Jump to content

കൃഷ്ണഗാഥ/രണ്ടാം ഭാഗം/സാംബോദ്വാഹം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കൃഷ്ണഗാഥ
രണ്ടാം ഭാഗം

കൃഷ്ണഗാഥ
ഒന്നാം ഭാഗത്തിലേക്ക്


1 മാനികൾമൗലിയാം ഭൗമനായുള്ളൊരു
2 ദാനവവീരന്നു പണ്ടു പണ്ടേ
3 ചങ്ങാതിയായൊരു വാനരവീരന്താൻ
4 മങ്ങാതെനിന്നു വെറുപ്പിക്കയാൽ
5 രോഷിതനായിട്ടു കൊന്നങ്ങു വീഴ്ത്തിന
6 രോഹിണീനന്ദനനോടുംകൂടി
7 വാരിജലോചനൻ ദ്വാരകതന്നിലേ
8 വാരുറ്റു നിന്നു വസിച്ചകാലം
9 ദൃപ്തനായുള്ള സുയോധനനന്തന്നുടെ
10 പുത്രിയായുള്ളൊരു കന്യകയ്ക്ക്

11 കാന്തനേ നണ്ണി സ്വയംവരമുണ്ടായി
12 കാന്തമായുള്ളൊരു കോട്ടതന്നിൽ.
13 എന്നതു കേട്ടുള്ള മന്നവരെല്ലാരും
14 ചെന്നുതുടങ്ങിനാർ ചെവ്വിനോടെ.
15 ചാലച്ചമഞ്ഞുള്ള ചങ്ങാതിമാരുമായ്
16 ഓലക്കമാണ്ടു നടന്നു മെല്ലെ
17 മണ്ഡിതയായൊരു കന്യകതാനുമ
18 മ്മണ്ഡപംതന്നിലിരുന്ന നേരം
19 സാംബനായുള്ള കുമാരനുമെന്നതു
20 കാണ്മതിന്നായിട്ടു ചെന്നാനപ്പോൾ.

21 സാംബനെക്കണ്ടൊരു കന്യകതന്നുടെ
22 ചാമ്പി മയങ്ങിന കമുനതാൻ
23 പാരം നടന്നങ്ങു ചെന്നുതുടങ്ങീതു
24 വാരിജം കണ്ടുള്ള വണ്ടുപോലെ.
25 കന്യകതന്നുടെ കമുന ചെന്നിട്ടു
26 തന്നോടു ചൊൽകയാലെന്നപോലെ
27 സാംബൻറെ കണ്ണുമക്കന്യകതന്നിലേ
28 മേന്മേലേ ചെന്നു തുടങ്ങീതപ്പോൾ.
29 മംഗലമാരായ ചങ്ങാതിമാരെല്ലാം
30 തങ്ങളിൽ നോക്കിനാരെന്നനേരം.

31 ബാലികതന്നുടെ ലോചനമാലിക
32 ചാലേ വലിക്കയാലെന്നപോലെ
33 പഗരമണഞ്ഞവൾതന്നെയും തന്നുടെ
34 തേരിലങ്ങാക്കിനാൻ ഭാഗ്യവാന്താൻ.
35 കണ്ടുനിന്നീടുന്ന കൗരവന്മാരെല്ലാം
36 മണ്ടിയണഞ്ഞു ചുഴന്നു പിന്നെ
37 കോപിച്ചുനിന്നു പറഞ്ഞുതുടങ്ങിനാർ
38 വേപിച്ചുനിന്നൊരു മെയ്യുമായി:
39 "ചേരാതെയിന്നിതിൽ വന്നുള്ളോരാരാലും
40 വാരിജലോചനതന്നെയിപ്പോൾ

41 കൊണ്ടങ്ങു പോകുന്നോരെങ്കിൽ നാമെല്ലാരും
42 മണ്ടിയണഞ്ഞു പിണഞ്ഞവനേ
43 കൊന്നങ്ങു വീഴ്ത്തുക വന്നുള്ളോർ കാണുമാ
44 റെന്നങ്ങു നണ്ണിയുറച്ചു നന്നായ്
45 കാത്തുനിന്നീടുന്ന നമ്മെയുമേതുമേ
46 കാണിയും കൊള്ളാതെയുള്ളിലിപ്പോൾ
47 കന്യകതന്നെയും കൊണ്ടങ്ങു പോയതി
48 ക്കണ്ണിനു പോരാതെ ബാലനല്ലൊ
49 കേസരിതന്നുടെ പൈതലെപ്പൂണ്ടിട്ടു
50 കേഴതാൻ കൊണ്ടങ്ങു മണ്ടുംപോലെ.

