Jump to content

കൃഷ്ണഗാഥ/രണ്ടാം ഭാഗം/സൗഭദ്രികകഥ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(സൗഭദ്രികകഥ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൃഷ്ണഗാഥ
രണ്ടാം ഭാഗം

കൃഷ്ണഗാഥ
ഒന്നാം ഭാഗത്തിലേക്ക്


1 പാർത്തലംതന്നിൽപ്പൊറുത്തുള്ള വൈരികൾ
2 ക്കാർത്തികൾ ചേർത്തു ചെറുത്ത പാർത്ഥൻ
3 തീർത്ഥമാടീടുവാനാസ്ഥപൂണ്ടെങ്ങുമേ
4 പാർത്തലംതന്നിൽ നടന്ന കാലം
5 ദിക്കുകളെങ്ങുമേ ചൊല്ക്കൊണ്ട തീർത്ഥങ്ങൾ
6 ഒക്കവേ ചെന്നുനിന്നാടിയാടി
7 ആസന്നമാമപ്രഭാസമാം തീർത്ഥത്തിൽ
8 വാസവനന്ദനനായവന്താൻ
9 പോയങ്ങു ചെന്നപ്പൊഴാദരവിൽ ഗദ
10 നായൊരു യാദവന്താനും ചൊന്നാൻ.

11 പാർത്ഥനെക്കണ്ടവനാർത്തിയും തീർത്തൊരോ
12 വാർത്തകളോതിനിന്നാസ്ഥയോടെ
13 മാധവന്തന്നുടെ സോദരിയായൊരു
14 മാധവിതന്നുടെ കാന്തിയെല്ലാം
15 മാനിച്ചുനിന്നു പറഞ്ഞുതുടങ്ങിനാൻ
16 മാരമാൽകൊണ്ടവന്മാഴ്കുംവണ്ണം:
17 "ദ്വാരകതന്നിലിന്നുണ്ടൊരു കന്യക
18 സീരവരായുധസോദരിയായ്.
19 ഇന്നവൾതന്നുടെ കാന്തിയേ വഴ്ത്തുവാൻ
20 മന്നിടംതന്നകത്താരുമില്ലേ?

21 ചൊല്ലരുതെങ്കിലും മെല്ലെ മെല്ലിങ്ങനെ
22 ചൊല്ലിനിന്നീടുവൻ വല്ലവണ്ണം.
23 മാനിനിമാരുടെ മൗലിയിൽ മേവുന്ന
24 മാണിക്കക്കല്ലെന്നേ ചൊല്ലാവൂതാൻ
25 ശൃംഗാരമായൊരു സാഗരംതന്നെയി
26 ന്നംഗജൻ നിന്നു കടഞ്ഞു നന്നായ്
27 മെല്ലവേ കൊണ്ടൊരു പീയൂഷംതാനെന്നേ
28 ചൊല്ലുന്നൂതാകിലിന്നൊട്ടു ചേരും
29 പൂവൽമെയ്തന്നുടെ കാന്തിയെച്ചിന്തിച്ചാൽ
30 ഏവമെന്നിങ്ങനെ ചൊല്ലവല്ലേൻ.

31 മേനകമുമ്പായ മാനിനിമാരുടെ
32 മേനിയെ നിർമ്മിപ്പാൻ മാതൃകയായ്
33 ഭംഗിയിൽ നിർമ്മിച്ചു പങ്കജയോനിയി
34 മ്മംഗലതന്നുടലെന്നു തോന്നും.
35 "അഞ്ചമ്പൻതന്നുടെ ബാണത്തെച്ചന്തത്തിൽ
36 ചെഞ്ചമ്മേ നിന്നു പിഴിഞ്ഞു പിന്നെ
37 വെതിങ്കൾതന്നെത്തൊലിച്ചു ചമച്ചുടൻ
38 വെണ്മവരുത്തിയലിച്ചു തന്നിൽ
39 ബാണങ്ങളഞ്ചിൻറെ നന്മണ്മംതന്നെയും
40 പാർത്തുകണ്ടങ്ങതിലാക്കിപ്പിന്നെ

41 ഒന്നിച്ചു നന്നായി നിർമ്മിച്ചുനിന്നാനി
42 ക്കന്യകതന്നുടെ പൂവൽമേനി."
43 എന്നങ്ങു ചൊല്ലുന്നു കാണുന്നോരെല്ലാരും
44 എന്നതും ചെഞ്ചെമ്മേ ചേർന്നുകൂടാ
45 "സാരമായുള്ളൊരു ലാവണ്യപൂരത്തെ
46 പ്പൂരിച്ചുകൊണ്ടൊരു ഭാജനത്തിൽ
47 മാനിനിതന്നുടെയാനനമിങ്ങനെ
48 മാനിച്ചുനിന്നു ചമച്ചു പിന്നെ
49 ശേഷിച്ചു നിന്നൊരു ലേശത്തെക്കൊണ്ടുടൻ
50 ദോഷത്തെക്കൈവിട്ടൊരാനനത്തേ

51 പിന്നെയും നിർമ്മിച്ചുനിന്നൊരുനേരത്ത
52 തിന്ദുതമണ്ഡലമായ് ചമഞ്ഞു.
53 ക്ഷാളനംചെയ്താനപ്പാണികൾ പിന്നെയ
54 ന്നാളീകസംഭവന്തോയംതന്നിൽ
55 എന്നതുകൊണ്ടു നൽപ്പങ്കജജാലങ്ങൾ
56 ഇന്നുമുണ്ടാകുന്നു തോയംതന്നിൽ,"
57 എന്നുമുണ്ടെല്ലാരും ചൊല്ലിനിന്നീടുന്നി
58 ക്കന്യകതന്മുഖം കാണുംനേരം.
59 മാനിന്നും മീനിന്നും മാനത്തപ്പോക്കുന്നോ
60 ന്നാനന്ദം തൂമഴക്കണ്ണിണയും.

61 ചോരിവാ കണ്ടത്രെ മൂവന്തിമേഘങ്ങൾ
62 പാരാതെ പോകുന്നു നേരിടായ്വാൻ.
63 കണ്ഠത്തോടേറ്റല്ലൊ കംബുക്കളെല്ലാമെ
64 മണ്ടുന്നു വെള്ളത്തിൽ മുങ്ങിയിന്നും.
65 വാരുറ്റ കൊങ്കതൻ ചാരുത്വം കണ്ടപ്പോൾ
66 മേരുക്കുന്നഞ്ചുന്നു കിഞ്ചിൽ കിഞ്ചിൽ;
67 തന്നോടു ചേർന്നുള്ള ലോകരുമെല്ലാരും
68 ഉന്നിദ്രന്മാരായി മേവിടുന്നു.
69 അങ്കുരിച്ചീടുന്ന രോമാളിതന്നുടെ
70 ഭംഗിയെച്ചൊല്ലുവാൻ വല്ലേൻ ഞാനോ.

71 പൂഞ്ചേലതന്നെയും കാഞ്ചിയെത്തന്നെയും
72 പൂണ്ടുനിന്നീടുന്നോരൽക്കിടമോ
73 ഒന്നഞ്ഞൂറായിരം മാരന്മാർ മേന്മേലേ
74 നന്നായിനിന്നു മുളപ്പതിന്നായ്
75 മോഹനമായൊരു ലാവണ്യമാകുന്ന
76 ദോഹളം പൂണ്ടൊരു കേദാരംതാൻ
77 തിതുടതന്നുടെ കാന്തിയെച്ചിന്തിച്ചാൽ
78 മന്ത്രിച്ചേ നിന്നോടു ചൊൽവാനാവൂ;
79 ജംഭാരിക്കമ്പുള്ള കുംഭീന്ദ്രന്തന്നുടെ
80 തുമ്പിക്കൈ ചേർന്നുള്ള കാന്തിയെല്ലാം

81 പെട്ടെന്നു ചെന്നതു കട്ടുകൊണ്ടിങ്ങുപോ
82 ന്നിഷ്ടത്തിൽ തങ്കലേ വച്ചുകൊണ്ടു
83 എന്നതുകൊണ്ടല്ലൊ ചേലകൊണ്ടെപ്പൊഴും
84 തന്നെ മറച്ചുനിന്നീടുന്നുതാൻ.
85 പാദങ്ങൾ തന്നുടെ കാന്തിയെച്ചൊല്ലിനാൽ
86 പട്ടാങ്ങെന്നിങ്ങനെ തോന്നിക്കൂടാ;
87 മാങ്കണ്ണിമാരുടെ മൗലിതന്മേനിയെ
88 കാകിലേ നിർണ്ണയം വന്നുകൂടൂ.
89 കീർത്തി പൊങ്ങീടുമക്കന്യകതന്നുടൽ
90 വാഴ്ത്തുവാനാവതല്ലാർക്കുമോർത്താൽ.

