കൃഷ്ണഗാഥ/രണ്ടാം ഭാഗം/ബാണയുദ്ധം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കൃഷ്ണഗാഥ
രണ്ടാം ഭാഗം

കൃഷ്ണഗാഥ
ഒന്നാം ഭാഗത്തിലേക്ക്


1 ബാണനായുള്ളൊരു ദാനവൻ പണ്ടുതാൻ
2 വാർതിങ്കൾമൗലിയാം ദേവന്തന്നെ
3 സേവിച്ചുനിന്നു വസിച്ചു തന്മന്ദിരം
4 കേവലം കാക്കുമാറാക്കിക്കൊണ്ടാൻ
5 ഒട്ടുനാളിങ്ങനെ ചെന്നൊരുകാലത്തു
6 ധൃഷ്ടനായ് നിന്നു തിമിർത്തു ചൊന്നാൻ:
7 "ആഹവമില്ലാഞ്ഞിട്ടാനന്ദമുള്ളിലി
8 ല്ലാരെയും കണ്ടതുമില്ലയെങ്ങും
9 ദിഗ്ഗജമെല്ലാമേ ചെന്നതു കാണുമ്പൊ
10 ളൊക്കവേ പായുന്നു പാരം പാരം.

11 എന്നോടു നേരിട്ടു പോരു തുടങ്ങുവാൻ
12 നിന്നോളം പോന്നോരെക്കണ്ടില്ലെന്നാൽ.
13 നമ്മിൽ നുറുങ്ങു പിണങ്ങിനിന്നിങ്ങനെ
14 നർമ്മമായ് നിന്നു കളിക്കവേണം."
15 എന്നതു കേട്ടൊരു പന്നഗഭൂഷണൻ
16 വന്നൊരു കോപമടക്കിച്ചൊന്നാൻ:
17 "നിന്നുടെ കേതു മുറിഞ്ഞങ്ങു വീഴുന്നാൾ
18 എന്നോടു നേരായ വീരൻ വന്ന്
19 നിന്നോട് നേരിട്ടു നിന്നെയും വെന്നീടും
20 എന്നതു നീയിന്നു തേറിനാലും."

21 എന്നതു കേട്ടൊരു മന്നവൻതന്നുടെ
22 മന്ദിരം പൂക്കതു പാർത്തു നിന്നാൻ.
23 ഉദ്ധതനായിട്ടു മേവുന്ന ബാണന്തൻ
24 പുത്രിയായുള്ളൊരു കന്യകതാൻ
25 നിദ്രയും പൂണ്ടു കിടന്നൊരു നേരത്തു
26 ഭദ്രനായുള്ളനിരുദ്ധനുമായ്
27 മംഗലമാളുന്നൊരംഗജലീലതൻ
28 ഭംഗികൾ പൂണ്ടു മയങ്ങുംനേരം
29 കണ്ണിലിണങ്ങുമുറക്കവൾതന്നെയും
30 തിണ്ണം വെടിഞ്ഞങ്ങു പോകയാലെ

31 മേനിയിൽ മേവിന കാന്തനെക്കാണാഞ്ഞു
32 ദീനയായ് നിന്നവൾ കേണതെല്ലാം
33 ചാരത്തു നിന്നൊരു തോഴിതാൻ കേട്ടു വി
34 ചാരിച്ചു നിന്നതു കേട്ടു ചൊന്നാൾ:
35 "കന്ദർപ്പന്തന്നുടെ കാന്തിയെ വെന്നൊരു
36 സുന്ദരൻ വന്നു നിന്നെന്നരികെ
37 തേൻചുരന്നീടിന ചോരിവാ തന്നുടൻ
38 വാഞ്ചിതമെല്ലാമേ നല്കിപ്പിന്നെ
39 ചിത്തമഴിഞ്ഞുള്ളൊരെന്നെയും കൈവിട്ടു
40 നിദ്രതാൻ പോകുമ്പോൾ കൂടെപ്പോയാൻ.