51 എന്നാൽ നാമിന്നിവന്തന്നെയും ബന്ധിപ്പൂ
52 വന്നുള്ള മന്നവർ കമുമ്പിലേ.
53 കൃഷ്ണനുമായ് വന്നു വൃഷ്ണികളെല്ലാരും
54 ഉഷ്ണിച്ചുകൂടുന്നോരെങ്കിലിപ്പോൾ
55 ബാണങ്ങൾക്കുള്ളൊരു മൂർച്ചകൾക്കേതുമേ
56 ബാധയോയില്ലല്ലൊയിന്നമുക്കും."
57 ഇങ്ങനെ ചൊല്ലിന കൗരവവീരന്മാർ
58 സംഗരത്തിന്നു മുതിർന്നനേരം
59 ആണ്മ കലർന്നൊരു സാംബനാംവീരനും
60 ചാപദം നീങ്ങാതെ നിന്നു നന്നായ്

61 ബാണങ്ങൾകൊണ്ടു തൊഴിച്ചുതുടങ്ങിനാൻ
62 ബാലകനല്ലെന്നു തോന്നുംവണ്ണം.
63 ചാരത്തുനിന്നുള്ള കൗരവന്മാരെല്ലാം
64 ദൂരത്തു നീങ്ങി നടുങ്ങി നിന്നാർ.
65 ആർത്തന്മാരായിട്ടു വീർത്തുതുടങ്ങിനാർ,
66 ഓർത്തുനിന്നങ്ങു നുറുങ്ങുനേരം.
67 വഞ്ചനംകൂടാതെ ബന്ധിച്ചുകൊള്ളുവാൻ
68 ചെഞ്ചമ്മെയാവതല്ലെന്നു ചൊല്ലി
69 നേരിട്ടു നിന്നൊരു വീരനും താനുമായ്
70 നേരൊത്തു നിന്നു പൊരുന്ന നേരം

71 പിന്നാലെ ചെന്നവൻ വിൽ മുറിച്ചീടിനാൻ
72 ഉന്നതനായൊരു കർണ്ണനപ്പോൾ,
73 വിൽ മുറിഞ്ഞീടിന യാദവബാലകൻ
74 പൽ പറിഞ്ഞീടിന പാമ്പുപോലെ
75 ആർത്തനായ് വന്നതു കണ്ടൊരു വീരന്മാർ
76 ആർത്തു കൊണ്ടേറ്റമണഞ്ഞു നേരേ
77 കാട്ടിലകംപുക്കു കാട്ടാളർ വേട്ടയിൽ
78 കാട്ടാനപ്പൈതലെയെന്നപോലെ
79 പെട്ടെന്നു ചെന്നു പിടിച്ചങ്ങു ബന്ധിച്ചു
80 തുഷ്ടരായ്മന്ദിരംതന്നിൽ പുക്കാർ.

81 മന്ത്രങ്ങൾകൊണ്ടു നിരുദ്ധനായ്പോകയാൽ
82 അന്ധനായുള്ളൊരു ഭോഗിപോലെ
83 കൗരവമന്ദിരംതന്നിൽ നിന്നീടിനാൻ
84 വീരനായുള്ളൊരു സാംബനപ്പോൾ.
85 കണ്ടങ്ങു നിന്നൊരു നാരദമാമുനി
86 മണ്ടിനാൻ ദ്വാരകനോക്കിയപ്പോൾ.
87 കൊണ്ടൽനേർവർണ്ണൻറെ ചാരത്തു ചെന്നുനി
88 ന്നുണ്ടായ വേലയെച്ചാലെച്ചൊന്നാൻ:
89 "മാനികളായുള്ള കൗരവന്മാരുടെ
90 മന്ദിരംതന്നിൽനിന്നിന്നു വന്നു.

