കൃഷ്ണഗാഥ/രണ്ടാം ഭാഗം/ഉദ്ധവദൂത്
1 വല്ലവിമാരുടെയല്ലലായ്നിന്നുള്ളൊ
2 രല്ലിന്നു നല്ലൊരു തിങ്കളായി
3 നിന്നു വിളങ്ങിന നീരജലോചനൻ
4 അന്നു തെളിഞ്ഞു മുതിർന്നൊരുനാൾ
5 സ്നിഗ്ദ്ധനായ് നിന്നുള്ളോരുദ്ധവർതന്നോടു
6 ബദ്ധവിനോദനായ് നിന്നു ചൊന്നാൻ:
7 "ഇപ്പൊഴേ പോകേണമമ്പാടിതന്നിൽ നീ
8 മൽപ്രിയം മാഴ്കാതെ നല്കുവാനായ്
9 ഖേദിച്ചുനിന്നൊരു താതനെത്തന്നെയും
10 മാതാവെത്തന്നെയും കാണവേണം
11 നാമങ്ങു ചെല്ലാഞ്ഞു ദീനമാരായുള്ള
12 കാമിനിമാരെയും കാക പിന്നെ
13 നമ്മെപ്പിരിഞ്ഞുള്ള വേദന പോക്കണം
14 നന്മൊഴികൊണ്ടു നീ" യെന്നിങ്ങനെ
15 സുന്ദരിമാരോടു ചൊല്ലുവാനായുള്ള
16 സന്ദേശം തന്നെയും ചൊന്നു പിന്നെ
17 പോകെങ്കിൽ നീയെന്നയച്ചവന്തന്നെയും
18 മാഴ്കാതെ മന്ദിരംതന്നിൽ പുക്കാൻ,
19 ഉത്തമനായുള്ളൊരുദ്ധവരെന്നപ്പോൾ
20 ഭക്തിയെപ്പൂണ്ടു പുറപ്പെട്ടുടൻ
21 നന്ദൻറെ മന്ദിരംതന്നിലകം പുക്കു
22 മന്ദമാക്കീടിനാൻ മാർഗ്ഗഖേദം.
23 ഉദ്ധവരായൊരു വാർതിങ്കൾ വന്നുനി
24 ന്നുത്സവമായല്ലൊ ഗോകുലത്തിൽ
25 താപത്തെത്തൂകുന്ന ഞാനിതിൽ കൂടിനി
26 ന്നാപത്തായ്മേവേണ്ടയെന്നപോലെ
27 വാരുറ്റു നിന്നൊരു വാരിജവല്ലഭൻ
28 വാരിധിതന്നിൽ മറഞ്ഞാനപ്പോൾ.
29 ഉദ്ധവർ വന്നതു കണ്ടൊരുനേരത്തു
30 വർദ്ധിതമോദനാം നന്ദനപ്പോൾ
31 ഓടിയണഞ്ഞവൻ കേടറ്റ പൂമേനി
32 ഗാഢമായ് പൂണ്ടങ്ങു നിന്നു പിന്നെ
33 നൈശമായുള്ളൊരു ഭോജനംതന്നെയും
34 നല്കിനിന്നെല്ലാരും കൂടിപ്പിന്നെ
35 കണ്ണനെക്കൊണ്ടേ പറഞ്ഞുതുടങ്ങിനാർ
36 തിണ്ണമെഴുന്നൊരു ഭക്തിപൂണ്ടു.
37 ഭക്തിയെപ്പൂണ്ടതു കണ്ടൊരു നേരത്തു
38 നിദ്രതാൻ മണ്ടിനാൾ ദൂരം ദൂരം
39 തന്നുടെ കാമുകനന്യയെപ്പൂണുമ്പോൾ
40 ഖിന്നമാരാമല്ലൊ മാനിനിമാർ.
41 കാലം പുലർന്നുതുടങ്ങിന നേരത്തു
42 കാമിനിമാരെല്ലാം ചെന്നു ചെമ്മെ
43 കേശവന്തന്നുടെ ചൊല്ലാലെ വന്നുതേ
44 കേവലമിന്നിവനെന്നു നണ്ണി
45 ഉദ്ധവരോടു പറഞ്ഞുതുടങ്ങിനാർ
46 ബദ്ധവിഷാദമാരായിപ്പിന്നെ:
47 "അച്ഛനുമമ്മയ്ക്കുമിച്ഛയേ നല്കുവാൻ
48 അച്യുതൻചൊല്ലാലെ വന്ന നിന്നെ
49 കണ്ടറിഞ്ഞെങ്ങളും വന്നുതായിങ്ങനെ
50 കൊണ്ടൽനേവർണ്ണന്തൻ വാർത്ത കേൾപ്പാൻ.
51 ഞങ്ങളെ വഞ്ചിച്ചു പോയൊരു കാർവർണ്ണൻ
52 ഇങ്ങേടം ചിന്തിപ്പൂതുണ്ടോ ചൊൽ നീ?
53 വല്ലവിമാരെന്നു ചൊല്ലുന്ന നേരത്തും
54 ഉള്ളിൽ വെറുപ്പു തുടങ്ങീലല്ലീ?
55 സ്വർലോകംതന്നിലേ നല്ലാരെ വെല്ലുന്ന
56 മല്ലവിലോചനമാരുമായി
57 രാപ്പകൽ നിന്നു കളിച്ചുപുളച്ചങ്ങു
58 വായ്പോടു മേവുന്ന കാലമിപ്പോൾ
59 കാനനം തന്നിൽ കിടന്നുള്ളൊരെങ്ങളെ
60 ക്കാവർണ്ണനെങ്ങനെ ചിന്തിപ്പൂ ചൊൽ?
