കൃഷ്ണഗാഥ/രണ്ടാം ഭാഗം/കുചേലഗതി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കൃഷ്ണഗാഥ
രണ്ടാം ഭാഗം

കൃഷ്ണഗാഥ
ഒന്നാം ഭാഗത്തിലേക്ക്


1 കാർവർണ്ണനേറ്റവും കാരുണ്യം പൂരിച്ചു
2 ള്ളാരണനുണ്ടായി പാരിടത്തിൽ
3 ശൈശവമേശുന്നകാലത്തു പണ്ടു പോയ്
4 ദേശികൻചാരത്തു മേവുമന്നാൾ
5 തങ്ങളിലൊന്നിച്ചു വിദ്യകൾ കേൾക്കയാൽ
6 ചങ്ങാതിയായുള്ളു പണ്ടുപണ്ടേ.
7 നിത്യങ്ങളായുള്ള കർമ്മങ്ങളെല്ലാമേ
8 കൃത്യമായ് ചെയ്തു തെളിഞ്ഞു നില്പോൻ,
9 ശാന്തയായുള്ളൊരു കാന്തയും താനുമായ്
10 താന്തനായ് നീളെ നടന്നു മേന്മേൽ

11 പാരിച്ചു നിന്നൊരു ദാരിദ്ര്യംപൂണ്ടീട്ടു
12 യാചിച്ചു പോരുവോമ്പാരിലെങ്ങും,
13 കുത്സിതമായൊരു ചേലയും പൂണ്ടെങ്ങും
14 നില്ക്കയാലെന്നതേ പേരുമായി
15 ശാശ്വതനായുള്ളൊരീശ്വരന്തന്നെയും
16 ആശ്രയിച്ചങ്ങവൻ നിന്നകാലം.
17 ക്ഷുത്തുകൊണ്ടേറ്റവും ദീനമായുള്ളൊരു
18 ചിത്തവുംപൂണ്ടുനിന്നന്നൊരുനാൾ
19 ആര്യയായുള്ളൊരു ഭാര്യതാൻ ചെന്നുനി
20 ന്നാര്യനായുള്ളവനോടു ചൊന്നാൾ:

21 "ഓദനം കാണാതെയൊട്ടുനാളുണ്ടല്ലൊ
22 വേദന മാറാതെ മേവുന്നു നാം.
23 ഓദനം തന്നോനെക്കണ്ടതുമില്ലെങ്ങും
24 വേദന ചിന്തിക്കിൽ മേലിലത്രെ.
25 ആവതുമില്ലേതും പാതിയായ്മേനിയും
26 നാവും മയങ്ങുന്നു നാളിൽ നാളിൽ.
27 യാചിപ്പാൻ പോവാനോ ചേലയും ചെമ്മല്ല
28 ഗേഹത്തിൽ മേവുവാമ്പൈയ്യുമുണ്ടേ.
29 ചെന്താരിൽമാതോടു ചേരുന്ന കാർവർണ്ണൻ
30 ബന്ധുവെന്നല്ലയോ ചൊല്ലിപ്പോരൂ.

31 ദ്വാരകയാകിന പൂരിലും ചെന്നിന്നു
32 പാരാതെ കണ്ടാകിൽ നന്നായിതും.
33 ക്ഷുത്തുകൊണ്ടുണ്ടാകുന്നത്തലെയിന്നവൻ
34 ചിത്തത്തിലാക്കുകയെന്തു ചേതം?
35 ഏറ്റുനിന്നീടുകിലാണ ചൊല്ലാമല്ലൊ
36 ഏറ്റില്ലയെങ്കിൽച്ചെന്നമ്പെടുക്കാം.
37 നമ്മുടെ വാഞ്ഛിതം നന്നായിനിന്നവൻ
38 നല്കിനിന്നീടുവാമ്പോരുമല്ലൊ.
39 കാരുണ്യമില്ലയെന്നല്ലീയിരിക്കുന്നു
40 കാരുണ്യവാരിധിയെന്നു കേൾപ്പൂ.

41 വാരുറ്റു മേവുമദ്ദ്വാരകതന്നിലേ
42 പാരാതെ ചെല്ലുകയെന്നേ വേണ്ടു."
43 ആര്യയായുള്ളൊരു ഭാര്യതാനിങ്ങനെ
44 കാര്യമായുള്ളതു ചൊന്നനേരം
45 സന്തുഷ്ടനായവൻ ചൊല്ലിനിന്നീടിനാൻ
46 ചിന്തിച്ചു നിന്നു നുറുങ്ങുനേരം:
47 "എന്നുടെ മാനസംതന്നിലുമുണ്ടിതു
48 മുന്നമേ കാണേണമെന്നുതന്നെ.
49 നിന്നുടെ സാഹസംതന്നാലെയെങ്കിലെൻ
50 പുണ്യങ്ങൾ പൂരിച്ചുകൊള്ളാമിപ്പോൾ.

51 രണ്ടേടത്തല്ലല്ലോ രാഗികളാം ഞങ്ങൾ
52 ഉണ്ടുമുറങ്ങിയും പണ്ടേ പോരൂ
53 ഇന്നിനി നമ്മെ മറന്നങ്ങുപോകിലും
54 എന്നുടെ കണ്ണിനോ പുണ്യമുണ്ടാം
55 കാണുന്ന നേരത്തു കാഴ്ചയായ് നല്കുവാൻ
56 വേണുന്നതേതുമൊന്നില്ലയല്ലൊ;
57 പ്രാഭവം പൂണ്ടോരെ പ്രാകൃതൻ കാണുമ്പോൾ
58 പ്രാഭൃതം വേണമെന്നുണ്ടു ഞായം."
59 ഭാര്യതാനെന്നതു കേട്ടങ്ങുനിന്നപ്പൊ
60 ളാരണന്മാരുടെ ഗേഹംതോറും