91 ഗൗരവംപൂണ്ടുള്ള കൗരവന്മാരത്രെ
92 വീരന്മാരായതിപ്പാരിലിപ്പോൾ;
93 വീരത വേറായ യാദവന്മാരിപ്പോൾ
94 നാരിമാരെന്നതും വന്നുകൂടി
95 അന്നന്നു കണ്ടോർ പിടിച്ചങ്ങു കെട്ടുവാൻ
96 ആളായിവന്നതുകൊണ്ടു നേരേ.
97 ബാണൻറെ മന്ദിരംതന്നിൽ മുടങ്ങിനാൻ
98 നാണവും കൈവിട്ടു പണ്ടൊരുത്തൻ.
99 കൗരവമന്ദിരംതന്നിലിന്നിന്നുടെ
100 ഔരസനായുള്ള സാംബനിപ്പോൾ.

101 മറ്റൊരു യാദവന്മറ്റൊരു ദേശത്തു
102 കെട്ടുപെട്ടാനെന്നു നാളെക്കേൾക്കാം.
103 ക ചുവത്തീടുന്നതെന്തിനിങ്ങെല്ലാരും
104 കാണിയും കൊള്ളാതക്കൗരവന്മാർ.
105 കാലത്തേ ചെന്നിനിക്കോഴയും നല്കീട്ടു
106 ബാലകന്തന്നെയുമ്മീണ്ടുകൊൾവിൻ."
107 നാരദനിങ്ങനെ ചൊന്നൊരു നേരത്തു
108 വീരന്മാരായുള്ള യാദവന്മാർ
109 ഭേരിയും താഡിച്ചു തേരിൽക്കരേറിനാർ
110 നേരറ്റുനിന്നൊരു സേനയുമായ്.

111 സന്നാഹം കണ്ടൊരു നാരദന്നുള്ളത്തിൽ
112 സന്തോഷം പൊങ്ങത്തുടങ്ങീതപ്പോൾ.
113 കാർവർണ്ണന്തന്നുടെ ചൊല്ലിനാലെല്ലാരും
114 പോവതിന്നായിത്തുടങ്ങുംനേരം
115 കൗരവന്മാർക്കിന്നു യാദവന്മാരോടു
116 വൈരമുണ്ടാകൊല്ലായെന്നു നണ്ണി.
117 വേഗത്തിൽ ചെല്ലുന്ന രോഹിണീനന്ദനൻ
118 "വേണ്ടാ"യെന്നിങ്ങനെ ചൊന്നാനപ്പോൾ
119 "ഞാനങ്ങു ചെന്നിട്ടു ബാലകന്തന്നെയും
120 മാനിച്ചുകൊണ്ടിങ്ങു പോന്നുകൊൾവൻ.

121 പൊങ്ങിയെഴുന്നൊരു കോപവും കൈവിട്ടു
122 നിങ്ങളിങ്ങെല്ലാരും നില്ക്കേ വേണ്ടൂ."
123 എന്നതു കേട്ടൊരു നാരദനന്നേരം
124 കണ്ണെറിഞ്ഞീടിനാനെല്ലാരോടും:
125 "ലാംഗലിതന്നുടെ ശിഷ്യനായുള്ളോനെ
126 ത്താങ്ങുവാനായിപ്പറഞ്ഞതെല്ലാം
127 പട്ടാങ്ങെന്നിങ്ങനെ തേറി നിന്നിന്നിങ്ങൾ
128 പൊട്ടരായ്പോകൊല്ലാ"യെന്നിങ്ങനെ.
129 സീരിതാനിങ്ങനെ ചൊന്നതു കേട്ടപ്പോൾ
130 വീരന്മാരായുള്ള യാദവന്മാർ