91 നല്ലോന്നെന്നിങ്ങനെ പിന്നെയും പിന്നെയും
92 ചൊല്ലിനിന്നീടു നാമെന്നേയാവൂ."
93 വാട്ടമകന്നവനിങ്ങനെ ചൊന്നതു
94 കേട്ടുനിന്നീടുന്ന പാർത്ഥനപ്പോൾ
95 വർണ്ണിച്ചവസ്ഥകൾ വാസ്തവമോയെന്നു
96 നിർണ്ണയിച്ചീടുവാനെന്നപോലെ
97 മാനസംതന്നെയയച്ചു നിന്നീടിനാൻ
98 മാനിനിതന്നുടെ മേനിതന്നിൽ
99 ചെന്നൊരു മാനസമന്നേരംതന്നെയ
100 ക്കന്യകമെയ്യിൽ നടക്കുമപ്പോൾ

101 നാഭിയായ്നിന്നുള്ളൊരാവർത്തന്തന്നിൽ വീ
102 ണാപന്നമായ് ചമഞ്ഞാണുപോയി.
103 പോയൊരു മാനസം പേയായിപ്പോകയാൽ
104 ആയാസംപൂണ്ടൊരു പാർത്ഥനപ്പോൾ
105 എന്തിനിച്ചെയ്വതെന്നന്തരാ സന്തതം
106 ചിന്തയും വെന്തു വെന്തുണ്ടായ് വന്നു.
107 "ശിക്ഷിച്ചുനിന്നൊരു ലാംഗലിതന്നുടെ
108 ശിഷ്യനായല്ലൊതാനുള്ളുവെന്നാൽ
109 ധന്യനായുള്ള സുയോധനനന്നത്രെയി
110 ക്കന്ന്യകതന്നെയകപ്പെടുന്നു.

111 നാമെല്ലാമിങ്ങനെ കോമളതന്നെയും
112 കാമിച്ചുപോകെന്നെ വന്നുകൂടു.
113 കാർമുകിൽവർണ്ണനെക്കാണുന്നതാകിലെൻ
114 കാരിയമെല്ലാമേ സാധിച്ചതും."
115 ഇങ്ങനെയെല്ലാം നിനച്ചുനിന്നീടുന്ന
116 മംഗലനാകിന പാണ്ഡവന്താൻ
117 അംഗജമാലുറ്റു ചിന്തിച്ചാനന്നേരം
118 മംഗലദേവതാകാമുകനെ.
119 ദ്വാരകതന്നിലിരുന്നരുളീടുന്ന
120 വാരിജലോചനനെന്നനേരം

121 വീരനായുള്ളൊരു പാർത്ഥൻറെ മുന്നലും
122 പാരാതെ ചെന്നങ്ങു നിന്നു പിന്നെ.
123 കണ്ടൊരുനേരത്തു മണ്ടിയണഞ്ഞവ
124 നിണ്ടലും കൈവിട്ടു പൂണ്ടനേരം
125 പ്രാണസഖിതന്നെ ഗാഢം പുണർന്നിതു
126 കാരണപുരുഷനായവനും.
127 കുന്തീസുതനോടു ചൊല്ലിനാൻ കണ്ണനും
128 ചന്തത്തിൽ നല്ലൊരു തൂമൊഴിയും:
129 "ബന്ധുക്കളായൊരെക്കാണ്മതിന്നായൊരു
130 ബന്ധമുണ്ടായതും ഭാഗ്യമല്ലൊ

131 പാർത്ഥിവനാകിയ ധർമ്മജന്മാവുതാൻ
132 പൃത്ഥ്വിയും പാലിച്ചു വാഴുന്നിതോ?
133 വേദന വേറിട്ടു ഭീമനും ചെഞ്ചെമ്മെ
134 മോദിതനായിട്ടു വാഴുന്നോനോ?
135 മാദ്രീസുതന്മാർക്കും കുന്തിക്കുമമ്പോടു
136 ഭദ്രമതല്ലയോ പാഞ്ചാലിക്കും?
137 ദുര്യോധനാദിയാം നൂറു കുമാരർക്കും
138 സെ്വെരമതല്ലയോ ഗാന്ധാരിക്കും?
139 താതനായുള്ള ധൃതരാഷ്ട്രനുമുള്ളിൽ
140 പ്രീതനായല്ലയോ വാഴുന്നിപ്പോൾ?

141 ഗംഗാസുതനും കൃപരുമദ്രോണരും
142 മംഗലവാന്മാരായ് വാഴുന്നോരൊ?
143 അന്യരായ്നിന്നുള്ള ബന്ധുജനങ്ങളും
144 നന്ദിതരായല്ലി വാഴുന്നിപ്പോൾ?"
145 ഇങ്ങനെ കാർവർണ്ണൻ ചോദിച്ചതു കേട്ടു
146 മംഗലമെല്ലാർക്കുമെന്നു ചൊന്നാൻ.
147 മല്ലാരി പിന്നെയും ചൊല്ലിനിന്നീടിനാൻ
148 വില്ലാളിമൗലിയോടെന്നനേരം:
149 "എന്നെ നീ ചിന്തിച്ച കാരണം ചൊല്ലേണം
150 മന്ദത കൈവെടിഞ്ഞെന്നാലിപ്പോൾ."

151 എന്നതു കേട്ടോരു പാർത്ഥനും ചൊല്ലിനാൻ
152 "എന്തു ഞാൻ ചൊൽവതു തമ്പുരാനേ!
153 ചിന്തിതമെല്ലാമറിഞ്ഞിടും നിന്നോടി
154 ന്നന്ധനായുള്ള ഞാനെന്തു ചൊൽവൂ?
155 എങ്കിലും ചൊല്ലിടാം പങ്കജലോചനാ!
156 മങ്കമാർമൗലിയാം സോദരിയെ
157 പാരാതെ യാചിക്കുമെന്നുടെ മാനസ
158 പൂരണം ചെയ്യണം കാരണനേ!"
159 പാർത്ഥൻറെ ഭാഷണം കേട്ടൊരു കാർവർണ്ണൻ
160 പേർത്തും പറഞ്ഞിതു മോദത്താലെ:

161 "ദുര്യോധനൻ മുന്നേ ചോദിച്ചുപോരുന്നു
162 ഭാര്യയാക്കീടുവാൻ മാധവിയേ.
163 ദ്വാരകവാസികൾ സമ്മതിച്ചീടിനാർ
164 സീരിക്കു ശിഷ്യനങ്ങാകകൊണ്ടേ
165 ആര്യന്മാരെല്ലാരും കല്പിച്ചതിന്നു ഞാൻ
166 കാര്യമല്ലെന്നു പറഞ്ഞിടാമോ?
167 എങ്കിലതിന്നൊരുപായത്തെച്ചൊല്ലുവാൻ
168 നിങ്കൽ നിറഞ്ഞുള്ളൊരമ്പിനാലേ.
169 ഇന്നു നീ നല്ലൊരു സന്ന്യാസിയാകിലോ
170 കന്യകതന്നെ ലഭിച്ചുകൂടും."

171 എന്നതു കേട്ടൊരു പാർത്ഥനും ചൊല്ലിനാൻ
172 കന്യകതന്നെയും നണ്ണി നണ്ണി:
173 "സന്ന്യാസിയാകിലോ കന്യകയെന്തിന്നു
174 മാന്യങ്ങളായുള്ള വസ്തുക്കളും?
175 മിത്രരെന്നുള്ളതും ശത്രുവെന്നുള്ളതും
176 പുത്രരെന്നുള്ളതും ഭോഗങ്ങളും
177 താതനെന്നുള്ളതും മാതാവെന്നുള്ളതും
178 ഭ്രാതാവെന്നുള്ളതും ഭൂഷണവും
179 ജ്യേഷ്ഠന്മാരെന്നും കനിഷ്ഠന്മാരെന്നതും
180 ഗോഷ്ഠിയായ് വന്നീടും സന്ന്യാസിക്കോ."

181 ഇത്തരമായവ വേർവിട്ടുകൊൾവാനൊ
182 ശക്തി പുലമ്പുന്നൂതില്ലെനിക്കോ."
183 കണ്ണനതു കേട്ടു സന്തോഷവുംപൂണ്ടു
184 തിണ്ണം ചിരിച്ചുടൻ ചൊന്നാനപ്പോൾ:
185 "ഭിക്ഷുകവേഷത്തെപ്പൂണ്ടവനിന്നിവ
186 യക്ഷണം ചെയ്യണമെന്നുണ്ടോ ചൊൽ.
187 ലീലകൾകോലുവാങ്കോലങ്ങൾ പൂണ്ടവൻ
188 മേലിലവ്വണ്ണമേയായീടുമോ?"
189 എന്നു പറഞ്ഞു യതിവേഷമാക്കിനാൻ
190 മന്നവന്തന്നെയക്കണ്ണനപ്പോൾ.