41 പാഴ്പെട്ടുപോയൊരു ശയ്യയെക്കണ്ടിട്ടു
42 പാരിച്ചു പൊങ്ങുന്നു മാരമാലും.
43 വേറിരുന്നിങ്ങനെ വേകുന്ന ഞാനിപ്പോൾ
44 വേറൊന്നായ്പോകുന്നൂതുണ്ടു തോഴീ!"
45 എന്നതുകേട്ടൊരു തോഴിതാൻ ചൊല്ലിനാൾ:
46 "നിന്നുടെവേദന പോക്കാമല്ലൊ
47 ആരെന്നു ചൊല്ലിനാൻ നിന്നുടെ ചാരത്തു
48 പാരാതെ കൊണ്ടന്നു നല്കുവൻ ഞാൻ."
49 ഇങ്ങനെ ചൊന്നാവൾ തന്നുടെ കമുന്നൽ
50 മങ്ങാത തൂലികകൊണ്ടു നേരെ

51 ലേഖ്യന്മാരായുള്ള ദേവരെയെല്ലാമെ
52 ലേഖനം ചെയ്തുടൻ കാട്ടിക്കാട്ടി.
53 മാനിനിതന്നുടെ ചൊല്ലാലെ പിന്നെയും
54 മാനുഷന്മാരെയുമവ്വണ്ണമേ.
55 വൃഷ്ണികളായുള്ള വീരരെയെല്ലാമേ
56 കൃഷ്ണനെത്തന്നെയും കാട്ടിപ്പിന്നെ
57 തന്മകനായുള്ള നിർമ്മലന്തന്നെയും
58 തണ്മകളഞ്ഞനിരുദ്ധനേയും
59 ലേഖനം ചെയ്തവൾ കാട്ടിനനേരത്തു
60 കോകിലവാണിതൻ കമുനയിൽ

61 നീടുറ്റു നിന്നൊരു നാണവും പ്രേമവും
62 കൂടിക്കലർന്നിട്ടു കാണായപ്പോൾ:
63 പാരമണഞ്ഞൊന്നു പൂണ്മതിന്നായിട്ടു
64 ധീരതപോയൊരു സംഭ്രമവും;
65 എന്നെയും കൈവെടിഞ്ഞെങ്ങു നീ പൊയ്ക്കൊണ്ടു
66 തെന്നൊരു കോപവും ചാപലവും.
67 യോഗിനിയായൊരു തോഴിതാനെന്നപ്പോൾ
68 വേഗത്തിൽ ചെന്നുടൻ ദ്വാരകയിൽ
69 സുപ്തനായുള്ളനിരുദ്ധനെത്തന്നെയും
70 മെത്തമേൽനിന്നങ്ങെടുത്തു പിന്നെ

71 കൊണ്ടിങ്ങുപോന്നവൾ കൈയിലേ നല്കിനി
72 ന്നിണ്ടലെപ്പോക്കുവാനന്നുതന്നെ.
73 അംഗജൻതന്നുടെസൂനുവായുള്ളാൻത
74 ന്മംഗലകാന്തനായ് വന്നനേരം
75 നീടുറ്റുനിന്നൊരു കർപ്പൂരംതന്നോടു
76 കൂടിന ചന്ദനമെന്നപോലെ
77 ആമോദം പൂണ്ടൊരു കാമിനിതാനും നൽ
78 കാമവിലാസങ്ങളാണ്ടു നിന്നാൾ.
79 യാദവബാലകനാകിന വീരനും
80 ആദരവോടു കളിച്ചു മേന്മേൽ

81 സുന്ദരിതന്നുടെ മന്ദിരംതന്നിലേ
82 നിന്നു വിളങ്ങിനാൻ നീതിയോടേ
83 ഗൂഡനായ്നിന്നവന്തന്നെയന്നാരുമേ
84 ചേടിമാർപോലുമറിഞ്ഞുതില്ലേ.
85 ഒട്ടുനാളിങ്ങനെ തുഷ്ടിയും പൂണ്ടവർ
86 ഇഷ്ടരായ് നിന്നു വസിച്ച കാലം
87 പങ്കജലോചനതന്മുഖം കണ്ടിട്ടു
88 ശങ്ക തുടങ്ങീതു മാതർക്കൊല്ലാം.
89 ശങ്കതുടങ്ങിന മങ്കമാരെല്ലാരും
90 തങ്ങളിൽനിന്നു പരഞ്ഞാരപ്പോൾ:

