കൃഷ്ണഗാഥ/രണ്ടാം ഭാഗം/ബലഭദ്രഗമനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കൃഷ്ണഗാഥ
രണ്ടാം ഭാഗം

കൃഷ്ണഗാഥ
ഒന്നാം ഭാഗത്തിലേക്ക്


1 ദ്വാരകതന്നിലേ നിന്നു വിളങ്ങിന
2 സീരവരായുധനന്നൊരുനാൾ
3 ബന്ധുക്കളായോരെക്കാണ്മതിനായിട്ടു
4 നന്ദൻറെ മന്ദിരം തന്നിൽ ചെന്നാൻ.
5 രാമനേ വന്നതു കണ്ടൊരു നന്ദന്താൻ
6 ആമോദം പൂണ്ടു പിടിച്ചു പൂണ്ടാൻ;
7 അമ്മയായുള്ള യശോദയുമങ്ങനെ
8 തന്മനം ചെമ്മേ കുളുർക്കുംവണ്ണം.
9 ചങ്ങാതിമാരായ വല്ലവന്മാരെല്ലാം
10 മംഗലമായ് വന്നു കണ്ടന്നേരം

11 കണ്ണനെക്കാണാഞ്ഞു വേദനപൂണ്ടുള്ളം
12 തിണ്ണമഴന്നുള്ള വല്ലവിമാർ
13 രാമൻറെ ചാരത്തുവന്നവർ ചോദിച്ചാർ
14 കാർമുകിൽവർണ്ണൻറെ വാർത്തയെല്ലാം:
15 "പൗരമാരായുള്ള നാരിമാരാർക്കുമേ
16 വൈരസ്യമേതുമിന്നില്ലയല്ലീ?
17 കാർമുകിൽ വർണ്ണന്നു വേണുന്നതിന്നിന്നു
18 കാമിനിമാരുടെ സൗഖ്യമല്ലൊ;
19 എന്നതുകൊണ്ടങ്ങൾ മുമ്പിനാൽ ചോദിച്ചു
20 സുന്ദരിമാരുടെ സൗഖ്യമെല്ലാം.

21 വഞ്ചനയാണ്ടുള്ളൊരഞ്ചനവർണ്ണന്നു
22 ചഞ്ചലമായൊരു നെഞ്ചിലിപ്പോൾ
23 അച്ഛനുമമ്മയും വേഴ്ച തുടർന്നോരും
24 കച്ചുതേയിഞ്ഞങ്ങളെന്നപോലെ;
25 ഞങ്ങളെക്കാണേണമെന്നതുകൊണ്ടല്ലൊ
26 ഇങ്ങവൻ വാരാതെ നിന്നുകൊണ്ടു.
27 മങ്ങാതെ വന്നു തന്നച്ഛനെക്കണ്ടാലും
28 ഞങ്ങളോ മെല്ലെ മറഞ്ഞുകൊള്ളാം.
29 ഉറ്റോരെയും മറ്റു പെറ്റോരെയും പിന്നെ
30 ച്ചുറ്റമാണ്ടോരെയും കൈവെടിഞ്ഞ്

31 ഉറ്റോരായുള്ളതും മറ്റാരുമല്ലെന്നേ
32 മുറ്റുമിഞ്ഞങ്ങളോ നണ്ണി ചെമ്മേ.
33 പുഞ്ചിരിതൂകിനോരഞ്ചനവർണ്ണൻറെ
34 വഞ്ചനവാക്കുകളൊന്നൊന്നേതാൻ
35 പട്ടാങ്ങെന്നിങ്ങനെ ചിന്തിച്ചുനിന്നുള്ളിൽ
36 പൊട്ടുപിരണ്ടുള്ള ഞങ്ങളിപ്പോൾ
37 ചേണുറ്റു തങ്ങളിൽ കെട്ടുപെട്ടീടുന്ന
38 തോണികൾ പാഴിലേ നീരായ് വന്നു.
39 ഗോകുലംകൊണ്ടുള്ള വാർത്തകളിന്നെല്ലാം
40 ഏതാനുമുണ്ടോ പറഞ്ഞുകേൾപ്പൂ?

