താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 42 —


“പോരേന്നു ചോദിച്ചാൽ, മതി”

“പടമെങ്ങിനെയിരുന്നു?”

“പടമെങ്ങിനെയിരുന്നാലെന്താ.... യാഥാർത്ഥ്യഗുണമില്ല”

“മ്”

“ഉം”

ഞാൻ നേരെ നടന്നു. അവൾ ഇടക്കുകണ്ട ഒരു പടിവതിലിന്നരികിലേക്കു നടന്നു.

“എങ്ങോട്ടാ സാറെ?” അല്പം അവഹേളനാരൂപത്തിൽ അവൾ ഉറക്കെ ചോദിച്ചു. എനിക്ക് ‘അയ്യടാ എന്നായി.’

“ഇതാണു നമ്മുടെ കൂര. മഹാരാജാധിരാജൻ തിരുവുള്ളം കനിഞ്ഞു് ഇതുവഴി വന്നാലും.”

മഹാരാജാവിനോടു സംസാരിക്കുന്ന രാജകുമാരിയെപ്പോലെ അവൾ അറിയിച്ചു.

“ഭവതിയുടെ ഇംഗിതത്തെ നാം ശിരസാവഹിക്കുന്നു” ഒപ്പം ഗമയിൽ ഞാനും തട്ടിവിട്ടു....

ഞാനും നടകയറി... അവൾ മുറിക്കുള്ളിലുള്ള ആലക്തികദീപങ്ങൾ പ്രകാശിപ്പിച്ചു. നാഗാറാണിമാരുടെ ശയ്യയുടെ പ്രതീതിയാണു് എനിക്കാ മുറിയിൽ കയറിയപ്പോളുണ്ടായതു്. ചില്ലിട്ട ഫോട്ടോകളും, കറങ്ങുന്ന പങ്കകളും, വെളിയാടയിട്ട ജനലുകളും, കർട്ടനിട്ട വാതിലുകളും ആകെ അലങ്കാരമായിരിക്കുന്നു. ഏറ്റവും പുതിയ പുഷ്പങ്ങൾ മാത്രം നിറച്ച ഒരു മനോഹര മലർചഷകം. പച്ചയും, നീലയും, മഞ്ഞയും, ചെമപ്പും നിറങ്ങൾ കലർന്ന കുസുമങ്ങൾ മഞ്ജുളസൗരഭ്യം വീശിക്കൊണ്ടും പരിലസിക്കയാണതിൽ, മുറിയുടെ മദ്ധ്യഭാഗത്തിരിക്കുന്ന വട്ടമേശയിൽ പ്രതിഷ്ഠിച്ചിരിക്കയാണു ചഷകം....