കൃഷ്ണഗാഥ/രണ്ടാം ഭാഗം/ഗുരുദക്ഷിണ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കൃഷ്ണഗാഥ
രണ്ടാം ഭാഗം

കൃഷ്ണഗാഥ
ഒന്നാം ഭാഗത്തിലേക്ക്


1 കഞ്ചനായുള്ളൊരു കാർമുകിൽ പോകയാ
2 ലഞ്ചനവർണ്ണനാം തിങ്കളപ്പോൾ
3 വെണ്മ കലർന്നുള്ള യാദവവംശമാം
4 അംബരംതന്നിൽ വിളങ്ങുമന്നാൾ
5 ആനകദുന്ദുഭി ബാലകന്മാരുടെ
6 പൂണുനൂൽ പൂണുന്ന മംഗലത്തെ
7 നേരറ്റുനിന്നുള്ള ദാനങ്ങൾ ചെയ്തിട്ടു
8 പൂരിച്ചു പാരം തെളിഞ്ഞു നിന്നാൻ.
9 പൂണുനൂൽ പൂണ്ടുള്ള കാർവർണ്ണരാമന്മാർ
10 പൂതന്മാരായിപ്പുറപ്പെട്ടുടൻ

11 വിഖ്യാതനായൊരു വിപ്രന്തൻ ചാരത്തു
12 വിദ്യകൾ കോലുവാൻ ചെന്നു ചെമ്മേ;
13 ശ്രാന്തി കളഞ്ഞോരോ വിദ്യകളെല്ലാമേ
14 താന്തന്മാരായിപ്പഠിച്ചു പിന്നെ
15 ദക്ഷിണ വേണുന്നതെന്തന്നു ചോദിച്ചാർ;
16 അക്ഷണം ചൊല്ലിനാനാരണനും:
17 "നിർമ്മലനായൊരു ബാലകനുണ്ടെനി
18 ക്കംബുധിതന്നിൽ മരിച്ചുപോയി
19 മാനസംതന്നിലപ്പൈതലെച്ചിന്തിച്ചു
20 വേദനയാകുന്നുപിന്നെപ്പിന്നെ;

21 ആകുന്നൂതാകിലപ്പൈതലേ നിങ്ങളി
22 ങ്ങാരാഞ്ഞു കൊണ്ടന്നു നല്കുവേണം."
23 ഇങ്ങനെ കേട്ടൊരു കേശവരാമന്മാർ
24 "അങ്ങനെയാ"മെന്നു ചൊന്നുടനെ
25 വാരിധിതന്നുടെ തീരത്തു ചെന്നിട്ടു
26 "ബാലനെത്താ"വെന്നു ചൊന്നനേരം
27 വാരിധിതാൻ ചെന്നു പാരാതെ ചൊല്ലിനാൻ:
28 "ബാലനെക്കൊന്നതു ഞാനല്ലയ്യോ !
29 ശംഖായി നിന്നൊരു ദാനവവീരനു
30 ണ്ടെങ്കൽ കളിച്ചവങ്കൊണ്ടുപോയാൻ."

31 വാരിധിതാനതു ചൊന്നതു കേട്ടവർ
32 വാരിയിൽ നേരേയിറങ്ങിപ്പിന്നെ
33 ദാരുണനായൊരു ദാനവന്തന്നെയും
34 പാരാതെ കൊന്നങ്ങു വീഴ്ത്തി നേരേ
35 ദാനവന്മേനിയായുള്ളൊരു ശംഖിനെ
36 മാനിച്ചു കൊണ്ടിങ്ങു പോന്നു പിന്നെ
37 എന്തിനി നല്ലതെന്നന്തരാ ചിന്തിച്ചി
38 ട്ടന്തകമന്ദിരംതന്നിൽ ചെന്നാർ.
39 കിങ്കരരെല്ലാരും കേൾപ്പതിന്നായിട്ടു
40 ശംഖുവിളിച്ചാനാക്കാവർണ്ണന്താൻ.

