Jump to content

കൃഷ്ണഗാഥ/രണ്ടാം ഭാഗം/സ്യമന്തകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കൃഷ്ണഗാഥ
രണ്ടാം ഭാഗം

കൃഷ്ണഗാഥ
ഒന്നാം ഭാഗത്തിലേക്ക്


1 സത്രാജിത്താകുന്ന മന്നവമ്പണ്ടു പോയ്
2 മിത്രനെസ്സേവിച്ചു നിന്നകാലം
3 ഉത്തമമായൊരു രത്നത്തെ നല്കിനാൻ
4 ഭക്തിയെക്കണ്ടു തെളിഞ്ഞു മിത്രൻ.
5 വാർമെത്തുമാറു സ്യമന്തകമെന്നൊരു
6 പേർപെറ്റു നിന്നൊന്നിപ്പാരിലെങ്ങും.
7 എട്ടെട്ടു ഭാരം നല്പൊന്നുമിണ്ണീടുന്നോ
8 ന്നിഷ്ടത്തിൽ പൂജിച്ചു സേവിക്കുമ്പോൾ.
9 അങ്ങനെയുള്ളൊരു നന്മണിതന്നെത്ത
10 ന്നംഗത്തിൽ ചേർത്തവൻ പോകുംനേരം

11 ദ്വാരകതന്നിലേ മാലോകർ കണ്ടിട്ടു
12 സൂര്യനെന്നിങ്ങനെ നിർണ്ണയിച്ചാർ.
13 പാഥോജലോചനന്തന്നുടെ ചാരത്തു
14 പാഞ്ഞുചെന്നെല്ലാരും ചൊന്നാരപ്പോൾ:
15 "സൂരിയനുണ്ടിങ്ങു വന്നുതുടങ്ങുന്നു.
16 സൂതനും തേരുമകന്നുചെമ്മേ.
17 ആദരിച്ചീടണം പാരാതെ ചെന്നു നീ
18 വേദത്തിൻകാതലാം ദേവൻതന്നെ."
19 എന്നതു കേട്ടൊരു പങ്കജലോചനൻ
20 എന്തെന്നു ചിന്തിച്ചു നോക്കിച്ചൊന്നാൻ:

21 "മിത്രനല്ലേതുമേ രത്നത്തെപ്പൂണ്ടുള്ള
22 സത്രാജിത്തല്ലൊയീ വന്നതിപ്പോൾ."
23 എന്നതു കേട്ടുള്ള യാദവന്മാരെല്ലാം
24 നിന്നങ്ങു മേവിനാർ നോക്കി നോക്കി
25 സത്രാജിത്തങ്ങു പോയ് തന്നുടെ ഗേഹത്തിൽ
26 സത്വരം ചെന്നങ്ങു പുക്കു പിന്നെ
27 ഈശ്വരപൂജയെച്ചെയ്തങ്ങു പോരുന്ന
28 വേശ്മത്തിലാക്കിനാനമ്മണിയും.
29 സ്വർണ്ണങ്ങൾകൊണ്ടു നിറഞ്ഞുതുടങ്ങീത
30 പ്പുണ്യവാൻതന്നുടെ ഗേഹമപ്പോൾ.

31 അന്നൊരുനാളിലന്നന്ദജന്മെല്ലവേ
32 ചെന്നങ്ങു നിന്നവന്മന്ദിരത്തിൽ
33 യാദവരാജനു വേണമെന്നിങ്ങനെ
34 യാചിച്ചുനിന്നാനന്നന്മണിയേ.
35 ലുബ്ധനായുള്ളൊരു മന്നവനന്നേരം
36 ഉദ്ധതനായിക്കൊടാഞ്ഞമൂലം
37 മെല്ലവേ തന്നുടെ മന്ദിരം പൂകിനാൻ
38 അല്ലിത്താർമാനിനീകാന്തനപ്പോൾ.
39 വാഞ്ഛിതമായതു കൈവന്നുകൂടാതെ
40 വാരിജലോചനൻ പോയനേരം

41 എന്തിതുകൊണ്ടിനി വന്നതെന്നിങ്ങനെ
42 ചിന്ത തുടങ്ങീതു മന്നവനും.
43 ഒട്ടുനാളിങ്ങനെ തിട്ടതി കൂടാതെ
44 ഇഷ്ടമായ് നിന്നു കഴിഞ്ഞകാലം
45 മന്നവന്തന്നുടെ സോദരനമ്മണി
46 തന്നുടെ കണ്ഠത്തിൽ ചേർത്തു ചെമ്മേ
47 ആയാസം കൈവിട്ടു പേയായിപ്പോകാതെ
48 നായാടവേണം ഞാനെന്നു നണ്ണി
49 വാജിമേലേറി നടന്നുതുടങ്ങിനാൻ
50 വാരുറ്റു നിന്നൊരു കാനനത്തിൽ.

51 വീരനായുള്ളൊരു കേസരി വന്നപ്പോൾ
52 പാരാതെ കൊന്നവൻതന്നെ വീഴ്ത്തി
53 വാജിയും കൊന്നുടനമ്മണിതന്നെയും
54 വാരിക്കൊണ്ടങ്ങു നടന്നനേരം
55 ജാംബവാൻ കണ്ടു നൽ കേസരിതന്നെയും
56 ചാമ്മാറു നിന്നു കതിർത്തു പിന്നെ
57 ദീധിതിപൂണ്ടൊരു നന്മണിതന്നെയും
58 ആധികളഞ്ഞു പറിച്ചുകൊണ്ട്
59 ബാലകന്നായിട്ടു ലീലകൾ കോലുവാൻ
60 ചാലെ നല്കീടിനാനാലയത്തിൽ.

