Jump to content

കൃഷ്ണഗാഥ/രണ്ടാം ഭാഗം/രാജസൂയം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കൃഷ്ണഗാഥ
രണ്ടാം ഭാഗം

കൃഷ്ണഗാഥ
ഒന്നാം ഭാഗത്തിലേക്ക്


1 നന്ദജനമ്പോടു മന്ദിരംതന്നിലേ
2 നന്ദിച്ചുനിന്നീടുമന്നൊരുനാൾ
3 നിർമ്മലനായൊരു ധർമ്മജന്മാവുതാൻ
4 അംബുജലോചനന്തന്നെ നോക്കി
5 ആസ്ഥാനമന്ദിരംതന്നിൽനിന്നോർത്തൊരു
6 വാർത്തയെച്ചൊല്ലിനാനാസ്ഥയോടെ:
7 "കാരുണ്യവാരിധിയായൊരു നിന്നുടെ
8 കാരുണ്യമുണ്ടെന്നിലെങ്കിലിപ്പോൾ
9 സത്വരം ചെയ്കയിലാശയുണ്ടേറ്റവും
10 ഉത്തമമായൊരു രാജസൂയം

11 ആവതല്ലാതതു ചിന്തിച്ചുകൊണ്ടല്ലൊ
12 കേവലമാശതാൻ മേവി ഞായം."
13 ധർമ്മജന്തന്നുടെ ചൊല്ലിനെക്കേട്ടുളെളാ
14 രംബുജലോചനൻ ചൊന്നാനപ്പോൾ:
15 "യോഗ്യമായുളളതിലാശ ചെന്നീടിനാൽ
16 ഭാഗ്യവാനെന്നല്ലൊ വന്നു ഞായം.
17 വൈകല്യം വാരാതെ സാധിച്ചുനിന്നീടും
18 വൈകാതെ നിന്നുടെ രാജസൂയം.
19 ദിഗ്ഗജം വെല്ലുന്ന സോദരന്മാരെ നീ
20 ദിഗ്ജയത്തിന്നു നിയോഗിക്കെന്നാൽ."

21 എന്നതു കേട്ടൊരു ധർമ്മജൻചൊല്ലാലെ
22 നിന്നൊരു സോദരവീരരെല്ലാം.
23 പെട്ടെന്നു ചെന്നോരോ മന്നവന്മാരോടു
24 മുട്ടിപ്പിണഞ്ഞു കതിർത്തു നേരെ
25 താഴാതകണ്ടു ജയിച്ചവർ നല്കിന
26 കോഴയുംകൊണ്ടിങ്ങു പോന്നു വന്നാർ.
27 മാഗധന്തന്നെജ്ജയിച്ചീലയെന്നിട്ടു
28 മാഴ്കിനിന്നീടുമമ്മന്നവൻെറ
29 മാനസം കണ്ടു പറഞ്ഞുനിന്നീടിനാൻ
30 മാനിച്ചു മാഴ്കാതെ മാധവന്താൻ:

31 "പാർത്ഥനും ഭീമനും ഞാനുമായ് ചെന്നുനി
32 ന്നാർത്തിയെപ്പോക്കുന്നൂതുണ്ടു നേരേ."
33 ഇങ്ങനെ ചൊന്നവർ മൂവരുമൊന്നിച്ചു
34 സംഗരകാംക്ഷികളായിപ്പിന്നെ
35 മാരണകർമ്മത്തിങ്കാരണരായി ന
36 ല്ലാരണരായിച്ചമഞ്ഞു നേരേ
37 മാഗധമന്ദിരം നോക്കി നടന്നാര
38 മ്മാധവഭീമധനഞ്ജയന്മാർ.
39 വീരനായുളെളാരു മാഗധന്താനപ്പോൾ
40 ആരണർ വന്നതു കണ്ടനേരം

41 ഉത്തമമായൊരു പൂജയെച്ചെയ്തിട്ടു
42 ഭക്തിയെപ്പൂണ്ടു തെളിഞ്ഞു ചൊന്നാൻ:
43 "നൽവരം നല്കിന നിങ്ങളീ വന്നതു
44 നൽവരവായിട്ടു വന്നുതെന്നാൽ
45 എന്തൊരു കാംക്ഷകൊണ്ടെന്നുടെ ചാരത്തു
46 വന്നുതെന്നുളളതു ചൊല്ലവേണം.
47 ചാരത്തു വന്നിട്ടകപ്പെട്ടു നിന്നു ഞാൻ
48 ആരായവേണ്ടുന്നു നിങ്ങളല്ലൊ."
49 ഇങ്ങനെ ചൊല്ലുന്ന മാഗധമ്പിന്നെയും
50 തന്നിലേ ചിന്തിച്ചു ചിന്തിച്ചപ്പോൾ

51 പങ്കജലോചനന്തന്മുഖം കണ്ടിട്ടു
52 ശങ്കിതനായിട്ടു നിന്നു ചൊന്നാൻ:
53 "പണ്ടു ഞാനെങ്ങാനും കണ്ടൊരു ദേഹമെ
54 ന്നുണ്ടെനിക്കുളളിലേ തോന്നുന്നിപ്പോൾ.
55 എന്നിലമെന്നതു ചൊല്ലുവാൻ വല്ലേൻ ഞാ
56 നെന്നിലമെന്നതു ചൊല്ലവേണം."
57 മാഗധനിങ്ങനെ ചൊന്നതു കേട്ടൊരു
58 മാധവൻ ചൊല്ലിനാൻ മന്ദമപ്പോൾ:
59 "യാദവന്മാരോടു പോർക്കു തുനിഞ്ഞു നീ
60 യാതനായീലയോ പണ്ടൊരുനാൾ?

61 അന്നു ഞാൻ കണ്ടതെ"ന്നിങ്ങനെ കേട്ടപ്പോൾ
62 പിന്നെയും ചൊല്ലിനാന്മാഗധന്താൻ:
63 "കൊണ്ടൽനേർവർണ്ണനന്നിണ്ടലും പൂണ്ടിട്ടു
64 മണ്ടുന്നതെല്ലാമേ കണ്ടുതല്ലീ?"
65 എന്നതു കേട്ടൊരു മാധവൻ ചൊല്ലിനാൻ
66 നിന്നൊരു മന്നവന്തന്നോടപ്പോൾ:
67 "ചീറ്റവും കൈവിട്ടു പോറ്റിയും ചൊല്ലീട്ടു
68 തോറ്റങ്ങു മണ്ടുന്നതേറ്റമപ്പോൾ
69 അഞ്ചാറുവട്ടമല്ലന്നു ഞാൻ കണ്ടതോ
70 ചെഞ്ചെമ്മേ കേൾ പതിനേഴുവട്ടം."

71 മാനിയായുളെളാരുമാഗധനെന്നപ്പോൾ
72 ആനനംതന്നെയും താഴ്ത്തിച്ചൊന്നാൻ:
73 "ആരണർ ചൊന്നതിനുത്തരം ചൊല്ലുവാൻ
74 ആരുമേയില്ലയിപ്പാരിലിപ്പോൾ.
75 ആരെന്നു ചൊല്ലേണം കേവലം നിങ്ങളെ
76 ആരണരല്ലെന്നേ തോന്നുന്നിപ്പോൾ."
77 ശങ്കിതനായൊരു മാഗധന്തന്നോടു
78 പങ്കജലോചനൻ ചൊന്നാനപ്പോൾ:
79 "ആന്ധ്യമാണ്ടിങ്ങനെ നീളെ നടന്നിട്ടു
80 താന്തരായ് നിന്നുളള പാന്ഥർ ഞങ്ങൾ.

