Jump to content

അലിഞ്ഞു ചേർന്ന ആത്മാക്കൾ/നാലു്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
അലിഞ്ഞു ചേർന്ന ആത്മാക്കൾ
രചന:സി.എ. കാലായിൽ (1959)
നാലു്

[ 32 ]

നാലു്


സന്ധ്യയാകുന്നതുവരെ ഞാൻ വിശ്രമിയ്ക്കാതെ അലഞ്ഞുതിരിഞ്ഞു. വിശപ്പും ദാഹവും! അത്യധികമായി ശരീരം തളരുന്നു.... ഒരു ലക്ഷ്യവും പ്രതീക്ഷയുമില്ലാതെ എങ്ങോട്ടാണു തിരിക്കുക..... ലിസായെ കാണണം. എനിക്കും ജീവിക്കണം..... പൊട്ടനായോ ചട്ടനായോ അഭിനയിച്ചാൽ തെണ്ടി ജീവിക്കാം. പക്ഷെ ശേഷിയും തന്റേടവുമുള്ള ഒരു ചെറുപ്പക്കാരൻ, ആരോഗ്യവും അഭിമാനവുമുള്ള ഒരു യുവാവു് ഇത്തരമൊരു സാഹസത്തിനു മുതിരുന്നതു കഷ്ടമാണു്.

ഇതിനകം ഞാനെത്ര പടിവാതിലുകൾ കാത്തുനിന്നു. എത്ര നായ്ക്കളെ പേടിച്ചോടി. എത്ര പേരുടെ ആട്ടും തെറിയും കേട്ട്. “നീ പോയി വേലയെടുക്കു” എല്ലാവരും ആവർത്തിക്കുന്ന പല്ലവിയാണിത്. പക്ഷേ വേലതരുവാനാരുമില്ല...... ഈ വിശപ്പെനിക്കു സഹിച്ചുകൂടാ. ഹോ! ഞാൻ വിശന്നു മരിക്കുന്നു. തെരുവിലുള്ള ഹോട്ടലുകളിൽ പലഹാരങ്ങൾ കാണുമ്പോൾ എന്റെ നാവിൽ വെള്ളമൂറുന്നു..... എന്റെ ധമനികളെല്ലാം തളരുന്നു. എന്നാൽ വിശപ്പുണ്ടാകുവാൻ എത്ര ആളുകൾ ഡാക്ടർക്കു പണം വാരിക്കൊടു

[ 33 ]

ക്കുന്നു! ഒരു കൂട്ടർ വിശന്നിട്ട്, മറെറാരു കൂട്ടർ വിശപ്പുണ്ടാകാതെയിരുന്നിട്ട്. എന്തെന്തു വിരോധാഭാസങ്ങൾ!

കുരുഹലചിത്തരായി എത്ര മനുഷ്യർ നടന്നുപോകുന്നു. ഫലിതങ്ങൾ പറഞ്ഞുകൊണ്ട് പകിട്ടിലും പൗഡറിലും പൊതിഞ്ഞ പച്ചപ്പരിഷ്കാരികൾ അണിഞ്ഞൊരുങ്ങി ചന്തമൊപ്പിച്ചു നീങ്ങുന്നു. അതുകൂടെ എന്റെ ലിസായില്ല. പൊരിയുന്ന വയറുമായി ഞാൻ നെടുവീർപ്പിടുന്നതു കാണാൻ ഒരൊറ്റ മനുഷ്യൻ പോലും തുനിയുന്നില്ല. ഒരു പ്രാവശ്യം അവരുപയോഗിക്കുന്ന സുഗന്ധദ്രവ്യങ്ങൾക്കു മുടക്കുന്ന പെസയുണ്ടെങ്കിൽ അരവയറു നിറച്ചു ഒരു കുടുംബത്തിനു ഒരാഴ്ച കഴിയാം. ഹൃദയമില്ലാത്ത ലോകമേ! ഞാൻ നിന്റെ മുൻപിൽ ഒരു മനുഷ്യപ്പുഴുവായിത്തീർന്നല്ലോ?