191 കന്യകതന്നെ ലഭിച്ചുനിന്നീടുവാൻ
192 എങ്ങനെയെന്നു പറഞ്ഞുപായം
193 ദ്വാരക പൂകിനാൻ വാരിജലോചനൻ
194 വീരനായ് നിന്നുള്ള പാർത്ഥനപ്പോൾ
195 ധന്യമായുള്ളൊരു സന്ന്യാസവേഷമ
196 ക്കന്യകമൂലമായ് കൈതുടർന്നാൻ.
197 സന്ന്യസിച്ചീടിന പാണ്ഡവവീരന
198 ക്കന്യകതന്നെയും നണ്ണി നണ്ണി
199 രൈവതമാകിന പർവതം തന്നുടെ
200 താഴ്വരെ നിന്നു വിളങ്ങിനിന്നാൻ.

201 അന്നൊരു നാളിലന്നന്ദജന്തന്നൊടും
202 ധന്യനായ് നിന്നൊരു കാമപാലൻ
203 അല്ലലകന്നീടുമാസ്ഥാനംതന്നിലേ
204 മെല്ലവേ ചെന്നങ്ങു നിന്നു പിന്നെ
205 ഭക്തനായുള്ളൊരു മന്ത്രിവരനാകും
206 ഉദ്ധവർതന്നോടു ചൊന്നാനപ്പോൾ:
207 "കാനനഭോജനം പെണ്ണുവാനായിട്ടു
208 മാനിനിമാരുമായ് നാമെല്ലാരും
209 കാലത്തു പോകേണം നാളെ"യെന്നിങ്ങനെ
210 നീലാംബരൻ പറഞ്ഞീടുംനേരം

211 നന്ദിതനായുള്ളൊരുദ്ധവർ കേട്ടുടൻ
212 നിന്നുള്ള മാലോകരെല്ലാരോടും
213 കാർവർണ്ണരാമന്മാർ ചൊന്നതറിയിച്ചു
214 പോവതിന്നായി മുതിർന്നെല്ലാരും.
215 ഭക്ഷ്യഭോജ്യാദികളെന്നിവയെല്ലാമേ
216 തൽക്ഷണം സംഭരിച്ചൊന്നൊന്നേതാൻ.
217 നീലക്കാർവർണ്ണനും രാമനുമായിട്ടു
218 മാലോകരോടും കലർന്നു ചെമ്മേ
219 കാലമേ പോകത്തുടങ്ങിനാരെല്ലാരും
220 കാനനഭോജനം പെണ്ണുവാനായ്.

221 പോയിനിന്നീടുന്ന മാലോകരെല്ലാരും
222 മായമകന്നുടൻ പോയിപ്പോയി
223 രൈവതപർവതംതന്നുടെ ചാരത്തു
224 പാവനമാം നദീതീരംതന്നിൽ
225 ചെന്നു നിന്നീടിനാരന്നേരമെല്ലാരും
226 ഇന്നിലം നല്ലതിതെന്നു ചൊല്ലി
227 സ്നാനങ്ങൾമുമ്പായതാചരിച്ചീടിനാർ
228 മാനിനിമാരോടുകൂടിച്ചെമ്മേ.
229 ദിവ്യാംബരാഭരണാലേപനങ്ങളാൽ
230 സർവാംഗമെല്ലാമലങ്കരിച്ചാർ

231 ഇഷ്ടമായുള്ളൊരു ഭോജനം പെണ്ണീട്ടു
232 തുഷ്ടന്മാരായി വിളങ്ങിനിന്നാർ
233 പീയൂഷം സേവിച്ചു മേവിനിന്നീടുന്നൊ
234 രാദിതേയന്മാരങ്ങെന്നപോലെ.
235 കേളികളൊന്നൊന്നേയാചരിച്ചീടിനാർ
236 താളം തുടർന്നാർ ചിലരുമപ്പോൾ,
237 പാടിനിന്നീടിനാരാടിനിന്നീടിനാർ
238 ഓടിനിന്നീടിനാരങ്ങു ചിലർ.
239 പാരമായുള്ള ഗിരിമുകളേറിനാർ
240 സാരന്മാരായവരങ്ങു ചിലർ.

241 അന്നിലംതന്നിലേ നിന്നു വിളങ്ങിന
242 സന്ന്യാസിതന്നെയും കണ്ടാരപ്പോൾ.
243 കണ്ടൊരുനേരത്തു കൂപ്പിനിന്നീടിനാർ
244 ഇണ്ടലകന്നുള്ളൊരുള്ളവുമായ്.
245 തമ്പദം കുമ്പിട്ടു നിന്നവരോടപ്പൊ
246 ളമ്പോടു ചൊല്ലിനാൻ സന്ന്യാസിതാൻ:
247 "നിർമ്മലരായുള്ള നിങ്ങൾക്കു മേന്മേലേ
248 നന്മകളേറ്റം ഭവിക്കേണമേ.
249 ഉത്തമരായുള്ള നിങ്ങൾതന്നുള്ളിലേ
250 ഭക്തിയെക്കണ്ടു തെളിഞ്ഞു ഞാനോ

251 എങ്ങുനിന്നിങ്ങിപ്പൊളാഗതരായ് നിങ്ങൾ
252 മംഗലമായിതേ കണ്ടതേറ്റം."
253 എന്നതു കേട്ടുള്ള വീരന്മാർ ചൊല്ലിനാർ
254 വന്നതിങ്കാരണമുള്ളവണ്ണം.
255 പാരാതെ പോന്നിങ്ങു വന്നു ചൊല്ലീടിനാർ
256 നേരായിനിന്നൊരു വാർത്തയപ്പോൾ:
257 "ധന്യന്മാരായിതേ ഞങ്ങളുമിന്നൊരു
258 പുണ്യവാന്തന്നെയും കാണ്കകൊണ്ടേ."
259 എന്നവർ ചൊല്ലുമ്പോൾ ലാംഗലി ചോദിച്ചാ
260 "നെന്നിലംതന്നിൽനിന്നെ"ന്നിങ്ങനെ.

261 വീരന്മാരെന്നതുനേരം പറഞ്ഞിതു
262 സീരിതന്നോടുടൻ സാരമായി:
263 "നമ്മുടെ ചാരത്തു കാണുന്നൊരദ്രിമേൽ
264 നിർമ്മലനായൊരു ഭിക്ഷുകന്താൻ
265 മേവിനിന്നീടുന്നോൻ ഞങ്ങളവനെയും
266 സേവിച്ചുകൊണ്ടല്ലൊ പോന്നുകൊണ്ടും."
267 എങ്കിൽ നമുക്കങ്ങു കാണണമെന്നിട്ടു
268 പങ്കജനേത്രനും താനുമായി
269 ഉത്തമന്മാരായ യാദവന്മാരോടും
270 ഒത്തു നടന്നങ്ങു പോയിപ്പോയി

271 പാരാതെ ചെന്നു ഗിരിമുകളേറുമ്പോൾ
272 ദൂരവേ കാണായി സന്ന്യാസിയെ
273 കാന്തിപൂണ്ടേറ്റം വിളങ്ങിനിന്നീടുന്ന
274 കാന്താരവാസിയാം കൗന്തേയനേ
275 പൂർവ്വാചലംതന്നിൽ മേവിനിന്നീടുന്ന
276 സൂര്യന്താൻ നിന്നു വിളങ്ങുംപോലെ.
277 ദൂരത്തുനിന്നവർ ചാരത്തു ചെന്നിട്ടു
278 നേരൊത്തു കൂപ്പി വണങ്ങിനിന്നാർ.
279 മസ്കരിതന്നെ നമസ്കരിച്ചങ്ങനെ
280 സൽക്കരിച്ചമ്പിനോടായവണ്ണം

281 വാസ്തവരീതിയെച്ചേർത്തുനിന്നീടുന്ന
282 ശാസ്ത്രങ്ങൾകൊണ്ടു പറഞ്ഞു പിന്നെ
283 നിർമ്മലനായൊരു ദിവ്യനെന്നിങ്ങനെ
284 തന്മനംതന്നിലുറച്ചനേരം
285 ധന്യനായ് നിന്നൊരു ലാംഗലി ചൊല്ലിനാൻ
286 തന്നിലേ നണ്ണിന കാരിയത്തേ:
287 "പാരാതെഴുന്നള്ളവേണമിന്നമ്പോടു
288 ദ്വാരകയായ നഗരിതന്നിൽ
289 പാവനമാക്കേണം സജ്ജനമെപ്പൊഴും
290 സേവചെയ്തീടുന്ന പാദത്താലേ."