61 സോദരമ്പോയവൻ വന്നുതില്ലെന്നിട്ടു
62 കാതരനായൊരു മന്നവന്താൻ
63 തന്നോടു ചേർന്നുള്ള ലോകരോടന്നേരം
64 ഖിന്നമായ് നിന്നു പറഞ്ഞാൻ മെല്ലെ:
65 "നായാട്ടു കോലുവാൻ നന്മണി പൂണ്ടങ്ങു
66 പോയൊരു സോദരൻ വന്നുതില്ലേ;
67 എന്തിതിങ്കാരണമെന്നതേ ചിന്തിച്ചൂ
68 വെന്തുവെന്തീടുന്നുതുള്ളമിപ്പോൾ
69 നന്മണികൂടാതെ പോയാകിൽ വന്നാനും
70 എന്നൊരു നിർണ്ണയമുണ്ടെനിക്കും.

71 ആദിത്യസേവയെപ്പണ്ടു ഞാൻ ചെയ്തതി
72 ന്നാപത്തിന്മൂലമായ് വന്നുകൂടി.
73 ഓങ്ങിനതെല്ലാരും കണ്ടുതായല്ലൊ പ
74 ണ്ടോശയും കേട്ടുതായിന്നു ചെമ്മേ.
75 എന്നുടെയുള്ളത്തിൽ മുന്നമേയുണ്ടതു
76 നിന്നോടു ചൊല്ലീലയെന്നേ വേണ്ടു."
77 ഖിന്നനായുള്ളൊരു മന്നവനിങ്ങനെ
78 കണ്ണനെത്തോന്നിച്ചു ചൊന്നനേരം.
79 ഇഷ്ടരായുള്ളവരെന്നതു കേട്ടപ്പോൾ
80 "കഷ്ടം!" എന്നിങ്ങനെ ചൊല്ലിപ്പിന്നെ

81 തങ്ങളിൽനിന്നു പറഞ്ഞുതുടങ്ങിനാർ:
82 "ഇങ്ങനെയുള്ളതിന്നെന്തു ചൊൽവൂ?
83 നാമിപ്പറഞ്ഞതു പൊങ്ങുകിലെങ്ങാനും
84 നമ്മുടെ ജീവനും പോക്കുണ്ടാമേ.
85 എന്നതു ചിന്തിച്ചുകൊള്ളുവിനെല്ലാരും"
86 എന്നങ്ങു ചൊന്നവർ നിന്നനേരം
87 തന്നുടെ ബന്ധുവായ് നിന്നങ്ങു പോന്നവൻ
88 തന്നോടു ചൊല്ലിനാനങ്ങൊരുത്തൻ
89 തന്നുടെ തന്നുടെ ബന്ധുവായുള്ളവർ
90 തങ്ങളിൽ തങ്ങളിൽ ചൊല്ലിച്ചൊല്ലി

91 കർണ്ണങ്ങൾതോറും നടന്നുതുടങ്ങീത
92 ക്കണ്ണനെക്കൊണ്ടുള്ള വാർത്തയപ്പോൾ.
93 മാലോകരെല്ലാരും തങ്ങളിലൊന്നിച്ചു
94 ചാലപ്പറഞ്ഞുതുടങ്ങീതപ്പോൾ:
95 "വാരിജലോചനൻശീലങ്ങളോർക്കുമ്പോൾ
96 ചേരുന്നൂതല്ലയീ വാർത്തയിപ്പോൾ"
97 "വിത്തങ്ങൾ കാണുമ്പോൾ ചിത്തം മയങ്ങാതെ
98 ഉത്തമരായുള്ളോരാരിപ്പാരിൽ?
99 ബന്ധുരമായൊരു രത്നമിതെന്നതു
100 ചിന്തിച്ചു കാണ്ക നീ മറ്റൊന്നല്ലേ.

101 ബാലനായ്പണ്ടിവൻ ചാല നടന്നന്നേ
102 വേലകളെല്ലാമേ കേൾപ്പുണ്ടല്ലോ.
103 ആച്ചിമാർവീട്ടിലേ വെണ്ണ കവർന്നതി
104 പ്പൂജ്യനായ്പോരുന്ന വീരനത്രെ.
105 കട്ടതുകൊണ്ടു പിടിച്ചുകൊണ്ടമ്മതാൻ
106 കെട്ടിനാളെന്നതോ കേൾപ്പുണ്ടല്ലൊ:
107 നാരിമാർ വീഴ്ത്തുള്ള കൂറുകൾ വാരിക്കൊ
108 ണ്ടാരുമേ കാണാതെ പണ്ടുപോയി.
109 ഇത്തരം ചെയ്യുന്ന കർക്കശന്മാർക്കു ചൊ
110 ല്ലിച്ഛയുണ്ടാകാതോ രത്നങ്ങളിൽ.