131 പൊങ്ങിയെഴുന്നൊരു കോപവും പൂണ്ടുടൻ
132 തങ്ങളിൽ നോക്കി മെരിണ്ടു നിന്നാർ,
133 പോവാന്തുനിഞ്ഞുള്ള വാരണവീരന്മാർ
134 പാവാൻറെ ചൊൽ കേട്ടു നിന്നപോലെ
135 മാധവന്തന്നുടെയാനനം കണ്ടുടൻ
136 മാഴ്കി മയങ്ങി മടങ്ങി നിന്നാർ.
137 കേടറ്റുനിന്നൊരു നാരദനന്നാനനം
138 വാടിച്ചമഞ്ഞു തുടങ്ങീതപ്പോൾ
139 ആരുണ്യം വേറായ കാർവർണ്ണന്തന്നുടെ
140 ആനനം പിന്നെയും നോക്കി നോക്കി

141 കാലുഷ്യം പൂണ്ടുള്ളൊരുള്ളവുമായിട്ടു
142 ചാലത്തലയും ചൊറിഞ്ഞു നിന്നാൻ.
143 വീരനായുള്ളൊരു സീരിതാനെന്നപ്പോൾ
144 പാരാതെ നേരറ്റ തേരിലേറി
145 ധന്യമായുള്ളൊരു കൗരവമന്ദിരം
146 തന്നുടെ ചാരത്തു ചെന്ന നേരം
147 സീരിയേ വന്നതു കേട്ടൊരു നേരത്തു
148 വീരന്മാരായുള്ള കൗരവന്മാർ
149 പൊങ്ങിയെഴുന്നൊരു തോഷവും പൂണ്ടുടൻ
150 മംഗലപാണികളായിച്ചെന്നാർ.

151 ആതിഥ്യമായുളള വേലയെച്ചെയ്തു നി
152 ന്നാദരമോടങ്ങിരുന്നു പിന്നെ
153 വേഴ്ചയിൽനിന്നുള്ള വാർത്തകളോരോന്നേ
154 കാഴ്ചയായ് തങ്ങളിലോതിയോതി
155 കൗരവന്മാരോടു ചൊല്ലിനിന്നീടിനാൻ
156 വീരനായുള്ളൊരു സീരി നേരേ:
157 "ഉഗ്രനായ് നിന്നുള്ളൊരുഗ്രസേനന്തൻറെ
158 അഗ്ര്യയായ് നിന്നുള്ളൊരാജ്ഞയാലേ
159 കാണ്മതിനായിട്ടു വന്നിതു ഞാനിപ്പോൾ
160 കാമിച്ചു നമ്മിലേ വേഴ്ചയെല്ലാം.

161 ബാലനായുള്ളൊരു സാംബനേയിന്നിങ്ങൾ
162 ചാലച്ചുഴന്നു ചതിച്ചെല്ലാരും
163 ബന്ധിച്ചുനിന്നതു ചിന്തിച്ചുകാണുമ്പോൾ
164 അന്ധതയെന്നതേ വന്നുകൂടു.
165 ശക്തന്മാരായുള്ള യാദവന്മാരിങ്ങു
166 സത്വരം പോന്നു വരുംമുന്നമേ
167 ബാലകന്തന്നെയും പാരാതെ നല്കുവിൻ
168 ബാലികതന്നോടുംകൂടി നേരേ.
169 ദുശ്ശമനായൊരു കർണ്ണൻറെ ചൊൽ കേട്ടു
170 കശ്മലമാനസരായി നിങ്ങൾ

171 അന്ധകനാഥൻറെയാജ്ഞയേ ലംഘിച്ചി
172 ട്ടന്ധരായ്പോകായ്വിൻ വീരന്മാരേ!"
173 രോഹിണീനന്ദനൻ ചൊന്നതു കേട്ടിട്ടു
174 രോഷത്തെപ്പൂണ്ടുള്ള കൗരവന്മാർ.
175 കണ്ണും ചുവത്തിപ്പറഞ്ഞുതുടങ്ങിനാർ
176 കണ്ണനുണ്ടെന്നുള്ള വൻപിനാലേ:
177 "ആഭാസരായുള്ള വൃഷ്ണികളായല്ലൊ
178 ആജ്ഞ നടത്തുന്നതിന്നു പാരിൽ;
179 നാമിനിയെല്ലാരും ദാസരായ് നിന്നവർ
180 നാവിന്മേൽ നീരാകയെന്നേ വേണ്ടു;