291 എന്നതു കേട്ടൊരു കണ്ണനും ചൊല്ലിനാൻ
292 നിന്നൊരു ലാംഗലിതന്നെ നോക്കി:
293 "സർവ്വസംഗത്തെയും കൈവെടിഞ്ഞിങ്ങനെ
294 പർവതംതന്നിലിരുന്നുകൊണ്ട്
295 ശർവപദാംബുജമുള്ളിലുറപ്പിച്ചു
296 സർവ്വദാ സേവിച്ചു മേവിടുന്ന
297 ഉത്തമരായ ജനങ്ങളെക്കൊണ്ടുപോയ്
298 വൃത്തി പിഴപ്പിപ്പാനോർക്കൊല്ലാതെ."
299 വാരിജലോചനൻ ചൊന്നൊരു നേരത്തു
300 സീരിയും ചൊല്ലിനാൻ നേരൊടപ്പോൾ:

301 "യോഗികൾമാനസപീഡയുണ്ടാക്കൊലാ
302 ഭോഗിയായുള്ള നിൻ വാക്കിനാലേ.
303 ബാലനായുള്ള നീയേതുമറിഞ്ഞിടാ
304 ലീലകളെന്നിയേ പിന്നെയൊന്നും.
305 എല്ലാം സമമല്ലൊ ചൊല്ലുള്ള ദിക്കെന്നു
306 നല്ലവർ ചൊല്ലീട്ടു കേൾപ്പില്ലയോ?
307 നാടെന്നും കാടെന്നുംകൂടി നിരുപിക്കിൽ
308 വാടാതെതന്നെയഭേദമല്ലൊ.
309 എല്ലാവരുമായിട്ടിന്നിവൻതന്നെ നാം
310 അല്ലൽപോമ്മാറുടങ്കൊണ്ടുപോയി

311 നന്മ കലർന്നൊരു മന്ദിരംതന്നിലേ
312 മേന്മയോടിന്നു നാം വച്ചുകൊൾവൂ."
313 എന്നെല്ലാം ചൊല്ലിയസ്സന്ന്യാസിതന്നോടും
314 ഒന്നിച്ചു പൂകിനാൻ പൂരിലപ്പോൾ.
315 ചാരുവായുള്ളൊരു മന്ദിരംതന്നിലേ
316 നേരെയങ്ങാക്കിനാൻ യോഗിയേയും..
317 "ഉത്തമനായൊരു മസ്കരിയുണ്ടുപോൽ
318 ഇസ്ഥലംതന്നിലെഴുന്നള്ളുന്നു."
319 എന്നങ്ങു ചൊല്ലി വരുന്ന ജനങ്ങളു
320 മൊന്നിച്ചുകൂടി വണങ്ങിച്ചൊന്നാർ:

321 "യോഗ്യതപൂണ്ടുള്ള നിങ്ങൾ വരുവാനോ
322 ഭാഗ്യമിന്നെങ്ങളിലെത്തിക്കൂടി
323 വറ്റാതൊരമ്പിനാൽ തെറ്റെന്നിവിടേക്കു
324 കുറ്റങ്ങളെന്നപ്പം പറ്റായിന്ന്.
325 സന്തുഷ്ടനായുള്ളൊരന്തണമന്ദിരം
326 അന്തികേയുണ്ടല്ലോ സന്തതവും
327 ഭിക്ഷയേ നല്കുമവരങ്ങു നിത്യവും
328 ശിക്ഷയിൽ എന്നങ്ങു ചൊല്ലിപ്പിന്നെ
329 "മംഗലനാം ഭവാൻ നല്കീടുക വേണം
330 എങ്ങൾക്കനുജ്ഞയേയിന്നു നേരെ"

331 എന്നെല്ലാം ചൊല്ലി വണങ്ങുമവർക്കപ്പോൾ
332 നന്നായനുജ്ഞയും നല്കി നിന്നാൻ.
333 യാത്രവഴങ്ങിപ്പുറപ്പെട്ടാരെന്നപ്പോൾ
334 പേർത്തുമന്നാരിമാരോടുംകൂടി.
335 യാദവന്മാരുമായൊന്നിച്ചുനിന്നവർ
336 മോദേന മേവിനാരാലയത്തിൽ.
337 മംഗലജാലങ്ങൾ പൊങ്ങിനിന്നെങ്ങുമേ
338 ഭംഗി തേടീടും മഠംതന്നിലേ
339 കാമനു കോമരമായിനിന്നങ്ങനെ
340 കോമളനാമവൻ വാഴുംകാലം

341 സീരവരായുധപാണിതാൻ ചെഞ്ചെമ്മേ
342 വാരിജലോചനനോടുംകൂടി
343 ധന്യനായ് നിന്നൊരു സന്ന്യാസിതന്നെയും
344 ചെന്നു വണങ്ങിനാൻ ചെവ്വിനോടേ.
345 മന്ദത കൈവിട്ടു സന്ന്യാസിതന്നോടു
346 നിന്നൊരു സീരിയും ചൊന്നാനപ്പോൾ:
347 "മാരി പൊഴിയുന്ന കാലമണഞ്ഞുതേ
348 ഘോരമായുള്ളൊരു കാറ്റുമായി.
349 ദൂരവേനിന്നുടനാരുമേ കൂടാതെ
350 നേരൊടേ ഭിക്ഷ ലഭിച്ചിടാതെ

351 ഇങ്ങുനിന്നിങ്ങനെ വേദന കോലൊല്ലാ
352 മംഗലനായ ഭവാനിന്നിപ്പോൾ;
353 അന്തഃപുരത്തിലൊരു ഗൃഹംതന്നിലേ
354 ചന്തത്തിൽ വാണിടാമന്തികത്തിൽ.
355 ഭിക്ഷ തരുവാനും ശുശ്രൂഷ ചെയ്വാനും
356 ശിക്ഷയിലാമല്ലോ ചാരത്തെങ്കിൽ.
357 മച്ചകമുണ്ടു നന്മാളികതാനുണ്ടു
358 മുറ്റുവായുള്ളവയെല്ലാമുണ്ട്.
359 നിഷ്കുടമുണ്ടു നൽ ദീർഘികയുമുണ്ടു
360 പുഷ്കരമാദിയാം പുഷ്പമുണ്ട്

361 നാലുമാസം കഴിച്ചീടേണമേ ഭവാൻ
362 ആലയംതന്നിൽനിന്നെ"ന്നിങ്ങനെ
363 കാമപാലൻറെ വചനങ്ങൾ കേട്ടപ്പോൾ
364 കോമളനാകിയ കണ്ണൻ ചൊന്നാൻ:
365 "കാട്ടിൽ കിടക്കുന്ന സന്ന്യാസിതന്നെയും
366 നാട്ടിലും കൊണ്ടന്നു വച്ചു പിന്നെ
367 കാട്ടിയ കോട്ടികൾ പോരയെന്നോർത്തിട്ടോ
368 വീട്ടിലിരുത്തുവാൻ ചിന്തിക്കുന്നു?
369 നിട്ടിലേ ലോകർ ചിരിക്കുമാറാകുമ്പോൾ
370 കൂട്ടായി വന്നിടാ ഞാനും ചെമ്മേ

371 പട്ടാങ്ങെന്നിങ്ങനെ തോന്നീലയെങ്കിലോ
372 ഇഷ്ടമായുള്ളതു ചെയ്തുകൊൾവൂ."
373 ദേവകീനന്ദനൻചൊല്ലു കേട്ടു ബല
374 ദേവനും ചൊല്ലിനാനേവമപ്പോൾ:
375 "ഒല്ലാതകാരിയം ചിന്തിച്ചേനല്ല ഞാൻ
376 എല്ലാരും സമ്മതിയായതത്രെ.
377 മേദിനീപാലന്മാരായവരും പിന്നെ
378 മോദിതരാകിയ ഭൂസുരരും
379 താപസന്മാരെയും ഭിക്ഷുകന്മാരെയും
380 താപമകലുവാൻ പൂജിച്ചീടും.

381 എന്നുള്ള കേളിയുമില്ലേ നിനക്കിപ്പോൾ
382 ഇന്നിതിനെന്തൊരു കുറ്റം ചൊൽവാൻ?"
383 എന്നെല്ലാം ലാംഗലി ചൊന്നതു കേട്ടപ്പോൾ
384 നിന്നൊരു കണ്ണന്താനെന്നനേരം
385 മന്ത്രിച്ചു ചൊല്ലിനാൻ ലാംഗലിതന്നോടു
386 ചിന്തിച്ചുനിന്നു നുറുങ്ങുനേരം:
387 "സജ്ജനമായുള്ളൊരിജ്ജനത്തിന്നൊരു
388 നിർജ്ജനമായൊരു ഗേഹമിപ്പോൾ
389 നിഷ്കളസേവയെച്ചെയ്വതിനായിട്ടു
390 സല്ക്കരിച്ചീടുന്നൂതെങ്ങനെ നാം?"