81 ദാനങ്ങൾ ചെയ്യുന്ന നിന്നുടെ ചാരത്തു
82 ദീനത്തെപ്പോക്കുവാൻ വന്നുതിപ്പോൾ.
83 ഇച്ഛയെച്ചൊല്ലിനാൽ നല്കും നീയെന്നിട്ടു
84 നിശ്ചയമുണ്ടായേ ചൊൽവാനാവൂ."
85 മാധവൻ ചൊല്ലിന ചൊല്ലിനെക്കേട്ടൊരു
86 മാഗധൻ ചൊല്ലിനാൻ മാനിച്ചപ്പോൾ:
87 "ആജ്ഞകൊണ്ടെല്ലാമേ സാധിച്ചുകൊളളുവാൻ
88 പ്രാജ്ഞന്മാരല്ലൊയിന്നിങ്ങളെന്നാൽ
89 ചൊല്ലുന്നതെല്ലാമേ നല്കുന്നതുണ്ടു ഞാൻ
90 ചൊല്ലുവാനേതുമേ ശങ്കിക്കേണ്ട.

91 പ്രാണങ്ങൾതന്നെയും നല്കുവൻ ചൊല്ലുകിൽ
92 കാണങ്ങളെന്നതോ പിന്നെയല്ലൊ."
93 സത്യമായ് നിന്നവനിങ്ങനെ ചൊന്നപ്പോൾ
94 സത്വരം ചൊല്ലിനാൻ നന്ദജന്താൻ:
95 "യുദ്ധത്തെക്കാമിച്ചു വന്നതു ഞങ്ങളി
96 ന്നുദ്ധതനായൊരു നീയുമായി.
97 ഭീമനിന്നിന്നതു പാർത്ഥനന്നിന്നതു
98 വാമനായുളെളാരു മാധവൻ ഞാൻ.
99 ഞങ്ങളിൽ മൂവരിലാരെന്നു ചിന്തിച്ചു
100 സംഗരത്തിന്നു തുനിഞ്ഞുകൊൾ നീ."

101 നന്ദജനിങ്ങനെ ചൊന്നൊരു നേരത്തു
102 മന്നവനേറ്റം ചിരിച്ചു ചൊന്നാൻ:
103 "നിന്നോടുകൂടിന സംഗരം നില്ക്കട്ടി
104 മ്മന്നവന്മാരിലാരെന്നേ വേണ്ടു.
105 കണ്ടൊരുനേരത്തു മിണ്ടൂതും ചെയ്യാതെ
106 മണ്ടുവായല്ലൊ നീ പണ്ടേപ്പോലെ.
107 അന്നു പോയംബുധിതന്നിൽ മറഞ്ഞ നീ
108 ഇന്നു വെളിച്ചത്തു വന്നായല്ലൊ?
109 കോമളനായൊരു പാർത്ഥനെക്കാണുമ്പോൾ
110 ഓമനിപ്പാനല്ലൊ തോന്നി ഞായം

111 ഭീമനായുളെളാരു ഭീമനെയെന്നോടു
112 വാമനായ് നിന്നു കതിർപ്പാനാവൂ."
113 ഇങ്ങനെ ചൊന്നുടൻ ഭീമനോടൊന്നിച്ചു
114 സംഗരമായിപ്പിണഞ്ഞാനപ്പോൾ.
115 നൽഗദകൊണ്ടങ്ങു താഡനം ചെയ്കയും
116 വൽഗനം ചെയ്കയുമങ്ങുമിങ്ങും.
117 വീരന്മാർ കോലുന്ന നേരറ്റ സംഗരം
118 ഘോരമായ് വന്നിതു പാരമപ്പോൾ
119 ദർപ്പമെഴുന്നുളള കേസരിവീരന്മാർ
120 കെല്പോടു നിന്നു കതിർക്കുംപോലെ.

121 കാർമുകിൽവർണ്ണന്തൻ കാരുണ്യംതന്നാലെ
122 വാമനായ് മേവുന്ന ഭീമനപ്പോൾ
123 മന്ദനായുളെളാരു മാഗധന്തന്നുടെ
124 അന്തകനായ് വന്നാനെന്നേ വേണ്ടു.
125 കെട്ടുപെട്ടീടിന മന്നോരെയെല്ലാമേ
126 പെട്ടെന്നു ചെന്നങ്ങഴിച്ചു പിന്നെ
127 ഇഷ്ടങ്ങളായുളളതൊന്നൊന്നേ നല്കീട്ടു
128 തുഷ്ടന്മാരാക്കിനാൻ തോയജാക്ഷൻ,
129 തന്നുടെ തന്നുടെ നാട്ടിലങ്ങാക്കീട്ടു
130 ധന്യരാക്കീടിനാമ്പണ്ടെപ്പോലെ.

131 വീരന്മാരായുള്ള പാണ്ഡവന്മാരുമായ്
132 പാരാതെ പോന്നിങ്ങു വന്നു പിന്നെ
133 സന്താപം പൂണ്ടൊരു ധർമ്മജന്നുളളത്തിൽ
134 സന്തോഷം പൂകിച്ചാമ്പാരമപ്പോൾ.
135 സമ്മോദം പൂണ്ടൊരു ധർമ്മജന്മാവുതൻ
136 നിർമ്മലരായുളെളാരാരണരേ
137 യജ്ഞത്തിനായി വരിച്ചുകൊണ്ടീടിനാൻ
138 അജ്ഞത വേറിട്ടാലെന്നു ഞായം.
139 മാനിതന്മാരായുളളാരണരെല്ലാരും
140 മാധവൻചൊല്ലാലും മാനിച്ചപ്പോൾ

141 സൂക്ഷിച്ചുകൊണ്ടങ്ങു വേദങ്ങളെല്ലാമേ
142 ദീക്ഷിപ്പിച്ചീടിനാർ മന്നവനേ.
143 സമ്പാദ്യമായുളള സംഭാരമെല്ലാമേ
144 സമ്പാദിച്ചമ്പോടു മുമ്പിനാലേ
145 നേരറ്റു നിന്നൊരു വേദിയും നിർമ്മിച്ചി
146 ട്ടാരംഭിച്ചീടിനാർ രാജസൂയം.
147 വാസവന്മുമ്പായ വാനവരെല്ലാരും
148 വാനിൽനിന്നന്നേരം പോന്നു വന്നാർ.
149 മാമനിമാരും മറ്റുളേളാരുമെല്ലാരും
150 മാഴ്കാതെ വന്നുതുടങ്ങീതപ്പോൾ.

151 ദാനങ്ങൾ കാമിച്ചുളളാരണരോരോരോ
152 ബാലകന്മാരുമായ് വന്നു പിന്നെ
153 വേഗത്തിൽ ചെന്നങ്ങു വേദിതൻ ചാരത്തു
154 വേദങ്ങളോതിനാർ നീതിയോടെ.
155 ഉന്നതരായുളള മന്നവരെല്ലാരും
156 വന്നുതുടങ്ങിനാർ വാരിപോലെ
157 ചേലയും പൂണ്ടു ചമഞ്ഞുനിന്നീടുന്ന
158 ചേവകന്മാരുമായ് ചെവ്വിനോടെ
159 മാനത്തെപ്പൂണ്ടുളെളാരാനർത്തവീരരെ
160 ക്കാലത്തേ വന്നതു കാണായപ്പോൾ.