181 പാദുകം ചെന്നു ശിരസ്സിങ്കലാമ്മാറു
182 പാഞ്ഞുകരേറുന്ന കാലമിപ്പോൾ;
183 ചാലേ നിറന്ന കിരീടങ്ങളെല്ലാം പോയ്
184 കാലോടു ചേരുകയെന്നുവന്നു.
185 മന്നവന്മാർക്കുള്ളൊരാസനം കൂടാതെ
186 ഖിന്നരായ്പോരുമിന്നീചന്മാരേ
187 വാഴ്ത്തി നാം നിന്നതുകൊണ്ടല്ലീ നമ്മോടു
188 വാർത്തകളിങ്ങനെ ചൊല്ലാകുന്നു.
189 മറ്റൊരു ദൂതൻ വന്നിങ്ങനെ ചൊന്നാകിൽ
190 മറ്റൊന്നായ് വന്നിതുമിന്നുതന്നെ.

191 വമ്പിഴയാകിലുമൊന്നു പൊറുക്കേണം
192 അമ്പു പൊഴിഞ്ഞോരോടെന്നുണ്ടല്ലൊ.
193 കെട്ടുപെട്ടീടുന്ന സാംബനേയെന്നുമേ
194 ഒട്ടുമയയ്ക്കുന്നൂതില്ല ചൊല്ലാം
195 അന്ധകനാഥൻറെയാജ്ഞതാൻ വേണമി
196 ബ്ബന്ധനം തീർത്തിനിക്കൊണ്ടുപോവാൻ."
197 വാഴ്ചകളല്ലാത വാർത്തകളിങ്ങനെ
198 കാഴ്ചയായ് കേൾപ്പിച്ചു കൗരവന്മാർ
199 മന്ദിരംതന്നിലകത്തങ്ങു പൂകിനാർ
200 മന്ദന്മാർക്കങ്ങനെ തോന്നി ഞായം.

201 സമ്മതം കൂടാതെ വാർത്തകളോരോന്നേ
202 ഉന്മുകംപോലെ തങ്കർണ്ണങ്ങളിൽ
203 കൊണ്ടുകൊണ്ടീടുന്ന ലാംഗലധാരിക്കു
204 കോപമെഴുന്നു തുടങ്ങീതപ്പോൾ.
205 ദുഷ്ടന്മാരെല്ലാരും നീങ്ങിന നേരത്തു
206 പെട്ടെന്നെഴുന്നേറ്റു നിന്നാനപ്പോൾ
207 വാരണവീരൻറെ നാദത്തെക്കേട്ടൊരു
208 കേസരിവീരന്താനെന്നപോലെ
209 ചാരത്തുനിന്നുള്ള വീരന്മാർ കേൾക്കവേ
210 ചാപലം കൈവിട്ടു ചൊന്നാനപ്പോൾ:

211 "എന്നോടുതന്നേ വെറുക്കയേ വേണ്ടു ഞാൻ
212 എന്നുടെ ഭോഷത്വം ചിന്തിക്കുമ്പോൾ;
213 അങ്ങുള്ളോരാർക്കുമേ ചേരാതെയല്ലൊ ഞാൻ
214 ഇങ്ങുള്ള ലോകരിൽ ചേർച്ച പുക്കു;
215 വൃഷ്ണികളാർക്കുമേ ചേർന്നീതില്ലേതുമേ
216 കൃഷ്ണനുമുള്ളത്തിലവ്വണ്ണമേ.
217 ആർക്കുമേ ചേരാതെ ഞാനിങ്ങു പോന്നതു
218 പാർക്കുന്നൂതാകിൽ പിഴച്ചില്ലൊട്ടും;
219 ഗർവ്വിതരായുള്ള കൗരവന്മാരുടെ
220 ദുർവചനങ്ങളെക്കേൾക്കായല്ലൊ.

221 പണ്ടെന്നും കേളാത വാർത്തയെക്കേട്ടപ്പോൾ
222 പണ്ടുള്ള വേലയെച്ചെയ്യണം ഞാൻ.
223 ഗർവിതന്മാരായ കൗരവന്മാരിനി
224 യുർവിയിലില്ലാതെയാക്കവേണം.
225 മംഗലംവേറായ മന്ദിരമിന്നുടൻ
226 ഗംഗയിലാക്കുന്നൂതുണ്ടു നേരേ."
227 എന്നങ്ങു ചൊല്ലിന രോഹിണീനന്ദനൻ
228 ഏറിയിരുന്നൊരു കോപത്താലെ
229 സീരംകൊണ്ടങ്ങു വലിച്ചുതുടങ്ങിനാൻ
230 കൗരവമന്ദിരംതന്നെയപ്പോൾ.