61 നാല്പിടി നെല്ലിനേ യാചിച്ചുകൊണ്ടന്നു
62 വായ്പോടു നിന്നു വറുത്തു പിന്നെ
63 കല്ലാലെ മെല്ലവേ താഡിച്ചന്നെല്ലിനേ
64 നല്ലവിലാക്കിനാൾ വല്ലവണ്ണം.
65 ചീർത്തൊരു മോദത്താലാസ്ഥപൂണ്ടങ്ങതു
66 പേത്തുണിതന്നിലേ ചേർത്തു പിന്നെ
67 സന്തുഷ്ടനായൊരു കാമുകൻകൈയിലേ
68 ചന്തത്തിൽ നല്കിനാൾ ബന്ധിച്ചപ്പോൾ.
69 ഭാര്യതാൻ നല്കുമപ്രാഭൃതംതന്നെയും
70 പാരാതെ വാങ്ങിനോരാരണന്താൻ

71 ദ്വാരക നോക്കി നടന്നുതുടങ്ങിനാൻ
72 വാരിജലോചനന്തന്നെക്കാണ്മാൻ.
73 ചെന്നാലേതെല്ലാമേ ചിന്തിച്ചുനിന്നവൻ
74 തന്നിലേ നണ്ണിനാൻ മെല്ലെ മെല്ലെ:
75 "കാർവർണ്ണന്തന്നുടെ ചാരത്തുചെന്നിട്ടു
76 കാണ്മതിന്നുണ്ടോ കണക്കുവന്നു?
77 തെ്രെലോക്യനാഥനായ്നിന്നവന്തന്നാലി
78 ന്നാലോക്യനായ് വരുമെന്നങ്ങനെ ഞാൻ?
79 കണ്ടൊരു നേരത്തു കാർവർണ്ണന്തന്നോടു
80 പണ്ടു ഞാൻ കണ്ടതു മിണ്ടാമോതാൻ.

81 വാതുക്കൽനിന്നുള്ളോർ ശാസിച്ചുനിന്നിട്ടു
82 ബാധിച്ചുപോമല്ലൊ പോക്കുതന്നെ.
83 ആവേടത്തോളമിന്നെങ്കിലും ചൊല്ലൂ ഞാൻ
84 ദൈവത്തിൻ കൈയിലും പിന്നേതെല്ലാം."
85 ഇങ്ങനെ തന്നിലേ നണ്ണിനോരാരണൻ
86 മങ്ങാതെയുള്ളൊരു മാർഗ്ഗത്തൂടെ
87 ദ്വാരകയാകിന പൂരിലും പൂകിനാൻ
88 വാരിതനാകാതെ നേരെയപ്പോൾ.
89 പണ്ടെന്നും കാണാതെയുള്ളോനെക്കണ്ടപ്പോൾ
90 മണ്ടിച്ചെന്നെല്ലാരും കണ്ടുനിന്നാർ.

91 ചാലെ മെലിഞ്ഞൊരു മേനിയെക്കണ്ടിട്ടു
92 ലീലയായ്നിന്നു പറഞ്ഞാർ പിന്നെ:
93 "അസ്ഥികൾകൊണ്ടു ചമച്ചതിന്മൂലമെ
94 ന്തബ്ജ്ജമ്പണ്ടിവന്മേനിതന്നെ;
95 ബീഭത്സമായ രസത്തിനെക്കാട്ടുവാ
96 നാബദ്ധലീലനായല്ലയല്ലീ?
97 പേശലമായൊരു കാശത്തൊടേശീട്ടു
98 പേശുവാൻ പോരുമിക്കേശമിപ്പോൾ,
99 പാങ്കുഴിയെന്നോർത്തോ നേത്രങ്ങൾ നിർമ്മിച്ചു?
100 യോഗ്യത പോരുമതിന്നു പാർത്താൽ.

101 പാതാളലോകത്താലൊന്നിങ്ങു പോന്നിവൻ
102 നാഭിക്കു മീതേ പോയ് നിന്നിതോ ചൊൽ.
103 "വിശ്വത്തിനായൊരു നൽത്തൂണു നിർമ്മിച്ചേ
104 വിശ്വസിച്ചീടാവു വീഴായിവാൻ"
105 എന്നങ്ങു നണ്ണിയതിന്നുള്ള നീളത്തെ
106 ത്തന്നിലേ ചിന്തിച്ചു നിന്നനേരം
107 നാളീകജന്മാവിപ്പാദങ്ങൾ നിർമ്മിച്ചു
108 നീളത്തെക്കാണുമ്പൊഴെന്നു തോന്നും.
109 ദുർഭഗനെങ്കിലും വിപ്രതയോർക്കുമ്പോൾ
110 അത്ഭുതവീര്യനായ്മേവുമത്രെ.

111 ബ്രാഹ്മമായുള്ളൊരു മേന്മയെക്കണ്ടാലും
112 മേന്മേലേ മെയ്യിലെഴുന്നതിപ്പോൾ.
113 നിന്ദ്യനല്ലേതുമെ മന്ദതകൊണ്ടിവൻ
114 വന്ദ്യനായുള്ളൊരു ഭൂമിദേവൻ."
115 ഇങ്ങനെ ചൊന്നവർൻ വന്ദിച്ചുനിന്നുടൻ
116 പൊങ്ങിന കൗതുകം പൂണ്ടനേരം
117 വാരിജലോചനൻ ചേരുന്ന ഗേഹംതൊ
118 ട്ടാരണൻ നേരേ നടന്നാനപ്പോൾ.
119 ദൂരവേ കണ്ടൊരു വാരിജലോചനൻ
120 ആരിതെന്നിങ്ങനെ നോക്കി നോക്കി

121 ചങ്ങാതിയായുള്ളൊരാരണൻ വന്നതെ
122 ന്നങ്ങനെ തന്നിലേ നണ്ണി നേരേ
123 കാമിനിയോടു കലർന്നുള്ള ലീലയും
124 കൈവിട്ടു പെട്ടെന്നെഴുന്നേറ്റപ്പോൾ
125 ഓടിച്ചെന്നീടിനാൻ കേടറ്റ വേദങ്ങൾ
126 തേടിച്ചെന്നീടുന്ന പാദമുള്ളോൻ.
127 ആരണനായൊരു വാരിജകാമുകൻ
128 ചാരത്തുനിന്നു വിളങ്ങുംനേരം
129 വാരിജലോചനന്തന്മുഖമായൊരു
130 വാരിജമേറ്റം വിരിഞ്ഞുനിന്നു.