91 "ബാലികതന്നുടെയാനനമിന്നിന്നു
92 ചാലെത്തെളിഞ്ഞുണ്ടു കാണാകുന്നു:
93 കാരണമെന്തന്നു ചിന്തിച്ചു കാകിലോ
94 വേറൊന്നായല്ലൊതാൻ വന്നു ഞായം.
95 വേലകൾ കോലുവാൻ കാലം പുലർന്നപ്പോൾ
96 ചാലെപ്പോയെല്ലാരും ചെല്ലുന്നപ്പോൾ
97 കെട്ടകംതന്നിൽനിന്നൊട്ടുമേ വാരാതെ
98 പെട്ടെന്നു പോന്നിങ്ങു വന്നുകൊള്ളും.
99 കണ്ണിണയന്നേരം മെല്ലവേ പാർക്കുമ്പോൾ
100 തിണ്ണം തളർന്നു മയങ്ങിക്കാണാം.

101 രോഗമെന്നിങ്ങനെ ചൊല്ലുമാറുണ്ടുതാൻ
102 രോഗമല്ലേതുമേ രാഗമത്രെ.
103 തേമ്പാതെ നിന്നൊരു ചോരിവാതന്നെയും
104 തേഞ്ഞല്ലൊ കാണുന്നു നാളിൽ നാളിൽ
105 ചാലെത്തെളിഞ്ഞ കവിൾത്തടമിന്നിന്നു
106 ചാഞ്ഞു ചാഞ്ഞീടുന്നു പിന്നെപ്പിന്നെ.
107 നമ്മുടെ ചാരത്തു വന്നിങ്ങു മേവുകിൽ
108 നാണവുമുണ്ടിന്നു കാണാകുന്നു.
109 പണ്ടെന്നും കാണാതെ ഭൂഷണമുണ്ടിന്നു
110 കണ്ടുതുടങ്ങുന്നു കണ്ഠംതന്നിൽ.

111 പങ്കജക്കോരകംതന്നെയും വെല്ലുന്ന
112 കൊങ്കകൾ ചാരത്തുമവ്വണ്ണമേ.
113 ഇങ്ങനെയോരോരോ ഭംഗികൾ കാണുമ്പൊ
114 ളെങ്ങനെ കന്യകയെന്നു ചൊൽവൂ?
115 ഇന്നിവൾതന്നുടെ കാമുകനായൊരു
116 ധന്യനുണ്ടെന്നതു നിർണ്ണയംതാൻ.
117 ആരോടുമിന്നിതു വാപാടീലെങ്കിലോ
118 പോരായ്മയായിട്ടു വന്നുകൂടും."
119 തങ്ങളിലിങ്ങനെ നിന്നു പറഞ്ഞുള്ളൊ
120 രംഗനമാരെല്ലാമെന്നനേരം

121 ഉത്ഭടരായിട്ടു രക്ഷികളായുള്ള
122 തത്ഭടന്മാരോടു ചെന്നു ചൊന്നാർ.
123 അക്ഷതരായുള്ള രക്ഷികളെല്ലാരും
124 അക്ഷണം ചൊല്ലിനാർ ബാണനോടും
125 കന്യകതന്നുടെ ദൂഷകനായൊരു
126 കാമുകനുണ്ടെന്നു കേട്ടു ബാണൻ
127 പെട്ടെന്നെഴുന്നേറ്റു മട്ടോലും വാണിതൻ
128 കെട്ടകം തന്നിലേ ചെല്ലുംനേരം
129 പ്രദ്യുമ്നസൂനുവെക്കണ്ടുടൻ കോപിച്ചു
130 പെട്ടെന്നു നിന്നു പിണങ്ങിപ്പിന്നെ