41 കല്മഷവൈരിയായുള്ളൊരു കണ്ണൻറെ
42 കംബുതൻ നാദത്തെക്കേട്ടനേരം
43 ദീനത കോലിന യാതന പൂണുന്നോർ
44 വേദന വേർവിട്ടു നിന്നാർ ചെമ്മേ.
45 ശൂലത്തിന്മീതേ കിടന്നുള്ളോരെല്ലാരും
46 ആലസ്യം നീങ്ങിയെഴുന്നാരപ്പോൾ.
47 കീഴ്ത്തലയായിട്ടു തൂങ്ങിനോരെല്ലാരും
48 ആർത്തിയും തീർന്നു മറിഞ്ഞു നിന്നാർ.
49 ചെങ്കനൽതന്നിൽ കിടന്നുള്ളോരെല്ലാർക്കും
50 ചെങ്കനൽ നല്ലൊരു നീരായ് വന്നു.

51 കള്ളിപ്പാൽ കൊണ്ടന്നു കണ്ണിലൊഴുക്കുമ്പോൾ
52 കർപ്പൂരമെന്നങ്ങു തോന്നി ചെമ്മേ.
53 ഡുണ്ഡുഭമൊന്നൊന്നേ മേനിയിൽ ചുറ്റിനി
54 ന്നണ്ഡത്തെച്ചെന്നു കടിക്കും നേരം
55 കണ്ണന്മെയ്തന്നുടെ കാറ്റിനേയേല്ക്കയാൽ
56 തിണ്ണം പറന്നുതേ ദൂരം ദൂരം;
57 ദുഷ്ടന്മാർമേനിയിൽ പെട്ടെന്നു ചേർന്നുള്ളൊ
58 രട്ടകളും പിന്നെവ്വണ്ണമേ
59 മുൾത്തടിതന്നിൽക്കിന്നുള്ളോരെല്ലാർക്കും
60 മെത്തയെന്നിങ്ങനെ തോന്നീതപ്പോൾ

61 പാമ്പുകൾ മെയ്യിൽ പിണഞ്ഞു കരഞ്ഞോരോ
62 പാങ്കുഴിതോറും കിടന്നോർക്കെല്ലാം
63 കച്ചണിക്കൊങ്കയും പൂണ്ടു കിടക്കുന്ന
64 മച്ചകന്താനെന്നു തോന്നീതപ്പോൾ.
65 ഘോരമായ് നിന്നുള്ള യാതന പൂണുന്ന
66 നാരകദേശങ്ങളോരോന്നേതാൻ
67 നന്ദകുമാരകൻ ചെന്നൊരുനേരത്തു
68 നന്ദനമായ് വന്നുതെന്നേവേണ്ടൂ.
69 എന്നതു കണ്ടൊരു കിങ്കരന്മാരെല്ലാം
70 അന്തകന്തന്നോടു ചെന്നു ചൊന്നാർ :

71 "പണ്ടെന്നും കാണാത വേലകളിന്നിപ്പോൾ
72 ഉണ്ടായിക്കാണുന്നൂതെങ്ങളെല്ലാം;
73 ദണ്ഡ്യന്മാരായോരെദ്ദണ്ഡിപ്പിപ്പാനല്ലൊ
74 ചണ്ഡന്മാരായുള്ള ഞങ്ങളുള്ളു;
75 ഇന്നതിന്നേതുമൊന്നാകുന്നൂതില്ലെന്നാൽ
76 എന്നതിങ്കാരണം ചൊല്ലവേണം.
77 പാപികളായോരെപ്പാരാതെ കൊണ്ടന്നു
78 പാരിച്ച കോലെടുത്തെങ്ങളെല്ലാം
79 കോപിച്ചു താഡിച്ചനേരത്തു മോദത്താൽ
80 കോൾമയിർക്കൊള്ളുന്നു മെയ്യിലിപ്പോൾ.

81 ചെമ്പകിടാരങ്ങൾതന്നിൽ കിടന്നിട്ടു
82 വമ്പുറ്റ തീത്തട്ടി നിന്നൊരെല്ലാം
83 സ്വസ്ഥരായ് നിന്നിപ്പൊളത്തലും കൈവിട്ടു
84 നിദ്രയെപ്പൂണുന്നോർവേണ്ടുംവണ്ണം.
85 വാൾകൊണ്ടു ഞങ്ങളറുത്തു നുറുക്കുമ്പോൾ
86 വാകൊണ്ടു പാടുന്നോർ പേടിയാതെ.
87 കാൽപിടിച്ചോരോരോ പാറമേൽ തല്ലുമ്പോൾ
88 കാണിപോലില്ലേതും ദീനമുള്ളിൽ.
89 ഈരുന്ന വാൾകൊണ്ടു മെയ്യിലങ്ങീരുമ്പോൾ
90 ഈയെന്നു ചൊല്ലുന്നോരില്ലയാരും.