111 വേലിതാൻ ചെന്നങ്ങു നെല്ലിനെത്തിന്നുന്ന
112 കാലമിതെന്നതു വന്നുകൂടി.
113 തന്നെയും തന്നെയും കാത്തുകൊണ്ടെന്നാലേ
114 നിന്നുകൊൾകെല്ലാരുമെന്നേ വേണ്ടൂ."
115 മാലോകരിങ്ങനെ ചൊന്നതു കേട്ടപ്പോൾ
116 മാലിയന്നീടിനാർ പാന്ഥന്മാരും.
117 ബാലകന്മാരോടു ചൊല്ലിനാരെല്ലാരും
118 "ചാരത്തു ചെല്ലൊല്ലാ" എന്നിങ്ങനെ.
119 കാണുന്ന നേരത്തു ബാലകന്മാരെല്ലാം
120 പായുന്നതെന്തെന്നു ചിന്തിച്ചപ്പോൾ

121 പങ്കജലോചനന്തന്നുടെയുള്ളിലും
122 ശങ്ക തുടങ്ങീതു മെല്ലെ മെല്ലെ
123 ബാലകന്മാരെ വിളിച്ചുതുടങ്ങിനാൻ
124 വാഴപ്പഴങ്ങളുമായിച്ചെമ്മേ.
125 പിന്നെയുമൊന്നുമേ ചാരത്തു ചെല്ലാതെ
126 പിൻനോക്കി മണ്ടുന്ന ബാലകന്മാർ
127 ചൊന്നതു കേട്ടു പറഞ്ഞുതുടങ്ങിനാർ
128 മന്ദിരംതന്നിലേ നിന്നോരെല്ലാം:
129 "നിന്നോടു മുന്നം ഞാൻ ചൊന്നൊരു വാർത്തകൾ
130 നിർണ്ണയമെന്നതു വന്നുതിപ്പോൾ.

131 വാഴപ്പഴങ്ങളെക്കാണുന്ന നേരത്തു
132 ബാലകർ ചാരത്തു ചെല്ലുമല്ലൊ;
133 മോതിരം തോടകൾ തോൾവളയെന്നിവ
134 മോഷണിച്ചീടിന നേരമപ്പോൾ."
135 ഇങ്ങനെയോരോരോ മന്ദിരംതന്നിലേ
136 നിന്നുള്ളോരെല്ലാരും ചൊല്ലുംനേരം
137 എന്നെക്കൊണ്ടുള്ളൊരു വാർത്തയെന്നിങ്ങനെ
138 തന്നിലേ നണ്ണിനാൻ കണ്ണനപ്പോൾ,
139 രാപ്പെരുമാറ്റം നടന്നുതുടങ്ങിനാൽ
140 വായ്പോടു കേൾക്കാമീ വാർത്തയെല്ലാം.

141 എന്നങ്ങു നണ്ണി നടന്നുതുടങ്ങിനാൻ
142 മന്ദിരംതോറുമമ്മംഗലന്താൻ.
143 അന്നൊരു മന്ദിരംതന്നുടെ ചാരത്തു
144 നന്നായിച്ചെന്നവൻ നിന്നനേരം
145 നന്മണം വന്നതിങ്ങെന്തെന്നു ചിന്തിച്ചു
146 നിന്നൊരു മന്ദിരനാഥനപ്പോൾ
147 മെല്ലവേ നോക്കിനനേരത്തു കാണായി
148 മല്ലവിലോചനന്തന്നെച്ചെമ്മേ.
149 കണ്ടൊരു നേരത്തു മന്ദിരനാഥന്താൻ
150 മണ്ടിനാൻ ചാരത്തേ മന്ദിരത്തിൽ:

151 "സൂക്ഷിച്ചുകൊള്ളേണം നിങ്ങൾ" എന്നിങ്ങനെ
152 രൂക്ഷമായുള്ളൊരു വാർത്ത ചൊന്നാൻ.
153 "പണ്ടെന്നും കാണാത കള്ളരേയുണ്ടിപ്പോൾ
154 കണ്ടുതുടങ്ങുന്നു വീടുതോറും;
155 പേർ പറഞ്ഞീടിലോ വേറൊന്നിക്കാരിയം
156 വേർ പറിഞ്ഞീടുമിന്നാവു താനേ.
157 ഇങ്ങനെയുള്ളനാളിന്നിലം കൈവിട്ടു
158 എങ്ങാനും പോക നാമെന്നേ വേണ്ടൂ."
159 തങ്ങളിലിങ്ങനെ ചൊല്ലിന വാർത്തകൾ
160 എങ്ങുമേ ചെന്നു പരന്നനേരം

161 നിശ്ചലനായുള്ളൊരച്യുതന്തന്നുടെ
162 നൽച്ചെവിതന്നിലും ചെന്നുകൂടി.
163 "സത്യത്തെപ്പാലിച്ചു പോരുന്നോരെന്നെക്കൊ
164 ണ്ടിത്തരമായിതോ ലോകവാദം?
165 ആരായവേണം ഞാൻ പാരാതെ പോയിപ്പോൾ
166 നേരറ്റു നിന്നൊരു രത്നമെന്നാൽ."
167 എന്നങ്ങു ചിന്തിച്ചു ചൊല്ലിനിന്നീടിനാൻ
168 നിന്നൊരു മാലോകരെല്ലാരോടും:
169 "നായാട്ടിനായിട്ടു നന്മണി പൂണ്ടങ്ങു
170 പോയൊരു മന്നവൻ വന്നില്ലല്ലൊ,