131 പന്നഗപാശങ്ങൾകൊണ്ടവന്തന്നെയും
132 ഖിന്നനാക്കീടിനാൻ ബന്ധിച്ചപ്പോൾ.
133 താനങ്ങു തന്നുടെയാലയം പൂകിനാൻ
134 മാനവും പൂണ്ടു മദിച്ചു പിന്നെ.
135 ബന്ധനായുള്ളനിരുദ്ധനെക്കണ്ടൊരു
136 മുഗ്ദ്ധവിലോചനതാനുമപ്പോൾ
137 കേണുതുടങ്ങിനാൾ ഭൂതലംതന്നിലേ
138 വീണു മയങ്ങി മയങ്ങി മേന്മേൽ.
139 തോഴികൾ ചെന്നു പറഞ്ഞവൾതന്നുടെ
140 കോഴയും കിഞ്ചന പോക്കിനിന്നാർ.

141 പഞ്ജരംതന്നിൽ നിരുദ്ധനായുള്ളൊരു
142 കഞ്ജരവൈരിതാനെന്നപോലെ
143 രുദ്ധനായുള്ളനിരുദ്ധനും കോപിച്ചു
144 ബദ്ധവിരോധനായ് നിന്നകാലം
145 ഭോജന്മാരെല്ലാരും നിദ്രയെപ്പൂണ്ടൊരു
146 രാജകുമാരനെക്കാണാഞ്ഞപ്പോൾ
147 എങ്ങുപോലിനിവനേതുമേ മിണ്ടാതെ
148 യെങ്ങനെ പൊയ്ക്കൊണ്ടുതെന്നു നണ്ണി.
149 ഇന്നിന്നു വന്നീടുമെന്നതേ ചിന്തിച്ചു
150 നിന്നങ്ങു മേവിനാർ നാലുമാസം.

151 പിന്നെയും വന്നതു കണ്ടില്ലയാഞ്ഞിട്ടു
152 ഖിന്നരായെല്ലാരും നിന്നനേരം.
153 നാരദനാകിന നന്മുനി വാരെഴും
154 ദ്വാരകതന്നിലെഴുന്നള്ളിനാൻ.
155 യാദവന്മാരുടെയാനനം കണ്ടുടൻ
156 ആദരവോടു പറഞ്ഞാൻ പിന്നെ:
157 "പ്രദ്യുമ്നസൂനുവെക്കണ്ടീലയാഞ്ഞല്ലീ
158 അത്തൽപിണഞ്ഞു ചമഞ്ഞു നിങ്ങൾ ?
159 ചേണുറ്റു നിന്നൊരു ബാണപുരം തന്നിൽ
160 ദീനനായ് നിന്നുള്ളോനിന്നു ചെമ്മെ.

161 മംഗലനായിട്ടു നിന്നവന്തന്നുടെ
162 മങ്ങാതെയുള്ളൊരു നാമമിപ്പോൾ
163 ആദ്യമായ് നിന്നുള്ളൊരക്ഷരം കൂടാതെ
164 ആക്കിനിന്നീടിനാൻ പോരിൽ ബാണൻ
165 ബാണകുമാരികതന്നുടെ ലോചന
166 ബാണങ്ങളേറ്റു മയങ്ങുകയാൽ.
167 അപ്പുരംതന്നുടെ പാലകനായതു
168 മുപ്പുരം വെന്നുള്ള മുക്കണ്ണന്താൻ."
169 വൃഷ്ണികളെല്ലാരുമെന്നതു കേട്ടപ്പോൾ
170 കൃഷ്ണനെത്തന്നെയും മുൻനിറുത്തി

