Jump to content

ശാരദ/പതിനൊന്നാം അദ്ധ്യായം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശാരദ
രചന:ഒ. ചന്തുമേനോൻ
പതിനൊന്നാം അദ്ധ്യായം
[ 168 ]
പതിനൊന്നാം അദ്ധ്യായം


കണ്ടന്മേനോൻ മേൽ കാണിച്ചവിധം രാഘവമേനോനുമായി സംഭാഷണം കഴിഞ്ഞു. മടങ്ങി ഉദയന്തളി ചെന്നശേഷം അവിടുന്നു വേണ്ടുന്ന ആലോചനകളും മറ്റും ചെയ്തുമടങ്ങി പിന്നെയും രാഘവമേനോന്റെ വീട്ടിൽ എത്തി അദ്ദേഹവുമായി സംസാരിച്ചു. സല മൂവായിരം ഉറുപ്പിക ആക്കാമെന്നു് നിശ്ചയിച്ചു. രാഘവമേനോനു് കാർയ്യത്തിൽ കുറെ സംശയമുണ്ടായതുകൊണ്ടു് മാധവമേനോനും കൂടി അന്യായഭാഗം വക്കീലായിരിക്കട്ടെ എന്നുറച്ചു. വക്കാലത്തു നാമം വരുത്തി മാധവമേനോനെയും ഏല്പിച്ചു. അന്യായം കൊടുക്കുന്നതു് ധർമ്മ അന്യായമായി ആയാലെന്താണു് വിരോധം എന്നു സംശയമുണ്ടായി. അതിനെക്കുറിച്ചു മാധവമേനോൻ ഇപ്രകാരം രാഘവമേനോനോടു പറഞ്ഞു.

മാ:- ഇപ്പോൾ ഈ കുട്ടിയുടെ സ്ഥിതി എന്താണു്? അമ്മയെ രാമന്മേനോൻ കല്യാണം ചെയ്തിട്ടുള്ളതു് ആക്ട്പ്രകാരമല്ല. ശാസ്ത്രീയമായി ഒരു വിധത്തിലും അച്ചന്റെ മുതലിനു് അവകാശപ്പെടുവാൻ ഈ കുട്ടിക്കു ഒരു അധികാരവുമില്ല. അമ്മ സമ്പാദിച്ചിട്ടുള്ള സ്വത്തുക്കൾ ആകവെ ഉള്ളതു് ഏതാനും ആഭരണങ്ങൾ മാത്രമാണത്രെ. ഇത് ഇപ്പോൾ ഒരു രക്ഷിതാവിന്റെ കൈവശമാണു് ഇരിക്കുന്നതു് എന്നു വിചാരിക്കാം. പക്ഷെ അതു അച്ഛനായിരിക്കും. എന്നാലും അത്ര ഭേദമില്ല. ഒന്നാമതു് ഈ ആഭരണങ്ങൾ വിറ്റു് ആ മുതൽ ഈ അന്യായചിലവിലേക്കു ഉപയോഗിക്കേണ്ടതാണെന്നു വരാമോ? എനിക്കു വളരെ സംശയമുണ്ടു്. ഇംഗ്ലീഷ് കേസ്സു് രണ്ടുമൂന്നു ഞാൻ കാണിക്കാം. ഇൻഡ്യൻ കേസ്സു് ഇതിനെ സംബന്ധിച്ചു വെളിവായി യാതൊന്നും കാണിക്കുന്നില്ല. എന്നാൽ ഇംഗ്ലീഷ് കേസ്സുകളുടെ പ്രമാണം തന്നെയാണു് ഇവിടെ നടപ്പാക്കുക എന്നുള്ളതു ബലമായി ഊഹിക്കേണ്ടതാണു്. രണ്ടാമതു് ഈ ആഭരണങ്ങൾ എന്തു സമ്പ്രദായത്തിലും വിധത്തിലും ഉണ്ടാക്കിച്ചതാണു്. എന്നു് ആലോചിക്കുക. കല്യാണിഅമ്മ രാമന്മേനോന്റെ കൂടെ ഭാർയ്യയായിരിക്കുമ്പോൾ ആ സ്ത്രീക്ക് നെയമം പെരുമാറുവാനായി ഉണ്ടാക്കിച്ചതാണ്. ആ സ്ത്രീ അതുകളെ അതുപ്രകാരം പെരുമാറിവന്നു. ഇപ്പോൾ പെരുമാറുവാനായിട്ടുള്ള അവകാശം ഈ കുട്ടിക്കാണു്. ഇത് ഇംഗ്ലീഷുകാരുടെ മാതിരിയിൽ ഉള്ള ഒരു സ്ത്രീയുടെ സ്വത്തായിരുന്നു എങ്കിൽ ഒരു സമയം നിത്യത പെരു [ 169 ] മാറുന്ന ചില്ലറ ആഭരണങ്ങളോ അല്ലെങ്കിൽ വെയറിങ്ങ് അപ്പേറൽ എന്ന സാധനങ്ങളിൽ ഉൾപ്പെട്ടതോ ആയി പറവാനെ ഉള്ളു. ഇതുകളെ വിറ്റു പണമാക്കി അന്യാഹർജിയുടെ സലയ്ക്കു ചേർത്തുകൊടുക്കേണമെന്നു പറയുമോ? സീറ്റൻ എന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞന്റെ പുസ്തകത്തിൽ ഇതിനെ കുറിച്ചു പറയുന്നുണ്ടു്. എന്റെ അഭിപ്രായം ഇതു് ഒന്നു് പരീക്ഷിക്കേണമെന്നാണു്.

രാ:- ആഭരണങ്ങൾ ഉള്ളതിനു 4000 മുതൽ 5000 വരെ ഉറുപ്പിക വില ഉണ്ടത്രെ. ഇതു മുഴുവനും നിത്യം പെരുമാറുന്ന ആഭരണങ്ങൾ ആയിട്ടോ അല്ലെങ്കിൽ വെയറിങ്ങ് അപ്പേറൽ എന്ന വകകളുടെ കൂട്ടത്തിൽ തള്ളിവെക്കുകയോ ചെയ്യുന്നതു് അത്ര വിഹിതമൊ എന്നു സംശയിക്കുന്നു.