391 എന്നതു കേട്ടൊരു സീരിതാൻ ചൊല്ലിനാൻ:
392 "കന്യകതന്നുടെ ഗേഹമാവൂ.
393 നിർജ്ജനമായൊരു മറ്റൊരു ദേശവു
394 മിജ്ജനത്തിന്നു നിരന്നുകൂടാ.
395 വന്ദിച്ചുനിന്നാലക്കന്യകതന്നുടെ
396 ചിന്തിതംതന്നെയും വന്നുകൂടും.
397 ധന്യനായ്നിന്നൊരിസ്സന്ന്യാസി വന്നതു
398 കന്യകതന്നുടെ ഭാഗ്യമത്രെ.
399 സേവിച്ചുകൊള്ളുകിൽ വാഞ്ഛിതം നല്കുവാൻ
400 കേവലമിന്നിവൻ പോരുമല്ലൊ."

401 കോമളനായൊരു കണ്ണനോടിങ്ങനെ
402 കാമപാലൻ പറഞ്ഞീടുംനേരം
403 മാധവൻ ചൊല്ലിനാൻ നീതിയിലെന്നപ്പോൾ:
404 "ബാധയിലേതുമിതിന്നു പാർത്താൽ
405 വാനപ്രസ്ഥന്നിതിന്മീതേയിന്നൊന്നുമേ
406 ദാനംചെയ്യാവതുമില്ലയല്ലൊ.
407 മൂലഫലാദിയും തിന്നു വനംതന്നെ
408 യാലയമാക്കുന്ന മസ്കരിക്കോ
409 പാലും പഴവും ഭൂജിച്ചു വസിപ്പതു
410 ബാലികതന്നോടുകൂടിച്ചെമ്മേ.

411 മംഗലമായീടുമിങ്ങനെയുള്ളൊരു
412 സംഗതിയെന്നുമേ വന്നുകൂടാ"
413 എന്നെല്ലാം മാധവൻ ചൊല്ലുന്നതു കേട്ടു
414 നിന്ന ഹലധരൻ ചൊന്നാനപ്പോൾ
415 "ഉത്തമനായൊരു താപസന്തന്നെത്തൊ
416 ട്ടിത്തരം ചൊൽവതു യോഗ്യമോതാൻ?
417 സാരനായുള്ളൊരു സന്ന്യാസിതാനെന്നു
418 നേരേ നിന്നുള്ളത്തിൽ തോന്നീലയോ?
419 കാമക്രോധാദികൾ കൈവെടിഞ്ഞിങ്ങനെ
420 നാമസ്മരണവും പൂണ്ടു ചെമ്മേ

421 മേവിനിന്നീടുന്ന കേവലന്തന്നെത്തൊ
422 ട്ടേവം നീയെങ്ങനെ ചൊൽവാനാവൂ?
423 മുന്നം നീ പർവതംതന്നീന്നു ചൊന്നതും
424 ഇന്നു പറഞ്ഞതും ചിന്തിക്കുമ്പോൾ
425 നേരേ നിനക്കിന്നിത്താപസന്തന്നോടു
426 പാരമസൂയയുണ്ടെന്നു തോന്നും.
427 ഇന്നു ഞാൻ ചൊല്ലുന്ന നന്മൊഴി കേൾക്കണം
428 മന്ദത കൈവെടിഞ്ഞെന്നാലിപ്പോൾ.
429 ശർവ്വാംശോദ്ഭൂതനാം മാമുനിമൗലിതാൻ
430 ദൂർവാസസ്സെന്നങ്ങു പേരുടയോൻ

431 യാദവരാജൻറെ മന്ദിരംതന്നിലേ
432 മോദേന വാണിതു നാലുമാസം
433 അന്നവന്ദന്നുടെ പൂജയെച്ചെയ്തതു
434 മന്നവന്തൻറെ നിയോഗത്താലേ
435 നമ്മുടെയച്ഛനു സോദരിയായൊരു
436 നിർമ്മലയാകിയ കന്യകതാൻ.
437 താപസന്തന്നുടെ സേവചെയ്തിങ്ങനെ
438 താപമകന്നവൾ വാഴുംകാലം
439 വന്ദിതനായൊരു മാമുനിതാനപ്പോൾ
440 വന്ദിച്ചുനിന്നൊരു കന്യകയ്ക്കായ്

441 നല്ലൊരു മന്ത്രമുപദേശിച്ചീടിനാൻ
442 കല്യാണമെന്നതു കൈവരുവാൻ.
443 എന്നതുകൊണ്ടല്ലൊ ഖിന്നത കൈവെടി
444 ഞ്ഞിന്നു വിളങ്ങുന്നു കുന്തിദേവി
445 എന്നുള്ള കേളിയുമില്ലേ നിനക്കിപ്പോൾ
446 പിന്നെയിവൻ മഹാഭാഗനല്ലൊ.
447 മറ്റും ചില നൃപകന്യകമാരെല്ലാം
448 ഉറ്റവർതന്നുടെ ചൊല്ലു കേട്ടു
449 വേദിയർപൂജയെച്ചെയ്തതുമൂലമായ്
450 ഖേദങ്ങൾ കൈവിട്ടു വാണുകൊണ്ടാർ."

451 വാരിജലോചനന്തന്നോടു നേരോടെ
452 സീരിതാനെന്നെല്ലാം ബോധിപ്പിച്ച്
453 മന്ദത കൈവിട്ടു സന്ന്യാസിതന്നോടു
454 നിന്നു ഹലധരൻ ചൊന്നാൻ പിന്നെ:
455 "ആശ്രവയായൊരു കന്യകയുണ്ടുള്ളു
456 ശുശ്രൂഷിച്ചീടുവാൻ ഭക്തിയോടെ.
457 പാദപരാഗങ്ങൾകൊണ്ടവൾ മന്ദിരം
458 പാവനമാക്കുകയെന്നേവേണ്ടൂ."
459 ഇങ്ങനെ ചൊന്നവന്തന്നെയും മെല്ലെയ
460 ക്കന്യകാമന്ദിരംതന്നിലാക്കി

461 മറ്റുള്ള വേലകളാചരിച്ചീടിനാൻ
462 തെറ്റെന്നു പോയ്പിന്നെ ലാംഗലിതാൻ.
463 ധന്യയായുള്ളൊരു കന്യക ചാരത്തു
464 സന്ന്യാസി വന്നതു കണ്ടനേരം
465 പെട്ടെന്നെഴുന്നേറ്റു തുഷ്ടയായ്മേവിനാൾ
466 ഇഷ്ടനെക്കാണുമ്പൊഴെന്നപോലെ.
467 തന്നിലേ നണ്ണിനാൾ മന്മഥമാലുറ്റു
468 "സന്ന്യാസിയല്ലിതു നിർണ്ണയംതാൻ;
469 എന്നുടെ മാനസം ഖിന്നമാക്കീടുവാൻ
470 ഛന്നനായ് വന്നൊരു കാമനത്രെ.

471 കണ്ടതുകൊണ്ടേയെന്നംഗങ്ങൾ മാഴ്കുന്നു
472 മിണ്ടുവാന്തന്നെയും വല്ലേൻ ചെമ്മേ.
473 എങ്ങനെയിന്നിവൻ പൂജയെച്ചെയ്വു ഞാൻ
474 നിന്നു പൊറുക്കരുതായുന്നിപ്പോൾ"
475 ഇങ്ങനെ ചിന്തിച്ചു വന്ദിച്ചുനിന്നാള
476 മ്മംഗലന്തന്നുടെ പാദങ്ങളേ.
477 വന്ദിച്ചുനിന്നൊരു കന്യകയോടവൻ
478 നന്ദിച്ചു ചൊല്ലിനാന്മന്ദമപ്പോൾ:
479 "മന്മഥന്തന്നുടെ മംഗലമായൊരു
480 മന്ദിരമായി വിളങ്ങുമിന്നീ

481 ഇഷ്ടനായുള്ളൊരു കാന്തനുമായിട്ടു
482 തുഷ്ടയായ്മേവുക"യെന്നിങ്ങനെ
483 എന്നതു കേട്ടൊരു കന്യകതാനപ്പോൾ
484 തന്നിലേ നണ്ണിനാൾ ഖിന്നയായി:
485 "ഇഷ്ടനായുള്ളതോ മറ്റാരുമല്ലല്ലൊ
486 കഷ്ടമായല്ലോ ചമഞ്ഞുകൂടി.
487 ഇച്ചൊല്ലിനിന്നുള്ളൊരാശിയെക്കോലുവാൻ
488 ഇജ്ജന്മമല്ലെനിക്കെന്നു വന്നു.
489 സജ്ജനവാക്കിനു സത്യതയില്ലെന്നും
490 ഇജ്ജനംമൂലമായ് വന്നുകൂടി.