171 മുദ്ഗരം മുമ്പായുള്ളായുധമോരോന്നേ
172 നല്ക്കരംതോറും ധരിച്ചു നന്നായ്
173 സന്നദ്ധരായി നടന്നുതുടങ്ങിനാർ
174 തന്നുടെ തന്നുടെ തേരിലേറി.
175 ദീനതകോലാത സേനയുമായിട്ടു
176 ബാണപുരത്തിലകത്തു പൂക്കാർ.
177 ആർത്തുതുടങ്ങിനാർ ഭേരിയും താഡിച്ചു
178 ചീർത്തുനിന്നുള്ളൊരു കോപത്താലെ.
179 കേതുവെത്തന്നെയുമെയ്തു മുറിച്ചുടൻ
180 ഭൂതലം തന്നിലേ വീഴ്ത്തിപ്പിന്നെ

181 നന്മതിലെല്ലാമേ തള്ളിവിട്ടീടിനാർ
182 വെണ്മയിൽനിന്നുള്ള ഗോപുരവും.
183 ബാണപുരത്തിന്നു ഭംഗത്തെക്കണ്ടൊരു
184 ബാലനിശാകരശേഖരന്താൻ
185 ഷണ്മുഖന്തന്നോടു ചൊല്ലിനിന്നീടിനാൻ
186 ഉണ്മയായുള്ളൊരു നർമ്മമപ്പോൾ:
187 "ഒട്ടുനാളുണ്ടല്ലൊ പട്ടിണികൂടാതെ
188 മൃഷ്ടമായുണ്ണുന്നു നാമെല്ലാരും;
189 ഉന്മദരായുള്ള വൃഷ്ണികൾമൂലമി
190 ന്നമ്മുടെ ചോറു മുടങ്ങിതായി.

191 നൽത്തെരുവിന്നുമന്നൽചുരക്കണ്ടിക്കും
192 അത്തൽ പിണയായ്കിലുണ്ടുതാനും.
193 യോഗ്യമായുള്ളതു നോക്കിനിന്നീടാതെ
194 പോർക്കു തുനിഞ്ഞു നാം ചൊല്കയിപ്പോൾ."
195 ഇങ്ങനെ ചൊല്ലി നൽക്കാളമേലേറി നി
196 ന്നംഗജവൈരിതാനാദരവിൽ
197 കാവർണ്ണർന്തന്നോടു പോരുതുടങ്ങീനാൻ
198 ചോറു മുടങ്ങിനാലെന്നു ഞായം.
199 ആണ്മയിലേറിന ഷമുഖന്താനുമ
200 ങ്ങാണ്മയിലേറിയണഞ്ഞു നേരേ

201 രുക്മിണീനന്ദനൻ ചെന്നതു കണ്ടിട്ടു
202 രുഷ്ടനായ് നിന്നു പിണഞ്ഞാനപ്പോൾ.
203 തന്ദ്രിയേ വേറിട്ടു രോഹിണീനന്ദനൻ
204 മന്ത്രികളോടുമങ്ങവ്വണ്ണമേ.
205 ക്ഷീണത കോലാത സാത്യകിതന്നോടു
206 ബാണനും ചെന്നു പിണങ്ങിനിന്നാൻ.
207 സംഗരമാണ്ടുള്ള വീരന്മാർതങ്ങളിൽ
208 ഇങ്ങനെ നിന്നു പിണങ്ങുംനേരം
209 അന്ധതകൈവിട്ടൊരന്ധകനാഥനും
210 അന്തകവൈരിയും നിന്നു നേരേ

211 അസ്ത്രങ്ങൾകൊണ്ടു കളിച്ചുതുടങ്ങിനാർ
212 അസ്ത്രങ്ങവിശാരദരാകയാലേ.
213 ഈരേഴു പാരിനും കാരണമായുള്ളൊ
214 രീശന്മാരിങ്ങനെ നേരിട്ടപ്പോൾ
215 ജൃംഭിതനായിട്ടു നിന്നതു കാണായി
216 ശംഭുവെത്തന്നെയും നിന്നോർക്കെല്ലാം.
217 മൂർത്തുള്ള ബാണങ്ങൾ മേനിയിലേല്ക്കയാൽ
218 വീർത്തുനിന്നീടുന്ന കാർത്തികേയൻ
219 തന്നിലേ നണ്ണിനാ"നിങ്ങനെ നിന്നു ഞാൻ
220 ഖിന്നനായ്മേവുവാനെന്തു മൂലം?

