Jump to content

കൃഷ്ണഗാഥ/രണ്ടാം ഭാഗം/അക്രൂരദൂത്യം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കൃഷ്ണഗാഥ
രണ്ടാം ഭാഗം

കൃഷ്ണഗാഥ
ഒന്നാം ഭാഗത്തിലേക്ക്


1 സേവകന്മാരുടെ വേദന പോക്കുന്ന
2 ദേവകീനന്ദനനന്നൊരുനാൾ
3 സൈരന്ധ്രിതന്നുള്ളിൽ മാരമാൽ പൂണ്ടുള്ള
4 വൈരസ്യം പോക്കേണമെന്നു നണ്ണി
5 ഉത്തമനായുള്ളൊരുദ്ധവർതാനുമായ്
6 മുഗ്ദ്ധവിലോചനാമന്ദിരത്തിൽ
7 ചെന്നുതുടങ്ങിനാർ ചെന്താരിൽമാനിനി
8 ചെവ്വോടെ കാമിച്ച കാന്തിയുമായ്.
9 കാമിച്ചുനിന്നൊരു കാമിനിതാനപ്പോൾ
10 കാവർണ്ണൻ ചെന്നതു കണ്ടനേരം

11 സന്തോഷം കൊണ്ടു തന്മെയ് മറന്നീടിനാൾ
12 ചിന്തിച്ചുതേശുമ്പൊഴെന്നു ഞായം
13 മാനിനിതന്നുടെ സൂനൃതവാക്കിനാൽ
14 മാനിതനായൊരു മാധവന്താൻ
15 ദന്തംകൊണ്ടുള്ളൊരു കട്ടിൽ കരേറിനാൻ
16 ചന്തത്തിലാമ്മാറു ചെന്നു പിന്നെ
17 വാരുറ്റുനിന്നൊരു മാരൻറെ ചൊല്ലാലെ
18 ചാരത്തു ചെന്നുടന്മെല്ലെ മെല്ലെ
19 ഔചിത്യമാണ്ടുള്ള ലീലകൾകൊണ്ടു തൻ
20 വൈചിത്ര്യം കാട്ടിന കാമിനിതാൻ

21 ആനന്ദമൂർത്തിയായ് നിന്നൊരു കണ്ണനെ
22 മാനിച്ചു പുല്കിനിന്നായവണ്ണം
23 ഉള്ളിലെഴുന്നുനിന്നാശയായുള്ളൊരു
24 വല്ലിയെക്കായ്പിച്ചാൾ വായ്പൊടപ്പോൾ.
25 കാമിനിതന്നുടെ കാമമാൽ പോക്കിന
26 കാർവർണ്ണന്താനിങ്ങു പോന്നു പിന്നെ.
27 ചൊല്ക്കൊണ്ടു നിന്നുള്ളൊരക്രൂരമന്ദിരം
28 പുക്കു വിരുന്നൂണുമുണ്ടു പിന്നെ
29 പാർത്ഥന്മാർക്കീടിന വാർത്തയെക്കേൾപ്പാനായ്
30 യാത്രയാക്കീടിനാനന്നവനേ

31 വേഗത്തിൽ പോയങ്ങു ഗാന്ദിനീനന്ദനൻ
32 നാഗപുരംതന്നിൽചെന്നു പിന്നെ
33 കാണേണ്ടുന്നോരെയും കണ്ടുടന്മെല്ലവേ
34 താനേ പോയങ്ങനെ നിന്നനേരം
35 പാണ്ഡവമാതാവായുള്ളോരു കുന്തിതാൻ
36 കേണവൻ ചാരത്തു ചെന്നു ചൊന്നാൾ :
37 "സിംഹങ്ങൾതന്നുടെ ചാരത്തുപോരുന്നോ
38 രേണങ്ങൾ പോലെയെമ്പൈതങ്ങളോ
39 രാപ്പകൽ നിന്നങ്ങുഴയ്ക്കുന്നതോർക്കുമ്പോൾ
40 ബാഷ്പമുണ്ടായ് വരുമേവർക്കുമേ.

41 വള്ളികൾകൊണ്ടു പിടിച്ചങ്ങു ബന്ധിച്ചു
42 തള്ളിവിട്ടീടിനാർ ഗംഗതന്നിൽ
43 ഘോരമായുള്ള വിഷത്തെയും നല്കിനാർ
44 പോരു തുടങ്ങിന സോദരന്മാർ.
45 എങ്ങനെ നിന്നു പുലർന്നങ്ങുകൊൾവു ഞാ
46 നിങ്ങനെപോരുള്ള ലോകർമുമ്പിൽ ?"
47 കുന്തിതാനിങ്ങനെ ചൊന്നുള്ള വാർത്തകൾ
48 ഒന്നൊന്നേ തന്നുള്ളിലാക്കിപ്പിന്നെ
49 വൈകാതെ പോന്നിങ്ങു വന്നവനെല്ലാമേ
50 വൈകുണ്ഠന്തന്നോടു ചൊന്നാൻ ചെമ്മേ.