ഒരാൽ വൃക്ഷത്തിന്റെ കെട്ടിയുയർത്തിയ തറയിൽ ഞാനിരുന്നു. എന്റെ ധമനികളെല്ലാം തളർന്നു കഴിഞ്ഞിരിക്കുന്നു. എന്റെ കവിൾത്തടങ്ങളിൽ ഒരു പുരുഷന്റെ പരുത്ത കരങ്ങൾ പെരുമാറുന്നത് ഇദംപ്രഥമമായിട്ടാണ്. ഞാനോർമ്മിക്കുന്നു അന്നൊരു ദിവസം മരണക്കിടക്കയിൽ കിടന്നു കൊണ്ട് എന്റെ അമ്മ രണ്ടു കവിൾത്തടങ്ങളും അവരുടെ ശുഷ്കിച്ച കൈകൾ കൊണ്ടു് അമർത്തിപ്പിടിച്ചു “നി...... ന്നെ...... യിനി...... യാരു... നോ... ക്കും മോനെ” എന്നു ഹൃദയം പൊട്ടുമാറു പറഞ്ഞതു്. മാംസവും രക്തവും അണുമാത്രം പോലും അവശേഷിക്കാതെ ചുക്കിച്ചുളിഞ്ഞ കൈപത്തികൾ എന്റെ മുഖത്തുരുമ്മിയപ്പോൾ പരമാർത്ഥത്തിൽ എനിക്കൊരു ചെറിയ വേദന തോന്നിയെന്നുള്ളത് ശരിയാണ്. പക്ഷെ എന്നെ പാലൂട്ടി താരാട്ടി, കുങ്കുമപ്പൊട്ടു തൊടുവിച്ച എന്റെ വത്സലമാതാവിന്റെ...... പാണിതലങ്ങളാണവ. ഊക്കോടെ അവരുടെ കൈകൾ എന്റെ മുഖത്തു പതിച്ചാലും അതൊരു വേദനയാകുകയില്ല. മധുമുള്ള യാതന ആയിരിക്കും.
പക്ഷെ ആ ദുഷ്ടൻ! ഹോ അക്കാര്യം ചിന്തിക്കുമ്പോൾ പോലും അടക്കാനാവാത്തവിധം എന്റെ കൈകൾ തരിക്കുന്നു.
എന്റെ ജീവന്റെ തന്നെയും മറയായ ഈ അന്ധകാരം ഒരിക്കലും മറയാതിരിക്കട്ടെ. പ്രകാശരശ്മി ഒരു നാളിലും പ്രപഞ്ചത്തിൽ പതിക്കാതിരിക്കട്ടെ എന്നു ഞാനായിരം വട്ടം പ്രാർത്ഥിച്ചു.....
സൂര്യപ്രകാശത്താൽ മിന്നിത്തിളങ്ങുന്ന ചില്ലുകഷ്ണങ്ങൾ പോലെ നാലു ചുറ്റും മിന്നാമിനുങ്ങുകൾ മിന്നിപൊങ്ങുന്നുണ്ടു്. അവറ്റകൾ വൃക്ഷത്തലപ്പുകളിലും, മരച്ചില്ലകളിലും മറ്റും പറ്റിചേർന്നിരിക്കുന്നതും, വട്ടമിട്ടുപറക്കുന്നതും നോക്കി ഞാൻ വളരെനേരം ഇരുന്നുപോയി.