താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 32 —


അപ്പോൾ പിന്നെ കണക്കുകൂട്ടണം. ഒരിഢലി 1ണ. ഒരു ചെറിയ ചായ 1ണ. പപ്പടം അരയണ. ആകെ 2½ അണ. ശ്‌യോ നാശം തന്നെ. പറ്റുകുറച്ചാണ് പറയുന്നെങ്കിൽ ആരുമൊന്നും പറയാറില്ല. നേരെ നടന്നേക്കും. കിട്ടിയതു ലാഭമെന്നും പറഞ്ഞു.

എത്രനേരം വേണമെങ്കിലും ജോലിചെയ്യാം. ചില പഴമക്കാരു ജോലിക്കാരുണ്ടു്. അവരുടെ ശാസനയും വലിയ ഭാവവുമാണ് സഹിക്കവയ്യാത്തത്.

എന്റെ നോട്ടമെപ്പോഴും റോഡിലേക്കായിരിക്കും. എന്റെ ലിസാ ഈ വഴിക്കെങ്ങാൻ വന്നവൾ. വന്നാലെന്താ? നീണ്ട മാസം ഒന്നു കഴിഞ്ഞു....

അപ്രതീക്ഷിതമായാണ് എനിക്കു സിനിമ കാണുവാൻ സാധിച്ചത്. ഇവിടെ വന്നിട്ടാദ്യമാണ്. ഒരു പുതിയ ഹിന്ദിപടം!

ഒട്ടുവളരെയാളുകൾ അവിടെ തടിച്ചുകൂടിയിട്ടുണ്ട്. ചുവരിൽ പതിച്ചിരുന്ന ഫോട്ടോകളും നോക്കി ഞാൻ വളരെ നേരം നിന്നുപോയി. പെട്ടെന്ന് പിറകിൽ നിന്നും ഒരു ശബ്ദം കേട്ടു.

“രാജു”

ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കി.

“ആരു്?........ശാന്ത” ഞാൻ സ്വയം പറഞ്ഞു പോയി. അവളെന്റെ അടുത്തെത്തി. കൂടെ ഒരു വേലക്കാരത്തിയുമുണ്ടു്.

“ഞാനെവിടെയെല്ലാമന്വേഷിച്ചെന്നോ?”

“ഉം”

“ഈശ്വരൻ രക്ഷിച്ചു.”

“ശാന്തയിവിടെ എങ്ങിനെ വന്നു.”

“എനിക്കിങ്ങോട്ടു മാററം കിട്ടി.”