231 വാരുറ്റു നിന്നൊരു സീരംകൊണ്ടങ്ങവൻ
232 പാരിച്ചു നിന്നു വലിച്ചനേരം
233 ഞെട്ടി ഞെരിഞ്ഞു തിരിഞ്ഞു ചരിഞ്ഞുതേ
234 ദുഷ്ടന്മാർ മേവുന്ന മന്ദിരംതാൻ.
235 മന്ദിരംതന്നിലേ മാലോകരെല്ലാരും
236 മന്നിടംതന്നിലും വീണാരപ്പോൾ
237 കാലും പൊളിഞ്ഞിതക്കൈയും പൊളിഞ്ഞിതു
238 കാളെന്നു കൂട്ടിനാർ ബാലന്മാരും
239 ഫാലത്തിലാമ്മാറു ചോരയും തൂകി നി
240 ന്നാലസ്യമായി ചിലർക്കു പിന്നെ.

241 ആനകളെല്ലാമേ ചാലെ മറിഞ്ഞുപോയ്
242 ദീനങ്ങളായിക്കരഞ്ഞു തിണ്ണം;
243 ആജിയിലേതുമേ തോലിയെക്കോലാത
244 വാജികൾരാശിയുമവ്വണ്ണമേ.
245 മാടങ്ങളെല്ലാം പൊളിഞ്ഞു ഞെരിഞ്ഞിട്ടു
246 മാലോകർമേനിയിൽ വീണുതപ്പോൾ;
247 ചിത്രങ്ങൾകൊണ്ടു വിളങ്ങിനിന്നീടുന്ന
248 ഭിത്തികളും പിന്നെയവ്വണ്ണമേ.
249 വീരനായുള്ളൊരു സാംബനേ വഞ്ചിച്ചു
250 വിൽ മുറിച്ചീടിന പാണികൾക്കും

251 പുണ്ണിനെപ്പൂണ്ടപ്പോൾ നിന്നുകൊണ്ടീടിനാൻ
252 കർണ്ണന്താനെന്നതു ഭാവിയാതെ.
253 ധന്യനായുള്ള സുയോധനന്താനപ്പോൾ
254 ചെമ്മേയിരുന്നൊരു പീഠത്തിന്മേൽ
255 യാദവന്മാരുടെ ഭൂഷണമോരോന്നേ
256 ആദരവോടു പറഞ്ഞു മേന്മേൽ
257 ധൃഷ്ടനായീടുമ്പൊളല്ലൊയിമ്മന്ദിരം
258 ഞെട്ടി ഞെരിഞ്ഞതു പെട്ടന്നപ്പോൾ
259 പീഠത്തിന്മേൽനിന്നു താണതു കാണായി
260 പീഡകൾ മേനിയിൽ മേവുംവണ്ണം.

261 "കണ്ണാ!" എന്നിങ്ങനെ തിണ്ണം കരഞ്ഞുടൻ
262 കണ്ണുനീർ തൂകിനാൻ നോകയാലേ.
263 അപ്പൊഴുതേയങ്ങെഴുന്നേറ്റുകൊള്ളുവാൻ
264 കെല്പില്ലയായ്കയാൽ ഭുതലത്തിൽ
265 ആന്ധ്യമിയന്നുടൻ ഭ്രാന്തരെപ്പോലെയായ്
266 നീന്തിത്തുടങ്ങിനാൻ താന്തനായി.
267 ദന്തങ്ങളെല്ലാമേയെണ്ണുന്നൂതാകിലോ
268 പന്തിയിലൊവ്വാതെ വന്നുകൂടു.
269 താഴാതെ പോരുന്ന കൗരവവീരരിൽ
270 വീഴാതെയാരുമില്ലെന്നുവേണ്ട