491 കന്ദർപ്പന്തന്നുടെ കാന്തിയേ വെല്ലുന്ന
492 സുന്ദരനായൊരു പാർത്ഥന്തന്നിൽ
493 മുന്നമേ ചെന്നുള്ളൊരെന്നുടെ മാനസം
494 തന്നിലേയാക്കുന്നോനിന്നിവന്താൻ."
495 ഇങ്ങനെ നണ്ണിന മംഗലതാനപ്പോൾ
496 അംഗജമാലുറ്റു നിന്നനേരം
497 പാർത്ഥനോടായിട്ടു ചൊല്ലിനിന്നീടിനാൾ
498 ആർത്തയായ് നിന്നങ്ങു തന്നിൽ മെല്ലെ:
499 "നിന്നുടെ കോരകമായി നിന്നീടുന്നൊ
500 രെന്നുടെ മാനസംതന്നെയിപ്പോൾ

501 തന്നുടെ കോരകമാക്കിനിന്നീടുന്നോൻ
502 നിന്നെയും വെന്നൊരു സന്ന്യാസിതാൻ.
503 പാരാതെ വന്നു നീ പാലിച്ചുകൊള്ളായ്കിൽ
504 പോരായ്മയായ്വരും പാരമിപ്പോൾ."
505 വാരുറ്റു നിന്നൊരു കന്യകയിങ്ങനെ
506 ധീരത കൈവിട്ടു നിന്നനേരം
507 ചന്തത്തിൽ നിന്നുള്ള ചേടിമാർ ചൊല്ലിനാർ
508 മന്ത്രിച്ചു തങ്ങളിൽ മെല്ലെ മെല്ലെ:
509 "സന്ന്യാസിമാരുടെനോക്കിനെപ്പോലെയ
510 ല്ലിന്നിവൻ നോക്കുന്നു കന്യകയേ.

511 കന്യകതന്നോടു കണ്മുനകൊണ്ടിവൻ
512 ഖിന്നനായ് ചൊന്നതു കണ്ടായോ നീ?
513 "എന്നുടെ ജീവിതം നിന്നുടെ കൈയിലു
514 മന്നിലേ മാനിനിമൗലിമാലേ!
515 കാരുണ്യം ദൂരമായ് വാരിജലോചനേ!
516 മാരന്നു നമ്മെ നീ തീനിടൊല്ലാ,
517 ചാരത്തു കണ്ടു നിൻ ചോരിവാതന്നെയും
518 പാരമുണ്ടാകുന്നു ദീനമുള്ളിൽ
519 കാണുന്നോരെല്ലാരും കണ്ടങ്ങുനിന്നാലും
520 പൂണുന്നതുണ്ടു ഞാൻ നിന്നെയിപ്പോൾ."

521 എന്നെല്ലാമുണ്ടോ ചൊൽ കണ്ണുകൊണ്ടിങ്ങനെ
522 സന്ന്യാസിമാരായോർ ചൊല്ലിക്കാണ്മൂ.
523 ചെഞ്ചെമ്മേയുള്ളൊരു സന്ന്യാസിയല്ലിവൻ
524 വഞ്ചകനെന്നതേ വന്നുകൂടൂ."
525 ദക്ഷമാരായുള്ള ചേടിമാരിങ്ങനെ
526 ഭിക്ഷുകന്മൂലമായ് ചൊല്ലുംനേരം
527 ഭിക്ഷയ്ക്കു വേണുന്ന സാധനം നിർമ്മിപ്പാൻ
528 അക്ഷണം പോയാളക്കന്യകതാൻ.
529 മുന്നൽ നിന്നീടുമക്കന്യക പോയപ്പോൾ
530 ഖിന്നനായ് നിന്നൊരു സന്ന്യാസിതാൻ

531 കന്യകതന്നെയേ ചിന്തിച്ചു ചിന്തിച്ചു
532 തന്നെയുംകൂടി മറന്നനേരം
533 വന്ദിപ്പാനായിട്ടു വന്നുള്ളോരെല്ലാരും
534 വന്ദിച്ചുനിന്നു പറഞ്ഞാർ തമ്മിൽ:
535 "ഇങ്ങനെയുള്ളൊരു സന്ന്യാസിതന്നെപ്പ
536 ണ്ടെങ്ങുമേ കണ്ടില്ലയെന്നുമേ നാം.
537 മാനമറ്റീടുന്നൊരാനന്ദംതന്നിലേ
538 മാനസം ചെന്നു ലയിക്കയാലേ
539 സ്പന്ദത്തെക്കൈവിട്ടൊരിന്ദ്രിയമെല്ലാമേ
540 മന്ദങ്ങളായിട്ടേ കാണാകുന്നു.

541 തന്മുന്നൽ നിന്നുള്ള നമ്മെയുമേതുമേ
542 കാണുന്നോനല്ലല്ലൊ ധ്യാനിക്കയാൽ
543 ഉള്ളകംതന്നിലുണച്ചപൂണ്ടീടുന്നോ
544 ർക്കുള്ളൊരു ഞായമിതെന്നു വന്നു."
545 വിസ്മയിച്ചിങ്ങനെ ചൊന്നവരെല്ലാരും
546 വിശ്വസിച്ചങ്ങനെ പോയനേരം
547 ദക്ഷയായുള്ളൊരു കന്യക വന്നുടൻ
548 ഭിക്ഷയിട്ടീടുവാനാരംഭിച്ചാൾ
549 ഭിക്ഷുകന്മൂലമാമുല്ക്കടമാൽകൊണ്ടു
550 മിക്കതും വെന്തുള്ളൊരുള്ളവുമായ്

551 ലാളനംപൂണ്ടവമ്പാദങ്ങൾ നന്നായി
552 ക്ഷാളനംചെയ്തങ്ങു മേളമാക്കി
553 ചിത്രമായുള്ളൊരു പത്രവും മുന്നൽവ
554 ച്ചുത്തമപീഠത്തിലാക്കിപ്പിന്നെ
555 മൂർക്കുന്ന മന്മഥബാണങ്ങളേല്ക്കയാൽ
556 ദീർഘമായ് വീർത്തുവീർത്താർത്തിയോടെ
557 ഓദനംതന്നെ വിളമ്പിനിന്നീടിനാൾ
558 വേദനപൂണ്ടുള്ളോരുള്ളവുമായ്.
559 മുന്നിലിരുന്നൊരു ഭിക്ഷുകന്താനുമ
560 ക്കന്യകതന്മുഖം കാണ്കയാലേ

561 ഓദനംതന്നെ വിലക്കുവാൻ വല്ലാതെ
562 ഓർച്ചയുംപൂണ്ടങ്ങു മേവുകയാൽ
563 പാത്രത്തിൽനിന്നുള്ളൊരോദനമെല്ലാമേ
564 പത്രത്തിലാമ്മാറു വീണുകൂടി.
565 അക്ഷണം പിന്നെയക്കന്യകമുന്നലേ
566 ഭിക്ഷുകന്തന്മുഖം നോക്കി നോക്കി
567 ഉത്തമമായൊരു നൽഘൃതം ചെഞ്ചെമ്മേ
568 പത്രത്തിലാമ്മാറു വീഴ്ത്തി നിന്നാൾ.
569 ചാലത്തൊലിച്ചുള്ള വാഴപ്പഴങ്ങളും
570 ചാടിക്കളഞ്ഞിതു ചാപല്യത്താൽ.

571 അത്തൊലിതന്നെ വിളമ്പിനിന്നീടിനാൾ
572 ചിത്തം മയങ്ങിനാലെന്നു ഞായം.
573 പത്രത്തിലായുള്ളൊരത്തൊലിതന്നെത്തൻ
574 ചിത്തമഴിഞ്ഞവനാസ്വദിച്ചാൻ.
575 കമ്പവുംപൂണ്ടു കരുത്തുമകന്നങ്ങു
576 സംഭ്രമിച്ചീടുന്ന കന്യകതാൻ
577 മുമ്പിലേ വേണ്ട്വതു പിമ്പിൽ വിളമ്പിനാൾ
578 പിമ്പിലേ വേണ്ട്വതു മുമ്പിൽത്തന്നെ.
579 ഇങ്ങനെ വന്നവയൊന്നുമറിഞ്ഞില്ല
580 കന്യകാമുമ്പിലിരുന്നവന്താൻ.