221 അച്ഛനു കോളല്ലയെന്നതുകൊണ്ടല്ലൊ
222 അച്ഛന്മെയ്യല്ലല്ലൊ നൊന്തതിപ്പോൾ.
223 ചോററിന്നു വേണുന്ന വേലയോ ചെയ്തേൻ ഞാൻ
224 തോറ്റുമടങ്ങിയും പോകേയുള്ളു."
225 ഇങ്ങനെ ചിന്തിച്ചു സംഗരം കൈവിട്ടാൻ
226 നന്മയിലേറിന ഷമുഖന്താൻ
227 മന്ത്രികൾ മുമ്പായ വീരന്മാരെല്ലാർക്കും
228 ബന്ധുവായ്മേവിനാനന്തകന്താൻ.
229 മാനിയായുള്ളൊരു ബാണന്താൻ ചെന്നപ്പോൾ
230 മാധവനോടു പിണഞ്ഞുനിന്നാൻ.

231 ബാണങ്ങളെയ്തെയ്തു ബാണനെത്തന്നെയും
232 ക്ഷീണനാക്കീടിന മാധവന്താൻ
233 തേർത്തടംതന്നെയും വീഴ്ത്തിനിന്നീടിനാൻ
234 ആർത്തനായ് നിന്നൊരു സൂതനേയും.
235 ക്ഷീണനായ് നിന്നൊരു ബാണനേ നേർ കണ്ടു
236 ബാണങ്ങൾ പിന്നെത്തൊടുത്തനേരം
237 നാണവും കൈവിട്ടു മാതാവുതാൻ വന്നു
238 ബാണന്താൻ പ്രാണങ്ങൾ പാലിപ്പാനായ്
239 അംബരംതന്നെയുമംബരമാക്കിക്കൊ
240 ണ്ടംബുജലോചനന്മുമ്പിൽ ചെന്നാൾ.

241 എന്നതു കണ്ടൊരു കൊണ്ടൽനേവർണ്ണന്താ
242 നേറിയിരുന്ന വിരാഗത്താലേ
243 പിന്തിരിഞ്ഞീടിനാൻ ബാണനുമന്നേരം
244 മന്ദിരംപൂകിനാൻ മന്ദിയാതെ.
245 ബാണന്താൻ തോറ്റങ്ങു പോയൊരുനേരത്തു
246 വാർതിങ്കൾമൗലിതൻ വൻപനിയൻ
247 രുഷ്ടനായ് ചെന്നങ്ങു വൃഷ്ണികളെല്ലാർക്കും
248 തിട്ടതിയാക്കിനാൻ പെട്ടെന്നപ്പോൾ.
249 വീരന്മാരെല്ലാരും വൻപനി പൂണ്ടിട്ടു
250 പാരം വിറച്ചുതുടങ്ങീതപ്പോൾ.

251 വാരുറ്റുനിന്നുള്ള വാരണയൂഥവും
252 വാജികൾരാശിയുമവ്വണ്ണമേ.
253 കൊണ്ടൽനേവർണ്ണന്താനെന്നതു കണ്ടപ്പോൾ
254 ഇണ്ടലെപ്പോക്കുവാനിമ്പത്തോടെ
255 വീരനായുള്ളൊരു വൻപനിയന്തന്നെ
256 പ്പാരാതെ നിർമ്മിച്ചാൻ പാരിൽ നേരേ.
257 തങ്ങളിൽ നിന്നു പിണങ്ങിനനേരത്തു
258 എങ്ങുമേ നിന്നു പൊറായ്കയാലേ
259 മുഷ്കു കളഞ്ഞു കരഞ്ഞുതുടങ്ങിനാൻ
260 മുക്കണ്ണർതന്നുടെ വൻപനിയൻ.

