Jump to content

കൃഷ്ണഗാഥ/രണ്ടാം ഭാഗം/തീർത്ഥയാത്ര

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കൃഷ്ണഗാഥ
രണ്ടാം ഭാഗം

കൃഷ്ണഗാഥ
ഒന്നാം ഭാഗത്തിലേക്ക്


1 സീരിയും താനുമായ് വാരിജലോചനൻ
2 ദ്വാരകതന്നിലിരുന്ന കാലം
3 സൂര്യോപരാഗമുണ്ടെന്നൊരു വാർത്തതാൻ
4 പാരിടമെങ്ങുമേ പൊങ്ങിനിന്നു
5 മാലോകരെന്നപ്പോൾ മാമുനിമാരുമായ്
6 മാപാപം പോക്കുവാൻ മാഴ്കാതെ പോയ്
7 ഭാർഗ്ഗവൻ നിർമ്മിച്ച തീർത്ഥത്തിൽ പൂകിനാർ
8 മാർഗ്ഗമായെല്ലാരും യോഗ്യരായി.
9 വൃഷ്ണികളെല്ലാരുമൊക്കവേ പോയങ്ങു
10 കൃഷ്ണനെ മുന്നിട്ടു ചെന്നു പുക്കാർ.

11 പാണ്ഡവന്മാരുമക്കൗരവന്മാരും തൻ
12 മാണ്ഡലികന്മാരുമായിച്ചെന്നാർ.
13 ഗോകുലവാസികളായിനിന്നീടുന്ന
14 ഗോപന്മാരെല്ലാരും ഗോപിമാരും
15 ഒക്കവേ പോയങ്ങു ചെന്നു തുടങ്ങിനാർ:
16 ദുഷ്കൃതിപോക്കുവാന്മറ്റുള്ളോരും.
17 ചീർത്തുനിന്നീടുന്ന പാപങ്ങൾ പോക്കുവാൻ
18 തീർത്ഥത്തിലെല്ലാരും മുങ്ങിപ്പിന്നെ
19 ദീനരായ്വന്നുള്ളൊരാരണർക്കെല്ലാമേ
20 ദാനവും ചെയ്തുനിന്നായവണ്ണം

21 മൃഷ്ടമായുള്ളൊരു ഭോജനം നല്കിനി
22 ന്നിഷ്ടമായ് തങ്ങളുമുണ്ടു പിന്നെ
23 വൃക്ഷങ്ങൾതന്നുടെ നൽത്തണൽതന്നില
24 ങ്ങൊക്കവേ ചെന്നങ്ങിരുന്നനേരം
25 ബന്ധുക്കളായോരെച്ചന്തത്തിൽ കാണ്കയാൽ
26 സന്തുഷ്ടരായിട്ടു നിന്നാരപ്പോൾ.
27 വൃഷ്ണികളെല്ലാരും പാണ്ഡവന്മാരുമായ്
28 കൃഷ്ണനെക്കൊണ്ടു പറഞ്ഞുനിന്നാർ.
29 നന്ദന്തുടങ്ങിന വല്ലവന്മാരെല്ലാം
30 നന്നായി നിന്നു ഭുജിച്ചു പിന്നെ

31 വൃഷ്ണികളോടു കലർന്നുനിന്നീടുന്ന
32 കൃഷ്ണനേ വന്നതു കേട്ടനേരം
33 പെട്ടെന്നു പോയവൻചാരത്തുചെന്നിട്ടു
34 തുഷ്ടനായ് നിന്നൊരു നന്ദനപ്പോൾ
35 ആനന്ദദുന്ദുഭിതന്നെയും പൂണ്ടുനി
36 ന്നാനന്ദം പൂകിനാനദരവിൽ.
37 ദേവകിതന്നെയും പൂണ്ടുനിന്നങ്ങനെ
38 മേവിനിന്നോരു യശോദയപ്പോൾ
39 കണ്ണനേ വന്നതു കണ്ടൊരുനേരത്തു
40 കണ്ണുനീർ വീഴ്ത്തിയണഞ്ഞു ചെമ്മേ.

41 കോപിച്ചു പണ്ടുതാൻ കോലുമായ് ചെല്ലുമ്പോൾ
42 വേപിച്ചു മേവുന്ന മേനിതന്നെ
43 ചാലെപ്പിടിച്ചങ്ങു പൂണ്ടുനിന്നീടിനാൾ
44 ബാലനായുള്ളനാളെന്നപോലെ
45 "പാരിച്ചുനിന്നുള്ള പാഴമ ചെയ്കയാൽ
46 പാശത്തെക്കൊണ്ടു പിടിച്ചുകെട്ടി
47 തിണ്ണം വലിച്ചുമുറുക്കി ഞാൻ നില്ക്കയാൽ
48 ഉണ്ണിപ്പൂമേനിയിൽ പുണ്ണില്ലല്ലീ?"
49 എന്നങ്ങു ചൊല്ലിത്തലോടിത്തുടങ്ങിനാൾ
50 നന്ദജന്തന്നുടെ മേനിതന്നെ.

