ഇത്രകണ്ടാത്മർത്ഥതയോടെ എന്റെ മുമ്പിൽ ഒരു സ്ത്രീ പ്രേമാർത്ഥന നടത്തുന്നതിന്നാദ്യമായാണു്. നിഷ്കപടമായ അവളുടെ ഹൃദയത്തിൽനിന്നും പരിശുദ്ധ പ്രേമത്തിന്റെ വേദനയൂറുന്ന ഭാവങ്ങൾ ഒന്നൊന്നായി ഉതിർന്നു വീഴുകയാണു്.
“എന്തു് ശാന്തേ?”
“ഉം”
“ഞാനെന്തു ചെയ്യണം. നീപറയു”
“അങ്ങൊരിക്കലും ഇവിടെനിന്നു പോകരുതു്. എന്നെ പിരിയരുത്. അങ്ങയുടെ വേർപാട് എന്നെ എന്താക്കുമെന്ന് എനിക്കു ഊഹിക്കാൻ കൂടിവയ്യ”
“അതെങ്ങിനെ സാധിക്കും”
“അങ്ങയുടെ സർവ്വസുഖസൗകര്യങ്ങളും ഞാൻ നോക്കിക്കൊള്ളാം.”
ഞാൻ ലിസായുടെ എല്ലാവസ്തുതയും പറഞ്ഞു.... അവൾ പൊട്ടിക്കരഞ്ഞു.
“എങ്കിലും അങ്ങേക്കെന്നോടു......” അർദ്ധോക്തിയിൽ അവൾ വിരമിച്ചു.
“ഒരിക്കലും ശാന്തേ നിന്നെ ഞാൻ മറക്കുകയില്ല. എന്നും വാടാത്ത മലരായി നീയെൻ ആത്മാവിൽ പറ്റി ചേർന്നിരിക്കും.”
“ലിസായെ ഞാനന്വേഷിപ്പിക്കാം”
“എന്നാൽ നമുക്കു രണ്ടുപേര് കൂടി പോകാം. അങ്ങയോടുകൂടി പിച്ചയെടുക്കുവാനും ഞാനിന്നു തയ്യാറാണ്.”
“യാതൊന്നും വിചാരിച്ചു നീ മനസ്സു പുണ്ണാക്കരുതു്. നമുക്ക് വീണ്ടും കണ്ടുമുട്ടാം”