നാലു ചുററും നോക്കിക്കൊണ്ടും ഞാനാകവലയിൽ നിന്നു. ചീറിപ്പായുന്ന വാഹനങ്ങളും, ഉല്ലാസമായിപ്പോകുന്ന മനുഷ്യരും, തിക്കും തിരക്കുംതന്നെ......എങ്ങോട്ടാണു പോവുക......? അടുത്തുകണ്ട ഒരു ഹോട്ടലിലേക്ക് ഞാൻ നടന്നു. “ചായയോ, കാപ്പിയോ? എന്താണു് വേണ്ടത്”.

വാതില്‌ക്കലെത്തിയ എന്നോടു ഒരു ജോലിക്കാരൻ ചോദിച്ചു. എന്തെങ്കിലും ഒന്നു പറയണമെന്നു എനിക്കു തോന്നി. പക്ഷെ വശമില്ല.

“മാനേജരെ ഒന്നു കാണണം” അല്പം വിനയത്തോടെ ഞാൻ പറഞ്ഞു.

“അതാ ഇരിക്കുന്നു, കണ്ടോളിൻ”

അല്പം അകലെ ഒരു മേശയുടെ അടുത്തിരിക്കുന്ന മാംസപിണ്ഡത്തെ ചൂണ്ടിക്കൊണ്ടയാൾ പറഞ്ഞു. എനിക്കൊരു ഭീതി തോന്നി, “ഇറങ്ങടാ പുറത്തു” എന്നയാൾ ആജ്ഞാപിച്ചേക്കുമോ എന്നെനിക്കു തോന്നിപ്പോകുന്നു. ആ പിരി

[ 34 ]

ച്ചുവച്ചിരിക്കുന്ന മീശ, പുലിയെപ്പോലുള്ള ഇരുപ്പു്. എനിക്കൊരു ഭീതി....എങ്കിലും ഞാനടുത്തു ചെന്നു.

“ഉം” അയാൾ

“എന്തെങ്കിലും ഒരു ജോലി” അർദ്ധോക്തിയിൽ ഞാൻ പറഞ്ഞു.

“എന്തു ജോലി അറിയാം?”

“സാധനങ്ങൾ എടുത്തു കൊടുക്കാം.”

“ശമ്പളമോ?”

“അതങ്ങു നിശ്ചയിക്കുന്നതു്.”

“എന്നാൽ അപ്പുറത്തേക്കു പൊയ്‌ക്കോ.”

“ഗോപാലാ ഇയാളെ.....”

ഒരാൾ വന്നു. ഒരു ജോലിക്കാരൻ. എന്നെ അകത്തേക്കു കുട്ടിക്കൊണ്ടുപോയി. ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഇത്രകണ്ടു ദയാപൂർവ്വമായ ഒരു ഹൃദയമയാൾക്കുണ്ടായിരിക്കുമെന്നു്.

അകത്തുള്ള ഒരു ബഞ്ചിൽ ഞാൻ ചെന്നിരുന്നു. ഒരു കാപ്പിയും, എന്തോ ചില സാധനങ്ങളും ഒരാൾ കൊണ്ടുവന്നു വെച്ചു. ഒരു നിമിഷംകൊണ്ടു് അതു മുഴുവനുള്ളിലാക്കുവാൻ എനിക്കു തോന്നി. . . . .

“എവിടെയാ തന്റെ വീട്?” അകത്തുനിന്നും 50 വയസ്സു പ്രായമുള്ള ഒരാൾ എന്റെ അടുത്തു വന്നു നിന്നു ചോദിച്ചു.

“തിരുവല്ലായടുത്താണ്” ഞാൻ

“പേരെന്താ?”

“രാജു”

“വേറെ കടേ നിന്നിട്ടുണ്ടോ?”

“ഇല്ല”

[ 35 ]

“ഭാക്യോണ്ടു കേട്ടോ.”