161 വാഞ്ച്ഛിതരായുളള പാഞ്ചാലരെല്ലാരും
162 ചാഞ്ചല്യം കൈവിട്ടു വന്നാരപ്പോൾ,
163 കുഞ്ജരമേറിന സൃഞ്ജയവീരരെ
164 പ്പുഞ്ജിതരായിട്ടു കാണായ്യപ്പോൾ.
165 ചാല്യന്മാരല്ലാത സാല്വന്മാരെല്ലാരും
166 മാല്യവും പൂണ്ടു ചമഞ്ഞു വന്നാർ.
167 ക്ഷുദ്രന്മാരല്ലാത മദ്രകന്മാരെയും
168 ഭദ്രന്മാരായിട്ടു കാണായ്യപ്പോൾ.
169 കങ്കണം പൂണ്ടുളള കൊങ്കണവീരർ വ
170 ന്നങ്കണംതന്നിൽ നിറഞ്ഞൂതെങ്ങും.

171 കമ്രന്മാരായിട്ടു വെണ്മയിൽ വന്നാര
172 ക്കർമ്മരായ് നിന്നുളള ശുംഭന്മാരും
173 തുംഗന്മാരായ കലിംഗന്മാരെല്ലാരും
174 ഭംഗികൾ പൊങ്ങിന വംഗന്മാരും
175 മേളമെഴുന്നുളള മാളവന്മാരും നൽ
176 കേളികളാളുന്ന ചോളന്മാരും
177 ആകുലരാകാതെ കേകയവീരനും
178 മാഴ്കാതെ വാഴുന്ന മാഗധരും
179 വേർപാകി നിന്നുളള വേഴച്യെപ്പൂണ്ടുളള
180 നേപാളഭൂപാലവീരന്മാരും

181 അന്തകനഞ്ചുന്ന കുന്തളവീരരും
182 ബന്ധുരസിന്ധുമഹീന്ദ്രന്മാരും
183 ശൗണ്ഡ്യരായ് നിന്നുളള പാണ്ഡ്യമഹീശരും
184 പാണ്ഡവമന്ദിരംതന്നിലായി.
185 അന്യന്മാരായുളള മന്നവർപിന്നെയും
186 വന്നു വന്നീടിനാർ വായ്പിനോടേ.
187 ആഴികൾ നാലിനകത്തുളള ലോകരിൽ
188 ആരിങ്ങു വാരാഞ്ഞോരെന്നേ വേണ്ടു.
189 ആഗതരായുളള ലോകരങ്ങെല്ലാരും
190 ആദരവോടിരുന്നങ്ങുമിങ്ങും

191 ആസ്ഥപൂണ്ടോരോരോ വാർത്ത തുടങ്ങിനാർ
192 ആസ്ഥരായുള്ളോരെക്കായാലേ.
193 നാനാജനങ്ങൾക്കു നാനാവിധങ്ങളാം
194 ആലാപജാലങ്ങളുണ്ടായ്യപ്പോൾ
195 ഒന്നിനോടൊന്നുമേ സംഗതി കൂടാതെ
196 ഉന്മത്തർ ചൊല്ലുന്ന ചൊല്ലുപോലെ:
197 "ഒട്ടുപോലുണ്ടല്ലൊ വന്നിതിങ്ങെല്ലാരും
198 തൊട്ടുകാണെന്നുടെ മേനി തോഴാ!
199 തോണി പിരണ്ടു വശംകെട്ടുതല്ലല്ലീ?
200 മാണികളോതുമാറില്ലയിപ്പോൾ

201 ചേണുറ്റ വീണതൻ ഞാണറ്റുപോയിതു
202 മാണിക്യംകൊണ്ടു നിറഞ്ഞുകൂടി.
203 ആനകൾ വന്നു നിറഞ്ഞതു കണ്ടാലും
204 കാനകനാറി മണത്തതേറ്റം.
205 ചാരത്തിരുന്നൊരു ചൂരക്കോൽ കണ്ടില്ല
206 സാരസ്യമില്ലയിന്നാരിക്കൊട്ടും.
207 പൂരത്തിലായിതു സൂരിതാനിന്നലെ
208 പേരപ്പൻ വന്നതു കണ്ടായോ നീ?
209 പാരിച്ചു വന്നൊരു മാരച്ചൂടുണ്ടുളളിൽ
210 കാരക്ക വേണ്ടുകിൽ താരം കൊണ്ടാ.

211 ചാരത്തു പോന്നിങ്ങു തളളുന്നതെന്തിന്നു?
212 വാരത്തിനിന്നലെപ്പോയീല ഞാൻ.
213 കുക്കുടംതന്നുടെ പൂവുണ്ടോ ചൂടാവു?
214 നിഷ്കുടംതന്നിലേ പോകയോ നാം.
215 പൊല്ക്കുടമുളളവ മിക്കതും വന്നുതോ?
216 മുക്കുടികൊണ്ടേ ശമിപ്പുവിപ്പോൾ.
217 നല്ക്കൊടിതോരണമൊക്കവേ കണ്ടാലും
218 പുഷ്കരതീർത്ഥത്തിൽ പോകുന്നായോ?
219 പൊല്ക്കുടതങ്കീഴിൽ നില്ക്കുന്നതാരിതു
220 വില്ക്കുന്നേനല്ലയെൻ വില്ലു ഞാനോ?

221 വന്നൊരു നാരിയിൽ നല്ലതിന്നാരിതാൻ
222 പന്നിത്തോലുണ്ടല്ലൊ കൈയിൽ കൂടെ.
223 തുംഗനെ വാങ്ങിനാലിങ്ങനെ വന്നീടും
224 ചങ്ങലനാഴികൾ ചാരത്തൂതോ?
225 വംഗന്മാർ വന്നതിൽ പിന്നാലേ വന്നതാർ?
226 ഗംഗയിൽ മുങ്ങിനാർ മൂവരിന്നാൾ.
227 കുണ്ഡത്തിന്നേതുമേ കുറ്റമില്ലല്ലീ ചൊൽ
228 അണ്ഡത്തിൻ പൂകൊണ്ടു ദണ്ഡിക്കുന്നു.
229 രംഭയ്ക്കു നല്ലൊരു തമ്പന്നനിന്നിവൻ
230 കുംഭങ്ങൾ നാലുണ്ടു കൂപംതന്നിൽ.

231 മീനത്തിന്നേതുമങ്ങൂനമില്ലല്ലീ ചൊൽ
232 മേനിയിൽ മേവുന്നു നോവിന്നെല്ലാം.
233 വൃശ്ചികരാശിയിൽ വിഷ്ടിയില്ലല്ലീ ചൊൽ
234 എച്ചെവി ചോരുന്നു പാരമിപ്പോൾ?
235 സൂതികമുണ്ടായാലോതുകയില്ലല്ലീ
236 ചോതിയിലായിതോ വൈധൃതംതാൻ.
237 മുപ്പത്തിരണ്ടിന്നു മുല്പാടു സങ്കടം
238 ഉല്പത്തി ചാലക്കിടത്തുവൻ ഞാൻ.
239 സ്വാദ്ധ്യായം പെണ്ണുന്ന വാദ്ധ്യായൻ വന്നുതോ?
240 വാത്തികൾ വാരാഞ്ഞതെന്തുമൂലം?

