Jump to content

കൃഷ്ണഗാഥ/രണ്ടാം ഭാഗം/ജരാസന്ധയുദ്ധം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കൃഷ്ണഗാഥ
രണ്ടാം ഭാഗം

കൃഷ്ണഗാഥ
ഒന്നാം ഭാഗത്തിലേക്ക്


1 കംസൻറെ കാലം കഴിഞ്ഞൊരു നേരത്തു
2 വൈധവ്യംവന്നുള്ള ബാലികമാർ
3 താതനായുള്ളൊരു മാഗധന്തന്നോടു
4 കാതരമാരായിച്ചെന്നു ചൊന്നാർ.
5 മാനിയായുള്ളൊരു മാഗധനെന്നപ്പോൾ
6 ദീനനായ് നിന്നു നുറുങ്ങുനേരം
7 യാദവന്മാരുടെ വംശമേ പോക്കുവാ
8 നാദരവോടു മുതിർന്നു പിന്നെ:
9 വാട്ടമില്ലാതൊരു വമ്പടകൊണ്ടവൻ
10 കോട്ടയെച്ചെന്നു ചുഴന്നാൻ ചെമ്മേ.

11 വീരന്മാരായുള്ള യാദവന്മാരെല്ലാം
12 പാരാതെ ചെന്നു തുടർന്നാരപ്പോൾ
13 വീരനായുള്ളോരു മാഗധൻ ചൊല്ലിനാൻ
14 വീരന്മാരെല്ലാരും കേൾക്കവേതാൻ:
15 "കംസനെക്കൊന്നൊരു ഗോപാലന്തന്നെ ഞാൻ
16 കംസന്നു ചങ്ങാതമാക്കുവാനായ്
17 വന്നുതെന്നുള്ളതു നിർണ്ണയിച്ചാലുമെൻ
18 കമുന്നലെങ്ങാനും കാകിലിപ്പോൾ,"
19 ആഗതനായൊരു മാധവൻ ചൊല്ലിനാൻ
20 മാഗധന്തന്മുഖം നോക്കിയപ്പോൾ:

21 "കംസനെക്കൊന്നതു ഞാനിതാ കണ്ടാലും
22 സംശയമില്ലേതും ചൊല്ലാം ചെമ്മേ.
23 ചങ്ങാതം പോവാനോ ചാർച്ചപൂണ്ടീടുന്ന
24 നിങ്ങളങ്ങാകിലേ ചേർച്ചയുള്ളു."
25 എന്നതു കേട്ടൊരു മാഗധന്താനപ്പോൾ
26 നിന്നൊരു നന്ദജന്മേനിതന്നിൽ
27 അസ്ത്രങ്ങൾകൊണ്ടു തൊഴിച്ചുതുടങ്ങിനാൻ
28 ശസ്ത്രങ്ങൾകൊണ്ടുമങ്ങവ്വണ്ണമേ.
29 രോഹിണീനന്ദനനെന്നതു കണ്ടപ്പോൾ
30 രോഷത്തെപ്പൂണ്ടുതൂനിഞ്ഞു ചെമ്മേ

31 മുന്നൽ വരുന്നൊരു വമ്പടയെല്ലാമേ
32 കൊന്നങ്ങു വീഴ്ത്തിനാൻ പാർത്തലത്തിൽ.
33 ആർത്തുനിന്നീടുന്ന മാഗധന്തന്നുടെ
34 തേർത്തടംതന്നെയും വീഴ്ത്തിപ്പിന്നെ
35 മാഗധന്തന്നെയും ബന്ധിച്ചു വേഗത്തിൽ
36 മാധവന്തന്മുന്നിൽ ചെന്നനേരം
37 കൊല്ലൊല്ലാ നീയെന്ന മാധവൻതന്നുടെ
38 ചൊല്ലാലെ മെല്ലെന്നയച്ചു പിന്നെ
39 അക്ഷതനായൊരു കണ്ണനും താനുമാ
40 യക്ഷണം മന്ദിരംതന്നിൽ പൂക്കാൻ.

41 വേഗവാനായുള്ള മാഗധമ്പിന്നെയും
42 ആഗതനായ് പതിനേഴുവട്ടം
43 ക്രുദ്ധനായ് നിന്നങ്ങു യുദ്ധങ്ങൾ ചെയ്കയും
44 ബദ്ധനായ്പോകയുമാചരിച്ചാൻ.
45 അന്ത്യമായുള്ളൊരു യുദ്ധമണഞ്ഞപ്പൊ
46 ളന്തകന്നൊത്ത യവനൻനേരേ
47 നാരദന്തന്നുടെ ചൊല്ലാലെ വന്നിട്ടു
48 കാർവർണ്ണന്തന്നോടു പോർ പൊരുവാൻ
49 അന്തമില്ലാതൊരു സേനയെക്കൊണ്ടവ
50 ന്മന്ദിരം തന്നെച്ചുഴന്നു നിന്നാൻ.