51 എന്മടിതന്നിൽ ഞാൻ നന്നായി വച്ചുകൊ
52 ണ്ടെന്മകൻവാഴ്കെന്നു ചൊല്ലുംനേരം
53 എന്മുഖം നോക്കീട്ടു പുഞ്ചിരിതൂകുന്ന
54 നന്മുഖം കാണട്ടെ"യെന്നു ചൊല്ലി
55 അമ്മുഖംതന്നെ മുകർന്നുതുടങ്ങിനാൾ
56 അമ്മയായുള്ള യശോദയപ്പോൾ.
57 നന്മധുതൂകിവന്നെന്മടിതന്നിലായ്
58 നന്മുലയുണ്ടു ചിരിക്കുംനേരം
59 തിണ്ണമെന്മാറിലണച്ചുനിന്നീടുന്നൊ
60 രുണ്ണിക്കൈ കാണട്ടെയെന്നു ചൊല്ലി

61 മെല്ലെന്നെടുത്തു പുണർന്നുനിന്നീടിനാൾ
62 പല്ലവം വെല്ലുന്ന പാണിതന്നെ.
63 എന്നുടെ ചേലയിൽ ചേറു തേച്ചീടിനോ
64 രുണ്ണിക്കാൽ കാണട്ടെയെന്നും ചൊല്ലി
65 സമ്മോദം പൂണ്ടു മുകർന്നുനിന്നീടിനാൾ
66 തന്മകന്തന്നുടെ പാദങ്ങളേ.
67 ഇങ്ങനെയോരോരോ വേലകൾ കാട്ടിനാൾ
68 പൊങ്ങിനിന്നീടുന്ന മോദത്താലേ.
69 എന്നതു കണ്ടൊരു നന്ദനുമന്നേരം
70 ചെന്നങ്ങു പൂണ്ടുനിന്നായവണ്ണം.

71 ചിത്തം തെളിഞ്ഞു പറഞ്ഞുനിന്നീടിനാൻ
72 പുത്രനെക്കണ്ടുള്ള സന്തോഷത്താൽ:
73 "നിത്യവും കണ്ട കിനാവുകളെല്ലാമേ
74 സത്യമെന്നിങ്ങനെ ചൊല്ലാമിപ്പോൾ.
75 മുന്നമെപ്പോലെ വന്നിന്നു ഞാനെന്നുടെ
76 പൊന്നരപ്പൈതലെപ്പൂണ്ടേനല്ലൊ.
77 എന്മുതുകേറിനിന്നാനകളിപ്പതി
78 നിന്നിനിയാമോ ചൊല്ലുണ്ണിക്കണ്ണാ!
79 തിങ്കളെച്ചെന്നു പിടിപ്പതിന്നായിട്ടി
80 ന്നെങ്കഴുത്തേറുക വേണ്ടാതോ ചൊൽ?

81 ഓടിവന്നെന്നുടെ നന്മടിതന്നിലായ്
82 താടി പിടിച്ചു വലിക്കേണ്ടാതോ?"
83 പ്രേമം പൊഴിഞ്ഞുനിന്നിങ്ങനെയായുള്ളൊ
84 രോമനവാർത്തകളോതിയോതി
85 പിന്നെയും പിന്നെയും പൂണ്ടുനിന്നീടിനാൻ
86 നന്ദനന്തന്നെയന്നന്ദനപ്പോൾ.
87 നൽച്ചൊല്ലുകൊണ്ടുടനച്ഛനുമമ്മയ്ക്കും
88 നൽച്ചെവി രണ്ടും കുളുർപ്പിച്ചപ്പോൾ
89 ഉൾച്ചൂടുതന്നെയും മെച്ചമേ പോക്കിനാൻ
90 ഇച്ഛയിൽനിന്നുള്ളൊരച്യുതന്താൻ.

91 ദൂരത്തു നിന്നുള്ള വല്ലവിമാരുടെ
92 ചാരത്തു ചെന്നങ്ങിരുന്നു പിന്നെ
93 കാണാഞ്ഞുനിന്നുള്ള വേദനതന്നെയും
94 പൂണാഞ്ഞുനിന്നുള്ള വേദനയും
95 ചേണാർന്നുനിന്നു പറഞ്ഞവർതന്നുടെ
96 പൂണാരം പൂണുന്ന മാറുതന്നെ
97 മാറോടു ചേർത്തുടൻ നീറുന്നതെല്ലാമേ
98 മാറുമാറാക്കിനാൻ മാനിച്ചപ്പോൾ.
99 വല്ലവിമാരുടെയല്ലലും തീർത്തുടൻ
100 മെല്ലവേ പോന്നിങ്ങു വന്നു പിന്നെ