171 ആരാഞ്ഞു കാണേണമെന്നങ്ങു ചിന്തിച്ചു
172 പാരാതെ പോവാനായ് ഞാൻ തുനിഞ്ഞു.
173 ചങ്ങാതമായിട്ടു നിങ്ങളുമെല്ലാരും
174 മങ്ങാതെ പോരേണമെമ്പിന്നാലെ."
175 ഇങ്ങനെ ചൊന്നൊരു മംഗലന്താനപ്പോൾ
176 തിങ്ങിന ലോകരുമായിച്ചെമ്മേ.
177 കാനനംതന്നിൽ നടന്നുതുടങ്ങിനാൻ
178 കാണ്മതിന്നായിട്ടമ്മന്നവനേ.
179 കാർമുകിൽവർണ്ണനും മാലോകരെല്ലാരും
180 കാനനംതന്നിലേ തേടുംനേരം

181 പാതത്തെപ്പൂണ്ടൊരു വാജിയെക്കാണായി
182 ചേതനയോടു പിരിഞ്ഞു ചെമ്മെ;
183 മന്നവന്തന്നെയും വാജിതൻ ചാരത്തു
184 ഭിന്നമായ് വീണതുമവ്വണ്ണമേ.
185 ആരിവന്തന്നുടെ കാലനെന്നെല്ലാരും
186 ആരാഞ്ഞുനിന്നൊരു നേരത്തപ്പോൾ
187 കേസരിവീരൻപദങ്ങളെക്കാണായി
188 ധൂസരമായൊരു ഭൂതലത്തിൽ
189 കേസരി കൊന്നതെന്നിങ്ങനെ ചിന്തിച്ചു
190 കേസരിതൻ വഴി നോക്കി നോക്കി

191 നീളെ നടന്നുതുടങ്ങിനോരങ്ങൊരു
192 ശൈലത്തിൻ ചാരത്തു ചെല്ലുംനേരം
193 വീരനായുള്ളൊരു കേസരിതന്നെയും
194 വീണുകിടന്നതു കാണായപ്പോൾ
195 കേസരിവീരനെക്കൊല്ലുവാനാവൊരു
196 വീരനിന്നാരുപോലെന്നിങ്ങനെ
197 ചിന്തിച്ചു പിന്നെയും നോക്കുന്നനേരത്തു
198 ചന്തത്തിൽക്കാണായി കാനനത്തിൽ
199 ആണ്മ തിരണ്ടൊരു ജാംബവാന്തന്നുടെ
200 മേന്മ കലർന്നുള്ള കാൽച്ചുവടും

201 കണ്ടൊരുനേരത്തു ചൊല്ലിനാങ്കല്യനാ
202 കൊണ്ടൽനേർവർണ്ണനെല്ലാവരോടും:
203 "കേസരിവീരനെക്കൊന്നുടന്മെല്ലവേ
204 കേവലം പോയൊരു വാനരത്താൻ
205 കൂരിരുട്ടേലുമിപ്പാതാളംതന്നിലേ
206 കൂശാതെ പൂകിനാനെന്നുവന്നു.
207 വാതില്ക്കലാമ്മാറു നില്പിനിന്നെല്ലാരും
208 പാതിച്ചവണ്ണം ഞാൻ ചെന്നുകൊൾവൻ."
209 എന്നങ്ങു ചൊല്ലിന പങ്കജലോചനൻ
210 കന്ദരംതന്നുള്ളിൽ ചെല്ലുംനേരം

211 ബാലകന്തന്നുടെ ചാരത്തു കാണായി
212 ചാല വിളങ്ങിന നന്മണിയും.
213 കണ്ടൊരു നേരത്തു കൈയിലങ്ങാക്കുവാൻ
214 കൊണ്ടൽനേർവർണ്ണനണഞ്ഞനേരം
215 ധാത്രിയായുള്ളൊരു പാഴിതാനെന്നപ്പൊ
216 ളാർത്തയായ് നിന്നു കരഞ്ഞാൾ തിണ്ണം
217 "ചോരനായുള്ളൊരു മാനുഷൻ വന്നിട്ടു
218 ശോഭ കൊടുക്കുന്നോൻ" എന്നിങ്ങനെ.
219 എന്നതു കേട്ടൊരു ജാംബവാനന്നേരം
220 മന്ദമെഴുന്നേറ്റു പോന്നുവന്നാൻ.

221 വീർത്തു വീർത്തങ്ങനെ ചൊല്ലിനിന്നീടിനാൻ
222 ചീർത്തു ചീർത്തീടുന്ന കോപത്താലേ:
223 "മാനുഷരാരുമേ പോരുവീലെന്നുടെ
224 മന്ദിരംതന്നിൽ പണ്ടന്നുമിന്നും.
225 പേടിയുംകൂടാതെ പോരുവാനെന്തു നീ
226 താഡനം കൊള്ളുവാനിച്ഛയുണ്ടോ?"
227 എന്നതു കേട്ടൊരു കണ്ണനും ചൊല്ലിനാൻ
228 നിന്നൊരു ജാംബവാന്തന്നെ നോക്കി:
229 "മാനുഷൻ പോരുവീലെന്നതോ കൈതവം
230 മാനുഷനായ ഞാൻ വന്നേനല്ലൊ.

