താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 46 —


രണ്ടു മുത്തുചിപ്പികൾ. ഒരേ വടിവും ഒരേ ആകർഷണീയതയും. ഒന്നേ എടുക്കാവു. ഒന്നെടുത്താൽ മറ്റതു പുകഞ്ഞു ചാമ്പലാകും. രണ്ടുമെടുത്താൽ കൂട്ടിമുട്ടി രണ്ടും തകരുമായിരിക്കും. ഇല്ലെങ്കിൽ സമുദായമലറും...... നീണ്ടമൂകതയാണു നാലു ചുറ്റും. ഭിത്തിയിലെ നാഴികമണി മൂന്നു പ്രാവശ്യം ശബ്ദിച്ചു. ഞാൻ സ്വിച്ച് ഓൺ ചെയ്തു. മുറിനിറയെ പ്രകാശം പരന്നെത്തി.

ഞാൻ മേശയുടെ അടുത്തുചെന്നു് ശാന്തയുടെ ലറ്റർ പേഡിൽ ഇങ്ങിനെ കുറിച്ചു:

പ്രിയപ്പെട്ട ശാന്തക്കു്,

ഭവതി ഒന്നുകൊണ്ടും വ്യാകുലപ്പെടേണ്ട. ആ വാസന്തിക്കാവിൽ പുഷ്പിച്ച മലരു പൂകുവാൻ പരാഗം എത്തുമെന്നുള്ളതു തീർച്ചയാണ്. കാത്തിരിക്കൂ. ഒട്ടും നിരാശ വേണ്ടാ.

എന്നു സ്വന്തം രാജു (ഒപ്പ്)


ഇതെഴുതിവച്ചിട്ട് ഞാൻ ലൈറ്റണച്ചു. പഴയ ഫോട്ടോ നഷ്ടപ്പെട്ടു പോയതിനാൽ ഭിത്തിയിലിരുന്ന ഒരു ചില്ലിട്ട ശാന്തയുടെ ഫോട്ടോയും എടുത്തുകൊണ്ടു ഞാൻ ഇറങ്ങി നടന്നു.... അടുത്തുള്ള ഒരു വൃക്ഷത്തിലിരുന്നു കൊണ്ടു മൂങ്ങാ മൂളുന്നതു ഞാൻ കേട്ടു.... ലക്ഷ്യമില്ലാതെ ഞാനോരോ പാദങ്ങളും എടുത്തു വച്ച് മുന്നോട്ടു നീങ്ങി.