271 സാംബനേ വഞ്ചിച്ചുനിന്നുള്ളോരെല്ലാർക്കും
272 കാണ്മാറു ലാഞ്ഛനം മെയ്യിൽപ്പൊങ്ങി.
273 കണ്ടങ്ങു നിന്നൊരു നാരദന്നുള്ളത്തിൽ
274 ഉണ്ടായ വേദന മണ്ടീതപ്പോൾ.
275 "വല്ലാതെയെല്ലാരും നില്ലാതെ ചെല്ലുവിൻ
276 കല്യനായുള്ളൊരു രാമന്മുമ്പിൽ.
277 ആപത്തു പോന്നിന്നും വന്നതിന്മുമ്പിലേ
278 കാൽപിടിച്ചീടുവിൻ പാപികളേ!"
279 എന്നങ്ങു ചൊല്ലിക്കരഞ്ഞുതുടങ്ങിനാർ
280 മന്ദിരംതന്നിലേ മാതരെല്ലാം.

281 വീരന്മാരെല്ലാരുമെന്നതു കേട്ടപ്പോൾ
282 പാരാതെ ചെന്നങ്ങു സാംബന്തന്നെ
283 ബന്ധനത്തോടുടൻ വേറിടുത്തങ്ങനെ
284 സുന്ദരിതന്നെയും തേരിലാക്കി
285 ഏറ്റം വിറച്ചൊരു മെയ്യുമായന്നേരം
286 ചീറ്റം തിരണ്ടൊരു രാമന്മുമ്പിൽ
287 പെട്ടെന്നു ചെന്നങ്ങു കാൽ പിടിച്ചീടിനാർ
288 മുട്ടുപെട്ടീടിനാലെന്നു ഞായം.
289 വല്ലാതെനിന്നുള്ളൊരെങ്ങളിലുള്ളൊരു
290 വല്ലായ്മയെല്ലാം പൊറുത്തു മേന്മേൽ

291 വമ്പു കളഞ്ഞു തെളിഞ്ഞു നില്ക്കേണമേ
292 അമ്പുപൊഴിഞ്ഞിനിത്തമ്പുരാനേ!"
293 ഇങ്ങനെ യാചിച്ചു കൗരവവീരന്മാർ
294 മംഗലനായൊരു സാംബനേയും
295 കന്യകതന്നെയും നല്കിനിന്നീടിനാർ
296 ധന്യനായുള്ളൊരു രാമൻകൈയിൽ.
297 ചാരത്തു ചെന്നൊരു സാംബനെക്കണ്ടപ്പോൾ
298 സീരിതന്മാനസം ശീതമായി
299 ആതപംപൂണ്ടുള്ള ഭൂതലമെല്ലാമേ
300 വാർതിങ്കൾ വന്നപ്പൊഴെന്നപോലെ.

301 തുഷ്ടനായുള്ള സുയോധനന്താനപ്പോൾ
302 ഇഷ്ടമായുള്ള ധനങ്ങളേറ്റം
303 സത്വരം കൊണ്ടന്നു നല്കിനിന്നീടിനാൻ
304 പുത്രിയിലമ്പിനോരൻപുതന്നാൽ.
305 കൈക്കൊണ്ടുനിന്നദ്ധനത്തെയുമെല്ലാമേ
306 ചക്രധരാഗ്രജനെന്നനേരം
307 പാരാതെ പോയങ്ങു നേരറ്റു നിന്നെഴും
308 ദ്വാരകതന്നിലകത്തു പുക്കാൻ.
309 സാംബനെത്തന്നെയും കന്യകതന്നെയും
310 കാണ്മതിനായിക്കൊതിച്ചു മേന്മേൽ

311 വന്നുവന്നീടുന്ന ലോകരെക്കൊണ്ടുടൻ
312 മന്ദിരമെങ്ങും നിറഞ്ഞുകൂടി.
313 വേളിയിലാളുന്ന കേളികൾകൊണ്ടെങ്ങും
314 മേളമിയന്നു കളിച്ചു പിന്നെ
315 തള്ളിയെഴുന്നൊരു മോദംപൂണ്ടെല്ലാരും
316 ഉള്ളം തെളിഞ്ഞു വിളങ്ങിനിന്നാർ.