അയാൾ വേഗം നടന്നു മറഞ്ഞു. . . . മുൻവശത്തുനിന്നും റേഡിയോ ഗാനങ്ങളും, നാലു ചായ, രണ്ടുകാപ്പി, ഒരോവൽ ടിൻ, എന്നിങ്ങനെയുള്ള ശബ്ദങ്ങളും കേൾക്കാം. ഒട്ടേറെ ആളുകൾ വന്നും പോയുമിരിക്കുന്നു.

ഹോ! എത്രപേരോട് സമാധാനം പറയണം, എന്തെല്ലാം ചോദ്യങ്ങൾ!

“എവിടെയാ തന്റെ വീടു്.”

വാതില്‌ക്കൽ വച്ചു ഞാൻ കണ്ട ആളാണ്.

“തെക്കാണു്”

“പേരു രാജു എന്നല്ലേ?”

“ഉം”

“ഇവിടെയങ്ങനെ പുതിയ ആളുകളെ നിർത്താറുള്ളതല്ല.”

“പിന്നെ?”

“ഈയിടെ കുറെ പേരു് സ്ട്രൈക്ക് എടുത്തിരിക്കുവാ.”

“എന്തിനു?”

“ശമ്പളം കൂട്ടാൻ!”

അയാളും പോയി. പിന്നീടും ആരോഒക്കെ എന്നെ സമീപിച്ചു. ഒരുത്തനോടു ഞാൻ മാനേജരുടെ പേരു ചോദിച്ചു.

“പ്രാണൻതല്ലി പരമു” അയാൾ പറഞ്ഞു.....

ആ രാത്രി കടന്നുപോയി.

രാവിലെ ഒരഞ്ചുമണിയായപ്പോൾ എന്നെ ആരോ വിളിച്ചുണർത്തി. ഒരു കയലിമുണ്ടും ബനിയനും എനിക്കും

[ 36 ]

കിട്ടി. കുളിയുമൊക്കെക്കഴിഞ്ഞു വന്നു സുപ്രഭാതത്തിൽ ഞാൻ ചാർജ്ജെടുത്തു.

“നീ സപ്ലൈ ചെയ്യു.”

മാനേജരാജ്ഞാപിച്ചു. എല്ലാം ശിരസാവഹിക്കുവാൻ കടപ്പെട്ടിരിക്കുന്ന ഞാൻ എന്തിനും സന്നദ്ധനായി നിന്നു.

“ഒരു ദോശയിങ്ങുതാ.”

ആരോ അകത്തിരുന്നുകൊണ്ടു് പറഞ്ഞു, “രാജു, ഒരു ദോശയെടുത്തു കൊടുക്കൂ.” മാനേജർ

ഞാൻ അലമാരിക്ക് നടന്നു. എന്റെ കാലുകൾ പതറുന്നു. മാനേജർ എന്നെത്തന്നെ ഇമവിടാതെ നോക്കുന്നതു ഞാൻ കണ്ടു. കഴുകി അടുക്കിവെച്ചിരിക്കുന്ന ഒരു പ്ലേറ്റെടുത്തു ഞാൻ ഒരു ദോശ എടുത്തതിൽ വച്ചു. “ചമ്മന്തീം ഒഴിച്ചേര്.”

അയാൾ വിളിച്ചുകൂവി. എനിക്കൊരു നാണം. എങ്കിലും മായപോലെ ഓരോന്നും ചെയ്തു തീരുകയാണ്. ആരെങ്കിലും കയറിവന്നാൽ “എന്താവേണ്ടതു” എന്നു ചോദിക്കണം.”

ഒരു വശത്തിരുന്നൊരാൾ “ഒരു പരുപ്പുവട” വേരൊരാൾ “ഒരു നെയ്യപ്പം” മറെറാരാൾ “പൊടിയിട്ട് ഒരിഡ്ഡിലി” എല്ലാം കൊടുക്കണം. കാശു കൊടുക്കാനുള്ള തയ്യാറിലാണ് ചോദിക്കുന്നതു്. ഓർത്തിരുന്ന് പറ്റുന്ന തുകയും പറയണം. “3½ണ, 3ണ, 4½ണ” എന്നൊക്കെ.