51 ആഹവം വന്നതു കണ്ടൊരു കാർവർണ്ണൻ
52 രോഹിണീനന്ദനോടു ചൊന്നാൻ:
53 "സങ്കടം വന്നതു കണ്ടാലും വമ്പട
54 വങ്കടൽപോലെ പരന്നുതല്ലൊ.
55 മാഗധന്താനുമിന്നാഗമിച്ചീടുമേ
56 മാഴ്കാതെനിന്നൊരു സേനയുമായ്.
57 ആപത്തുകൂടാതെ യാദവന്മാരെ നാം
58 പാലിച്ചുകൊള്ളുന്നൂതെങ്ങനെ ചൊൽ."
59 തങ്ങളിലിങ്ങനെ കൂടി നിരൂപിച്ചു
60 മംഗലനാകിന കണ്ണനപ്പോൾ

61 സാഗരംതന്നോടു ചെന്നങ്ങു യാചിച്ചാൻ
62 ദ്വാദശയോജനഭൂമിതന്നെ.
63 രാമനായ് പണ്ടവൻ ചെയ്തു ചിന്തിച്ചു
64 സാഗരംതാനപ്പോൾ വേഗത്താലേ
65 ദ്വാരകയാകിന നൽപുരിതന്നെയും
66 പാരാതെ നിർമ്മിച്ചു നല്കിനിന്നാൻ.
67 ദ്വാരകതന്നെയും മാനിച്ചു വാങ്ങിന
68 വാരിജലോചനനെന്നനേരം
69 യോഗബലംകൊണ്ടു യാദവന്മാരെയും
70 വേഗത്തിലാമ്മാറു തന്നിലാക്കി

71 വന്നങ്ങു നിന്നൊരു വൈരിതന്മുന്നലേ
72 ചെന്നങ്ങു ചാടിനാൻ ചെവ്വിനോടെ.
73 "എന്നുടെ കൈകൊണ്ടു കൊൽവതിനായൊരു
74 പുണ്യമില്ലാതൊരു പാപനിവൻ
75 എന്നുടെ കൈകളിമ്മേനിയിൽ കൊള്ളാതെ
76 ഇന്നിവൻ ചാകേണം" എന്നു നണ്ണി
77 പാഞ്ഞു തുടങ്ങിനാൻ പങ്കജലോചനൻ
78 ചാഞ്ഞൊരു നൽവഴിതന്നിലൂടെ.
79 പാഞ്ഞതു കണ്ടൊരു വൈരിയും പിന്നാലെ
80 പാഞ്ഞുതുടങ്ങിനാൻ പാരമപ്പോൾ.

81 "പായാതെ പായാതെ കാർമുകിൽവർണ്ണരേ !
82 പേയായിപ്പോയി നീയെന്തിങ്ങനെ ?
83 ചൊല്പെറ്റു നിന്നൊരു വംശത്തിലല്ലൊ പ
84 ണ്ടുൽപ്പന്നനായി നീ പാർത്തു കണ്ടാൽ:
85 കൊല്ലുന്നൂതില്ലയിന്നിന്നെ ഞാനെന്നുമേ
86 നില്ലു നീ നമ്മിൽപ്പറഞ്ഞുപോവാൻ."
87 വൈരിതാനിങ്ങനെ ചൊന്നതു കേട്ടൊരു
88 വൈകുണ്ഠൻ പിന്നെയുമോടിയോടി
89 പാരിച്ചുനിന്നൊരു പർവതം തന്നുടെ
90 പാതാളം തന്നിൽ മറഞ്ഞുകൊണ്ടാൻ.