231 താഡനംകൊണ്ടു നിന്നിമ്മണിതന്നെയും
232 താരാതെ കൊള്ളുവാനിച്ഛയുണ്ട്."
233 എന്നതു കേട്ടൊരു ജാംബവാൻ ചൊല്ലിനാൻ:
234 "എങ്കിലോ നീയെങ്ങൾനാഥല്ലോ;
235 നിന്നുടെ ദാസന്മാരായതു ഞങ്ങളു
236 മെന്നതുമിന്നിപ്പോൾ വന്നുകൂടും."
237 ഇങ്ങനെ ചൊന്നു തൻ ചാരത്തു നിന്നൊരു
238 വന്മരംതന്നെപ്പറിച്ചു ചെമ്മേ
239 ക്രുദ്ധനായ് നിന്നങ്ങു യുദ്ധം തുടങ്ങിനാൻ
240 വൃദ്ധനായ് നിന്നൊരു ജാംബവാന്താൻ

241 ദാരു ഞെരിഞ്ഞു നുറുങ്ങിന നേരത്തു
242 പാരമണഞ്ഞു പിണങ്ങിപ്പിന്നെ
243 രുഷ്ടനായ് നിന്നങ്ങു യുദ്ധം തുടങ്ങിനാൻ
244 മുഷ്ടികൾകൊണ്ടുമങ്ങായവണ്ണം.
245 ജാംബവാന്തന്നുടെ മുഷ്ടികളൊന്നൊന്നേ
246 മേന്മേലേ മേനിയിലേല്ക്കുംനേരം
247 ഇന്ദിരതന്നുടെ ചെമ്പൊല്ക്കരംകൊണ്ടു
248 മന്ദം തലോടുന്നോളെന്നു തോന്നി.
249 കാർവർണ്ണന്തന്നുടെ കൈത്തലം മേന്മേലേ
250 വാനരവീരങ്കലേല്ക്കുന്നേരം

251 മേനിയിലേറിന നോവു തുടങ്ങീതു
252 മാനസംതന്നുള്ളിലാനന്ദവും.
253 മുപ്പതു നാളങ്ങു മിക്കതുമുണ്ടായി
254 കെൽപ്പു കലർന്നുള്ള മുഷ്ടിയുദ്ധം.
255 ആരിവനെന്നുള്ള ചിന്ത തുടങ്ങീതു
256 വാനരവീരെന്നു പാരമിപ്പോൾ.
257 "രാവണവൈരിയായ് നിന്നു വിളങ്ങിന
258 രാമന്നു ബന്ധുവായ് നിന്നേനല്ലൊ;
259 രൂക്ഷങ്ങളായുള്ള മുഷ്ടികളേറ്റല്ലൊ;
260 രാക്ഷസരന്നു മടങ്ങി ഞായം;

261 മാനുഷന്തന്നോടു നേരിട്ടു നിന്നിട്ടു
262 ദീനനായ് വന്നതു ഞാനെന്തിപ്പോൾ?"
263 ഇങ്ങനെ തന്നിലേ ചിന്തിച്ചു ചിന്തിച്ചു
264 പൊങ്ങിന കോപത്തെപ്പൂണുംനേരം
265 മല്ലരേ വെല്ലുന്ന വീരന്താന്മെല്ലവേ
266 തള്ളിവിട്ടീടിനാൻ ഭൂതലത്തിൽ.
267 പാപങ്ങൾ പോക്കുന്ന പാദങ്ങൾകൊണ്ടങ്ങു
268 പാരം ചവിട്ടിനാൻ മെയ്യിൽപ്പിന്നെ.
269 കോമളമായുള്ള പാദങ്ങളേല്ക്കുമ്പോൾ
270 കോൾമയിർക്കൊണ്ടിതവന്നു മെയ്യിൽ

271 വായ്പോടു നിന്നൊരു കാർവർണ്ണന്തന്നുടെ
272 കാല്പൊടി മേനിയിലേറ്റനേരം
273 നിർമ്മലമായൊരു മാനസംതന്നുള്ളിൽ
274 ഉണ്മയായുള്ളതു കാണായപ്പോൾ.
275 കണ്ണനെന്നിങ്ങനെ നണ്ണിന നേരത്തു
276 തിണ്ണമപ്പാദങ്ങൾ പൂണ്ടു പിന്നെ
277 കണ്ണുനീരോലോലെച്ചൊല്ലി നിന്നീടിനാൻ
278 കണ്ണനെക്കണ്ടുള്ള സന്തോഷത്താൽ:
279 "നിന്നുടെ ദാസനായിങ്ങനെ നിന്നുള്ളൊ
280 രെന്നെച്ചതിച്ചിതോ തമ്പുരാനേ!

281 വേദത്തിൻ നല്പൊരുളാകിയ നിന്മെയ്യിൽ
282 പാദങ്ങളേല്പിച്ചേനല്ലൊ ചെമ്മേ.
283 കഷ്ടനായുള്ളൊരു പാഴ്കുരങ്ങല്ലൊ ഞാൻ
284 ധൃഷ്ടനായ് നിന്നു നിന്മുന്നലപ്പോൾ
285 തുഷ്ടനായ്മേവേണമെന്നു ചൊല്ലുമ്പോൾ
286 ഒട്ടേറിപ്പോമല്ലൊ തമ്പുരാനേ!
287 രാമനായ്പണ്ടു നീ ചെയ്തുള്ള വേലകൾ
288 മാമകമായുള്ള മാനസത്തിൽ
289 തോന്നിത്തുടങ്ങീതു വാരിധിതീരത്തു
290 ചെന്നു നാം ചേർന്നങ്ങു നിന്നതെല്ലാം.