131 പൂമാതുതന്നുടെ പോർമുലക്കുങ്കുമം
132 പൂരിച്ചുനിന്നൊരു മാറുകൊണ്ട്
133 ചാരത്തു വന്നുള്ളൊരാരണന്മേനിയെ
134 പ്പാരിച്ചുനിന്നു പുണർന്നാനപ്പോൾ
135 അസ്ഥികളേറ്റു ചുവന്നു ചമഞ്ഞുത
136 ങ്ങച്യുതമ്പൂവൽമെയ് പാരമപ്പോൾ
137 മേദിനീദേവനിൽ മേവുന്ന രാഗം ത
138 ന്മേനിയിൽക്കൂടിപ്പരന്നപോലെ.
139 പിന്നെയങ്ങൊന്നിച്ചു മന്ദിരംതന്നിലേ
140 ചെന്നങ്ങു നിന്നൊരു നന്ദജന്താൻ

141 ശില്പം കലർന്നുനിന്നല്പമല്ലാതൊരു
142 പൊല്പീഠംതന്നിലിരുത്തി നേരേ
143 ആദരിച്ചമ്പിനോടാതിഥ്യവേലയും
144 ആചരിച്ചീടിനാനാരണന്നായ്.
145 ശൈത്യമെഴുമ്മാറു വീതു തുടങ്ങിനാൾ
146 ശൈബ്യയായ്മേവുന്ന ദേവിയപ്പോൾ.
147 കേടറ്റ കൈകൊണ്ടു നീടുറ്റുനിന്നുള്ള
148 വീടികതന്നെയും നല്കിനിന്നാൾ.
149 പ്രീതനായ്നിന്നുള്ളൊരാരണന്തന്നോടു
150 മാധവൻ ചൊല്ലിനാൻ മാനിച്ചപ്പോൾ:

151 "ശ്രദ്ധപ്പെണ്ണീടുന്നതെത്രനാളുണ്ടു ഞാൻ
152 മിത്രമായുള്ളൊരു നിന്നെക്കാണ്മാൻ.
153 എത്രയും നന്നായി വന്നതിങ്ങെന്നുടെ
154 ചിത്തവും ചാലെക്കുളുർത്തുതിപ്പോൾ.
155 ദേശികഗേഹത്തിൽ പണ്ടു നാം നിന്നനാ
156 ളാചരിച്ചീടിന വേലയെല്ലാം
157 ഒന്നുമേയിന്നു മറന്നുപോയില്ലല്ലീ
158 വന്നുവന്നീടുന്നൊരാടൽതന്നാൽ.
159 അന്നു നാമന്നന്നേ ചെയ്തുള്ള വേലകൾ
160 ഒന്നുമേയിന്നേതുമാവതല്ലേ.

161 അന്നു നാം പൂണ്ടൊരു സങ്കടമോർക്കുമ്പോൾ
162 ഇന്നുമുണ്ടുള്ളത്തിൽ വേവു പാരം.
163 ആര്യനായുള്ളൊരു ദേശികന്തന്നുടെ
164 ഭാര്യതാൻ വന്നുനിന്നന്നൊരുനാൾ
165 ഇന്ധനം വേണമെന്നിങ്ങനെ ചൊല്ലുവാ
166 നന്ധരാം നമ്മോടങ്ങായിതല്ലൊ.
167 എന്നതു കേട്ടു നാമന്നടേ പോയങ്ങു
168 ചെന്നൊരു കാനനംതന്നിലപ്പോൾ
169 ആരാഞ്ഞു നിന്നിട്ടു പോരാതെ വന്നപ്പോൾ
170 ദൂരത്തു നിന്നൊരു കാനനത്തിൽ

171 പാരാതെ ചെന്നതു പൂരിച്ചുകൊള്ളുവാൻ
172 ആരാഞ്ഞു നീളെ നടന്നനേരം
173 പാരിച്ചുനിന്നൊരു പാഴിടിതന്നെയും
174 മാരിയും വന്നതു കാണായപ്പോൾ
175 വേഗത്തിൽ വന്നൊരു പേമഴയേല്ക്കയാൽ
176 വേപത്തെപ്പൂണ്ടുനാമോടിയോടി
177 തെറ്റെന്നു പോരുമ്പോൾ നൽവഴി കാണാതെ
178 മറ്റൊരു കാനനംതന്നിലായി
179 പോക്കു മുടങ്ങിന മാർഗ്ഗവുമന്നേരം
180 നോക്കി നാം നീളം നടന്നനേരം

181 ഉൽക്കടമായൊരു പേമഴയേറ്റിട്ടു
182 നില്ക്കരുതായ്കയാലെന്നപൊലെ
183 ദ്യുസ്ഥനായുള്ളൊരു പുഷ്കരകാന്തനും
184 അസ്തമിച്ചീടിനാനംബരത്തിൽ.
185 പാരിച്ചു ചോരുന്ന പേമഴതാനുമ
186 ന്നേരറ്റു നിന്നൊരു പാഴിടിയും
187 കുന്നിനെത്തള്ളുന്ന വങ്കാറ്റുമെന്നപ്പോൾ
188 മുന്നേതിലേറ്റവും വന്നുതല്ലൊ
189 പാരിച്ചു വന്നൊരു കൂരിരുട്ടന്നേരം
190 പാരിടമെങ്ങുമേ മൂടിനിന്നു.