മാ:- ആഭരണങ്ങൾ എത്ര വിലയ്ക്കുണ്ടാകുമെന്നു സൂക്ഷ്മമായി അറിയാമോ?

രാ. മേ:- കണ്ടന്മേനോന്റെ ഉപദേശത്തിൽ നിന്നും കിട്ടീട്ടുള്ള അറിവു മാത്രമാണു് എനിക്കുള്ളതു്. ഈയ്യിടെ ഒരു ദിവസം ഞാൻ ചോദിച്ചപ്പോൾ ഈ വിധം പറഞ്ഞു.

മാ. മേ:- എന്തെങ്കിലും ആവട്ടെ. ഈ പോയിന്റു തർക്കത്തിൽ എങ്ങിനെ തർക്കത്തിൽ എങ്ങിനെ തീർച്ചപ്പെടുമെന്നു് അറിയാമല്ലോ.

രാ. മേ.:- അതിന്നു വളരെ സംശയം തോന്നുന്നില്ല.

മാ. മേ:- (ചിറിച്ചുംകൊണ്ടു്) അതു പ്രൈവറ്റു കാർയ്യമല്ലേ. നുമ്മൾക്കെന്താവശ്യം അതു ചിന്തിച്ചിട്ടു്. എന്നാൽ ആൾ വളരെ പ്രാപ്തിയുള്ള ഒരു മനുഷ്യനാണു്. അതുകൊണ്ട് എന്തെങ്കിലും പറഞ്ഞാൽ നിവൃത്തിയാകയില്ലെന്നു നല്ല നിശ്ചയമുണ്ടാകും. സംഗതികൾ വെളിവായി കാണിക്കേണ്ടിവരും. അതിനു സമാധാനവും പറയേണ്ടിവരും. സമാധാനം സാമാന്യം ജഡ്ജിമാർ പറയുന്നതുപോലെ ഉരുട്ടുപെരട്ടായി പറകയൊ കേവലം ബുദ്ധിയില്ലാത്തതായി വരുന്നതൊ, അവുകയില്ല. എന്താണ് അദ്ദേഹത്തിന്റെ അഭിപ്രായമെന്ന് അറിയണം.

രാ:- സാന്നിദ്ധ്യം കലശൽതന്നെ. പക്ഷെ സങ്കല്പംപോലെ സാദ്ധ്യം വരുമോ എന്നു സംശയം. 407-, 409-, പകുപ്പുകൾ പ്രകാരം നല്ല സ്വാതന്ത്ര്യമില്ലെ. തീർച്ചയ്ക്ക് ആവശ്യമായ സംഗതി എന്താണെന്നു പറഞ്ഞിട്ടില്ലെങ്കിൽത്തന്നെ , എന്താണു് ഭാവം. അപ്പീൽ ഇല്ലല്ലൊ. ഞാൻ ഇതു വേണമൊ എന്നു സംശയിക്കുന്നു. [ 170 ] മാധവമേനോനെക്കൊണ്ടു് ഈ പുസ്തകത്തിൽ എങ്ങും വെളിവായി പറഞ്ഞിട്ടില്ല. ആറാം അദ്ധ്യായത്തിൽ ഇയ്യാളെക്കുറിച്ചു അല്പം പറഞ്ഞേയുള്ളു. ഇയ്യാൾ എം.എ., എം.എൽ. പരീക്ഷകൾ രണ്ടും വെടിപ്പായി ജയിച്ചു. ഇംഗ്ലീഷിലും സംസ്കൃതഭാഷയിലും അതിസമർത്ഥനായ വിദ്വാനാണു്. വയസ്സു 28 മാത്രമെ ആയിട്ടുള്ളു. വക്കീൽ പണിയായിട്ടു് അപ്പോഴേക്കു്, ഏകദേശം രണ്ടുകൊല്ലത്തോളമായി. യാതൊരു വ്യവഹാരങ്ങളിലും താൻ ഏർപ്പെടുന്നതിൽ തർക്കങ്ങൾ വേണ്ടതിന്നും ചില സംഗതികളിൽ വേണ്ടാത്തതിനും പക്ഷെ പുറപ്പെടുവിക്കുന്നതു് ഇയാളുടെ സാധാരണഗതിക്കു സാമാന്യമുള്ളതായിരുന്നു. ഇതു് സാധാരണ ബുദ്ധികൌശലം ജാസ്തിയായിരിക്കുന്ന യുവാക്കൾക്കു് ഉണ്ടാവുന്നതാണല്ലൊ. പഠിപ്പിന്റെയും മിടുക്കിന്റെയും നവയൌവനത്തിൽ ഇത് എല്ലാവർക്കും ഉണ്ടാവുന്നതും കാലക്രമത്താൽ ഇതു ക്ഷയിച്ചുപോവുന്നതും ആണെന്നുള്ളതിലേയ്ക്കു വാദലേശം ഇല്ലാത്തതാകുന്നു.

മാ:- എനിക്കു തോന്നുന്നതു് ഇതു വേണമെന്നാകുന്നു. തോറ്റുപോയെങ്കിൽ സല കൊടുക്കണം.

രാ:- ഓഹോ അങ്ങിനെയാവട്ടെ. അന്യായഹർജി ഈ ആപ്ലിക്കേഷനോടുകൂടി തയ്യാറാക്കാം എന്നു പറഞ്ഞു രണ്ടാളും പിരിഞ്ഞു. രാഘവമേനോൻ വീട്ടിൽ മടങ്ങി എത്തി. അപ്പോൾ നമ്മുടെ കണ്ടൻമേനോനും ശങ്കരമേനോനും അവിടെ ഉണ്ടായിരുന്നു. അവരോടു ചോദിച്ചു് പൂഞ്ചോലക്കര എടത്തിൽ ഉള്ള ആളുകൾ ആരെല്ലാമാണെന്ന് ഒരു ലിസ്റ്റ് കുറിച്ചെടുത്തു. 1) കോപ്പുണ്ണി എന്ന വലിയച്ചൻ 2) രാഘവനുണ്ണി 3) കോന്നനുണ്ണി 4) കൃഷ്ണനുണ്ണി 5) കേശവനുണ്ണി 6) ഗോവിന്ദനുണ്ണി ഇങ്ങനെ ആറാളെയാണു് എഴുതി എടുത്തത്. എടത്തിൽ ഉണ്ടായിരുന്ന കുഞ്ചുക്കുട്ടി അമ്മ എന്ന സ്ത്രീ ഒരു ഗുന്മദീനത്താൽ അന്നേക്കു രണ്ടുമാസം മുമ്പെ മരിച്ചുപോയിരിക്കുന്നു. ഇപ്പോൾ പൂഞ്ചോലക്കര എടത്തിലേക്കു സന്തതിയായി "ശാരദാ" ഒഴികെ വേറെ യാതൊരു സ്ത്രീകളും ഇല്ലാത്ത കാലമായി എന്നു് ഞാൻ പറയേണ്ടതില്ലല്ലോ. ഇവരുടെ പേർ എല്ലാം കുറിച്ചെടുത്തശേഷം രാഘവമേനോൻ കണ്ടന്മേനോനോടു പറയുന്നു.