291 കണ്ണിണ കിഞ്ചിൽ ചുവന്നതു കണ്ടല്ലൊ
292 തിണ്ണം മെരിണ്ടുപണ്ടംബുധിതാൻ
293 സേതുവേ നിർമ്മിച്ചു വാനരയൂഥങ്ങൾ
294 മീതേ കടന്നങ്ങു ചെന്നനേരം
295 വീരനായുള്ളൊരു രാവണന്തന്നെയും
296 നേരിട്ടു നിന്നു നീ വെന്നായല്ലൊ.
297 ഏറിന മോദത്തെപ്പൂണ്ടുനിന്നന്നേരം
298 ഭേരിയെത്താഡിച്ചതിഞ്ഞാനല്ലൊ.
299 അന്നു പുലമ്പിനോരമ്പുതാനെന്നെത്തൊ
300 ട്ടിന്നു പുലമ്പേണം തമ്പുരാനേ!"

301 ഇങ്ങനെ ചൊന്നു തൻ പുത്രിയായുള്ളോരു
302 കന്യകതന്നെയും നന്മണിയും
303 നാഥനായുള്ളൊരു നാരായണന്നായി
304 നല്കി നിന്നീടിനാൻ നല്ല വീരൻ.
305 ധന്യമായുള്ളൊരു രത്നത്തെത്തന്നെയും
306 കന്യകയാകിന തത്നത്തെയും
307 വാങ്ങിനിന്നീടിന വാരിജലോചനൻ
308 ഓങ്ങിനാൻ പോവതിനായിച്ചെമ്മേ.
309 കണ്ണൻറെ പിന്നാലെ പോയുള്ളോരെല്ലാരും
310 കന്ദരവാതില്ക്കലഞ്ചാറുനാൾ

311 നിന്നിട്ടുമെങ്ങുമേ കണ്ണനെക്കാണാഞ്ഞു
312 ഖിന്നരായെല്ലാരും പിന്നെപ്പോയി
313 ദ്വാരകവാസികളായവരോടെല്ലാം
314 വാരിജലോചനൻവാർത്ത ചൊന്നാർ.
315 ദേവകി മുമ്പായ ദേവിമാരെന്നപ്പോൾ
316 വേദനവാരിധിതന്നിൽ വീണാർ.
317 ആനകദുന്ദുഭിതാനുമന്നേരം ത
318 ന്നാനനം താഴ്ത്തിനാൻ ദീനനായി.
319 എന്തിനി നല്ലുതെന്നിങ്ങനെ തങ്ങളിൽ
320 ചിന്തിച്ചുനിന്നുള്ള ലോകരെല്ലാം

321 ദുർഗ്ഗയെപ്പൂജിച്ചു മേവുകിൽ നമ്മുടെ
322 ദുഃഖങ്ങൾപോമിപ്പോഴെന്നു നണ്ണി
323 ദൂർഗ്ഗയെപ്പൂജിച്ചു സേവതുടങ്ങിനാർ
324 ദുഃഖങ്ങൾ പോവതിന്നായിച്ചെമ്മേ.
325 പൂജയെപ്പൂരിച്ചു ഭൂദേവന്മാരെല്ലാം
326 ഭോജനം പെണ്ണിത്തെളിഞ്ഞു പിന്നെ
327 ദക്ഷിണ വാങ്ങിനിന്നാശിയും ചൊല്ലിനാർ
328 അക്ഷണം കാണായി കണ്ണന്തന്നെ
329 ഇന്ദിരനേരൊത്ത സുന്ദരിതാനുമായ്
330 മന്ദിരംതന്നിലേ വന്നതപ്പോൾ.

331 കണ്ടൊരു നേരത്തു യാദവന്മാർക്കെല്ലാം
332 ഉണ്ടായ സന്തോഷം ചൊല്ലവല്ലേൻ.
333 സത്വരം തേടി വിളിപ്പിച്ചു കൊണ്ടന്നു
334 സത്രാജിത്താകുന്ന മന്നവനേ
335 നാനാജനങ്ങളും വന്നുനിന്നീടുന്ന
336 രാജാവിന്മുന്നലും ചെന്നു പിന്നെ
337 രത്നത്തെത്തേടുവാൻ പോയന്നുതൊട്ടുള്ള
338 വൃത്താന്തമെല്ലാമേ മെല്ലെ മെല്ലെ
339 മാലോകർ കേൾക്കവേ ചൊല്ലിനിന്നീടിനാൻ
340 മൂലോകനായകനായ ദേവൻ.

341 ഉണ്മയായുള്ളതു കേട്ടൊരു നേരത്തു
342 സന്മതരായുള്ള ലോകരെല്ലാം
343 സത്രാജിത്താകുന്ന മന്നവന്തന്നുടെ
344 വക്ത്രത്തിലാമ്മാറു നോക്കിനിന്നാർ.
345 നാണവുംപൂണ്ടു വിഷണ്ണനായ് നിന്നവ
346 ന്നാനനം താണുതുടങ്ങീതപ്പോൾ.
347 ചാരത്തു ചെന്നങ്ങു നിന്നുടനന്നേരം
348 ചാരുവായ് നിന്നുള്ള രത്നത്തെയും
349 സത്രാജിത്തിന്നായി നല്കിനിന്നീടിനാൻ
350 സത്യത്തെപ്പാലിച്ചുപോരും വീരൻ.