101 പാണ്ഡവന്മാരുമായ് നീണ്ടുള്ള വാർത്തയും
102 ആണ്ടവനിങ്ങനെ നിന്നനേരം.
103 പാഞ്ചാലിയായൊരു തേഞ്ചൊല്ലാൾതന്നുടെ
104 വാഞ്ഛയെപ്പൂരിപ്പാനായിപ്പിന്നെ
105 ഉത്തമയായൊരു രുക്മിണിമുമ്പായ
106 പത്നിമാരെല്ലാരും പണ്ടു തങ്ങൾ
107 കാർവർണ്ണന്തന്നുടെ ഭാര്യമാരായതിൻ
108 കാരണം ചൊല്ലിനാരുള്ളവണ്ണം.
109 എന്നതു കേട്ടുള്ള പാഞ്ചാലിതാനുമ
110 ന്നിന്നൊരു മന്നവനാരിമാരും

111 ഉൾസ്മിതമായുള്ളൊരാനനമാണ്ടങ്ങു
112 വിസ്മയിച്ചെല്ലാരും നിന്നനേരം
113 വന്ദിതരായുള്ള മാമുനിമാരെല്ലാം
114 വന്നുതുടങ്ങിനാർ വാഞ്ഛയോടേ
115 കാരണമാനുഷനായി നിന്നീടുന്ന
116 കാർമുകിൽവർണ്ണനെക്കാണ്മതിന്നായ്
117 വന്നതു കണ്ടൊരു നന്ദജനന്നേരം
118 മന്ദിച്ചുനില്ലാതെ ചെന്നപ്പൊഴേ
119 വന്ദിച്ചുനിന്നങ്ങു വന്ദ്യന്മാരായോരേ
120 നന്ദിപ്പിച്ചീടിനാൻ നന്നായ്പിന്നെ

121 ദെ്വെതത്തെക്കൈവിട്ട വാർത്തകൾതന്നുടെ
122 വൈദഗ്ദ്ധ്യം കാട്ടിനിന്നോതിയോതി
123 മാമുനിമാരുടെ മാനസംതന്നില
124 ങ്ങാനന്ദം പൂകിച്ചാനായവണ്ണം
125 ആനന്ദം പൂണ്ടുള്ള മാമുനിമാരെല്ലാം
126 മൗനവും പൂണ്ടങ്ങു നിന്നു പിന്നെ
127 മായതന്മായത്താൽ മാനുഷനായൊരു
128 മാധവന്തന്നെയും വാഴ്ത്തിപ്പിന്നെ
129 കേവലനായവന്തങ്കഴൽ കുമ്പിട്ടു
130 പോവതിന്നായിത്തുടങ്ങുംനേരം

131 പിന്നാലെ ചെന്നുള്ളോരാനകദുന്ദുഭി
132 തന്നുടെ യാചനം കേട്ടു പിന്നെ
133 യ്ഞങ്ങൾകൊണ്ടു യജിപ്പിച്ചു നിന്നവ
134 ന്നജ്ഞത പോക്കിനാർ വാക്കുകൊണ്ടും.
135 ചൊല്ക്കൊണ്ടു നിന്നുള്ള ദക്ഷിണതന്നെയും
136 കൈകൊണ്ടു പിന്നെയമ്മാമുനിമാർ
137 സ്വസ്തിയും ചൊന്നുടൻ വിത്തവും പൂരിച്ചു
138 സ്വസ്ഥരായങ്ങു നടന്നാർ ചെമ്മേ.
139 ആസ്ഥ പൂണ്ടീടുന്ന പാർത്ഥന്മാരെല്ലാരും
140 യാത്രയും ചൊല്ലി നടന്നാർ പിന്നെ.

141 നന്ദിതനായൊരു നന്ദനും മന്ദിച്ചി
142 ട്ടിന്നിന്നു പോകുന്നൂതെന്നു ചൊല്ലി
143 നന്ദനൻചൊല്ലിനാലന്നിലംതന്നിലേ
144 നിന്നങ്ങു മേവിനാൻ നാലു മാസം
145 ആനനദദുന്ദുഭിതാനുമായങ്ങനെ
146 മാനിച്ചുനിന്നു സുഖിച്ചു പിന്നെ
147 യാദവന്മാരോടു യാത്രയും ചൊന്നുടൻ
148 യാതനായ്മേവിനാമ്പിന്നെ നന്ദൻ.
149 ബന്ധുക്കളെല്ലാരും ചന്തത്തിൽച്ചാഞ്ഞപ്പൊ
150 ളന്ധകന്മാരുമായ്മെല്ലെ മെല്ലെ

151 കാർവർണ്ണന്താനും തൻ ദ്വാരകയാകിന
152 പൂരിലും പൂകിനാൻ സീരിയുമായ്.