191 കാറ്റേറ്റു നിന്നുള്ള വന്മരമെല്ലാമ
192 ങ്ങേറ്റം ഞെരിഞ്ഞു മറിഞ്ഞു പിന്നെ
193 നമ്മുടെ ചൂഴവും വീഴുന്ന നേരത്തു
194 നമ്മുടെ വേദനയാരറിഞ്ഞോർ.
195 എന്നതു കണ്ടു നാമേറിന പേടിപൂ
196 ണ്ടെങ്ങുമേ പോകരുതായ്കയാലേ
197 മെയ്യോടുമെയ്യുമണച്ചുകൊണ്ടങ്ങനെ
198 പയ്യവേ നിന്നൊരു നേരത്തല്ലൊ
199 വന്മദം പൂണ്ടൊരു വൻകരിപിന്നാലെ
200 വന്നൊരു കേസരിവീരന്തൻറെ

201 പൊട്ടുമാറുള്ളൊരു നാദത്തെക്കേട്ടിട്ടു
202 ഞെട്ടി നാം ഭൂതലംതന്നിൽ വീണു.
203 പിന്നെയെഴുന്നേറ്റുനിന്നൊരു നേരത്തു
204 മിന്നൽകൊണ്ടീഷൽ വിളങ്ങുകയാൽ
205 വൻനരി വന്നതു കണ്ടൊരു നേരത്തു
206 വന്നുള്ളൊരല്ലലെച്ചൊല്ലാമോതാൻ.
207 കാട്ടികൾ വന്നു കരഞ്ഞൊരു നേരത്തു
208 ഗോഷ്ഠികൾ കാട്ടിനാതേറെ നീതാൻ.
209 കാട്ടാന വന്നപ്പോൾ കാട്ടിന ഗോഷ്ഠികൾ
210 നാട്ടാരേമുമ്പിലേ ചൊല്ലുമോതാൻ.

211 നേരിട്ടു വന്നുള്ള പന്നികൾ പാഞ്ഞല്ലൊ
212 വേറിട്ടുപോയതു നമ്മിലപ്പോൾ.
213 നാമത്തെച്ചൊല്ലി വിളിച്ചുകൊണ്ടെങ്ങുമേ
214 നാമത്തൽപൂണ്ടു നടന്നതെല്ലാം
215 കണ്ടുള്ളോരാരാനുമുണ്ടായിരുന്നാകിൽ
216 കണ്ണുനീരിന്നുമേ മാറാഞ്ഞിതും.
217 കാട്ടാന കാട്ടികൾ ചങ്ങാതമായ് നിന്ന
218 കാട്ടിലേ നീളെ നടന്നു പിന്നെ
219 രോദനം കേട്ടു ഞാൻ വന്നതങ്ങോർക്കുമ്പോൾ
220 വേദനയുള്ളത്തിലിന്നുമുണ്ടേ.

221 കണ്ടൊരു നേരത്തു മണ്ടി നാം പൂണ്ടപ്പോൾ
222 ഉണ്ടായ സന്തോഷമോർത്തുകണ്ടാൽ
223 വന്നാവൂതെന്നേ കൊതിച്ചുനിന്നാകിലും
224 ഇന്നുമുണ്ടായീലയന്നയോളം.
225 ദർപ്പത്തെപ്പൂണ്ടൊരു സർപ്പത്താൻ മുന്നൽ വ
226 ന്നുല്പന്നരോഷനായ് നിന്നനേരം
227 വേറിട്ടു പോകാതെ വേഗത്തിൽ പാഞ്ഞങ്ങു
228 ദൂരത്തു പോയതു നന്നായി നാം.
229 നാമങ്ങു ചെന്നപ്പോൾ ഭീമന്മാരായുള്ള
230 കൂമന്മാർ വന്നങ്ങു മൂളുംനേരം

231 ഓടുവാനേതുമേ കാണരുതാഞ്ഞിട്ടു
232 പേടികൊണ്ടേറ്റവും മൂടുകയാൽ
233 കോഴയും പൂണ്ടു നാം കേഴുവാനോങ്ങുമ്പോൾ
234 കോഴികൾ കൂകുന്ന നാദം കേട്ടു.
235 മേളത്തിൽ വന്നീടുമാദിത്യന്തന്നുടെ
236 കാളത്തിൻ നാദങ്ങളെന്നപോലെ.
237 ക്ലേശിതരായ നാമേറിന മോദംകൊ
238 ണ്ടാശികൾ മേന്മേലെ ചൊല്കയാലേ
239 അന്നങ്ങു കൂകിയ കോഴികൾ ചിന്തിച്ചാൽ
240 എന്നുമേ ചാകയില്ലെന്നു ചൊല്ലാം.

241 പിന്നെ നാമന്നേരം ഖിന്നത കൈവിട്ടു
242 വന്നൊരു സൂര്യനെപ്പാർക്കുംനേരം
243 മാറാതെ പെയ്യുന്ന മാരിയും നമ്മുടെ
244 പാരിച്ച പേടിയും കൂരിരുട്ടും
245 ചാരത്തു നിന്നുള്ള നമ്മെയും കൈവിട്ടു
246 ദൂരത്തു പോയി മറഞ്ഞുതല്ലോ.
247 വൃക്ഷങ്ങളേറിന പക്ഷികൾനാദവും
248 അക്ഷണം കേട്ടു നാം നിന്നനേരം
249 ആഖണ്ഡലാശയായ് മേവുമന്നാരിക്കു
250 വാർകൊണ്ടു നിന്നൊരു ഭൂഷണമായ്

251 പങ്കജകാമുകന്തന്നുടെ മണ്ഡലം
252 കിഞ്ചന പൊങ്ങിത്തുടങ്ങുംനേരം
253 നാമങ്ങു ചെല്ലാഞ്ഞു ദേശികനാഥന്താൻ
254 നാമങ്ങൾ ചൊല്ലി വിളിച്ചു തിണ്ണം
255 കാനനംതോറും നടന്നുതുടങ്ങിനാൻ
256 കാതരമാനസനായി നേരേ.
257 ദൂരത്തു നിന്നു വിളിച്ചതു കേട്ടു നാം
258 ചാരത്തു ചെന്നങ്ങു നിന്നനേരം
259 ഇണ്ടലും പൂണ്ടുതാൻ തൊണ്ടയും കമ്പിച്ചു
260 മിണ്ടരുതായ്കയാൽപൂണ്ടു പാരം

261 തോഷവും ഖേദവും തോഞ്ഞുനിന്നീടുന്ന
262 ലോചനതോയവും തൂകിച്ചൊന്നാൻ:
263 "ഉത്തമരായുള്ള ശിഷ്യരിന്നിങ്ങളോ
264 ടൊത്തവരില്ലയിപ്പാരിലെന്നാൽ
265 വിദ്യകൾ കൊണ്ടുമിന്നിങ്ങളോടെന്നുമേ
266 ഒത്തുവരായ്കയിപ്പാരിലാരും."
267 ഇങ്ങനെ ചൊന്നുടൻ നമ്മെയുംകൊണ്ടു തൻ
268 മന്ദിരം പൂകിനാൻ വന്ദ്യനപ്പോൾ.
269 ഇങ്ങനെ പണ്ടുനാമാചരിച്ചുള്ളവ
270 ഇന്നു മറന്നുപോയില്ലയല്ലീ?"