41 "എന്നുടെ പിന്നലെ സന്തതം പാഞ്ഞിടും
42 ഖിന്നമാരായുള്ള നാരിമാരേ
43 നന്നായി വഞ്ചിച്ചു പോന്നോർനിന്നിങ്ങു ഞാൻ"
44 എന്നതു മിണ്ടുമാറില്ലയോ ചൊൽ.
45 പണ്ടവൻ ചെയ്തുള്ള വേലകളോർക്കുമ്പോൾ
46 ഇണ്ടലാകുന്നുതേ പാരമുള്ളിൽ.
47 കാളിന്ദിതീരത്തെക്കാവുകൾ കാണുമ്പോൾ
48 ഓളം തുളുമ്മുന്നു വേദനകൾ.
49 കാലത്തേ പോന്നു മുളച്ചുതേയുള്ളുതി
50 ക്കോലപ്പോർകൊങ്കകളെങ്ങൾമാറിൽ;

51 ചാലക്കിടന്നുതെളിഞ്ഞു വളർന്നതി
52 ന്നീലക്കാർവ്വണ്ണൻറെ മാറിലത്രെ.
53 പണ്ടുപണ്ടുണ്ടായ പുണ്യങ്ങളോർക്കയാൽ
54 ഇണ്ടലാണ്ടീടുമിക്കൈകൾ രണ്ടും
55 മാതാവിങ്കണ്ഠം പിരിഞ്ഞതിൽപ്പിന്നെയി
56 മ്മാധവൻകണ്ഠമേ താനറിഞ്ഞു
57 ശൃംഗാരമിങ്ങനെയുള്ളൂതെന്നുള്ളതും
58 അംഗജനിങ്ങനെയുള്ളൂതെന്നും
59 മറ്റാരുമല്ലയിഞ്ഞങ്ങൾക്കു ചൊന്നതോ
60 മുറ്റുമിക്കാർമുകിൽവർണ്ണനത്രെ.

61 അങ്ങനെ നിന്നുള്ളൊരെങ്ങളേയിന്നിപ്പോൾ
62 ഇങ്ങനെയല്ലൊതാനാക്കിവച്ചു.
63 രാപ്പകലിങ്ങനെ വന്നതു പാർത്തിതാ
64 ബാഷ്പവും വാർത്തു കിടന്നു ഞങ്ങൾ."
65 ഇങ്ങനെചൊന്നുടൻ കണ്ണൂനീർ തൂകിനാർ
66 മംഗലമാരായ മാതരെല്ലാം.
67 രേവതീകാമുകനെന്നതു കണ്ടിട്ടു
68 പൂവേണിമാരുടെ ഖേദമെല്ലാം
69 വാക്കുകൾകൊണ്ടുടൻ പോക്കിനിന്നീടിനാൻ
70 വാഗ്മിയായുള്ളവരെന്നു ഞായം.

71 അല്ലലെത്തീർത്തുള്ള വല്ലവിമാരുമായ്
72 നല്ല നിലാവുള്ള രാവുകളിൽ
73 അമ്പോടു പിന്നെക്കളിച്ചുതുടങ്ങിനാൻ
74 അമ്പാടി തന്നിലേ രണ്ടു മാസം.
75 വാരുണിയാകിന മാധ്വിയെസ്സേവിച്ചു
76 വാരണംപോലെ മദിച്ചു പിന്നെ
77 മന്ദം നടന്നു കളിച്ചൊരു നേരത്തു
78 സുന്ദരിമാരുമായന്നൊരുനാൾ
79 മേളത്തിൽ നിന്നു കളിപ്പതിന്നായിട്ടു
80 കാളിന്ദിതന്നെ വിളിച്ച നേരം

81 വാരാതെനിന്നപ്പോളേറിയ കോപത്താൽ
82 സീരത്തെക്കൊണ്ടു വലിപ്പതിന്നായ്
83 ഓങ്ങിന നേരത്തു പേടിച്ചു നിന്നവൾ.
84 ഓടിച്ചെന്നീടിനാൾ ചാരത്തപ്പോൾ.
85 തന്നിലിറങ്ങി നൽക്കാമിനിമാരുമായ്
86 ഒന്നൊത്തുനിന്നു കളിച്ചു പിന്നെ
87 ചാലക്കരയേറി നീലമായുള്ളൊരു
88 ചേലയും പൂണ്ടു വിളങ്ങി നന്നായ്
89 കാമിനിമാരുടെ വാഞ്ഛിതം പൂരിച്ചു
90 കാവുകൾതോറും വിളങ്ങിനിന്നാൻ.