61 തേന്മാവുതന്നുടെ തേനുണ്ണും കോകിലം
62 കാഞ്ഞിരക്കായ്കളെത്തീണ്ടുമോതാൻ."
63 "അങ്ങനെ പോകാതെ"ന്നിങ്ങനെ തങ്ങളിൽ
64 അംഗനമാരെല്ലാം ചൊല്ലുംനേരം
65 ദൂരത്തുനിന്നൊരു കാർവണ്ടു കാണായി
66 ചാരത്തു വന്നതു പാടിപ്പാടി.
67 പങ്കജംതാനെന്നു ശങ്കയെപ്പൂണ്ടിട്ടു
68 ചെങ്കഴൽച്ചാരത്തു ചെന്നനേരം
69 നേരത്തെ വന്നുണ്ടു ഞാനെന്നു ചൊല്ലീട്ടു
70 ദൂരത്തു പോയൊരു കണ്ണന്നുടെ
71 ചൊല്പെറ്റു നിന്നൊരു ദൂതനെന്നിങ്ങനെ
72 കല്പിച്ചുനിന്നു പറഞ്ഞാരപ്പോൾ:
73 "പൂക്കളിലുള്ളൊരു തേനുണ്ടുകൂടിനാൽ
74 പൂക്കളെ നോക്കാതെ പോരുന്ന നീ
75 കൈതവം പൂണ്ടൊരു കാർവർണ്ണന്തന്നുടെ
76 ദൂതനെന്നുള്ളതു ചേരുവോന്നേ.
77 പാഞ്ഞുവന്നിങ്ങനെ തീണ്ടുവാൻ നീയെങ്ങൾ
78 പാദം നുറുങ്ങു പറഞ്ഞുവേണം.
79 മാധവൻതന്നുടെ മാറിൽ വിളങ്ങുന്ന
80 മാലയിൽനിന്നല്ലൊ വന്നുതിപ്പോൾ;
81 ഇന്നവൻ പൂണുന്ന നന്മൊഴിമാരുടെ
82 നന്മുലക്കുങ്കുമമുണ്ടു തന്നിൽ.
83 നിന്മുഖംതന്നിലുമുണ്ടെന്നു നിർണ്ണയം
84 എന്നിട്ടു തീണ്ടൊല്ലായെന്നു ചൊല്ലി.
85 പൊയ്കയിൽ ചെന്നു കുളിച്ചിങ്ങു പോരുകിൽ
86 വൈകാതെ ഞങ്ങളേത്തീണ്ടിനാലും.
87 പിന്നെയും ഞങ്ങളെ വന്നു നീ തീണ്ടുകിൽ
88 വല്ലായ്മ കിഞ്ചിൽ നിനക്കുണ്ടാമേ
89 "വേണ്ടാതെ ഞാൻ വെടിഞ്ഞീടിന മാതരെ
90 ത്തീണ്ടിനായല്ലൊ നീ ചെന്നു ചെമ്മെ
91 എന്നുടെ ചാരത്തു പോരൊല്ല നീ"യെന്നു
92 നിന്നോടു കോപിക്കും കണ്ണൻ പിന്നെ.
93 തന്നുടെ പിന്നാലെ പായുന്ന ഞങ്ങളേ
94 ഖിന്നമാരാക്കിപ്പോയങ്ങെങ്ങാനും
95 തന്നുള്ളിൽ ചേരുന്ന മാനിനിമാരുമാ
96 യൊന്നൊത്തുനിന്നു കളിച്ചാലും താൻ
97 സങ്കല്പം കൊണ്ടെങ്ങൾ പൂണുന്നതെങ്ങനെ
98 പങ്കജലോചനനിന്നൊഴിപ്പൂ"
99 അല്ലലിൽ വീണുള്ള വല്ലവിമാരെല്ലാം
100 മെല്ലെ നിന്നിങ്ങനെ ചൊല്ലിപ്പിന്നെ
101 കണ്ണുനീർ പൂണ്ടു കരഞ്ഞുതുടങ്ങിനാർ
102 "കണ്ണാ!" എന്നിങ്ങനെ തിണ്ണം ചൊല്ലി.
103 എന്നതു കണ്ടുള്ളൊരുദ്ധവരന്നേരം
104 നന്ദതനൂജൻെറ സന്ദേശങ്ങൾ
105 ഒന്നൊന്നേ ചൊല്ലിനിന്നല്ലലെപ്പോക്കിനാൻ
106 മന്ത്രങ്ങൾ ചൊല്ലി വിഷത്തെപ്പോലെ.
107 നന്ദൻെറ തോഷത്തെച്ചെയ്വതിനായിട്ടു
108 നാലഞ്ചുമാസമിരുന്നു പിന്നെ
109 കണ്ണന്നു നല്കിന കാഴ്ചയും വാങ്ങിത്താൻ
110 തിണ്ണം നടന്നിങ്ങു പോന്നുവന്നാൻ.
111 അച്ഛനുമമ്മയും നല്കിന കാഴ്ചയും
112 അച്യുതന്നായിക്കൊടുത്താൽ പിന്നെ.
113 നച്ചേലും കണ്ണിമാർ ചൊന്നുള്ള വാർത്തയും
114 നൽച്ചെവിതന്നിലങ്ങാക്കിനാൻതാൻ.