241 വാത്സ്യായനത്തിങ്കൽ വാത്സല്യമുണ്ടല്ലീ?
242 മാത്സ്യന്മാർ വന്നതു കണ്ടുതല്ലീ?
243 ആഴികളേഴിൻെറയാഴത്തെച്ചൊല്ലാമോ?
244 പാഴാമയുളേളാന്നിപ്പൈതൽ കണ്ടാൽ.
245 നാരദമാമുനി ചാരത്തു വന്നുതോ?
246 വാരിജക്കോരകം വാങ്ങിക്കൊൾ നീ.
247 പൊൽച്ചിലമ്പുണ്ടുപോലിച്ഛയില്ക്കൊളളുവാൻ;
248 നൊച്ചിവേർ സേവിപ്പൂ നോവൊഴിവാൻ.
249 മുക്കണ്ണമ്പാദങ്ങളുൾക്കാമ്പിലാക്കിക്കൊൾ
250 മൈക്കണ്ണി വന്നതു കണ്ടായോ നീ?

251 നർത്തകന്മാരുടെ നൃത്തങ്ങൾ കണ്ടുതോ?
252 മർത്ത്യരിൽ കൂടുമോ മാധവന്താൻ?
253 വാരുണമന്ത്രത്തിൻ വാചകമെങ്ങനെ?
254 വാമനമ്പണ്ടു വളർന്നപോലെ.
255 കാംബോജന്മാരുടെ കാന്തിയെക്കാകെടൊ!
256 ജാംബവാന്തന്നുടെ മേനിപോലെ.
257 വ്യാഖ്യാനമെങ്കൈയിലാക്കുന്നതെങ്ങനെ?
258 ഓക്കാനമുണ്ടെങ്കിലോർക്കവേണം.
259 നേത്രങ്ങളെന്തു ചുവന്നു തുടങ്ങുന്നു?
260 ശാസ്ത്രങ്ങൾ ശീലമായില്ലേയിപ്പോൾ?

261 അശ്വങ്ങൾക്കാകുന്ന വശ്യങ്ങളെന്തുളളു?
262 നിശ്രീകന്നീയെന്നു വന്നുകൂടി.
263 അന്ധനായുള്ളൊരു പാന്ഥനെക്കണ്ടാലും
264 മന്ഥരയെന്നവൾ മാനുഷിയോ?
265 വാളിളക്കീടുന്നതാരിവൻ ചൊല്ലു നീ?
266 കാളയെക്കൊള്ളുവാന്നാളെയാവൂ.
267 മാലയ്ക്കു കൊളളണം മാലതിപ്പൂവെല്ലാം.
268 ശൂലയ്ക്കു നന്നല്ല പാലു തോഴാ!
269 ശാംഭവം കേൾക്കയിലാശയുണ്ടേറ്റവും
270 മാമ്പഴം തിന്നണം ചാംപൊഴും ഞാൻ.

271 മേഷത്തിന്നേതുമേ ദോഷങ്ങളില്ലല്ലീ?
272 മൂഷികന്തിന്നു മുടിഞ്ഞുപോയി.
273 സന്ന്യാസിമാരെല്ലാമന്യായം ചൊല്ലിതോ?
274 പുണ്യാഹം ചെയ്യേണം കന്യാവിന്നും.
275 വാരണമേറി വരുന്നതിന്നാരുപോൽ?
276 മാരണം ചെയ്യുന്നോരെന്നു കേട്ടു.
277 നിർദ്ധനനെന്നിട്ടു ക്രുദ്ധനായില്ലല്ലീ?
278 വൃദ്ധനെക്കാണ്കെടോ വൃദ്ധയുമായ്.
279 ആവണക്കെണ്ണ നീയാവോളം സേവിക്ക
280 രാവണവൈരിതാൻ വീരനല്ലൊ.

281 ഷണ്മുഖന്തന്നുടെ പൂജയെച്ചൊല്ലു നീ
282 സമ്മതികേടിന്നു നമ്മൊടല്ലേ?
283 നാവിക്കളിക്ക സരസ്വതീദേവി വ
284 ന്നാവിക്കുരുന്നു മരുന്നു നല്ലൂ.
285 കമ്മരായുളളവരെമ്മരുണ്ടുമ്മതി
286 ന്നുമ്മരിൽ നല്ലതു കൊഞ്ഞനല്ലൊ.
287 കാർത്തികമാതുതൻ വാർത്തയെച്ചൊല്ലു നീ
288 വാർത്തികം വായിച്ചുകൂടീതിപ്പോൾ.
289 മൂർക്ക്വരായുള്ളോരിൽ മൂത്തതു നീയല്ലൊ
290 മൂക്കു തുടച്ചു തുടങ്ങിനാർപോൽ.

291 രോഹിണിനാളിലും മോഹമുണ്ടായ്വരും
292 ആഹവമുണ്ടെന്നുമായവണ്ണം.
293 പേശാതെ പോവാനോ വാശി വഴങ്ങിടാ
294 കൂശാതെ ചൊല്ലു കുരങ്ങുമീടാ!
295 ഓട്ടംതുടങ്ങുന്നതോതിക്കോനല്ലല്ലീ?
296 കേട്ടുകൊള്ളാറു തടുക്കാമല്ലൊ.
297 നീലത്തെക്കൂട്ടേണ്ടു ചേലകൾക്കെങ്ങനെ?
298 ബാലന്മാർ കോലുന്ന ലീലപോലെ.
299 മെച്ചമേ ചൊല്ലിനാൻ വച്ചരശങ്ങവൻ
300 പശ്ചിമവാതിലേ വന്നാലും നീ.

301 അംഗനതന്നുടെ മംഗലം കൊള്ളുന്നേൻ
302 തങ്ങളും നീയും നശിച്ചുപോമേ.
303 മുണ്ഡിതകേശനായ് മുന്നമേ വന്നുതോ?
304 വെണ്ണയുംകൊണ്ടുവാ വേഗത്തിൽ നീ.
305 മുഷ്കരമായുള്ള മുത്തുകൾ തന്നീട്
306 ശർക്കര മണ്ടി ഞാൻ കൊണ്ടുവാരാം.
307 നന്നാറി കൊണ്ടന്നു നന്നായി തേക്ക നീ
308 മുന്നാഴിപ്പാട്ടിന്നു തോലിയല്ലൊ.
309 മുക്കാതം പാഞ്ഞതു മൂവരുണ്ടിന്നാലെ
310 വക്കാണമുണ്ടായതുണ്ടോ കേട്ടു?

311 യക്ഷിണീപീഡയ്ക്കു രക്ഷ ചൊല്ലെങ്ങനെ?
312 പക്ഷികൾ മാനത്തു പാറുംപോലെ.
313 അഞ്ജനം കൊണ്ടുള്ള വേല ചൊല്ലെങ്ങനെ?
314 പഞ്ജരം പൂകിന സിംഹംപോലെ.
315 കിന്നരമന്ത്രം ഞാനങ്ങനെ സേവിപ്പൂ?
316 പന്നഗവായിലെപ്പല്ലുപോലെ.
317 വാസവമന്ത്രത്തിൻ ധ്യാനം ചൊല്ലെങ്ങനെ?
318 വാജികൾ ചാടുന്ന ചാട്ടംപോലെ.
319 വൃത്രനെക്കൊന്നതു വാസവനെങ്ങനെ?
320 ചിത്ര പിറന്നവർ ശീലംപോലെ.