രാ:- ഞങ്ങൾ ഈ വ്യവഹാരം പോപ്പർ വ്യവഹാരമായിട്ടാണു് ഒന്നാമതു കൊണ്ടുചെല്ലുന്നതു്. എന്താണ് അതിനേക്കുറിച്ചു വല്ല ആക്ഷേപവും ഉണ്ടോ?

ക:- എനിക്കു നിങ്ങൾ ചെയ്യുന്നത് എല്ലാം സമ്മതമാണെങ്കിലും ശാരദാ എന്നു കുട്ടിക്കു് ഇപ്പോൾ കൊടുപ്പാൻ കഴികയില്ലാത്ത [ 171 ] വരുത്തുവാൻ നമ്മളാൽ കഴിയുമോ എന്നു സംശയിക്കുന്നു. പക്ഷേ വേണമെങ്കിൽ കൈവശമുള്ള മുതൽകൂടി ഇല്ലെന്നു പറയേണ്ടിവരും എന്നു തോന്നുന്നു. അങ്ങിനെ പറയുന്നതായാൽ അന്നു നല്ല ലപിഡൻസ് കൊടുക്കേണ്ടി വരും. സാക്ഷി ഒന്ന് ഈ ശങ്കരമേനോൻ തന്നെ. പിന്നെ ഈ കുട്ടിയുടെ അച്ഛനും പറയാമല്ലൊ.

ശങ്കരമേനോൻ:- ഇത് എനിക്കു വളരെ ആശ്ചർയ്യമായിരിക്കുന്നു. ഞങ്ങൾ ഈ വ്യവഹാരത്തിൽ ഒരെടത്തും കളവു പറയുവാൻ ഉദ്ദേശിച്ചു വന്നവരല്ല. ന്യായമായ സങ്കടങ്ങളെ കോർട്ടിൽ ബോധിപ്പിച്ചു്, അതിൽനിന്നു് ഉത്തമമായ മാർഗ്ഗത്തിൽ നിവൃത്തി ലഭിക്കുമെങ്കിൽ അതിനെ കിട്ടുവാൻ ഉള്ള ഏക ഉദ്ദേശത്തിന്മേൽ വ്യവഹാരം കൊടുക്കുന്നതാണു്, അതിൽ ഒരു കളവായ വിവരം ഉണ്ടാക്കി, അതിന്മേൽ ഒരു വിധിയൊ, ജയമൊ കിട്ടേണമെന്നു് അശേഷം താല്പര്യമില്ലാത്തവരാണു്. കണ്ടമ്മാമനു് വ്യവഹാരത്തിന്റെ നോട്ടം പലേപ്രകാരത്തിലും സ്ഥിതിയിലും ഉള്ളതാണെന്നു സർവ്വസമ്മതമാണല്ലൊ. എന്നാൽ കളവുപറഞ്ഞിട്ടു ഒരേടത്തും ജയിക്കണമെന്നു ലേശം താല്പർയ്യം ഇല്ലാത്തവരാണു് ഞാനും എന്റെ യജമാനനും എന്നു നിശ്ശങ്കം പറയുന്നു.

രാഘവമേനോൻ കുറഞ്ഞൊരു മന്ദഹാസത്തോടുകൂടി ഒന്നും ഉരിയാടാതെ ഇരുന്നു.

ക:- (ശങ്കരമേനോനോടു്) നിങ്ങൾ വലിയ സാമർത്ഥ്യക്കാരനാണെന്നു തിരുമുല്പാടു പറഞ്ഞതു ശരിയായിരിക്കാം. എന്നാൽ വ്യവഹാരത്തിലെ ഓരോ പോയിന്റുകൾ സമാധാനിക്കുന്നതു് ഇങ്ങനെയായാൽ പോരാ. കാർയ്യം സൂക്ഷ്മത്തിൽ ശരിയായിട്ടുള്ളതാണെന്നു തന്നെ അഭിപ്രായപ്പെട്ടാലും ചില ചില സ്ഥലങ്ങളിൽ നേരിൽനിന്നു അല്പാല്പം ഭേദമായി കുറേശ്ശെ പറയേണ്ടിവരികയൊ ചെയ്യേണ്ടിവരികയൊ ആവശ്യമായിരിക്കും.

നേരേവാ നേരേപോ എന്നു തന്നെ ധ്യാനിക്കരുതു്. ഇതിലാണ് കുറെ വൈഷമ്യമുള്ളതു്. സിവിൽ വ്യവഹാരത്തിന്റെ ശിഷ്ട അറിഞ്ഞു പ്രവർത്തിക്കേണ്ടതു് അതിൽ ഏർപ്പെടുന്ന ആളുടെ പ്രവൃത്തിയായിരിക്കും. രാഘവമേനോൻ നുമ്മളോടു് ഇപ്പോൾ തുറന്ന ഒരു കാര്യത്തെക്കുറിച്ചു സംസാരിച്ചു. അതിനു സദുത്തരമായി ഞാനും ഏതാണ്ടു പറഞ്ഞു അല്ലെ? എന്താണു് ഇവിടുന്നു് ഒന്നും പറയാത്തതു് എന്നു രാഘവമേനോനോടു കണ്ടന്മേനോൻ ചോദിച്ചു. [ 172 ] രാ:- നിങ്ങൾ വേണ്ടാത്ത ഒരു സംഗതിയിന്മേൽ വൃഥാ കണ്ഠക്ഷോഭം ചെയ്യുകയാണു്. ഞാൻ എന്തിന്നു് അതിൽ കടന്നു സംസാരിക്കുന്നു. എന്നു പറഞ്ഞു ശങ്കരമേനോന്റെ മുഖത്തുനോക്കി ഒന്നു ചിറിച്ചു.