351 മാധവൻ നല്കിന നന്മണിതന്നെയും
352 മാനിച്ചു വാങ്ങിന മന്നവന്താൻ
353 ചാരത്തു നിന്നുള്ളോരാരെയും നോക്കാതെ
354 ചാലെപ്പോയ് പൂകിനാനാലയത്തിൽ.
355 പൊന്നുമിണ്ണീടുന്നതന്നന്നേ കൊണ്ടുകൊ
356 ണ്ടുന്നതനായി വസിക്കുംകാലം
357 മല്ലാരിതന്നെക്കൊണ്ടില്ലാതതെല്ലൊം ഞാൻ
358 ചൊല്ലി നടന്നുതങ്ങെല്ലാരോടും
359 എന്നതിന്നെന്തിനി വന്നുതെന്നിങ്ങനെ
360 ചിന്ത തുടങ്ങീതവന്നു പിന്നെ

361 എമ്പിഴ പോക്കുവാനെന്തിനി നല്ലാതെ
362 ന്നമ്പോടു ചിന്തിച്ചു ചിന്തിച്ചുടൻ
363 ധന്യയായുള്ളൊരു കന്യകതന്നെയും
364 ധന്യമായ്നിന്നുള്ള രത്നത്തെയും
365 കാർവർണ്ണനായിട്ടു നല്കിനിന്നീടിനാൻ
366 കാതരനായുള്ള മന്നവന്താൻ.
367 കന്യകതന്നെയും വാങ്ങിന കാർവർണ്ണൻ
368 മന്നവന്തന്നോടു പിന്നെച്ചൊന്നാൻ:
369 "നമ്മിലിന്നേതുമേ ഭേദമില്ലെന്നതോ
370 സമ്മതമായല്ലൊ മന്നിലെങ്ങും;

371 നിന്നുടെ മന്ദിരംതന്നിലേതെല്ലാമി
372 ന്നെന്നുടെ മന്ദിരംതന്നിലത്രെ;
373 തത്നത്തെക്കൊണ്ടുപോയ് മുന്നമെപ്പോലെ നീ
374 രക്ഷിച്ചുകൊള്ളുകയെന്നേ വേണ്ടൂ."
375 അംബുജലോചനനിങ്ങനെ ചൊല്കയാൽ
376 അമ്മണി കൊണ്ടുപോയ് മന്ദിരത്തിൽ
377 വച്ചങ്ങു പൂജിച്ചു സ്വസ്ഥനയ് നിന്നു താൻ
378 ഇച്ഛയിൽ മേവിനാൻ മന്നവന്താൻ.
379 കാർമുകിൽവർണ്ണന്തങ്കാമിനിമാരുമായ്
380 കാമവിനോദത്തിൽ വന്നിറങ്ങി

381 ചാല നിറന്നുള്ള ലീലകളാണ്ടു ത
382 ന്നാലയംതന്നിലേ മേവുംകാലം
383 പാണ്ഡവരെല്ലാരും വെന്തുപോയെന്നൊരു
384 പാഴ്മൊഴി കേട്ടിട്ടു രാമനുമായ്
385 വേഗമിയന്നൊരു തേരിലങ്ങായിട്ടു
386 നാഗപുരത്തിന്നു പോയശേഷം
387 ദുശ്ശമനായുള്ളൊരശ്ശതധന്വാവു
388 കശ്മലരായവർചൊല്ലിനാലേ
389 സത്രാജിത്താകുന്ന മന്നവന്തന്നെപ്പോയ്
390 നിദ്രയെക്കോലുമ്പോൾ കൊന്നു പിന്നെ

391 രത്നവുംകൊണ്ടു മടങ്ങിനാനന്നേരം
392 പുത്രിയായുള്ളൊരു സത്യഭാമ
393 കേശവമ്പോയോരു ദേശത്തു ചെന്നിട്ടു
394 കേണുകൊണ്ടെല്ലാമേ ചൊല്ലി നിന്നാൾ
395 പാരാതെ പോന്നിങ്ങു കേശവരാമന്മാർ
396 ആരാഞ്ഞുനിന്നാരപ്പാപിതന്നെ.
397 കൊല്ലുവാനുണ്ടെന്നെപ്പിന്നാലെ വന്നൂതെ
398 ന്നുള്ളിലറിഞ്ഞവനമ്മണിയും
399 ഗാന്ദിനീനന്ദനൻ കൈയിലേ നല്കീട്ടു
400 മാന്ദ്യമകന്നൊരു വാജിമേലേ

401 പാഞ്ഞുതുടങ്ങിനാൻ, കണ്ണനും രാമനും
402 പാഞ്ഞുതുടങ്ങിനാർ തേരിലേറി.
403 പായുന്ന നേരത്തു കാൽ തളർന്നീടിന
404 വാജിതാൻ വീണു ഞെരിഞ്ഞനേരം
405 ഭൂതലംതന്നിലേ പാഞ്ഞു തുടങ്ങിനാൻ;
406 ഭൂധരന്താനുമങ്ങവ്വണ്ണമേ
407 ഓടിയണഞ്ഞവന്തന്നുടൽ പീഡിച്ചു
408 കേടുവരുത്തിന കേശവന്താൻ
409 രത്നത്തെക്കാണാഞ്ഞു തെറ്റെന്നു പോന്നു വ
410 ന്നഗ്രജന്തന്നോടു ചൊന്നാമ്പിന്നെ:

411 "ദുഷ്ടനെക്കൊന്നിട്ടു രത്നമോ കണ്ടില്ല
412 പൊട്ടനായ്പോയേൻ ഞാൻ" എന്നിങ്ങനെ.
413 അഗ്രജന്താനതു കേട്ടൊരു നേരത്തു
414 വ്യഗ്രനായ് ചിന്തിച്ചുനിന്നു ചൊന്നാൻ:
415 "നിശ്ചലനായൊരു ബന്ധുവിൻകൈയിലേ
416 നിക്ഷേപിച്ചീടിനാനെന്നു വന്നു;
417 ആരിലെന്നുള്ളതു പാരാതെ ചെന്നുനി
418 ന്നാരാഞ്ഞു കാണ്ക നീ" എന്നു ചൊല്ലി
419 മൈഥിലനായോരു മന്നവന്തന്നുടെ
420 മന്ദിരം പൂകിനാൻ താനന്നേരം

421 വാരിജലോചനൻതാനുമന്നേരത്തു
422 പാരാതെ വന്നിങ്ങു മന്ദിരത്തിൽ
423 പ്രേതനായുള്ളൊരു മന്നവന്തന്നുടെ
424 നൂതനമായുള്ള കർമ്മങ്ങളേ
425 ചെയ്യിച്ചാൻ തന്നുടെ തയ്യലായുള്ളൊരു
426 മയ്യേലും കണ്ണിയെക്കൊണ്ടെല്ലാമേ
427 അക്രൂരൻ പേടിച്ചദ്ദിക്കിനെക്കൈവിട്ടി
428 ട്ടക്കാലം പൊയ്ക്കൊണ്ടാനങ്ങെങ്ങാനും;
429 ഇഷ്ടികളോരോന്നേ ചെയ്തുതുടങ്ങിനാൻ
430 ഒട്ടുനാളങ്ങനെ ചെന്നുതായി.

431 രത്നത്തെക്കാണാഞ്ഞിട്ടത്തൽതുടങ്ങീതു
432 മറ്റുള്ളോർക്കെല്ലാർക്കുമെന്നനേരം
433 കൊണ്ടൽനേർവർണ്ണന്താൻ ഗാന്ദിനീസൂനുവെ
434 ത്തെണ്ടി വിളിപ്പിച്ചു കൊണ്ടുവന്നാൻ.
435 അഗ്രജന്മുമ്പായ യാദവന്മാരുമ
436 ങ്ങക്ഷണം വന്നുവെന്നൊത്തുകൂടി.
437 അക്രൂരന്തന്നോടു ചൊല്ലിനാനന്നേര
438 ത്തച്യുതനെല്ലാരും കേൾക്കുംവണ്ണം:
439 "ഉത്തമമായുള്ള രത്നത്തെക്കാണാഞ്ഞി
440 ട്ടത്തലുണ്ടുള്ളത്തിലെങ്ങൾക്കെന്നാൽ

441 നിങ്കൈയിലീടിന രത്നത്തെക്കാട്ടീട്ടു
442 ശങ്കയെപ്പോക്കേണമെങ്ങൾക്കിപ്പോൾ."
443 ശങ്കയെക്കൈവിട്ടു ഗാന്ദിനീനന്ദനൻ
444 പങ്കജലോചനന്മുമ്പിലപ്പോൾ
445 നന്മണി കാട്ടിനിന്നുണ്മയെച്ചൊല്ലിനാൻ
446 സന്മതരായുള്ളോരെന്നു ഞായം.
447 ഉൽകൃഷ്ടമായുള്ള രത്നത്തെക്കണ്ടിട്ടും
448 അക്രൂരന്തന്നുടെ ചൊല്ലു കേട്ടും
449 മൂർദ്ധാവുതന്നെക്കുലുക്കിനിന്നീടിനാർ
450 ആസ്ഥാനം തന്നിലേ ലോകരെല്ലാം.

451 ഗാന്ദിനീനന്ദനന്തന്നോടു പിന്നെയും
452 കാന്തവിലോചനൻ ചൊല്ലി നിന്നാൻ:
453 "രത്നവും കണ്ടുതായുണ്മയും കേട്ടുതായ്
454 അത്തലും തീർന്നുതായെങ്ങൾക്കിപ്പോൾ.
455 മംഗലമായുള്ള രത്നത്തെ നീതന്നെ
456 സംഗ്രഹിച്ചീടുകയെന്നേ വേണ്ടു.
457 വേണുന്ന നേരത്തു വേഴ്ചയിൽ വന്നിട്ടു
458 വേണ്ടിച്ചുകൊൾകയ്കമാമല്ലൊതാൻ."
459 തോയജലോചനനിങ്ങനെ ചൊന്നപ്പോൾ
460 തോയുന്ന തോഷത്തെപ്പൂണ്ടവന്താൻ

461 സുന്ദരമായുള്ള രത്നവുമായിത്തൻ
462 മന്ദിരം പൂകിനാൻ മന്ദമന്ദം.
463 ഗാന്ദിനീനന്ദനമ്പോയൊരുനേരത്തു
464 നാന്ദകധാരിതാൻ ദ്വാരകയിൽ
465 വൃഷ്ണികളോടു കലർന്നുടനോരോരോ
466 വൃത്തികളാണ്ടു തെളിഞ്ഞുനിന്നാൻ.