321 ശ്രാദ്ധത്തിനുണ്ടായ കോപ്പെല്ലാം ചൊല്ലു നീ
322 മുർദ്ധാവിന്നുണ്ടാരു പുണ്ണു പാരം.
323 നാകികൾനായകൻ പോയവാറെങ്ങനെ?
324 കേകിതാൻ കേവലം കൂകുംപോലെ.
325 ബാലിതൻ വാലിൻറെ വണ്ണം ചൊല്ലെങ്ങനെ?
326 നീലവിലോചനമാരെപ്പോലെ.
327 കക്ഷിയെപ്പൂരിപ്പാൻ ഭക്ഷണമെന്തുള്ളു?
328 ശിക്ഷയെച്ചെയ്കിലേ ശീലം നല്ലൂ.
329 അക്ഷികളാടുന്ന ലക്ഷണമെങ്ങനെ?
330 മക്ഷികൾ പാടുന്ന പാട്ടുപോലെ."

331 ഇങ്ങനെയോരോരോ വാർത്തകളന്നേരം
332 പൊങ്ങിത്തുടങ്ങിതമ്മന്മിരത്തിൽ.
333 പ്രജ്ഞപൂണ്ടീടുന്ന ധർമ്മജന്തന്നുടെ
334 യജ്ഞവും പോന്നു മുതിർന്നുതായി.
335 പാചകന്മാരുടെ വേലകളെല്ലാമേ
336 ആചരിച്ചീടിനാൻ ഭീമസേനൻ.
337 വാഞ്ഛിതമായുളള വസ്തുക്കളോരോന്നേ
338 പാഞ്ചാലവീരൻ വിളമ്പിനിന്നാൻ,
339 അർജ്ജൂനനായതു സജ്ജനപൂജയിൽ
340 അച്യുതനംഘ്രിതൻ ക്ഷാളനത്തിൽ.

341 പണ്ടാരംകൊണ്ടുള്ള വേലകളെല്ലാമേ
342 തണ്ടാർമാതാണ്ട സുയോധനന്താൻ:
343 സ്വർണ്ണങ്ങൾകൊങ്ങുള്ള ദാനങ്ങളെല്ലാമേ
344 പുണ്യങ്ങൾ പൂണ്ടുള്ള കർണ്ണന്താനും;
345 വേഴ്ചയിൽ വന്നിട്ടു മറ്റുള്ളോരോരോരോ
346 വേലകൾ ചാലനിന്നാചരിച്ചാർ.
347 വേഗത്തിൽ ചെന്നങ്ങു തന്നുടെ തന്നുടെ
348 ഭാഗത്തെക്കൊണ്ടുകൊണ്ടാദരവിൽ
349 അബ്ജജന്മുമ്പായ നിർജ്ജരരെല്ലാരും
350 വിജ്ജ്വരരായി വിളങ്ങുംനേരം.

351 അഗ്ര്യമായുള്ളൊരു പൂജകൊണ്ടെല്ലാരും
352 വ്യഗ്രരായ് നിന്നു ചമഞ്ഞുകൂടി.
353 പാത്രമായുള്ളവനേവനെന്നിങ്ങനെ
354 ശാസ്ത്രികളെല്ലാരും ശ്രോത്രിയരും
355 ചിന്തിച്ചതോറുമങ്ങന്ധത കൈവിട്ടു
356 സന്ധിച്ചുകൂടീലയാർക്കുമൊന്നും
357 ഉത്തമരായുള്ള സത്തുക്കളന്നേരം
358 പത്തുനൂറല്ലല്ലോ വന്നതുള്ളു.
359 കല്മഷം കൈവിട്ടന്നിർമ്മലർ പിന്നെയും
360 സമ്മതം ചിന്തിച്ചു നിന്നനേരം.

361 വത്സലനായുള്ള നത്സഹദേവന്താൻ
362 സത്സഭതന്നിലേ ചെന്നു നേരേ
363 ഉത്തന്മാരുടെ ചിത്തത്തിലേറുവാൻ
364 പ്രത്യക്ഷമായിട്ടു ചൊന്നാനപ്പോൾ:
365 "വാഞ്ഛിതമായൊരു രത്നത്തെക്കൈവിട്ടു
366 കാഞ്ചനം തേടുന്നതെന്തു നിങ്ങൾ?
367 ശാഖിതന്മൂലത്തിലല്ലയോ വേണ്ടുന്നു
368 ശാഖകൾതോറും നനയ്ക്കവേണ്ട.
369 വിശ്വങ്ങൾക്കെല്ലാമേ ജീവനായ്മേവുന്നൊ
370 രച്യുതനല്ലയോ നിന്നതെന്നാൽ

371 മറ്റുള്ളതൊന്നുമേ ചിന്തിച്ചു നില്ലാതെ
372 തെറ്റെന്നു പൂജിക്കയെന്നേ വേണ്ടു."
373 മാദ്രേയനിങ്ങനെ വാർത്തയെച്ചൊന്നപ്പൊ
374 ളാർദ്രമായുള്ള മനസ്സുകളായ്
375 ആസ്ഥാനവാസികളായുള്ളോരെല്ലാരും
376 വാഴ്ത്തിനിന്നീടിനാരോർത്തതോറും.
377 അംബുജലോചനന്തന്നുടെ പൂജയ്ക്കു
378 ധർമ്മജന്താനും മുതിർന്നാനപ്പോൾ.
379 പൊല്ക്കുടം കിണ്ടികൾ പൊൽത്താലമെന്നിവ
380 യൊക്കവേ വന്നു നിരന്നുകൂടി.

381 പൊന്മായമായൊരു നിർമ്മലപീഠത്തിൽ
382 സന്മതിയോടങ്ങിരുത്തിപ്പിന്നെ
383 വേദങ്ങൾ ചെന്നങ്ങു വേഗത്തിൽ തേടുന്ന
384 പാദങ്ങൾ രണ്ടും പിടിച്ചു ചെമ്മേ
385 ക്ഷാളമംപെണ്ണിനാൻ പൂരിച്ച വാരികൊ
386 ണ്ടാനന്ദലോചനവാരികൊണ്ടും
387 ചാരത്തു വന്നൊരു വാമനമ്പാദത്തേ
388 വാരിജസംഭവനെന്നപോലെ.
389 ക്ഷാളനതോയങ്ങൾ കൈയിങ്ങാക്കിത്തൻ
390 ആനനം തന്നിലും മേനിയിലും

391 ഭക്തിയെപ്പൂണ്ടു തളിച്ചുനിന്നീടിനാൻ
392 ഉത്തമർക്കെന്നല്ലൊ തോന്നി ഞായം.
393 വട്ടത്തിൽനിന്നുള്ള മാമുനിമാരെല്ലാം
394 തൊട്ടു തളിച്ചു തുടങ്ങീതപ്പോൾ.
395 ഒക്കവേ ചെന്നങ്ങു തിക്കു തുടങ്ങിനാർ
396 പുഷ്കരലോചനൻചാരത്തെങ്ങും.
397 പ്രീതനായുള്ളൊരു ധർമ്മജന്മാവുതാൻ
398 പീതങ്ങളായുള്ള കൂറകളും
399 മുത്തകൾമുമ്പായ ഭൂഷണം നല്കി നി
400 ന്നുത്തമപൂജയുമാചാരിച്ചാൻ.