ക:- അല്ലാ ഇതും അസംബന്ധമായി തീർന്നുവോ? ഈ കുട്ടിയുടെ വകയായി നാലഞ്ചായിരം ഉറുപ്പികയ്ക്കു പണ്ടങ്ങൾ ഉണ്ടെന്നു പൂഞ്ചോലക്കര എടക്കാർ വൈത്തിപ്പട്ടർ മുതലായവരെക്കൊണ്ടു ലപിഡൻസ്സു കൊടുത്താലോ?

രാ:- ലപിഡൻസു് കൊടുക്കട്ടെ.

ക:- എന്താണു് അപ്പോൾ അതു വിശ്വസിക്കയില്ലെന്നോ?

രാ:- വിശ്വസിച്ചുകൊള്ളട്ടെ.

ക:- എന്നാൾ നുമ്മൾക്ക് അപജയമല്ലെ?

രാ:- ഈ ആഭരണങ്ങൾ ഉള്ളതുകൊണ്ടു അതുകളേ വിറ്റു പണമാക്കി സല അടയ്ക്കേണമെന്നു തീർച്ചയാക്കുന്നതായാൽ അതു അപജയം തന്നെ. എന്നാൽ ഞങ്ങൾ അറിഞ്ഞേടത്തോളം ഈ കേസ്സിൽ യാതൊരു കളവായ വഴിക്കും പ്രവർത്തിക്കുക ഇല്ല. നിശ്ചയം തന്നെ, ഈ കുട്ടിക്കുള്ള ആഭരണങ്ങൾ നെയമം പെരുമാറി വരുന്നതാണെന്നും അതുകൊണ്ടു ആ ആഭരണങ്ങളെ വിറ്റു് സല കൊടുപ്പാൻ സാധിക്കുന്നതല്ലെന്നും തർക്കിക്കുവാനാണു് ഭാവം. കുട്ടിയുടെ പക്കൽ ആഭരണങ്ങൾ ഇല്ലെന്നുള്ള കളവായ വാദം ആരു് പുറപ്പെടുവിക്കും. കേസ്സു ജയിച്ചാലും കേസ്സിന്റെ ഗിഷ്ടൊ പോയിന്റൊ എന്തുതന്നെ ആയാലും വേണ്ടതില്ല എന്നു പറഞ്ഞു രാഘവമേനോനും ശങ്കരമേനോനും കുറെ ചിറിച്ചു.

കണ്ടൻമേനോൻ കുറെ വിഷണ്ഡനായി. താൻ പറഞ്ഞതിൽ കാർയ്യമുണ്ടെന്നു തനിക്കു ബോദ്ധ്യമുണ്ടായി എങ്കിലും അതു നടിക്കാതെയും ശങ്കരമേനോനോടു തനിക്കു വന്ന ക്രോധത്തേക്കുറിച്ചു ഒന്നും പറയാതെയും കഴിച്ചു. അന്നു രാത്രി അന്യായ ഹർജി തെയ്യാറാക്കി പിറ്റേന്നു രാവിലെ രാഘവമേനോന്റെ ഗുമസ്തൻമാർ അതിനെ അസ്സൽ എഴുതുകയും ചെയ്തു. കക്ഷികൾ വന്നവർ ഇതിന്റെ വിവരത്തെക്കുറിച്ചു സ്വകാര്യം ഗ്രഹിച്ചു രാഘവമേനോന്റെ പടിക്കു പുറത്തു കടന്നപ്പോൾ കൊട്ടിഘോഷിച്ചു തുടങ്ങി. ക്രമേണ ഈ വർത്തമാനം പ്രചുരമായി പരന്നു. രാവിലെ ഏകദേശം എട്ടു മണിയായപ്പോൾ ആ സ്ഥലത്തു് എങ്ങും ഈ വർത്തമാനം സംസാരവിഷയമായി. ജനങ്ങൾ കേൾക്കുന്നതിൽ അധികപക്ഷവും അന്യായം ശുദ്ധമെ കളവാ [ 173 ] ണെന്നും ഇങ്ങനെയുള്ള മഹാവ്യാപ്തി നടത്തി കാര്യം ജയിച്ചു എങ്കിലും ഇതിൽപരം ഒരു കഷ്ടം ഉണ്ടാവാനില്ലെന്നും പറഞ്ഞുതുടങ്ങി.