581 നിത്യമായിങ്ങനെ ഭിക്ഷയും പെണ്ണിനി
582 ന്നസ്തമിച്ചീടിനാലാലയത്തിൽ
583 വിശ്രമിച്ചീടുവാൻ വിശ്രുതയാമവൾ
584 സശ്രമയായിട്ടു പോയനേരം
585 വേറിരുന്നുള്ളൊരു വേദനപൂണ്ടവൻ
586 വേവു കലർന്നു പെറായ്കയാലേ
587 ദീപവും ചാലപ്പൊലിച്ചുകളഞ്ഞുടൻ
588 ദീപമില്ലെന്നങ്ങു ചൊല്ലും പിന്നെ
589 ദീപവുംകൊണ്ടവൾ വന്നതു കാണുമ്പോൾ
590 ചാപലംപൂണ്ടൊന്നു വീർത്തുനില്ക്കും.

591 പിന്നെയും പോയവൾ മന്ദിരം പൂകുമ്പോൾ
592 മുന്നമേപ്പോലെ പൊറായ്കയാലേ
593 നീരുള്ളതെല്ലാമേ ദൂരെക്കളഞ്ഞിട്ടു
594 നീരില്ലയെന്നങ്ങു ചൊല്ലും പിന്നെ.
595 നീരുമായ് വന്നവൾ പിന്നെയും പോകുമ്പോൾ
596 ധീരത പോക്കുമത്താരമ്പന്താൻ.
597 വറ്റാത കോഴയാൽ തെറ്റെന്നു പിന്നെയും
598 മറ്റൊന്നു ചൊല്ലി വിളിക്കുമപ്പോൾ
599 ഇങ്ങനെയോരോരോ രാത്രികൾ പിന്നിട്ടാൻ
600 അംഗജമാലുള്ളിൽ പൊങ്ങുകയാൽ.

601 പാരിച്ചുനിന്നുള്ള പാഴിടിനാദത്തെ
602 പ്പൂരിച്ചു പെയ്യുമപ്പേമഴയിൽ
603 അന്നിലംതന്നിലേ നിന്നു പുലർന്നാന
604 ക്കന്യകതന്നിലെക്കാംക്ഷയാലേ.
605 ഊക്കേറിനിന്നുള്ള മാരൻശരങ്ങൾക്കു
606 ലാക്കായി രാപ്പകൽ മേവുകയാൽ
607 വെന്തുവെന്തീടുമക്കന്യകതന്നുള്ളിൽ
608 ചിന്ത തുടങ്ങീതു പിന്നെപ്പിന്നെ:
609 "യോഗ്യമല്ലാതൊരു ഭിക്ഷുകന്മേലല്ലൊ
610 ഭാഗ്യമില്ലാതെയെൻ ജാള്യമിപ്പോൾ.

611 ഉത്തമമായ കുലത്തിൽ മുളച്ചെനി
612 ക്കിത്തരം തോന്നുവാനെന്തു ഞായം?
613 പാർത്ഥനിലുള്ളൊരു മാനസമിന്നിന്നി
614 ത്തീർത്ഥികന്തങ്കലേയായിക്കൂടി.
615 ഓർത്തുനിന്നീടിലിമ്മന്മഥനിന്നെന്നെ
616 കൂത്തികളാക്കുന്നോനെന്നുവന്നു.
617 ഊക്കുകൊണ്ടിന്നിവനിങ്ങനെ കൊൽകിലും
618 യോഗ്യമല്ലാതതു ചെയ്യേനെന്നും.
619 ഭിക്ഷുകന്മൂലമായ് ദുഷ്കൃതി ചെയ്തു ഞാൻ
620 നില്ക്കുമാറെങ്ങനെ ലോകർമുമ്പിൽ?

621 കണ്ണനു ചെഞ്ചെമ്മേ സോദരിയായൊരു
622 കന്യകയല്ലൊ ഞാൻ നൂനമെന്നാൽ
623 ഇജ്ജന്മമിങ്ങനെ ദുഃഖമാം വാരിയിൽ
624 മജ്ജനംചെയ്തു കിടന്നു പിന്നെ
625 വിജ്ജ്വരയായി വന്നുജ്ജ്വലദേഹമായ്
626 അർജ്ജുനന്തന്നെ ഞാനേശിക്കൊൾവൂ."
627 ഇങ്ങനെ തന്നിലേ നണ്ണിന കന്യക
628 ഖിന്നയായ് വന്നങ്ങു നിന്നനേരം
629 നീടുറ്റുനിന്നുള്ള ചേടിമാർതങ്ങളിൽ
630 കൂടിപ്പറഞ്ഞുതുടങ്ങീതപ്പോൾ:

631 "എന്തിതു ചൊൽ തോഴീ! കന്യകതന്നുടെ
632 മന്ദിരമിങ്ങനെ മങ്ങിപ്പോയി?
633 ചങ്ങാതിമാരായ ചന്ദനവാണിമാ
634 രെങ്ങുമേ പോകാതെയെങ്ങുമിങ്ങും
635 നിന്നുമിരുന്നുമങ്ങൊന്നുമേ വല്ലാതെ
636 മന്ത്രിച്ചു പോരുന്നൂതെന്തിങ്ങനെ?"
637 എന്നതു കേട്ടവൾ ചൊല്ലിനിന്നീടിനാൾ
638 ഉണ്മയായുള്ളതു മൂടി മെല്ലെ:
639 "കന്യകതന്നുടെ രോഗമെന്നുള്ളതോ
640 നിന്നുടെയുള്ളിലും വന്നുതല്ലൊ.

641 ഉറ്റവരിങ്ങനെ മന്ത്രിച്ചുപോരുവാൻ
642 മറ്റൊരു കാരണമില്ലയേതും."
643 കന്യയായുള്ളവൾ ചൊല്ലിനിന്നീടിനാൾ
644 എന്നതു കേട്ടു ചിരിച്ചു മെല്ലെ:
645 "മത്തനായ് വന്നൊരു വാരണന്തന്നെ നീ
646 ഹസ്തങ്ങൾകൊണ്ടു മറച്ചുവച്ചാൽ
647 എന്നെയോ വഞ്ചിക്കാമിങ്ങനെ ചൊല്ലിനാൽ
648 മന്നിലെ ലോകരെ വഞ്ചിക്കാമോ?
649 സന്ന്യാസിതന്നെയും മുന്നിട്ടുനിന്നുള്ള
650 കന്യകതന്നുടെ വാർത്തയെല്ലാം

651 മാലോകർ ചൊന്നതു കേട്ടുനിന്നീടുമ്പോൾ
652 മാലയന്നീടുമമ്മാനസത്തിൽ.
653 എങ്ങുമേ പൊങ്ങാത മന്ദിരവാർത്തയി
654 ന്നങ്ങാടിപ്പാട്ടായി വന്നുകൂടി."
655 എന്നതു കേട്ടവൾ പിന്നെയും ചൊല്ലിനാൾ
656 "എന്നുണ്ടോ മാലോകർക്കൊന്നു കണ്ടാൽ,
657 അന്തവുമാദിയും ചിന്തിച്ചോയിന്നെല്ലാം
658 അന്ധന്മാരായുള്ളോർ ചൊല്ലി ഞായം.
659 ഒന്നുണ്ടോ തോഴീ ! നിനക്കിന്നു കേൾക്കേണ്ടു
660 സന്ന്യാസിയല്ലിവനെന്നു ചൊല്ലാം:

661 സന്ന്യാസിമാരിലിക്കന്യകതന്നുള്ളം
662 എന്നുമേ ചൊല്ലുവോന്നല്ല ചൊല്ലാം;
663 കന്യകതന്നെയും കാമിച്ചുവന്നൊരു
664 മന്നവനെന്നതേ വന്നുകൂടൂ.
665 എന്നതല്ലിന്നിതിൽ വന്നുള്ള സങ്കട
666 മിന്നതുതൊട്ടു പിണഞ്ഞുകൂടും.
667 വീരന്മാരായുള്ള യാദവന്മാരിലി
668 ന്നാരുമേയില്ലയിദ്വാരകയിൽ.
669 കെല്പു കലർന്ന സുയോധനനായിട്ടു
670 കല്പിതയാമിവൾതന്നെയിപ്പോൾ

671 സ്പഷ്ടമേ കൊണ്ടിവമ്പെട്ടെന്നു പോകിലോ
672 കഷ്ടമായല്ലൊതാൻ വന്നു ഞായം."
673 ഇങ്ങനെ കേട്ടവളിങ്ങനെ ചൊല്ലിനാ:
674 "ളെങ്ങനെയിന്നിതു വന്നുകൂടൂ?
675 മല്ലാരിതന്നുടെ മന്ദിരംതാനിതു
676 വല്ലായ്മയാരാനും വന്നു ചെയ്കിൽ
677 അന്നവന്തൻതല നൂറുനുറുക്കീട്ടി
678 ക്കന്യകതന്നെയും കൊണ്ടുപോരും.
679 എന്നതുകൊണ്ടുള്ള വാർത്തകൾ നിന്നാലും
680 എന്നുമേയിന്നിതു വന്നുകൂടാ.