401 ദേവകളെല്ലാരുമേറിന മോദത്താൽ
402 പൂവുകൾ തൂകിനാരായവണ്ണം.
403 മാമുനിമാരുമങ്ങാമോദം പൂകിനാർ;
404 മാലോകരെല്ലാരുമവ്വണ്ണമേ.
405 പൂതനവൈരിതൻ പൂജയെച്ചെയ്കയാൽ
406 പൂതനായുള്ളൊരു ധർമ്മജന്താൻ
407 പൊങ്ങിയെഴുന്നൊരു സന്തോഷവാരിയിൽ
408 മുങ്ങി വിളങ്ങിയിരുന്നനേരം
409 വേദിതൻ ചാരത്തു മേവിനിന്നീടുന്ന
410 ചേദിപനാകുന്ന മന്നവന്താൻ

411 ദേവകീസൂനുവെക്കണ്ടൊരു നേരത്തു
412 വേവുറ്റു തന്നിലേ നണ്ണി നിന്നാൻ
413 "പാന്ഥനായ് വന്നിങ്ങു നിന്നൊരിപ്പാഴൻറെ
414 മോന്തയെക്കാണാതെ നിന്നിതാവൂ;
415 കുണ്ഡിനംതന്നിൽ പണ്ടുണ്ടായതോർക്കുമ്പോൾ.
416 കണ്ടോളമെന്നുണ്ടു തോന്നുന്നിപ്പോൾ."
417 ഇങ്ങനെ തന്നിലെ നണ്ണിന മന്നവൻ
418 അങ്ങനെ പിന്നെയും നിന്നനേരം
419 ഉത്തമപൂജകൊണ്ടുത്തമരായുള്ള
420 സത്തുക്കൾതങ്ങളിൽ ചൊന്നതെല്ലാം

421 കേൾക്കായനേരത്തു യോഗ്യവും ചിന്തിച്ചി
422 ട്ടാർക്കുപോലെന്നവൻ പാർത്തനേരം
423 മദ്രേയൻ ചൊല്ലുന്ന വാർത്തയെക്കേൾക്കായി
424 മാത്സര്യം പൊങ്ങീതു പാരമപ്പോൾ.
425 ആസ്ഥാനംതന്നിലുള്ളാര്യന്മാരെല്ലാരും
426 വാഴ്ത്തുന്നതൊന്നേ കേട്ടനേരം
427 ഉല്മുഖം കൊണ്ടെത്തങ്കർങ്ങൾ രണ്ടിലും
428 ചെമ്മേ ചെലുത്തുന്നുതെന്നു തോന്നി.
429 കൊണ്ടാടിനിന്നുള്ള മാമുനിമാരോടും
430 ഉണ്ടായിവന്നിതു കോപമപ്പോൾ.

431 ധർമ്മജന്തന്നുടെ സമ്മാനം കണ്ടപ്പൊ
432 ളുന്മദനായിച്ചമഞ്ഞുകൂടി.
433 പെട്ടെന്നെഴുനേറ്റു "കഷ്ടം!" എന്നിങ്ങനെ
434 രുഷ്ടനായ് നിന്നങ്ങു ചൊല്ലിപ്പിന്നെ
435 മൂക്കിന്മേൽ കൈവച്ചു ചൊല്ലിനിന്നീടിനാൻ
436 മൂർക്ക്വത ചീർത്തുള്ള വാർത്തതന്നെ;
437 "മൂഢനായുള്ളൊരു ബാലൻെറ ചൊൽ കേട്ടു
438 മൂഢന്മാരായിതോ നിങ്ങളെല്ലാം?
439 യോഗ്യരായുള്ളവർ നോക്കിനിന്നീടവെ
440 മൂർക്ക്വനായല്ലൊയിപ്പൂജയ്ക്കിപ്പോൾ.

441 കണ്ടാലുംനല്ലൊരു യാഗമായ്പോയതു
442 ചണ്ഡാലന്തീണ്ടിന പിണ്ഡംപോലെ.
443 ആരിവനെന്നതു നിങ്ങളിലാരുമേ
444 ഓരാതെ നിന്നതേ പോരായ്മതാൻ.
445 ഗോപാലനെന്നുണ്ടു ചൊല്ലുന്നുതെല്ലാരും
446 ഗോപാലന്താനുമല്ലോർത്തുകണ്ടാൽ.
447 ഇല്ലവും ജന്മവും ചിന്തിച്ചു കാണ്കിലോ
448 ചൊല്ലാവതില്ലിവനൊന്നുമേതാൻ.
449 അച്ഛനായുള്ളവനേവനെന്നിങ്ങനെ
450 നിശ്ചയമുണ്ടെങ്കിൽ ചൊല്ലിനാലും

451 കാനനവാസിയാം നന്ദനുമല്ലയ
452 ങ്ങാനകദുന്ദുഭിതാനുമല്ല.
453 കാന്തങ്ങളായ ഗുണങ്ങളില്ലൊന്നമേ
454 താന്തോന്നിയായത്രേ പണ്ടേയുള്ളു.
455 നിങ്ങളീച്ചെയ്തൊരു പൂജയ്ക്കു ചിന്തിക്കി
456 ലിങ്ങനെയാരുമേ വന്നുകൂടാ.
457 വായ്പോടുമാച്ചിമാർ കാച്യപാൽ തൈർ വെണ്ണ രാപ്പകൽ കക്കയിവന്നു ശീലം;
458 കളളനെന്നുള്ളൊരു നാമമുണ്ടാകയാൽ
459 കണ്ണനെന്നെല്ലാരും ചൊല്ലുന്നിപ്പോൾ.
460 കന്യകമാരുടെ ചേലകൾ വാരിനാൻ

461 പിന്നേടമെല്ലാമേ ചൊല്ലവേണ്ടാ.
462 മാതുലന്മൂലമായ് പാതകമുണ്ടല്ലൊ
463 പൂതനമൂലമായ് പെണ്കൊലയും.
464 ഇത്തരം ചൊല്ലുവാൻ പത്തുനൂറല്ലുള്ളൂ
465 തത്തരമോർക്കുമ്പൊളെന്നു വേണ്ടാ
466 പണ്ടിവൻ ചെയ്തുള്ള വേലകൾ ചൊൽവാനി
467 ക്കണ്ടുള്ളോരാരുമില്ലെന്നു ചൊല്ലാം.
468 ഇങ്ങനെയുള്ളനനെങ്ങനെ നിങ്ങൾക്കി
469 മ്മംഗലപൂജയ്ക്കു വന്നവാറ്?
470 സജ്ജനമായുള്ളൊരിജ്ജനംമുമ്പിലെ

471 ലജ്ജയും കൂടാതെ നിന്നതു കാ.
472 മത്സരിയായൊരു ദുസ്സഹന്തന്നെയി
473 സ്സത്സഭതന്നീന്നു പോക്കവേണം."
474 ഇത്തരമായുള്ള ദുസ്സഹവാർത്തകൾ
475 മത്സരമാണ്ടവൻ ചൊന്നനേരം
476 ഉത്തമരായവർ നൽച്ചെവിതന്നെയും
477 പൊത്തിനിന്നീടിനാരത്തലോടെ.
478 ചേദിപനിങ്ങനെ ചൊന്നതു കേട്ടപ്പൊ
479 ളേതുമേ മിണ്ടീല മാധവന്താൻ
480 ശ്വാക്കൾതൻ നാദത്തെക്കേൾക്കുന്ന നേരത്തു