പറയുന്നതു കൂടിപ്പോയാൽ, അതെങ്ങനാ, “ഞാനൊരിഢലീം ഒരു ചെറിയ ചായേം ഒരു പപ്പടവുമാ മേടിച്ചതു്. പിന്നെങ്ങനാ 3½ അണയായതു്” എന്നു ചോദിക്കുകയായി.

[ 37 ]

അപ്പോൾ പിന്നെ കണക്കുകൂട്ടണം. ഒരിഢലി 1ണ. ഒരു ചെറിയ ചായ 1ണ. പപ്പടം അരയണ. ആകെ 2½ അണ. ശ്‌യോ നാശം തന്നെ. പറ്റുകുറച്ചാണ് പറയുന്നെങ്കിൽ ആരുമൊന്നും പറയാറില്ല. നേരെ നടന്നേക്കും. കിട്ടിയതു ലാഭമെന്നും പറഞ്ഞു.

എത്രനേരം വേണമെങ്കിലും ജോലിചെയ്യാം. ചില പഴമക്കാരു ജോലിക്കാരുണ്ടു്. അവരുടെ ശാസനയും വലിയ ഭാവവുമാണ് സഹിക്കവയ്യാത്തത്.

എന്റെ നോട്ടമെപ്പോഴും റോഡിലേക്കായിരിക്കും. എന്റെ ലിസാ ഈ വഴിക്കെങ്ങാൻ വന്നവൾ. വന്നാലെന്താ? നീണ്ട മാസം ഒന്നു കഴിഞ്ഞു....

അപ്രതീക്ഷിതമായാണ് എനിക്കു സിനിമ കാണുവാൻ സാധിച്ചത്. ഇവിടെ വന്നിട്ടാദ്യമാണ്. ഒരു പുതിയ ഹിന്ദിപടം!

ഒട്ടുവളരെയാളുകൾ അവിടെ തടിച്ചുകൂടിയിട്ടുണ്ട്. ചുവരിൽ പതിച്ചിരുന്ന ഫോട്ടോകളും നോക്കി ഞാൻ വളരെ നേരം നിന്നുപോയി. പെട്ടെന്ന് പിറകിൽ നിന്നും ഒരു ശബ്ദം കേട്ടു.

“രാജു”

ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കി.

“ആരു്?........ശാന്ത” ഞാൻ സ്വയം പറഞ്ഞു പോയി. അവളെന്റെ അടുത്തെത്തി. കൂടെ ഒരു വേലക്കാരത്തിയുമുണ്ടു്.

“ഞാനെവിടെയെല്ലാമന്വേഷിച്ചെന്നോ?”

“ഉം”

“ഈശ്വരൻ രക്ഷിച്ചു.”

“ശാന്തയിവിടെ എങ്ങിനെ വന്നു.”

“എനിക്കിങ്ങോട്ടു മാററം കിട്ടി.”

[ 38 ]

ഞാനൊന്നും മിണ്ടിയില്ല.

“ഇനിയെന്നും കാണാമല്ലോ” അവൾ പറഞ്ഞു.

ഇലക്ട്രിക്ക് ബെൽ ശബ്ദിച്ചു. അവർ വേഗം ഒര രൂപാ നോട്ടെടുത്തു വേലക്കാരിയുടെ കയ്യിൽ കൊടുത്തു. ഞാൻ നിശ്ശബ്ദനായി നിന്നതേയുള്ളു....... അവൾ ടിക്കറ്റുമായി വന്നു. ചുറ്റും കൂടിനിന്നവർ പലരും എന്നെ ശ്രദ്ധിക്കുന്നതുപോലെ തോന്നി. ഹും! അവരുടെ നോട്ടം.