91 പിന്നാലെ പാഞ്ഞൊരു വൈരിയുമന്നേരം
92 തന്നിലേ ചെന്നങ്ങു നോക്കുന്നപ്പോൾ.
93 മാനിയായുള്ളൊരു മാന്ധാതാവിന്നൊരു
94 സൂനുവായുള്ള മുചുകുന്ദനേ
95 നിദ്രയുംപൂണ്ടു കിടന്നതു കണ്ടിട്ടു
96 നീലക്കാർവർണ്ണന്താനെന്നു നണ്ണി
97 കോപിച്ചു നിന്നവൻ പാരിച്ച കാൽകൊണ്ടു
98 മാറത്തു തിണ്ണം ചവിട്ടിനാന്താൻ.
99 ഞെട്ടിനിന്നങ്ങവൻ പെട്ടെന്നുണർന്നിട്ടു
100 തുഷ്ടനായ് നിന്നങ്ങു നോക്കുംനേരം

101 കണ്ണിലെഴുന്നൊരു പാവകന്തന്നാലേ
102 വെണ്ണീറായ് പോയാനപ്പാപനപ്പോൾ.
103 അമ്പു പൊഴിഞ്ഞൊരു കാർമുകിൽവർണ്ണന്താൻ
104 മുമ്പിലും ചെന്നങ്ങു നിന്നനേരം
105 കാരണമാനുഷനായൊരു കാർവർണ്ണൻ
106 താനിതെന്നിങ്ങനെ ചിന്തിച്ചപ്പോൾ
107 താർത്തേനേ വെല്ലുന്ന വാർത്തകൾകൊണ്ടവൻ
108 വാഴ്ത്തിനിന്നീടിനാനാസ്ഥയോടെ.
109 മോദത്തെപ്പൂണ്ടൊരു കാർവർണ്ണൻചൊല്ലാലെ
110 മോഹത്തെപ്പോക്കിന മന്നവന്താൻ

111 ഉത്തരയായൊരു ദിക്കിനെ നോക്കീട്ട്
112 അത്തലും തീർത്തു നടന്നാൻ ചെമ്മേ.
113 വൈരിയെക്കൊന്നൊരു വൈകുണ്ഠന്താനപ്പോൾ
114 വൈകാതെകണ്ടിങ്ങു വന്നു പിന്നെ
115 മന്ദിരം ചൂഴുന്ന വമ്പടതന്നെയും
116 കൊന്നങ്ങു വീഴ്ത്തിനാൻ കോപത്താലേ.
117 ചത്തുകിടന്നുള്ള വൈരികൾകൊണ്ടന്നൊ
118 രർത്ഥങ്ങളെല്ലാമേ മെല്ലെമെല്ലെ
119 ദ്വരകതന്നിലങ്ങാക്കുന്ന നേരത്തു
120 വൈരിയായുള്ളൊരു മാഗധന്താൻ

121 സന്നദ്ധനായൊരു സേനയുമായിട്ടു
122 പിന്നെയും പോന്നിങ്ങു വന്നണഞ്ഞാൻ.
123 മാഗധന്തന്നുടെ സാഹസം കണ്ടിട്ടു
124 മാനിച്ചുനിന്നുള്ള മാധവന്മാർ
125 നാമല്ലിവനിന്നു മൃത്യുവാക്കേണ്ടതു
126 ഭീമനെന്നിങ്ങനെയുള്ളിൽ നണ്ണി
127 ഓടിത്തുടങ്ങിനാർ കേടറ്റ കാൽകൊണ്ടു
128 പേടിച്ചുനിന്നുള്ളോരോടുംപോലെ.
129 ഓടുന്നനേരത്തു മാഗധന്താനുമ
130 ങ്ങോടിത്തുടങ്ങിനാൻ കൂടിപ്പിമ്പേ.

131 മാഴ്കാതെപായുന്ന മാധവന്മാരൊരു
132 മാമലതന്മുകളേറി നിന്നാർ.
133 മാഗധന്താനുമമ്മാമല ചൂഴവും
134 പാവകന്തന്നെപ്പരത്തി നിന്നാൻ.
135 പാവകൻ വന്നു ചുഴന്നതു കണ്ടൊരു
136 ദേവകിതന്നുടെ നന്ദനന്മാർ
137 വൈരികൾ കാണാതെ ചാടിനിന്നന്നേരം
138 ദ്വാരകതന്നിലങ്ങായിക്കൊണ്ടാർ.
139 പർവ്വതം വെന്തങ്ങു കൂടിനനേരത്തു
140 ഗർവ്വിതനായൊരു മാഗധന്താൻ

141 വെന്തങ്ങു പോയാരിമ്മാധവന്മാരെന്നു
142 ചിന്തിച്ചു നിന്നു ചിരിച്ചു തിണ്ണം
143 ഭേരികളോരോന്നേ പാരം മുഴങ്ങിച്ചു
144 പാരാതെ തന്നുടെ കോട്ട പുക്കാൻ.