481 നോക്കുമോ കേസരിയായ വീരൻ.
482 ചീർത്തൊരു കോപത്തെക്കോലുന്ന പാർത്ഥന്മാർ
483 വാർത്തയെച്ചൊല്ലിനാരാത്തവേഗം:
484 "സമ്മതികേടിന്നു നമ്മുടെ വീടല്ല
485 തന്നുടെ വീടകംപുക്കു വേണം.
486 വല്ലാത വാർത്തകളിന്നും നീ ചൊല്ലുകിൽ
487 ഒല്ലായെന്നിങ്ങനെ ചൊല്ലും ഞങ്ങൾ.
488 ചൊല്ലുകൊണ്ടിന്നിനി നല്ലനല്ലെങ്കിലോ
489 തല്ലുണ്ടീടിനാൽ നല്ലനാവോം.
490 തല്ലുകൊണ്ടാൽ പിന്നെയങ്ങനെയെങ്കിലോ

491 വില്ലുകൊണ്ടെങ്ങൾക്കു പിന്നേതെല്ലാം."
492 എന്നതുകേട്ടൊരു ചേദിപൻ ചൊല്ലിനാൻ
493 "സന്നദ്ധരായ്ക്കൊൾവിനെ"ന്നിങ്ങനെ.
494 വാർത്തയെകേട്ടുള്ള പാർത്ഥന്മാരെന്നപ്പോൾ
495 ആർത്തണഞ്ഞീടിനാരോർത്തു നേരെ
496 എന്നതു കേട്ടൊരു ചേദിപവീരനും
497 ചെന്നു തുടങ്ങിനാൻ മുന്നൽ നോക്കി.
498 നാന്ദകധാരിതാനെന്നതു കണ്ടപ്പോൾ
499 പാണ്ഡവന്മാരെത്തടുത്തു നീക്കി
500 മുന്നിട്ടു വന്നൊരു ചേദിപന്തന്നോടു

501 സന്നദ്ധനായിപ്പിണങ്ങിനിന്നാൻ.
502 മാനിയായുള്ളൊരു ചേദിപന്താനപ്പോൾ
503 മാധവൻ വന്നതു കണ്ടനേരം
504 അന്തമില്ലാതൊരു വൈരമുണ്ടാകയാൽ
505 എന്തു ഞാൻ ചെയ്വതെന്നോർത്തു പിന്നെ
506 ആക്കമാണ്ടീടുന്ന മാധവന്മേനിയെ
507 നോക്കിനിന്നീടിനാൻ കചുവത്തി;
508 ചേദിപന്തന്നുടെ മാനസമന്നേരം
509 മാധവന്തങ്കലുറച്ചുനിന്നു.
510 കചുവത്തീടുന്ന ചേദിപൻ വന്നതു

511 കണ്ടുനിന്നീടുന്ന കൊണ്ടൽവർണ്ണൻ
512 ഉഗ്രമായുള്ളൊരു ചക്രമെടുത്തപ്പോൾ
513 നിഗ്രഹിച്ചീടിനാൻ നീചന്തന്നെ.
514 ചക്രമേറ്റീടുന്ന ചേദിപനന്നേരം
515 ചക്രധരന്തന്നെ നോക്കി നോക്കി
516 തൂമയിൽനിന്നൊരു ഭൂമിയിൽ വീണുടൻ
517 നാമാവശേഷനായ് വന്നാനപ്പോൾ;
518 ചൈദ്യനിൽനിന്നങ്ങെഴുന്നതു കാണായി
519 വൈദ്യുതകാന്തികണക്കെയപ്പോൾ;
520 കൊണ്ടാൽനേർവർണ്ണനോടൊന്നായിവന്നതും

521 കണ്ടുനിന്നീടിനാർ വിണ്ടലരും.
522 വിജ്വരനായൊരു ധർമ്മജമ്പിന്നെത്താൻ
523 യജ്ഞവും പൂരിച്ചു പൂർണ്ണനായി
524 ദക്ഷിണരായുള്ള ഭ്രൂസുരന്മാർക്കെല്ലാം
525 ദക്ഷിണ നല്കിനാനക്ഷതനായ്
526 സന്തുഷ്ടരായുള്ള ഭൂദേവന്മാരപ്പോൾ
527 സന്തതിമുമ്പായ മംഗലങ്ങൾ
528 കാമ്യങ്ങളായിട്ടു മറ്റുള്ളതെല്ലാമേ
529 മേന്മേലേ പൊങ്ങുകയെന്നു ചൊന്നാർ.
530 ഖിന്നത പിന്നിട്ടു ധർമ്മജന്മാവുതാൻ

531 മന്നവന്മാരുമായ് മാപിനോടെ
532 തുംഗയായുള്ളൊരു ഗംഗയിൽ ചെന്നങ്ങു
533 മംഗലസ്നാനവുമാചരിച്ചാൻ.
534 ധന്യമായുള്ളൊരു യാഗത്തെച്ചെയ്കയാൽ
535 ഉന്നതനായൊരു മന്നവന്താൻ
536 മന്നിടമെങ്ങുമേ മങ്ങാതെ പാലിച്ചു
537 മന്ദിരം തന്നിലിരുന്ന കാലം
538 അക്ഷീണരായുള്ള ദാനവന്മാരുടെ
539 തക്ഷാവു നല്കിന നത്സഭയിൽ
540 വന്ദിച്ചുനിന്നുള്ള വന്ദികൾ ചൂഴുമായ്

541 നിന്നു വിളങ്ങിനാനന്നൊരുനാൾ.
542 നന്ദജന്മുമ്പായ ബന്ധുക്കളെല്ലാരും
543 ചെന്നു തുടങ്ങിനാരെന്നനേരം.
544 സേവകരായുള്ള ലോകരുമെല്ലാരും
545 ചേവകരായുള്ള വീരന്മാരും
546 ഉറ്റവരായിട്ടു മറ്റുള്ള ലോകരും
547 ചുറ്റും വിളങ്ങിനാർ മന്നവൻറെ;
548 നർത്തകന്മാരുടെ നൃത്തവും കണ്ടിട്ടു
549 വിസ്മയിച്ചെല്ലാരും നിന്നനേരം
550 മാനിയായുള്ള സുയോധനന്താനപ്പോൾ

551 മന്നവൻചാരത്തു ചെൽവതിന്നായ്
552 പിച്ചയായുള്ളൊരു നൽച്ചേലതന്നെയും
553 ഇച്ഛയിൽനിന്നങ്ങുടുത്തു പിന്നെ
554 കുണ്ഡലം മുമ്പായ മണ്ഡനംകൊണ്ടങ്ങും
555 മണ്ഡിതദേഹനായ് മന്ദം മന്ദം
556 വന്നുതുടങ്ങിനാൻ വാളുമിളക്കിയ
557 ന്നിന്നൊരു ലോകരാൽ വന്ദിതനായ്.
558 ചേലയെപ്പൂണ്ടതിൻ ചെവ്വിനെപ്പിന്നെയും
559 ചാലെനിന്നമ്പോടു നോക്കി നോക്കി
560 പാണ്ഡവന്മാരുടെയാണ്മയെക്കാണ്കയാൽ