എന്റെ വായനക്കാരോടു് എനിയും ചില വിവരങ്ങൾ പറവാനുണ്ടു്. അതുകൂടി പറഞ്ഞുകഴിഞ്ഞതിന്റെ ശേഷം വീണ്ടും ഈ വ്യവഹാരത്തിന്റെ കഥ പറവാൻ നമുക്കു വരാമെന്നുവെച്ചു് ഇതു് ഇവിടെ നിർത്തുന്നു. രണ്ടാം അദ്ധ്യായത്തിൽ ശങ്കരമേനോൻ പൂഞ്ചോലക്കര എടത്തിൽനിന്നു മടങ്ങിവരുന്ന വഴിക്കു വഴിയിൽ ഒരു ക്ഷേത്രത്തിൽ കയറി അവിടെ ഉണ്ടായിരുന്ന ഒരു തുളു എമ്പ്രാനെ പ്രസാദിപ്പിച്ചു് അയാളുടെ ഒണങ്ങൽ അരി ചോറു വാങ്ങി ഭക്ഷണം ചെയ്തതും അതിന്നിടയിൽ ശങ്കുവാര്യർ എന്ന ഒരു പാരിയനെ കണ്ടെത്തിയതും എന്റെ വായനക്കാർക്ക് ഓർമ്മയിൽ ഉണ്ടായിരിക്കും. ഈ വാരിയർ പ്രായംചെന്ന സുശീലനായ ഒരു മനുഷ്യനാണെന്നും മുമ്പു ഈ ബുക്കിൽ പറഞ്ഞിട്ടുണ്ടു്. എന്നാൽ ഇയാളുടെ മുഴുവനുമായുള്ള അവസ്ഥയെ ഒന്നും എന്റെ വായനക്കാർക്ക് അറികയില്ല. അതു് അല്പം പ്രസ്താവിക്കേണ്ടിയിരിക്കുന്നു. ഈ ശങ്കുവാരിയർ ഈ കഥ പരക്കുന്നതിൽ ഒരു മുഖ്യ മനുഷ്യനായി സംഭവിക്കുന്നതുകൊണ്ടു ഇതു് അത്യാവശ്യമായി തീർന്നിരിക്കുന്നു. പൂമഠത്തിൽ വാരിയത്തു പ്രസിദ്ധനായി ഉണ്ടായിരുന്ന കൃഷ്ണവാരിയരുടെ മകനാണു് ഇദ്ദേഹം. കൃഷ്ണവാരിയരു ജീവിച്ചിരിക്കുന്ന കാലത്തു താൻ നല്ല വ്യുല്പന്നനാകകൊണ്ടു പലരുടെ അടുക്കെയും നിത്യസൗഹാർദ്ദമായി കാലം കഴിച്ചിരുന്ന ഒരാളായിരുന്നു. പണത്തിന്നു ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞുവന്ന ഒരാളും താൻ മരിക്കുമ്പോൾ കുറെ സ്വത്ത് സമ്പാദിച്ചുവെച്ചിരുന്ന ഒരു മനുഷ്യനും ആയിരുന്നു. കുറെ സ്വത്തു് എന്നു വെച്ചാൽ ഒരു എണ്ണൂറുപറയോളം നെല്ലു് ജന്മമായി എടുത്തു് അതും ഒരു എഴുപതു ഉറുപ്പികയോളം പാട്ടം കിട്ടിവരുന്ന പറമ്പുകളും തന്റെ ജന്മസ്ഥലമായ പറമ്പിൽ സാമാന്യം നല്ലതായ ഒരു വീടും ഉണ്ടായിരുന്നു. കൃഷ്ണവാരിയരുടെ ഭാർയ്യ ലക്ഷ്മിവാരിയസ്യാരു് ഈ കഥ നടന്ന കാലത്തേക്കു ഒരു പത്തു സംവത്സരം മുമ്പു മരിച്ചുപോയി. അപ്പോൾ കൃഷ്ണവാരിയർ ഉണ്ടായിരുന്നു. കൃഷ്ണവാരിയർക്കു് ഈ സ്ത്രീയിൽ രണ്ടു മക്കൾ ഉള്ളതിൽ ഒന്നു നമ്മുടെ ശങ്കുവാരിയരും മറ്റേതു ഒരു സ്ത്രീയും ആയിരുന്നു. ഇവരു് രണ്ടു പേർക്കായി താന സമ്പാദിച്ച മുതലുകൾ എല്ലാം കൊടുത്തു അച്ഛൻ കൃഷ്ണവാരിയരു് ചരമഗതിയെ പ്രാപിക്കുകയും ചെയ്തു. ആ സ്വത്തിനെ ശങ്കുവാരിയർ രക്ഷിച്ചുവന്നു. പെങ്ങളായ പാറു വാര്യസ്യാരെ ഒരു നമ്പൂതിരിക്കായി ബാന്ധവം ചെയ്തുകൊടുത്തു [ 174 ] തനിക്കു യാതൊരു ബാന്ധവവും കൂടാതെ ഈശ്വരവിചാരംകൊണ്ടു തന്നെ കാലം കഴിക്കയാണു് ശങ്കുവാരിയരു് ചെയ്തതു് വഴിയിൽ വെച്ചു കണ്ടു എന്നു പറഞ്ഞ ആ ക്ഷീണിച്ചിരിക്കുന്ന ക്ഷേത്രത്തിൽ ഒരു കഴകമുണ്ടെന്നു പേർ പറഞ്ഞുവരുമാറുണ്ടു്. ആ ക്ഷേത്രം പാൽനുര ഇല്ലത്തു് നമ്പൂതിരിയുടെ വകയാണു്. നമ്പൂതിരിയുടെ ദുഷ്പാഭവത്തിനു് ഈ ക്ഷേത്രം വക മുതൽ ആകവെ പിടിച്ചുപറിച്ചു സ്വന്തം മുതലാക്കി ക്ഷേത്രത്തിന്നു നുമ്മൾ പറഞ്ഞ ഒരു തുളു എമ്പ്രാനെന്ന ഒരാളെ ശാന്തിക്കും വച്ചു കഴിക്കയായിരുന്നു. എന്നാൽ ഇവിടെ കഴകത്തിനു് ആൾ ആരുമില്ലാതെ വന്നുപോയതിനാൽ ആ പ്രവൃത്തി താൻ തന്നെ ചെയ്തു തരാമെന്നു് ഇഷ്ടംകൊണ്ടുമാത്രം ശങ്കുവാരിയരു് നിശ്ചയം ചെയ്തിരുന്നു. ശങ്കുവാരിയരു് മൂന്നുനാലു പ്രാവശ്യം കാശിക്കും പതിനൊന്നു പ്രാവശ്യത്തോളും രാമേശ്വരത്തേക്കും മറ്റു വിശേഷമായ ക്ഷേത്രങ്ങളിലേക്കും മറ്റും അനേകം പ്രാവശ്യങ്ങളായിട്ടും പോയി ഒരു രാജ്യസഞ്ചാരിയായിരിക്കുന്നു. ഈശ്വരഭക്തി അതികലശലാണു്. ഇങ്ങനെയാണു് ഇയാളുടെ സ്ഥിതി. ഈ വാരിയരും പാൽനുര ഇല്ലത്തെ നമ്പൂതിരിയും കൂടി ഒടുവിലത്തെ പ്രാവശ്യം കാശിക്കു് ഒന്നായിട്ടാണു് പോയതു്. ആ നമ്പൂതിരിയുടെ പേർ പാൽനുരഇല്ലത്തു് ത്രിവിക്രമൻ നമ്പൂതിരി എന്നായിരുന്നു. അയാളുടെ വസതി ഈ വാരിയരുടെ ദിക്കിൽനിന്നു് അഞ്ചു കാതം വടക്കു കിഴക്കായിട്ടാണു്. ശങ്കരമേനോൻ ഈ തരത്തിൽ ഇവരെ കാണമമെന്നു് നിശ്ചയിച്ചു വാരിയരുടെ ഭവനത്തിൽ ചെന്നു. ശങ്കുവാരിയരു് ശങ്കരമേനോനെ വളരെ സന്തോഷത്തോടുകൂടി ആദരിച്ചു് ഇരുത്തി സാദരമായി സംസാരിച്ചു തുടങ്ങി. ശങ്കരമേനോന്റെ ബുദ്ധിയിൽ നൂറ്റിൽ ഒരംശം ഉള്ള ആൾക്കു് ഈ ശങ്കുവാരിയരുടെ പ്രകൃതം ക്ഷണേന ഗ്രഹിക്കത്തക്കതാണു്. ഇത്ര പരമസാധുവായുള്ള പച്ച പശുവെ മനുഷ്യരുടെ കൂട്ടത്തിൽ വേറെ കാണുവാൻ പ്രയാസപ്പെടും. മനസ്സിനു ഇത്ര ശുദ്ധതയും ഇത്ര മാർദ്ദവവും ഉണ്ടായിട്ടു വേറെ ഒരു മനുഷ്യനും കാണാൻ പാടില്ലെന്നുതന്നെ പറയാം. ഈ ഗുണങ്ങളെ എല്ലാം അറിഞ്ഞിരിക്കുന്ന ശങ്കരമേനോൻ എങ്ങിനെയാണ് ഈയാളോടു സംസേരിക്കേണ്ടതു് എന്നു വിശേഷമായി മനസ്സിലാക്കീട്ടുണ്ടെന്നുള്ളതു ഞാൻ പറയേണ്ടതില്ലല്ലൊ. ശങ്കുവാരിയരുമായി കണ്ടു പിരിഞ്ഞതിനുശേഷം ഉണ്ടായ വിവരങ്ങൾ എല്ലാം പറഞ്ഞു.

