രാത്രി ഒൻപതുമണി കഴിഞ്ഞിരിക്കും. എന്റെ കയ്യിൽ നിന്നു ഒരു പളുങ്കുപാത്രം താഴെവീണുടഞ്ഞു. മാനേജർ കോപം കൊണ്ടു ചുവന്ന കണ്ണുകളോടുകൂടി എന്നെ നോക്കി.
“മുടിപ്പിക്കും ശവം. അല്ല ഞാനെന്തിനു നിന്നെ പറയുന്നു. അട്ടേപിടിച്ചു മെത്തേൽ കിടത്തിയാൽ കിടക്കുമോ.”
“പാത്രത്തിന്റെ വില എന്റെ പറ്റിൽ എഴുതിക്കൊള്ളൂ മാനേജർ” വിനയപുരസ്സരം ഞാനപേക്ഷിച്ചു.
“പറ്റു്. നിനക്കെവിടെയാ...... ഒന്നും പറയിപ്പിക്കേണ്ടാ. ഏതായാലും നിന്റെ എല്ലിൻവഴി ചോറ് കേറുന്നുണ്ട്. അധികം താമസമില്ല. നിനക്കടുത്തിട്ടുണ്ടു” പരിഹാസമായി അദ്ദേഹം പറഞ്ഞു. മുതലാളിത്ത പ്രഭാവം മുഴുവനദ്ദേഹമഭിനയിച്ചു. എന്തൊരധികാര പരമായ പെരുമാറ്റങ്ങൾ. ഇങ്ങനെയുമുണ്ടോ ഒരു വല്യഭാവം. ഇത്തരത്തിലുള്ള മദമത്ത വിത്ത പ്രതാപത്തിന്റെ മരണമണിനാദമാണ് തെരുവുബാലന്മാർ പാടുന്ന വിപ്ലവഗാനങ്ങളെന്നു അദ്ദേഹം വിസ്മരിച്ചുകളയുന്നു.
“ഉം, മാനേജർ ഇഷ്ടമില്ലെങ്കിൽ എന്നെ പിരിച്ചുവിട്ടുകൊൾക. എന്റെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിൽ സംസാരിക്കുവാൻ അവകാശമില്ല”
“ഫ, പട്ടി, നിയെന്തു പറഞ്ഞെടാ.” എന്നട്ടഹസി ച്ചുകൊണ്ടു് അദ്ദേഹം ഓടി എന്റെ ചെകിട്ടിലടിക്കുവാൻ കൈ ഉയർത്തിയതും എന്റെ സ്നേഹിതനായ ഒരു വേലക്കാരൻ.... ഗോപാലൻ എന്നാണയാളുടെ പേര്... മാനേജരുടെ ഉയർത്തിയ കയ്യിൽ പിടിച്ചതും ഒരുമിച്ചു കഴിഞ്ഞു.
“അതു വരട്ടെ മാനേജർ” ഗോപാലൻ പറഞ്ഞു.
“നീയാരടാ കൂറെ” മാനേജർ ഗർജ്ജിച്ചു.