561 പാരമഴന്നുള്ളൊരുള്ളവുമായ്
562 ആസ്ഥാനമന്ദിരംതന്നിലേ ചെന്നവൻ.
563 ആസ്ഥപൂണ്ടോരോന്നേ നേക്കുംനേരം
564 അമ്മയന്തന്നുടെ മായകൊണ്ടന്നില
565 മമ്മയമെന്നതേ തോന്നീതപ്പോൾ.
566 ചേലയും ചാലിച്ചുരുക്കിനിന്നീടിനാൻ
567 കാൽവിരൽകൊണ്ടു നടത്തവുമായ്.
568 വെള്ളമെന്നുള്ളിലേ നണ്ണിക്കരംകൊണ്ടു
569 തള്ളിത്തുടങ്ങിനാമ്പാഴിലെങ്ങും.
570 വായ്ക്കൊണ്ടു പിന്നെയുമിഞ്ഞുതുങ്ങിനാൻ

571 ചാക്കിമാർ കാട്ടുന്ന കൂത്തുപോലെ.
572 ചേല നനഞ്ഞുതുടങ്ങീതെന്നോർത്തുടൻ
573 ചാലെക്കരേറ്റിനാന്മാറിലോളം.
574 ആസ്ഥാനവാസികൾ നോക്കിനിന്നീടവേ
575 യാത്ര തുടങ്ങിനാനവ്വണ്ണമേ.
576 ധർമ്മജന്മുമ്പായ സന്മതരെല്ലാരും
577 കണ്ണടച്ചീടിനാരെന്നനേരം.
578 കാണാതെ നിന്നോരെക്കാട്ടിത്തുടങ്ങിനാൻ
579 നാണാതെനിന്നൊരു ഭീമനപ്പോൾ.
580 ഏറിയിരുന്നൊരു നാണവും പൂണ്ടു നി

581 ന്നേതുമേ വല്ലാതെയായിപ്പിന്നെ
582 ഹാസംതുടങ്ങിനാർ തങ്ങിൽ മെല്ലവേ
583 ദാസിമാരായുള്ള മാതരപ്പോൾ.
584 പാണ്ഡവന്മാരുടെയാനനംതന്നിലേ
585 പാഞ്ചാലനന്ദന നോക്കിക്കൊണ്ടാൾ.
586 അങ്ങനെ പോയവനങ്ങൊരു ഭാഗത്തു
587 പൊങ്ങിനിന്നീടുന്ന വെള്ളത്തിൻറെ
588 ചാരത്തു ചെന്നൊരു നേരത്തന്നീരെല്ലാം
589 നേരൊത്ത ഭൂതലമെന്നു തോന്നി.
590 പൂഞ്ചേലതന്നെയും പൂണ്ടു നിന്നീടിനാൻ

591 കാഞ്ചിയും ചാലെ മുറുക്കിപ്പിന്നെ
592 മന്നവൻചാരത്തു ചെൽവതിനായിട്ടു
593 സന്നദ്ധനായവൻ പോയിപ്പോയി
594 മായയിൽ തോയുമത്തോയത്തിലാമ്മാറ്റു
595 പോയങ്ങു ചാടിനാൻ മൂഢനായി
596 ആണ്ണൊരു തോയത്തിൽ വീണ്ണൊരു നേരത്തു
597 പാണ്ഡവന്മാരുടെയാനനത്തേ
598 മേല്ക്കണ്ണുമിട്ടങ്ങു ചീറ്റവും പൂണ്ടുടൻ
599 നോക്കിത്തുടങ്ങിനാൻ പാല്ക്കുഴമ്പൻ.
600 ഭീമനായുള്ളൊരു ഭീമനും പിന്നെയ

601 ക്കോമളയാകിന കാമിനിയും
602 ഭോഷനായങ്ങവൻ വീണതു കണ്ടപ്പോൾ
603 തോഷവും പൂണ്ടു ചിരിച്ചുനിന്നാർ.
604 ധർമ്മജൻ ചൊല്ലിനാനെന്നതു കണ്ടിട്ടു
605 "സമ്മതിയല്ലിതു നിങ്ങൾക്കൊട്ടും
606 പാപത്തെപ്പൂരിക്കാം, താപത്തെത്തൂകന്നൊ
607 രാപത്തിന്മുലമായ് വന്നുകൂടം."
608 എന്നതു കേട്ടിട്ടു വന്നൊരു ഹാസത്തെ
609 ത്തന്നിൽ തളർന്നവർ നിന്നനേരം
610 കണ്ണുകുളുർത്തൊരു കാർമുകിൽവർണ്ണന്താൻ

611 കണ്ണെറിഞ്ഞീടിനാൻ തിണ്ണമപ്പോൾ.
612 എന്നതു കണ്ടവർ പിന്നെയും പിന്നെയും
613 മുന്നേതിലേറ്റം ചിരിച്ചാരപ്പോൾ.
614 സമ്മതി പൂണ്ടൊരു ധർമ്മജന്തന്നുടെ
615 കമുനതന്നെയും കൈക്കൊള്ളാതെ
616 മാല്യവും പൂണ്ടു താൻ വീണ്ണൊരു നീരിലും
617 ജാള്യമാം നീരിലും നീന്തുകയാൽ
618 താന്തനായുള്ളൊരു ഗാന്ധാരിനന്ദനൻ
619 ബാന്ധവന്മാരിലും കണ്കൊടാതെ
620 മാനത്തെപ്പൂണ്ടു കനത്തു നിന്നീടിനോ

621 രാനനംതന്നെയും താഴ്ത്തി മെല്ലെ
622 ധന്യമായുള്ളൊരു തന്നുടെ മന്ദിരം
623 തന്നിലും പൂകിനാൻ ഖിന്നനായി.
624 മാനവും കൈവിട്ടു ഗാന്ധാരിനന്ദനൻ
625 ദീനനായ് കേവലം പോയനേരം
626 ചാരത്തു നിന്നവർ ചാലച്ചിരിക്കയാൽ
627 വൈരമുണ്ടായ് വരു"മെന്നിങ്ങനെ
628 ചിന്തയെപ്പൂണ്ടൊരു ധർമ്മജന്നുള്ളിലേ
629 സന്താപം പൊങ്ങിത്തുടങ്ങീതപ്പോൾ.
630 "മേദിനിതന്നുടെ ഭാരത്തെപ്പോക്കുവാൻ

631 സാധനമുണ്ടായി വന്നുതിപ്പോൾ"
632 എന്നങ്ങു ചിന്തിച്ച നന്ദജനുള്ളിലേ
633 സന്തോഷമുണ്ടായി പിന്നെപ്പിന്നെ;
634 തുഷ്ടരായേ്മവുന്നൊരിഷ്ടരുമായിനി
635 ന്നൊട്ടുനാളങ്ങനെ ചെന്നകാലം
636 ദ്വാരകതന്നിലേ പോവതിന്നായിട്ടു
637 പാരാതെ നിന്നു മുതിർന്നു പിന്നെ
638 യാത്രയും ചൊല്ലി നൽപ്പാർത്ഥന്മാരോടുടൻ
639 തേർത്തടംതന്നിൽക്കരേറി നേരെ
640 വാരുറ്റുനിന്നൊരു സേനയുമായിത്തൻ

641 ദ്വാരകതന്നിലെഴുന്നള്ളിനാൻ.