പടം തുടങ്ങി. അവളിടക്കിടക്കു് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു..... പടം തീൎന്നു പുറത്തേക്കിറങ്ങിയപ്പോൾ ശാന്ത പറഞ്ഞു: “വരൂ നമുക്കു മുറിയിലേക്കു പോകാമെന്നു.”

ഞാനെന്റെ ചരിത്രമെല്ലാം അവളെ ധരിപ്പിച്ചു.

“എന്നും വൈകുന്നേരം അതിലേ വരണം കേട്ടോ.”

ശ്രമിക്കാമെന്നു ഞാനുമേറ്റു.

ഞാൻ പുതിയൊരു മിന്നാമിനുങ്ങിനെ കണ്ടെത്തി. ശാന്ത. അവൾ നല്ലവളാണ്. ഹൃദയമുള്ളവളാണ്.

ദിവസങ്ങൾ പിന്നെയും കടന്നുപോയി. ചിലപ്പോഴെല്ലാം ഞാൻ ശാന്തയുടെ മുറിയിൽ ചെല്ലും . . . . എന്റെ വേദനിക്കുന്ന ഹൃദയത്തിൽ ആശ്വാസത്തിന്റെ ശരറാന്തൽ കാണിക്കുന്ന അവളെ ഞാനെങ്ങിനെ മറക്കും? അവളുടെ നിർമ്മലമായ അന്തരാളത്തിൽനിന്നും അനുഭൂതിക്കായി ഉയർത്തപ്പെടുന്ന നമോവാകം പേക്കിനാവായി മാറുവാൻ ഞാനെങ്ങിനെ അനുവദിക്കും.

എന്റെ ജോലികൾക്ക് ചില ചില്ലറ പാകപ്പിഴകൾ വന്നിരുന്നതിനാൽ മാനേജരുടെ കണക്കിലേറെയുള്ള ശാസനകൾ നിശ്ശബ്ദനായി കേൾക്കാനല്ലാതെ ഒന്നുമെനിക്കു കഴിഞ്ഞില്ല.

5
[ 39 ]

രാത്രി ഒൻപതുമണി കഴിഞ്ഞിരിക്കും. എന്റെ കയ്യിൽ നിന്നു ഒരു പളുങ്കുപാത്രം താഴെവീണുടഞ്ഞു. മാനേജർ കോപം കൊണ്ടു ചുവന്ന കണ്ണുകളോടുകൂടി എന്നെ നോക്കി.

“മുടിപ്പിക്കും ശവം. അല്ല ഞാനെന്തിനു നിന്നെ പറയുന്നു. അട്ടേപിടിച്ചു മെത്തേൽ കിടത്തിയാൽ കിടക്കുമോ.”

“പാത്രത്തിന്റെ വില എന്റെ പറ്റിൽ എഴുതിക്കൊള്ളൂ മാനേജർ” വിനയപുരസ്സരം ഞാനപേക്ഷിച്ചു.

“പറ്റു്. നിനക്കെവിടെയാ...... ഒന്നും പറയിപ്പിക്കേണ്ടാ. ഏതായാലും നിന്റെ എല്ലിൻവഴി ചോറ് കേറുന്നുണ്ട്. അധികം താമസമില്ല. നിനക്കടുത്തിട്ടുണ്ടു” പരിഹാസമായി അദ്ദേഹം പറഞ്ഞു. മുതലാളിത്ത പ്രഭാവം മുഴുവനദ്ദേഹമഭിനയിച്ചു. എന്തൊരധികാര പരമായ പെരുമാറ്റങ്ങൾ. ഇങ്ങനെയുമുണ്ടോ ഒരു വല്യഭാവം. ഇത്തരത്തിലുള്ള മദമത്ത വിത്ത പ്രതാപത്തിന്റെ മരണമണിനാദമാണ് തെരുവുബാലന്മാർ പാടുന്ന വിപ്ലവഗാനങ്ങളെന്നു അദ്ദേഹം വിസ്മരിച്ചുകളയുന്നു.