ശങ്കുവാരിയരു്:- (കുറെ വിചാരിച്ചിട്ടു്) ഇതു കാര്യം മഹാവിഷമമായിരിക്കുന്നുവല്ലൊ. പൂഞ്ചോലക്കര എടം എന്നു പറഞ്ഞാൽ ഈ [ 175 ] ദിക്കിലെല്ലാം വളരെ വലുപ്പമായൊരു സ്ഥലമാണു്. അവിടേക്കു പ്രതികൂലമായി യാതൊരു കാര്യത്തിലും നിന്നാൽ ആ വക ആളുകൾക്കു വരുന്ന ഫലം കുറെ നിരൂപിക്കേണ്ടതാണു്. കാര്യം പരമാർത്ഥമായിരിക്കുമ്പോൾ എന്താണു് അവിടുന്നു ഈ ശാഠ്യത്തിനു വട്ടം കൂട്ടുന്നതു്?

ശ. മേ:- നിങ്ങൾ പൂഞ്ചോലക്കര എടത്തിലെ ഒരു ആശ്രിതനോ കുടിയാനോ അയിരിക്കുമോ എന്നറിഞ്ഞില്ല.

ശ. വാ:- കുടിയായ്മ യാതൊന്നുമില്ല. യാതൊരു കഴകപ്രവൃത്തിയും ഇല്ല. ആശ്രിതന്മാരുടെ കൂട്ടത്തിൽ തന്നെയൊ എന്നും സംശയമാണു്. എന്നാൽ ഭയപ്പെടേണ്ട മനുഷ്യരെ കുറിച്ച് എനിക്കു എല്ലായ്പ്പോഴും ഭയമാണു്. പൂഞ്ചോലക്കര എടത്തിലെ അവസ്ഥ എങ്ങിനെയെന്നുള്ളതു് ശങ്കരമേനോനു മനസ്സിലായിട്ടുണ്ടു്. കുടിയായ്മ ഉള്ളവരും ഇല്ലാത്തവരും ആശ്രിതയുള്ളവരും ഇല്ലാത്തവരും ഒരുപോലെ അവിടുത്തെ കീഴിൽ സകല നടവടികളും അവിടുന്നുമായി വിരോധം ഉണ്ടാകാതെ കഴിയുന്ന മാതിരിയിൽ മാത്രമേ ഈ ദിക്കുകളിൽ പ്രവർത്തിച്ചുവരുമാറുള്ളു. സാധുക്കളായിട്ടുള്ള ഞങ്ങളിൽ ചിലർ അവിടെ ഭയപ്പെടേണ്ടി ഇരിക്കുന്നതുപോട്ടെ ഈ ദിക്കിൽ നല്ല കോപ്പോടുകൂടി നല്ല ഒരു ജന്മിയായിരിക്കുന്ന ഉദയന്തളി കോവിലകത്തേക്കു തന്നെ എടത്തിലെ വിരോധങ്ങൾ വന്നു സംഭവിച്ചതിനാൽ ഉണ്ടായ നഷ്ടകങ്ങൾ ഏതുപ്രകാരമെന്നു ഞാൻ പറയാതെ തന്നെ അറിയാമല്ലൊ. ഇങ്ങിനെ ഇരിക്കുമ്പോൾ ഈ ദരിദ്രനായ ഞാൻ ഈ കൊലയാനത്തലവന്മാരോടു പൊരുതുവാൻ നിശ്ചയിച്ചു സാക്ഷി പറഞ്ഞാലൊ മറ്റോ ഉണ്ടാവുന്ന ഫലം എന്താണെന്നു പറഞ്ഞു് അറിയിക്കേണമോ? പാൽനുര ഇല്ലത്തെ നമ്പൂതിരിപ്പാട്ടിന്നും പൂഞ്ചോലക്കര എടത്തിലേക്കു വിരോധമായി ഒരു കാര്യത്തിലും സാക്ഷി പറകയില്ലെന്നു എനിക്കു നല്ല നിശ്ചയമുണ്ടു്, പിന്നെ പൂഞ്ചോലക്കര എടത്തിലേക്കു വിരോധമായി ഈ കാര്യത്തിൽ ഒരു വിധി കിട്ടുവാൻ പ്രയാസപ്പെടും. ഇതെല്ലാം ആലോചിച്ചാണു് ഞാൻ പറഞ്ഞതു്.