271 തങ്ങളിൽ നിന്നവരിങ്ങനെയോരോരോ
272 മംഗലവാക്കുകളോതുംനേരം
273 അല്പമായുള്ളൊരു കാഴ്ച ഞാനെങ്ങനെ
274 അബ്ജവിലോചനൻമുൻപിൽ വയ്പു"
275 എന്നങ്ങു തന്നിലേ നണ്ണിനോരാരണൻ
276 ഏറിന നാണവുംപൂണ്ടു പിന്നെ
277 കാഴ്ചയേ മെല്ലെ മറപ്പതിനായുള്ളൊ
278 രോർച്ചയും പൂണ്ടങ്ങുഴന്നനേരം
279 മാലോകരുള്ളത്തിൽ ചാല നിന്നീടുമ
280 മ്മാമയനായൊരു മാധവന്താൻ

281 ആരണൻ വന്നതിങ്കാരണം ചിന്തിച്ച
282 ങ്ങാരണന്തന്നോടു മെല്ലെച്ചൊന്നാൻ
283 "ചാർച്ചയും ചേർച്ചയും വേഴ്ചയും പൂണ്ടവർ
284 കാഴ്ചയുംകൊണ്ടല്ലൊ വന്നുഞായം:
285 വേഴ്ചയിൽ വന്ന നീ വാച്ചുനിന്നീടുന്ന
286 കാഴ്ചയായെന്തൊന്നു കൊണ്ടുപോന്നു?
287 അല്പമെന്നീടിലും മൽപ്രിയമാകയാൽ
288 ചൊൽപെറ്റുനിന്നൊരു കാഴ്ചയത്രെ."
289 ഇങ്ങനെ കേട്ടുള്ളൊരാരണൻ പിന്നെയും
290 പൊങ്ങിന നാണവുംപൂണ്ടു നേരെ

291 ദീനനായ്നിന്നു നൽകാഴ്ചയും നൽകാതെ
292 ആനനംതന്നെയും താഴ്ത്തുംനേരം
293 പുഞ്ചിരിതൂകിക്കൊണ്ടഞ്ചനവർണ്ണന്താൻ
294 അഞ്ചാതെ ചെന്നങ്ങണഞ്ഞു പിന്നെ
295 ചേലതൻ മൂലയിൽ കേട്ടിനതെന്തെന്നു
296 ലീലയായ് ചൊല്ലി വലിച്ചു നേരെ
297 മെല്ലെന്നഴിച്ചു തന്മുന്നലങ്ങാക്കിനാൻ
298 നല്ലവിലായൊരു കാഴ്ചതന്നെ.
299 "നിത്യമായിങ്ങനെ ശ്രദ്ധപെണ്ണീടുന്ന
300 തെത്രനാളുണ്ടവിൽ തിന്മതിന്നായ്;

301 എത്രയും നല്ലൊരു കാഴ്ചയായ്വന്നിതു
302 ഭദ്രനായുള്ള നീ തന്നതിപ്പോൾ."
303 ഇങ്ങനെ ചൊന്നൊരു മുഷ്ടിയാൽ വാരിനാൻ
304 മംഗലം നല്കുവാനാരണന്നായ്.
305 പാൽ വെണ്ണയുണ്ടു വയന്നുനിന്നീടുന്ന
306 വായിലങ്ങാക്കിനാൻ വാഞ്ഛയോടെ;
307 ആശ്വസിച്ചീടിനാനാസ്വദിച്ചമ്പിനോ
308 ടാശ്രിതവത്സലനായ ദേവൻ.
309 കല്ലുമന്നെല്ലും കടിച്ചുനിന്നുണ്ടായ
310 പല്ലുകൾനോവു തളർന്നനേരം

311 മെല്ലവേ വാരിനാമ്പിന്നെയും നല്ലവിൽ
312 പല്ലവം വെല്ലുന്ന പാണിയാലേ.
313 ആഗ്രഹിയായിനിന്നാനനംതന്നിലി
314 ട്ടാസ്വദിച്ചീടുവാനോങ്ങുംനേരം
315 പെട്ടെന്നു ചെന്നുനിന്നിന്ദിരതാനതു
316 തട്ടിക്കളഞ്ഞു വിരഞ്ഞു ചൊന്നാൾ:
317 "ഉറ്റവനെന്നുമ്പൊഴെന്നെയിന്നിങ്ങനെ
318 വിറ്റതോ ചിന്തിച്ചാൽ ചേരുമല്ലൊ;
319 വറ്റാതൊരമ്പുകൊണ്ടാരണനെന്നെ നീ
320 മുറ്റമടിക്കുമാറാക്കൊല്ലാതെ

321 എന്നുമിക്കൽകളും നെൽകളും തിങ്കിൽ നീ
322 എന്നുടെ വേലകളാവതല്ലെ."
323 ഇങ്ങനെ ചൊല്ലിനൊരിന്ദിര പിന്നെയും
324 നിന്നുള്ളൊരാരണന്മെയ്യിലെങ്ങും
325 കണ്മുനകൊണ്ടങ്ങുഴിഞ്ഞുനിന്നീടിനാൾ
326 നിർമ്മലദേഹനായ്മേവുംവണ്ണം
327 ഇന്ദിരതന്നുടെ കമുനയേല്ക്കയാൽ
328 സുന്ദരനായുള്ളൊരാരണന്താൻ
329 മൃഷ്ടനായുണ്ടങ്ങു തുഷ്ടനായ്മേവിനി
330 ന്നിഷ്ടമാംവണ്ണമുറങ്ങിപ്പിന്നെ