261 നീലക്കാവർണ്ണൻറെ കാലിണ കുമ്പിട്ടു
262 പാലിച്ചുകൊള്ളേണമെന്നാൻ പിന്നെ.
263 മാധവന്താനപ്പോൾ ഭീതനായുള്ളവൻ
264 ഭീതിയെപ്പോക്കീട്ടു നിന്നനേരം
265 തോറ്റങ്ങു പോയൊരു ബാണന്താമ്പിന്നെയും
266 ചീറ്റം തിരണ്ടു മടങ്ങിവന്നാൻ.
267 കാവർണ്ണനോടു പിണങ്ങിനാനങ്ങവൻ
268 കാരുണ്യം ദൂരമായ്പോകും വണ്ണം.
269 തന്നോടു നേരിട്ട ബാണനെത്തന്നെയും
270 ഖിന്നനാക്കീടിനാന്മുന്നെപ്പോലെ.

271 കൈകളും പിന്നെത്തറിച്ചുതുടങ്ങിനാൻ
272 കൈടഭവൈരിയായുള്ള ദേവൻ.
273 ജൃംഭിതനായൊരു ശംഭൂതാനന്നേരം
274 ജൃംഭണം നീക്കിയുണർന്നുടനെ
275 വാരിജലോചനൻ ചാരത്തു വന്നിട്ടു
276 വാഴ്ത്തിനിന്നമ്പോടു വാർത്ത ചൊന്നാൻ:
277 "വല്ലായ്മ ചെയ്കിലുമെന്നുടെ ദാസനെ
278 ക്കൊല്ലൊല്ലാ കോപം കൊണ്ടെ"ന്നിങ്ങനെ
279 അംഗജവൈരിതാൻ ചൊന്നതു കേട്ടപ്പോൾ
280 അംബുജലോചനന്താനും ചൊന്നാൻ:

281 "ത്വൽഭൃത്യനായിട്ടു നിന്നതുകൊണ്ടിവൻ
282 മൽഭൃത്യനായിട്ടു വന്നുകൂടി.
283 വല്ലായ്മ ചെയ്താനിന്നെങ്കിലും ബാണനെ
284 ക്കൊല്ലുന്നില്ലെന്നതും ചൊല്ലാം നേരെ
285 ദുർമ്മദം പോക്കുവാൻ കൈകളെച്ഛേദിച്ചു ;
286 ദുർമ്മദംപോയിതായെന്നുവന്നു.
287 മിഞ്ചിന ബാഹുക്കൾ നാലുമായിങ്ങനെ
288 നിൻ ചരണങ്ങളും കൂപ്പി നന്നായ്
289 പാർശ്വത്തിലാമ്മാറു നിന്നു വിളങ്ങട്ടെ
290 പാർഷദനായിനിമേലിൽ ചെമ്മേ."

291 വാരിജലോചനനിങ്ങനെ ചൊന്നപ്പോൾ
292 ബാണന്താന്മന്ദിരം പുക്കു നേരേ
293 രുദ്ധനായുള്ളനിരുദ്ധനെത്തന്നെയും
294 മുഗ്ദ്ധവിലോചനയോടും കൂടി
295 കാർവർണ്ണങ്കൈയിലേ നല്കിനിന്നങ്ങവൻ
296 കാലിണ കുമ്പിട്ടു കൂപ്പിനിന്നാൻ.
297 ചീറ്റംകളഞ്ഞൊരു കാവർണ്ണനെന്നപ്പോ
298 ളേറ്റം വിളഞ്ഞിയിണങ്ങിപ്പിന്നെ
299 ആപ്തനായുളെളാരു പൗത്രനുമായിട്ടു
300 യാത്രയും ചൊല്ലി നടന്നു നേരേ.

301 തുഷ്ടന്മാരായുളള യാദവന്മാരുമായ്
302 പെട്ടന്നു ചെന്നു തൻ ദ്വാരകയിൽ
303 ആഗതനായനിരുദ്ധനെക്കണ്ടിട്ടു
304 മാൽ കളഞ്ഞീടിന ലോകരുമായ്
305 ബാണനെക്കൊണ്ടുളള വാർത്തകളോരോന്നേ
306 വാപാടിപ്പിന്നെ വിളങ്ങിനിന്നാൻ.