ശ മേ:- കുടിയായ്മയും ക്ഷേത്രത്തിൽ കഴകവും ഒന്നും ഇല്ലല്ലൊ? ഇതു തീർച്ചതന്നെയല്ലേ? പിന്നെ അത്ര ഭയപ്പെടാൻ എന്താണ് ആവശ്യം? മനുഷ്യർ ലോകത്തിലുള്ള കാർയ്യങ്ങളെ പരമാർത്ഥതയോടുകൂടി കഴിയുന്നിടത്തോളം നടത്തുകയും നടത്തിപ്പാൻ ഉത്സാഹിക്കുകയും ചെയ്യണം. അങ്ങനെ അല്ലേ വേണ്ടതു്? നിങ്ങളോടു് ഞാൻ ആവശ്യ [ 176 ] പ്പെടുന്നതു് ഇല്ലാത്ത ഒരു കാര്യം നിർമ്മര്യാദയായി ഉണ്ടാക്കിത്തീർത്തു് അതിനെക്കുറിച്ചു സാക്ഷി പറയണമെന്നല്ലല്ലൊ. വാസ്തവമായി നടന്നിട്ടുള്ള ഒരു കാര്യം ഓർമ്മയുള്ളതു് ഒരു നീതിന്യായക്കോടതിയിൽ ബോധിപ്പിക്കേണമെന്നല്ലെ? ഇതിനു വേറെ സംഗതിവശാൽ (കുടിയായ്മയോ ആശ്രയമോ ഇല്ലാത്ത പക്ഷം) വിരോധമില്ലെങ്കിൽ വേറേ ഐഹികമായി എന്തൊരു പ്രതിബന്ധമാണു് ഉള്ളതു്? അതുണ്ടെങ്കിൽ പറഞ്ഞു കേൾക്കേണ്ടിയിരിക്കുന്നു. പാരത്രികമായി ഇതു ചെയ്യുന്നതു് സർവ്വശുഭമായിട്ടേ വരുവാൻ പാടുള്ളു എന്നുള്ളതു നിർവ്വിവാദമാണു്. ഇങ്ങിനെയുള്ള കാര്യത്തിൽ സത്തുക്കളായ നിങ്ങളെപോലെ ഉള്ള ആളുകൾ നേരു പറയാതെ ഇരുന്നാൽ അതുകൊണ്ടു സംഭവിക്കുന്ന ദോഷങ്ങൾക്കു നിങ്ങൾ ഉത്തരവാദികൾ അല്ലയോ? എല്ലാ കാര്യങ്ങളും ദൈവത്തിൽ സമർപ്പിച്ചു ചെയ്യേണ്ടതാണു്. ഇതിൽ നിങ്ങൾ ദൈവത്തിനു വിപരീതമായി പ്രവർത്തിച്ചാൽ അതിനുള്ള പ്രതിഫലം ദൈവമുഖേന എന്തായിരിക്കും? നിങ്ങളെ ഞങ്ങൾ സാക്ഷികൊടുക്കാതെ ഇരിക്കയില്ല. സാക്ഷി കൊടുത്തു കൂട്ടിൽ കയറ്റി വിസ്തരിക്കുമ്പോൾ പറയുന്ന ഉത്തരങ്ങൾ നിങ്ങളുടെ മനസ്സാക്ഷിക്കു ഒത്തവണ്ണം ഇരിക്കട്ടെ.

ഈ വാക്കുകൾ കേട്ടശേഷം ശങ്കുവാരിയർക്കു് കുറെ വ്യസനമായി. എന്താണു് ഈശ്വരാ വേണ്ടതു് എന്നു ആലോചന തുടങ്ങി. സത്യത്തിൽ വളരെവിശ്വാസമുള്ള ഒരാളാണു് ഈ ശങ്കുവാരിയർ, എന്നാൽ പുഞ്ചോലക്കര എടത്തിന്നുമായി വല്ല വിരോധവും സംഭവിച്ചു എങ്കിലോ എന്നു നല്ല ഒരു ഭീതിയും ഉള്ളിൽ കിടപ്പുണ്ടു്. ഈ ശങ്കരമേനോൻ പറഞ്ഞതിനു മറുപടി എന്താണു് പറയേണ്ടതു്, എന്നുള്ള ആലോചനയായി.