331 കാലത്തുണർന്നങ്ങു യാത്രയുംചൊന്നുടൻ
332 ചാലത്തുനിഞ്ഞിങ്ങു പോരുംനേരം
333 തന്നിലേ നണ്ണിനാനെന്നുടെ വാഞ്ഛകൾ
334 ഒന്നുമേ ചൊല്ലുവാൻ വല്ലീലല്ലൊ.
335 ഇല്ലത്തു ചെല്ലുമ്പോൾ ചൊല്ലുവതെന്തു ഞാൻ
336 വല്ലഭ വന്നങ്ങു വന്ദിക്കുമ്പോൾ?
337 ഏറിയിരുന്ന ധനത്തെയുംകൊണ്ടു ഞാൻ
338 ഏവഴി ചെല്ലുന്നൂതെന്നു നണ്ണി
339 ആശയംപൂണ്ടങ്ങു നോക്കുമ്പൊഴല്ലൊ ഞാൻ
340 വീശവുംകൂടാതെ ചെല്ലുന്നിപ്പോൾ

341 പാതിപൂക്കീടുന്ന ചേലയാലൊന്നു ഞാൻ
342 യാചിച്ചുനിന്നാകിൽ തന്നൂതുംതാൻ.
343 എന്നതുമൊന്നുമേ തോന്നീതില്ലന്നേരം
344 മന്ദന്മാർക്കങ്ങനെ വന്നു ഞായം.
345 ചേലയോ വേണ്ടീല തൈലത്തെത്തന്നെയും
346 ലീലയായ് ചൊൽവാനും തോന്നീലല്ലൊ.
347 പത്തുനാളാകിലും പട്ടിണികൂടാതെ
348 പത്നിയെപ്പാലിക്കാമെന്നോർത്തല്ലൊ
349 ദീർഘമായുള്ളൊരു മാർഗ്ഗവും പിന്നിട്ടു
350 ഭാഗ്യമില്ലാതനാളൊന്നുമേശാ.

351 പത്മവിലോചനന്തന്നുടെ ശീലമോ
352 കല്പകശാഖിയെപ്പോലെയല്ലൊ;
353 ചാരത്തു ചെന്നീടിൽ വാഞ്ഛിതം നല്കീടും
354 ദൂരത്തു നിന്നീടിലൊന്നുമേശാ.
355 ചാരത്തു ചെന്ന ഞാൻ യാചിച്ചുനിന്നാകിൽ
356 പൂരിച്ചു നിന്നൂതും വാഞ്ഛയെല്ലാം.
357 പണ്ടു ഞാൻ ചെയ്തുള്ള പാപങ്ങൾകൊണ്ടല്ലൊ
358 മിണ്ടുവാൻ വല്ലാത വന്നുതപ്പോൾ.
359 എന്തതു സന്തതം ചിന്തിച്ചുനിന്നിനി
360 വെന്തുവെന്തീടുവാനുള്ളമേറ്റം?"

361 നിർഗ്ഗതനായവനിങ്ങനെ ചിന്തിച്ചു
362 സൽഗതിയായ്നിന്ന കാർവർണ്ണനേ
363 കണ്ടതുകൊണ്ടുള്ള സന്തോഷംപൂണ്ടിനി
364 ന്നിണ്ടലും കൈവിട്ടു പോയിപ്പോയി
365 തന്നുടെ ഗേഹത്തിൻചാരത്തു ചെന്നപ്പോൾ
366 വന്നൊരു തെന്നലെപ്പാർത്തുനിന്നാൻ.
367 സൗരഭ്യമാണ്ടൊരു തെന്നെലെന്തിങ്ങനെ
368 ചാരത്തു വീയ്വാനിക്കാനനത്തിൽ?
369 "എന്തിതിങ്കാരണ"മെന്നങ്ങു തന്നിലേ
370 ചിന്തിച്ചു പിന്നെയും നിന്നനേരം

371 താവിനിന്നീടുന്ന പൂവുകൾ മേവുന്ന
372 കാവുകൾ കാണായി നീളെ നീളെ.
373 മേളമിയന്നുള്ള താമരപ്പൊയ്കയും
374 നീളവേ കാണായിനിന്നതെങ്ങും.
375 എന്തിതെന്നിങ്ങനെ ചിന്തിച്ചുനിന്നവൻ
376 ചെന്നുതുടങ്ങിനാനങ്ങുതന്നെ.
377 പ്രാഭവംകോലുമപ്രാകാരംതന്നെയും
378 പ്രാസാദജാലവും കാണായ്യപ്പോൾ.
379 ആരുടെ മന്ദിരംപോലിതെന്നിങ്ങനെ
380 പാരം തന്നുള്ളിലേ നണ്ണി നണ്ണി

381 ഗോപുരവാതിലകത്തുപുക്കെങ്ങുമേ
382 വ്യാപരിച്ചീടിനാൻ കണ്ണുകൊണ്ടേ.
383 ചൊല്ക്കൊണ്ടു നിന്നുള്ള പൊൽക്കമ്പം കാണായി;
384 നില്ക്കുന്നതോരോരോ ദിക്കുതോറും.
385 രത്നങ്ങൾകൊണ്ടുള്ള വേദികൾ കാണായി;
386 മുത്തുകൾകൊണ്ടു വിതാനങ്ങളും.
387 നീടുറ്റുനിന്നുള്ള നാടകശാലയിൽ
388 ആടിനിന്നമ്പോടു പാടിപ്പാടി
389 ഓലക്കംപൂണ്ടു വിളങ്ങിനിന്നീടുന്ന
390 ബാലികമാരെയും ചാലെക്കണ്ടാൻ.

391 വാജികൾ മേവുന്ന ശാലകൾ കാണായി;
392 വാരണം ചേരുന്ന ശാലകളും.
393 ഇത്തരമോരോരോ രത്നങ്ങൾകൊണ്ടുള്ള
394 വസ്തുക്കൾ പിന്നെയും കാണായ്യപ്പോൾ.
395 വിദ്രുമംകൊണ്ടുള്ള ഭിത്തികൾ കണ്ടിട്ടു
396 വിസ്മയിച്ചീടിനാനേറ്റമേറ്റം.
397 വന്നുവന്നീടുന്ന വന്ദികളെല്ലാരും
398 വാരണമേറിന ചേകവരും
399 വന്ദിച്ചുനിന്നതു കണ്ടുകണ്ടന്നേരം
400 എന്തിതിങ്കാരണമെന്നുഴന്നാൻ:

401 "വൃദ്ധനായ് നിന്നുള്ളൊരദ്ധ്വഗനായങ്ങു
402 നിർദ്ധനനായുള്ളൊരെന്നെയിപ്പോൾ
403 ചാരത്തു വന്നിവർ വന്ദിച്ചുനിന്നതിൻ
404 കാരണമെന്തെന്നു കണ്ടുതില്ലെ.
405 ഏതൊരു ലോകമിതെന്നതു ചിന്തിച്ചാൽ
406 ഏതുമേ നിർണ്ണയിക്കാവതല്ലേ.
407 സ്വർഗ്ഗമായ്മേവുന്ന ലോകമെന്തിങ്ങനെ
408 നിർഗ്ഗമിച്ചിന്നിതിലായിതോതാൻ?
409 എന്നുടെ ഗേഹമിതെന്നതു ചിന്തിച്ചാൽ
410 നിർണ്ണയമുണ്ടെനിക്കുള്ളിലെന്നാൽ

411 ദുഷ്ടന്മാരായുള്ള മന്നവരാരാനും
412 പെട്ടെന്നു വന്നു മൽ ഗേഹംതന്നിൽ
413 ആട്ടിവിട്ടെന്നുടെ ഭാര്യയെത്തന്നെയും
414 കോട്ടയും കോരിനാരെന്നു വന്നു.
415 ഗേഹവും കൂടാതെ ഭാര്യയും കൂടാതെ
416 കേവലം പോക നാമെന്നുവന്നു.
417 ശില്പങ്ങൾ കണ്ടിനി വിസ്മയിച്ചീടാതെ
418 മൽപ്രിയ പോയെടമാരായ്വൂ ഞാൻ.
419 ശ്രീപത്മനാഭനെക്കണ്ടെനിക്കിങ്ങനെ
420 യാപത്തു പോന്നു പിണഞ്ഞൊല്ലാഞ്ഞു.

421 ചെമ്മു പെരുത്തു ചെറുത്തുനിന്നീടിനാൽ
422 തണ്മയേ വന്നീടുമെന്നു ഞായം.
423 വേദന മേവുന്ന മാനസം വെന്തിട്ടു
424 രോദനം വേണ്ടുന്ന കാലത്തിപ്പോൾ
425 അന്തമില്ലാതൊരു സന്തോഷം പൊങ്ങുന്നൂ
426 തെന്തതിങ്കാരണമെന്നു ചൊൽവൂ."
427 ധന്യനായ് നിന്നിള്ളൊരാരണനിങ്ങനെ
428 തന്നിലേ ചിന്തിച്ചു നിന്നു നേരം
429 ആരണനാരിമാർമൗലിയായ്മേവിനി
430 ന്നാര്യയായുള്ളൊരു ഭാര്യയപ്പോൾ

431 തമ്പതി വന്നതു കണ്ടൊരു നേരത്തു
432 സംഭ്രമിച്ചമ്പിനോടാദരവിൽ
433 സുന്ദരിമാരായ ചേടിമാർ ചൂഴറ്റു
434 വന്നുതുടങ്ങിനാൾ മന്ദമപ്പോൾ
435 കാർവർണ്ണൻചൊല്ലാലെ മുന്നമേ വന്നൊരു
436 വാരിജമന്ദിരയെന്നപോലെ.
437 ദൂരവേവന്നുള്ള നാരിയെക്കണ്ടുള്ളൊ
438 രാരണൻ ചിന്തിച്ചാൻ തന്നിലപ്പോൾ:
439 സുന്ദരിയായൊരു നാരിയുണ്ടിങ്ങോടു
440 വന്നുതുടങ്ങുന്നുതാകിലോതാൻ

441 രത്നങ്ങൾ പൂണ്ടൊരു മേനിയെക്കാണുമ്പോൾ
442 കല്പകവല്ലിതാനെന്നു തോന്നും.
443 ലക്ഷണമൊന്നൊന്നേ ചിന്തിച്ചു കാണുമ്പോൾ
444 ലക്ഷ്മിതാൻ കേവലമല്ലയല്ലീ?
445 ഉത്തമയായൊരു നാരിയെന്നുള്ളതോ
446 വ്യക്തമായ്ച്ചൊല്ലാമിമ്മേനി കണ്ടാൽ
447 ആരണനാരിയെന്നിങ്ങനെ തോന്നുന്നൂ
448 താനനംതന്നിലേ നാണം കണ്ടാൽ
449 എന്നുടെ മാനസമന്യമാരാരിലും
450 എന്നുമേ ചെല്ലവോന്നല്ലയല്ലൊ;

451 ഇന്നിവൾതന്നിലേ ചെന്നുനിന്നീടുന്ന
452 പിന്നെയും പിന്നെയും കണ്ടതോറും
453 പാപത്തെപ്പൂരിപ്പാൻപോകാതെ നീയെന്നി
454 പ്പാപിയോടേറ്റം ഞാൻ ചൊല്ലുംനേരം
455 എന്നെയും കൈവിട്ടു പിന്നെയും ചെല്ലുന്നു
456 തന്നുടെ കോരകമെന്നു നണ്ണി.
457 കഷ്ടമേയെന്നുടെ കർമ്മവും കൈവിട്ടു
458 ദുഷ്ടനായ്വന്നു ഞാനിന്നു നേരേ.
459 കാണുന്നനേരമന്നാണവുംപൂണ്ടു നി
460 ന്നാനനംതന്നെയും താഴ്ത്തു മെല്ലെ

461 എന്നുടെ പാദങ്ങൾതന്നിലേ നോക്കുമ്പോൾ
462 എന്നുടെ ജായതാനെന്നപോലെ.
463 ആരിവളെന്നുള്ളതിങ്ങനെ ചിന്തിച്ചി
464 ട്ടാരണമ്പിന്നെയും നോക്കുംനേരം
465 ചാരത്തു വന്നൊരു ഭാര്യതാനങ്ങവൻ
466 വാരുറ്റ പാദങ്ങൾ കൂപ്പിനിന്നാൾ.
467 കൂപ്പിനിന്നീടുന്ന ജായതൻ മെയ്യെങ്ങും
468 വായ്പോടു നിന്നങ്ങു പാർത്തനേരം
469 രത്നങ്ങൾതന്നുടെ രശ്മികൾകൊണ്ടെങ്ങും
470 പ്രത്യംഗമെല്ലാമേ മൂടുകയാൽ

471 ജായയെന്നുള്ളതു നിർണ്ണയിച്ചീടുവാൻ
472 ആയില്ലയങ്ങവനൊട്ടുനേരം.
473 പിന്നെയും ചിന്തിച്ചു തന്നുടെ ജായയെ
474 ന്നിങ്ങനെ തന്നിലുറച്ചനേരം
475 തന്നെ മറന്നൊരു സന്തോഷംപൂണ്ടു തൻ
476 മന്ദിരം പൂകിനാൻ ഭാര്യയുമായ്.
477 പെട്ടെന്നു ചെന്നു നൽക്കെട്ടകംതന്നിൽപ്പു
478 ക്കിഷ്ടമായുള്ളൊരു കട്ടിൽതന്മേൽ
479 പുത്തനായുള്ളൊരു മെത്തതന്മീതേ പോയ്
480 സ്വസ്ഥനായ് ചെന്നങ്ങിരുന്നനേരം

481 നീതിയിൽനിന്നങ്ങു ചോദിച്ചാന്തന്നുടെ
482 ഭൂതിയുണ്ടായതിങ്കാരണത്തേ.
483 ഇഷ്ടനായുള്ളവൻ ചോദിച്ചനേരത്തു
484 തുഷ്ടയായുള്ളൊരു ഭാര്യ ചൊന്നാൾ:
485 "ഇന്നലെയിന്നേരം വന്നതു കാണായി
486 സുന്ദരിയായൊരു നാരിതന്നെ.
487 പങ്കജമുണ്ടു നൽക്കൈകളിൽ രണ്ടിലും
488 കൊങ്കയിലുണ്ടു നന്മുത്തുമാല
489 ചേണുറ്റുനിന്നുള്ളൊരാണിപ്പൊന്നെല്ലാമേ
490 നാണിച്ചുപോമവൾകാന്തി കണ്ടാൽ.

491 പൊല്ക്കുടംപൂണ്ടുള്ളൊരാനകൾ രണ്ടുണ്ടു
492 നില്ക്കുന്നുതങ്ങവൾ രണ്ടുപാടും.
493 ആയിരം തിങ്കൾതങ്കാന്തിയെ വെന്നുള്ളോൾ
494 ആനനംതന്നുടെ കാന്തി കണ്ടാൽ.
495 തെറ്റെന്നു പോന്നിങ്ങു വന്നുടൻ നമ്മുടെ
496 ചെറ്റയിൽ നൂണുടൻ നിന്നു ചൊന്നാൾ:
497 "ദ്വാരകതന്നിൽനിന്നിന്നു ഞാൻ വന്നു നി
498 ന്നാരണൻ വന്നതു കാരണമായ്.
499 എന്നതു കേട്ടു ഞാൻ ചെന്നങ്ങു നിന്നപ്പൊ
500 ളന്നിലംതന്നിൽ മറഞ്ഞുകൊണ്ടാൾ.

501 പിന്നെ ഞാൻ നോക്കുമ്പൊളിന്നിലംതന്നെയും
502 എന്നെയുമിങ്ങനെ കണ്ടേനത്രെ."
503 ഇങ്ങനെ കേട്ടുള്ളൊരാരണൻ ചിന്തിച്ചി
504 ട്ടിന്ദിരതാനെന്നു നണ്ണിപ്പിന്നെ
505 കാർവർണ്ണന്തന്നുടെ ലീലയെന്നിങ്ങനെ
506 ഭാര്യയും താനുമായ് നിർണ്ണയിച്ചാൻ.
507 ഏറിയിരുന്നൊരു മോദവുംപൂണ്ടുനി
508 ന്നാരണന്തന്നുടെ ഭാര്യയുമായ്
509 വിണ്ണിലുണ്ടാകുന്ന ഭോഗങ്ങളെല്ലാമേ
510 മണ്ണിൽനിന്നങ്ങു ഭൂജിച്ചു നിന്നാൻ.

511 ഇഷ്ടങ്ങളായുള്ള ഭോഗങ്ങൾ സേവിച്ചി
512 ട്ടൊട്ടുനാളിങ്ങനെ ചെന്നകാലം.
513 ശ്രീമദമേറ്റുന്നിതെന്നൊരു പേടി പൂ
514 ണ്ടാരണന്തന്നിലേ നണ്ണിനിന്നാൻ:
515 "ഭോഗങ്ങൾതന്നെബ്ഭുജിച്ചുനിന്നിങ്ങനെ
516 ഭോഷനായ്പോയി ഞാനെന്നു വന്നു.
517 ഭോഗങ്ങളെല്ലാമേ പോകെന്നു ചൊന്നിനി
518 യോഗങ്ങൾ വേണം ഞാനാചരിപ്പാൻ"
519 ഇങ്ങനെ ചിന്തിച്ചു പൊങ്ങിനിന്നീടുന്ന
520 സംഗങ്ങളെല്ലാമേ ദൂരത്താക്കി;

521 സംഗംവെടിഞ്ഞൊരു മാനസംതന്നെയും
522 പങ്കജലോചനന്തങ്കലാക്കി
523 കേവലയായൊരു ഭാവനതന്നിലേ
524 മേവിനിന്നീടിനാൻ മെല്ലെമെല്ലെ.
525 ഭാവനകൊണ്ടു വശിച്ചുനിന്നീടുന്ന
526 ഗോവിന്ദരൂപം തന്മാനസത്തിൽ
527 ദർപ്പണംതന്നിലുള്ളാനനംപോലെയ
528 ങ്ങെപ്പൊഴും കാണായിവന്നുതപ്പോൾ
529 ദീനങ്ങൾ വേറിട്ടൊരാരണനിങ്ങനെ
530 ആനന്ദലീലനായ് നിന്നു പിന്നെ.

531 നേരറ്റു നിന്നൊരു ചങ്ങാതിയായ ഞാൻ
532 വേറിട്ടു പോകൊല്ലായെന്നപോലെ
533 വങ്കനിവമ്പുന്ന പങ്കജലോചനൻ
534 തങ്കഴൽതങ്കലേ തങ്ങിക്കൊണ്ടാൻ.