681 എങ്ങു നീ പോകുന്നു ചങ്ങാതീ ! ചാരത്തോ
682 എങ്കിലോ പോക നാമെന്നേ വേണ്ടു."
683 ഗൂഢമായ്നിന്നു പറഞ്ഞുള്ള ചേടിമാർ
684 കേടറ്റ മന്ദിരം പൂകുംനേരം
685 വൃഷ്ണികളെല്ലാരും ദൈവതപൂജയ്ക്കു
686 കൃഷ്ണനേ മുന്നിട്ടു പോയാരപ്പോൾ.
687 സുന്ദരിയായൊരു കന്യകതാനും തൻ
688 മന്ദിരംതന്നിൽനിന്നെന്നനേരം
689 സുന്ദരമായൊരു സ്യന്ദനമേറിത്തൻ
690 സുന്ദരിമാരുമായ്മന്ദംമന്ദം

691 ദുർഗ്ഗമായുള്ളൊരു മാർഗ്ഗവും പിന്നിട്ടു
692 നിർഗ്ഗമിച്ചീടിനാൾ നീതിയോടേ.
693 സീരിതുടങ്ങിന വീരന്മാരങ്ങൊരു
694 കാരിയം ചിന്തിച്ചു ദൂരത്തപ്പോൾ
695 ഒക്കവേ പോകുന്ന തക്കവും പാർത്തുള്ള
696 തസ്കരനായുള്ള മസ്കരിതാൻ
697 ചാരത്തു ചെന്നവൾ തേരിലങ്ങേറി നി
698 ന്നാരബ്ധലീലനായാദരവിൽ
699 പല്ലവം വെല്ലുന്ന പാണിയെപ്പാരാതെ
700 മെല്ലവേ പൂണ്മതിനോങ്ങുംനേരം

701 മന്ദമായ് ചൊല്ലിനാൾ സുന്ദരിയെന്നപ്പോൾ
702 വന്ദിച്ചുനിന്നവമ്പാദങ്ങളേ:
703 "ബന്ധങ്ങളെല്ലാമേ വേർമുറിഞ്ഞീടിനാ
704 ലെന്തിതു തോന്നുവാൻ തമ്പുരാനേ!
705 ഇത്രമേൽ വന്നു കരേറിനിന്നോരു നിൻ
706 മുക്തിക്കു ദൂഷണം ചെയ്യൊല്ലാതെ.
707 ഉജ്ജ്വലനായുള്ളൊർജ്ജുനന്തന്നിലേ
708 മജ്ജനംചെയ്തോന്നെന്നുള്ളമെന്നാൽ
709 സജ്ജനായ് വന്നുനിന്നർജ്ജുനൻ വേണമി
710 ന്നിജ്ജനത്തിന്നുടെ പാണി പൂണ്മാൻ."

711 കോമളതന്നുടെ തൂ മാഴിയായൊരു
712 താർമധു പെയ്തു കുളുർക്കയാലേ
713 കോൾമയിർക്കൊണ്ടവനാമോദംതന്നുടെ
714 കോമരമായിനിന്നുണ്മ ചൊന്നാൻ.
715 ഉണ്മയെക്കേട്ടൊരു സുന്ദരിതന്നുടെ
716 നന്മുഖം ചാലെ വിരിഞ്ഞുതപ്പോൾ
717 വാരുറ്റുനിന്നൊരു സൂര്യനെക്കണ്ടൊരു
718 വാരിജക്കോരകമെന്നപോലെ.
719 സംഭ്രമംകൊണ്ടവളൊന്നുമേ വല്ലാതെ
720 കമ്പവുംപൂണ്ടു വിളങ്ങിനിന്നാൾ.

721 നാണവുംപൂണ്ടു നടുങ്ങിനിന്നീടുന്ന
722 മാനിനിതന്നുടെയുള്ളമപ്പോൾ
723 പായസം കണ്ട ബുഭുക്ഷിതന്തന്നുടെ
724 മാനസംപോലെ ചമഞ്ഞുകൂടി.
725 ഇഷ്ടമായുള്ളതു കിട്ടുകമൂലമായ്
726 തുഷ്ടനായുള്ളൊരു പാർത്ഥനപ്പോൾ
727 പേയറ്റു നിന്നൊരു ജായയും താനുമായ്
728 പോയിത്തുടങ്ങിനാനങ്ങുനോക്കി.
729 വണ്ടേലുംചായലാൾതന്നെയുംകൊണ്ടവൻ
730 മണ്ടിനിന്നീടുന്നോനെന്നിങ്ങനെ

731 ദ്വേഷികളായുള്ള യാദവന്മാർക്കെല്ലാം
732 ഘോഷവുമുണ്ടായിവന്നുതപ്പോൾ
733 സീരിനാതങ്ങതു കേട്ടൊരുനേരത്തു
734 സീരവും പാരാതെ കയ്യിലാക്കി.
735 അന്തമില്ലാതൊരു കോപവുംപൂണ്ടുനി
736 ന്നന്ധകന്മാരോടുകൂടിച്ചെമ്മേ
737 ഭീതിയെക്കാണാതൊരന്തകനുള്ളിലും
738 ഭീതിയെപ്പൊങ്ങിച്ചു ഭീഷണനായ്
739 നോക്കിനെക്കൊണ്ടെയിപ്പാരിടമെല്ലാമേ
740 തീക്കനലാക്കുന്നോനെന്നപോലെ

741 "നില്ലുനില്ലെ"ന്നതേ ചൊല്ലിനിന്നങ്ങനെ
742 ചെല്ലത്തുടങ്ങിനാനങ്ങു നോക്കി.
743 കോപിച്ചുപോകുന്ന ലാംഗലിതന്നുടെ
744 കോപത്തെക്കണ്ടൊരു ഗോവിന്ദന്താൻ
745 ഓടിച്ചെന്നങ്ങവങ്കോപത്തെപ്പോക്കുവാൻ
746 കേടറ്റ വാക്കുകളോതിനിന്നാൻ:
747 "പാർത്ഥനിന്നിന്നുടെ ചീർത്തെഴും കോപത്തിൻ
748 പാത്രമായ് വന്നതിന്നോർത്തുകണ്ടാൽ
749 വീരനായുള്ളൊരു കേസരിതന്നുടെ
750 നേരായിപ്പോരുമിപ്പാഴ്കുറുക്കൻ.

751 സീരവുമായിട്ടു പാരാതെ ചെന്നങ്ങു
752 നേരിട്ടു നിന്നു കതിർക്കിലിപ്പോൾ
753 മാധവിതന്നുടെ മംഗലസൂത്രത്തിൻ
754 ബാധയെച്ചെയ്തൊഴിച്ചേതുമില്ലേ;
755 സോദരിതന്നുടെ വേദന കണ്ടുക
756 ണ്ടാദരവോടതിലാടിനില്ക്കാം
757 ഉണ്മയെച്ചൊല്കിലിപ്പാണ്ഡവൻ നമ്മുടെ
758 സംബന്ധിയായിട്ടു വന്നാനല്ലൊ
759 ചീറ്റവും കൈവിട്ടു പാരാതെ ചെന്നു നി
760 ന്നേറ്റവും മാനിക്ക വേണ്ട്വതിപ്പോൾ.

761 നാമൊഴിച്ചാരിനി പ്രേമവുംപൂണ്ടിനി
762 ന്നോമനിച്ചീടുവാനോർത്തുകണ്ടാൽ."
763 ഇത്തരമായുള്ളൊരുക്തികൾകൊണ്ടവൻ
764 ചിത്തമയച്ചു ചമച്ചു പിന്നെ.
765 കോപിച്ചു പായുന്ന യാദവന്മാരുടെ
766 കോപവും പോക്കിനാൻ വാക്കുകൊണ്ടേ.
767 ശാർങ്ഗിതാനിങ്ങനെ ചൊന്നതു കേട്ടൊരു
768 ലാംഗലിതന്നുടെയുള്ളമപ്പോൾ
769 നീതിയും ചിന്തിച്ചു കോപവും കൈവിട്ടു
770 ശീതളമായിച്ചമഞ്ഞുകൂടി.

771 ഏറിയിരുന്ന പൊലിക്കാണംതന്നെയും
772 പാരാതെ നല്കിനാൻ പാർത്ഥനായി
773 തുഷ്ടനായ്വന്നവൻതന്നോടുകൂടെപ്പോയ്
774 ഇഷ്ടമായ് നിന്നവന്മന്ദിരത്തിൽ
775 കല്യാണമായുള്ളതെല്ലാമേ ചെയ്യിച്ചു
776 മെല്ലവേ പോന്നിങ്ങു വന്നു പിന്നെ
777 വൃഷ്ണികൾ ചൂഴുറ്റു കൃഷ്ണനും താനുമായ്
778 വൃത്തികളോരോന്നെയാചരിച്ചാൻ.