഇറങ്ങി തിരിച്ചിരിക്കയാണ്. ഞാൻ തിരിഞ്ഞുനിന്നു ഓടുവാൻ നിശ്ചയിച്ചു ഒന്നുരണ്ടുപാദങ്ങൾ എടുത്തുവെച്ചു.....

“രാജു” മധുരമായ ഒരു ശബ്ദം. ഞാൻ തിരിഞ്ഞുനിന്നു. എടി വഞ്ചകിയായ രാക്ഷസി, നീയെന്നെ ചതിക്കല്ലേ നീയെങ്ങിനെ എന്റെ പേരറിഞ്ഞു. . . . . . . ഞാൻ ആലില പോലെ വിറച്ചു.

പെട്ടന്നവൾ ടോർച്ചു സ്വന്തം മുഖത്തിന്നുനേരെ അടിച്ചു. “ശാന്ത” എന്റെ ചുണ്ടുകൾ ചലിച്ചു. ധൈര്യമായി ഞാനൊന്നു നിശ്വസിച്ചു. യക്ഷിയല്ല. എന്റെ ശാന്തയാണു്.... മനുഷ്യനെ സ്നേഹിക്കുന്ന ഒരു മനുഷ്യസ്ത്രീയാണു്. യക്ഷിയുമല്ല ദേവതയുമല്ല. യൗവനത്തോപ്പിൽ ചവുട്ടുന്ന ഒരു കൊച്ചു സുന്ദരിയാണവൾ. അവളെങ്ങിനെ എന്നെ കണ്ടു...... എന്തിനവളെന്റെ പിന്നാലെ ഈ രാത്രിയിൽ വരുന്നു?

“എന്താണു രാജു” എന്റെ അടുത്തുവന്നു തോളിൽ കൈവെച്ചുകൊണ്ടു അവൾ ചോദിച്ചു.

“ശാന്തയെവിടെപ്പോയി” സംശയഭാവത്തോടെ ഞാൻ ചോദിച്ചു. എന്റെ തോളിൽ നിക്ഷേപിച്ചിരുന്ന അവളുടെ കൈ ഒന്നെടുത്തു മാറ്റുവാൻ ഞാനാവതു നോക്കി. ഒട്ടും കാരുണ്യം കാണിക്കാതെ തട്ടിക്കളഞ്ഞാൽ ഒരു കഠാരിക്കുത്തു പോലെ അതവൾക്കനുഭവപ്പെടും.