ശ. മേ:-എന്താണു് ഇങ്ങിനെ ആലോചിക്കുന്നതു്. പരമാർത്ഥത്തെ പറയേണ്ടി വരുന്നതായ സ്ഥലങ്ങളിൽ ആളുകൾ മനുഷ്യരിൽ നിന്നുള്ള ഭീതികൊണ്ടോ കാര്യത്തിൽ വരുന്ന നഷ്ടങ്ങളേയോ കഷ്ടങ്ങളേയോ ഓർത്തിട്ടോ വ്യതിചലിച്ചു പറഞ്ഞാൽ അതിന്നുള്ള ദോഷം ഇന്നതാണെന്നു നല്ല അറിവുള്ള ഒരാളാകയാൽ അങ്ങിനെ മനസ്സിന്നു ഒരു വ്യഥ ഉണ്ടാവുന്നതാണെന്നു് എനിക്കു നല്ല ഓർമ്മ എല്ലായ്പോഴും ഉണ്ടു്. ഈ ഓർമ്മ ഉണ്ടായതുകൊണ്ടു തന്നെയാണ് ഞാൻ ഇങ്ങോട്ടു പോന്നതും. അനേകം മനുഷ്യരെ പല വിധമായിട്ടുള്ള കാര്യത്തിൽ അനുഷ്ഠാനം ചെയ്തിരിക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ടു്. അതിൽ ഈ വിധം എന്നുവെച്ചാൽ അങ്ങേമാതിരി പ്രകാരം ഉള്ള ആളുകളെക്കുറിച്ചു മാത്രമാണു് എനിക്കു ബഹുമാനം ഉള്ളതു്. വളരെ ചുരുക്കമെ ഇങ്ങിനെ [ 177 ] യുള്ള ആളുകളെ കാണാൻ സാധിക്കുകയുള്ളൂ. ഞങ്ങൾക്കു് ഈ അവസരത്തിൽ ഇങ്ങിനെ ഒരാളെ ഉപകരിക്കാനായി കിട്ടി എന്നുള്ള അവസ്ഥ ദൈവദഹായമുണ്ടന്നുള്ളതിന്നു ഒരു ദൃഷ്ടാന്തമാണു്. വ്യവഹാരത്തിൽ ഒരു സമയം ജയമോ തോൽവിയോ നേരിടാം എന്നാൽ ചെയ്യുന്ന വ്യവഹാരം ന്യായത്തിന്നും സത്യത്തിന്നും ഒത്തതോ, അതല്ല വ്യവഹാരത്തിൽ ഉള്ള രസംകൊണ്ടോ വല്ല പ്രതിഫലവും അന്യായമായി കിട്ടണമെന്നു ആഗ്രഗിച്ചിട്ടോ കളവായ ഒരു വിവരം സ്ഥാപിക്കാനായിട്ടോ മറ്റോ ചെയ്യുന്നതോ എന്നു മാത്രമാണു് ഓർക്കേണ്ടതു്. ഈ വ്യവഹാരം കൊടുക്കാതെ ഇരിപ്പാൻ യാതൊരു നിവൃത്തിയും ഞങ്ങൾക്കില്ല. ഒരു സമയം ഈ കുട്ടിക്കു വേണ്ടുന്ന ചിലവിന്നു കൊടുത്തു സംരക്ഷിപ്പാനായി ആ കുട്ടിയുടെ അച്ഛന്നു സ്വത്തുണ്ടായിരുന്നുവെങ്കിൽ ഈ വ്യവഹാരം കൊടുക്കാതെതന്നെ കഴിക്കാമായിരുന്നു. ആ സ്ഥിതി ഇപ്പോൾ വിട്ടുപോയി. ഇപ്പോൾ വ്യവഹാരം കൊടുക്കാതെ കഴിയില്ലെന്നു വന്നു. ഈ സങ്കടങ്ങളെ ഒരു കോടതിയിൽ ബോധിപ്പിച്ചിട്ടു് അവിടെ വെച്ചു കാര്യം സമർപ്പിക്കേണമെന്നു കുട്ടിയുടെ അച്ഛനുണ്ടായ താല്പര്യത്തെ കഴിയുന്നിടത്തോളം സഹായിപ്പാനായി സത്യവാനായ താങ്കളും ഞാനും ഉത്സാഹിക്കേണ്ടതല്ലയോ? ഉദയത്തളിരാമവർമ്മൻ തിരുമുല്പാടു് പുഞ്ചോലക്കര എടത്തിന്നു വ്യവഹാരങ്ങൾ ചെയ്തിട്ടു തോറ്റു പോയി എന്നു പ്രസിദ്ധമാണു്, ഞാൻ കേട്ടിട്ടുണ്ടു്. ഇതു നമ്മുടെ വ്യവഹാരം തോറ്റു പോവാനായി ഒരു സംഗതിയായിരിക്കുന്നതല്ലെന്നാണു് എന്റെ വിചാരം.

രണ്ടു വലിയ ദ്രവ്യസ്ഥന്മാർ തമ്മിൽ ചെയ്തിട്ടുള്ള വ്യവഹാരങ്ങളുടെ പര്യവസാനത്തിലുള്ള ഫലം രണ്ടാൾക്കും പ്രതികൂലമായിട്ടുതന്നെ ഇരിക്കയുള്ളു. രണ്ടു ഭാഗത്തുനിന്നും കൊടുക്കുന്ന തെളിവുകൾ തുല്യമായി കളവായി വരാനെ പാടുള്ളു. അങ്ങിനെ ഇരിക്കുമ്പോൾ സിവിൽ വ്യവഹാരങ്ങളുടെ ഗതി സൂക്ഷ്മത്തിൽ വളരെ സ്വാഗതമായി വരുവാൻ പാടുള്ളതല്ല. അവനവനു വന്ന സങ്കടമോ വ്യസനമോ ഹേതുകമായിട്ടുള്ള അപേക്ഷയെ ഒരു നീതിന്യായക്കോടതി മുമ്പാകെ വെയ്ക്കുക. അതിലേക്കു ആവശ്യമുള്ള തെളിവിനെ സത്യമായി കൊടുക്കുക. അതിന്നു് അനുകൂലമായി സത്യമായി ഒരു വിധി കിട്ടേണമെന്നു ദൈവത്തെ പ്രാർത്ഥിക്കുക. ഇത്രമാത്രമാണ് സങ്കടമുള്ള ഒരു കക്ഷിക്കു ചെയ്‌വാൻ പാടുള്ളതു്. ഇതുംകൂടി ഞങ്ങളിൽ ചിലർക്കു ചെയ്തുകൂടാ എന്നുണ്ടോ? ദൈവമെ, ഈ പുഞ്ചോലക്കര എടത്തിൽ ഉള്ള ആളുകളുടെ മേൽ ഒരു വ്യവഹാരംകൂടി കൊടുപ്പാൻ വയ്യേ? ഒരു കാലത്തു് അങ്ങുന്നു തന്നെ വന്നു കണ്ടതായ ഒരവസ്ഥയെ കുറിച്ചു തുറന്നു പറയു [ 178 ] ന്നതു് എടത്തിലേക്കു വിരോധമായിട്ടാകകൊണ്ട് അതു മറച്ചുവെച്ചു കളയാമെന്നു വിചാരിക്കുന്നതു കഷ്ടമല്ലയോ? മനുഷ്യരവലംബിച്ചിരിക്കുന്ന ഈ ദേഹം എത്രതന്നെ നശ്വരമാക്കിയിട്ടുള്ളതാണു്. അതു് ഓർക്കുന്നില്ലേ? ഒരു മനുഷ്യനുള്ള ജീവകാലം ഒരു ചാൺ നീളമേ ഉള്ളൂ. ആ കാലത്തിനുള്ളിൽ ചെയ്യുന്ന ഗുണപ്രവൃത്തികളേയോ ദോഷ പ്രവൃത്തികളേയോ തന്നെ പിന്തുടരുന്ന ആളുകൾക്കു പിന്നേയും പിന്നേയും ഓർമ്മയായിക്കൊണ്ടേവരും. ഇതിൽ അവരു ചെയ്ത ഗുണകർമ്മങ്ങൾ ഏതാണെന്നു പൊതുവിൽ ജനങ്ങൾക്ക് അഭിപ്രായം എന്തെങ്കിലും ