നടപ്പില്ല. അവളുടെ ദേഹത്തു സ്പർശിച്ചുപോയാൽ നിശ്ചയമായും ചാടി എഴുന്നേൽക്കും, ലിസായല്ലെങ്കിൽ പിന്നത്തെ സ്ഥിതി എന്തായിരിക്കും? ഞാനവളോടടുത്തൊന്നു കുനിഞ്ഞു നോക്കി.
“ഛ ആരെടാ” ഒരു പുരുഷന്റെ ഗർജ്ജനമാണത്. ഒരു പിച്ചക്കാരനാണെങ്കിലും പിശാചിനെപ്പോലെ പരുഷമായി അവർ അകന്നു. അടുത്തുകിട ന്നവരെല്ലാം ഞെട്ടി എണീറ്റു. വടിയും കല്ലുമൊക്കെയായി അവർ എന്നോടടുത്തു. ഞാൻ ജീവനും കൊണ്ടോടി.
റോഡിലൂടെ കുറെ ചെന്നപ്പോൾ എനിക്കെതിരെ ഒരു കാർ വരുന്നതു കണ്ടു. ഞാൻ അടുത്ത കണ്ട ഒരു കലുങ്കിനടിയിൽ സ്ഥലം പിടിച്ചു. അടുത്തു കാർ പോയി കഴിഞ്ഞു് ഞാൻ വീണ്ടും യാത്ര തുടർന്നു......
പെട്ടെന്നൊരു ടോർച്ചിന്റെ പ്രകാശം എന്റെ നേരെ പറന്നു വന്നു. എന്റെ മുഖത്താണതാദ്യം പതിച്ചത്. കോപവും, താപവും എനിക്കുണ്ടായി. പോലീസിനെ ഭയപ്പെട്ടോടുന്ന ഒരു കുറ്റവാളിയായിരുന്നില്ലെങ്കിൽ അവിടെനിന്നു ഞാൻ ഗർജ്ജിക്കുമായിരുന്നു. എന്റെ കണ്ണിലിരുട്ടു കയറിയപോലെ തോന്നി.
രണ്ടു മിഴികളും വീണ്ടും വീണ്ടും ചിമ്മി. ഞാൻ സൂക്ഷിച്ചുനോക്കി. എന്നെത്തിരഞ്ഞു നടക്കുന്ന പോലീസുകാരല്ല. സ്ത്രീകളുടെ ശബ്ദമാണു കേട്ടത്. വെണ്ണിലാവുമൂലം അസ്പഷ്ടമായി ഞാനാളെക്കണ്ടു. വല്ല നിശാദേവതമാരൊ, ഭയങ്കരികളായ യക്ഷികളോ ആയിരിക്കുമോ എന്നെനിക്കു തോന്നി. ഏതായാലും എന്റെ സിരസ്സിനകത്തിരുന്നു ഒരു ഡസൻ പടക്കങ്ങളെങ്കിലും പൊട്ടുന്ന പോലെ എനിക്കു തോന്നി. തിരിഞ്ഞോടിയാലൊ? അന്തഃക്കരണമുപദേശിച്ചു.