91 അഞ്ചാതെ കണ്ണിലത്തൂശി തറയ്ക്കുമ്പോൾ
92 പുഞ്ചിരി ചെഞ്ചെമ്മേ കാണാകുന്നൂ.
93 ദുർഗ്ഗന്ധംപൂണ്ടുള്ള ദേശങ്ങളെല്ലാമേ
94 സൽഗന്ധമായിട്ടു വന്നുതിപ്പോൾ.
95 കൂരിരുട്ടായുള്ള മന്ദിരമോരോന്നേ
96 പാരം വിളങ്ങുന്നു പിന്നെപ്പിന്നെ.
97 പേടിയാകുന്നുതേ ഞങ്ങൾക്കുമുള്ളത്തിൽ
98 ഓടുവാനായിട്ടേ കാലെഴുന്നു.
99 ആകുന്നുതില്ല നിൻ ചാരത്തു പോരുവാൻ
100 ചാകുന്നുതുണ്ടെന്നേ തോന്നുന്നിപ്പോൾ."

101 ദൂതന്മാരിങ്ങനെ ചൊന്നൊരു നേരത്തു
102 നാഥനായുള്ളവൻ നോക്കുംനേരം
103 കാർവർണ്ണന്തന്നെയും രാമനെത്തന്നെയും
104 കാണായി ദൂരവേ വന്നതപ്പോൾ.
105 കണ്ടൊരുനേരത്തു ദണ്ഡിതാൻ ചെഞ്ചെമ്മേ
106 മണ്ടിച്ചെന്നമ്പോടു കുമ്പിട്ടുടൻ
107 എന്തിങ്ങു പോരുവാങ്കാരണന്നിങ്ങളി
108 ന്നെന്നവൻ ചോദിച്ചനേരം ചൊന്നാൻ:
109 "ആചാര്യന്തന്നുടെ സൂനുവെക്കാണ്മാനാ
110 യാരാഞ്ഞു പോന്നിങ്ങു വന്നു ഞങ്ങൾ.

111 പോരായ്മയേതുമൊന്നോരാതെ നീയിപ്പോൾ
112 പാരാതെ നല്കേണം" എന്നിങ്ങനെ
113 കാരണനായൊരു കാർവർണ്ണൻ ചൊന്നപ്പോൾ
114 കാലനും ചൊല്ലിനാൻ മെല്ലവേതാൻ:
115 "എന്നുടെ ലോകത്തു വന്നുള്ളോരാരുമേ
116 പിന്നെമടങ്ങുമാറില്ല പണ്ടോ.
117 ഇന്നതുവേണമെന്നങ്ങുന്നു ചൊല്കിലോ
118 ചൊന്നതു ഞങ്ങളോ കേട്ടുകൊള്ളാം,
119 മറ്റാരുമല്ല പണ്ടിങ്ങനെ ചൊന്നതു
120 മുറ്റും നിൻ ചില്ലികൾ രണ്ടുമത്രേ."

121 ഇങ്ങനെ ചൊന്നുടൻ ബാലകന്തന്നെയും
122 അങ്ങനെ കൊണ്ടന്നു നല്കിനാന്താൻ.
123 അന്തകൻ നല്കിന ബാലനെയന്നേരം
124 അഞ്ചാതെ വാങ്ങിന നന്ദജന്മാർ
125 ദക്ഷിണനായൊരു ദേശികന്തന്നുടെ
126 ദക്ഷിണയായിട്ടു നല്കി നന്നായ്.
127 ദേശികൻ നല്കിനോരാശിയും പൂണ്ടു തൻ
128 ദേശത്തിലാമ്മാറു ചെന്നു പിന്നെ
129 അച്ഛനുമമ്മയ്ക്കും മറ്റുള്ളോരെല്ലാർക്കും
130 ആനന്ദം നല്കിനാരായവണ്ണം.