“ഉം, മാനേജർ ഇഷ്ടമില്ലെങ്കിൽ എന്നെ പിരിച്ചുവിട്ടുകൊൾക. എന്റെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിൽ സംസാരിക്കുവാൻ അവകാശമില്ല”

“ഫ, പട്ടി, നിയെന്തു പറഞ്ഞെടാ.” എന്നട്ടഹസി ച്ചുകൊണ്ടു് അദ്ദേഹം ഓടി എന്റെ ചെകിട്ടിലടിക്കുവാൻ കൈ ഉയർത്തിയതും എന്റെ സ്നേഹിതനായ ഒരു വേലക്കാരൻ.... ഗോപാലൻ എന്നാണയാളുടെ പേര്... മാനേജരുടെ ഉയർത്തിയ കയ്യിൽ പിടിച്ചതും ഒരുമിച്ചു കഴിഞ്ഞു.

“അതു വരട്ടെ മാനേജർ” ഗോപാലൻ പറഞ്ഞു.

“നീയാരടാ കൂറെ” മാനേജർ ഗർജ്ജിച്ചു.

[ 40 ]

“അതു മാനേജരുടെ നാശത്തിനാ”

നാലുഭാഗത്തുനിന്നും എല്ലാ ജോലിക്കാരും ഞങ്ങളുടെ ചുറ്റും വന്നു നിന്നുകൊണ്ടു് അറിയിച്ചു. കാപ്പികുടിക്കുവാൻ വന്നവരെല്ലാം ശ്രദ്ധ പൂണ്ണമായും ഞങ്ങളിൽ കേന്ദ്രീകരിച്ചിരുന്നു. മാനേജർക്കു അഭിമാനക്ഷയം സംഭവിച്ചതുപോലെയായി....

"എടാ കൂറകളെ” നീയൊക്കെ പോയി നിന്റെയൊക്കെ വഴി നോക്കു്.”

“അതവരല്ലെ നിശ്ചയിക്കേണ്ടതു്”—ഞാൻ

“എടാ ഊപ്പേ; നീയത്രക്കായോ?”

ആ ഉരുക്കുമുഷ്ടി എന്റെ ചെകിട്ടിൽ പെരുമാറി. ഞാൻ ചൂളിപ്പോയെങ്കിലും എന്റെ അഭിമാനം മുറിപ്പെടുന്നതു എനിക്കു സഹിക്കവയ്യ.......... ഞാനയാളെ കടന്നു പിടിച്ചു. അദ്ധ്വാനിച്ചു പ്രതിദിനം സ്വേദകണങ്ങൾ വടിച്ചു കളയുന്ന ആ എല്ലാ വിരലുകളും ദുഷ്ടതയുടെ ആകെത്തുകയായ ആ മാംസപിണ്ഡത്തിൽ പ്രവർത്തിച്ചു... നീണ്ട നിമിഷങ്ങൾ. . . .

പെട്ടെന്നൊരു പോലീസു വാൻ വന്നു കടയുടെ മുമ്പിൽ നിന്നു. കുറെ കാക്കി ധാരികൾ ലാത്തിയുമായി പാഞ്ഞടുത്തു വന്നു.... ആരോ മനുഷ്യസ്നേഹികൾ ഭിത്തിയിലിരുന്ന ഒരു ബട്ടണമർത്തി. തെളിഞ്ഞു നിന്ന ആലക്തിക ദീപങ്ങളെല്ലാമണഞ്ഞു. അന്ധകാരത്തിന്റെ കറുത്ത മറകളെ ചുംബിച്ചുകൊണ്ട് ഞങ്ങൾ നാലുപാടും ഓടി.

ഞാൻ ഇരുട്ടിൽ തപ്പിത്തടഞ്ഞുകൊണ്ടു ലക്ഷ്യമില്ലാതെ കടയുടെ പിറകിലൂടെ പാഞ്ഞോടി. വഴിവക്കിൽ തെളിഞ്ഞുനിന്ന ബൾബുകൾ ആരോ കല്ലെറിഞ്ഞു കെടുത്തി