താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 33 —


ഞാനൊന്നും മിണ്ടിയില്ല.

“ഇനിയെന്നും കാണാമല്ലോ” അവൾ പറഞ്ഞു.

ഇലക്ട്രിക്ക് ബെൽ ശബ്ദിച്ചു. അവർ വേഗം ഒര രൂപാ നോട്ടെടുത്തു വേലക്കാരിയുടെ കയ്യിൽ കൊടുത്തു. ഞാൻ നിശ്ശബ്ദനായി നിന്നതേയുള്ളു....... അവൾ ടിക്കറ്റുമായി വന്നു. ചുറ്റും കൂടിനിന്നവർ പലരും എന്നെ ശ്രദ്ധിക്കുന്നതുപോലെ തോന്നി. ഹും! അവരുടെ നോട്ടം.

പടം തുടങ്ങി. അവളിടക്കിടക്കു് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു..... പടം തീൎന്നു പുറത്തേക്കിറങ്ങിയപ്പോൾ ശാന്ത പറഞ്ഞു: “വരൂ നമുക്കു മുറിയിലേക്കു പോകാമെന്നു.”

ഞാനെന്റെ ചരിത്രമെല്ലാം അവളെ ധരിപ്പിച്ചു.

“എന്നും വൈകുന്നേരം അതിലേ വരണം കേട്ടോ.”

ശ്രമിക്കാമെന്നു ഞാനുമേറ്റു.

ഞാൻ പുതിയൊരു മിന്നാമിനുങ്ങിനെ കണ്ടെത്തി. ശാന്ത. അവൾ നല്ലവളാണ്. ഹൃദയമുള്ളവളാണ്.

ദിവസങ്ങൾ പിന്നെയും കടന്നുപോയി. ചിലപ്പോഴെല്ലാം ഞാൻ ശാന്തയുടെ മുറിയിൽ ചെല്ലും . . . . എന്റെ വേദനിക്കുന്ന ഹൃദയത്തിൽ ആശ്വാസത്തിന്റെ ശരറാന്തൽ കാണിക്കുന്ന അവളെ ഞാനെങ്ങിനെ മറക്കും? അവളുടെ നിർമ്മലമായ അന്തരാളത്തിൽനിന്നും അനുഭൂതിക്കായി ഉയർത്തപ്പെടുന്ന നമോവാകം പേക്കിനാവായി മാറുവാൻ ഞാനെങ്ങിനെ അനുവദിക്കും.

എന്റെ ജോലികൾക്ക് ചില ചില്ലറ പാകപ്പിഴകൾ വന്നിരുന്നതിനാൽ മാനേജരുടെ കണക്കിലേറെയുള്ള ശാസനകൾ നിശ്ശബ്ദനായി കേൾക്കാനല്ലാതെ ഒന്നുമെനിക്കു കഴിഞ്ഞില്ല.

5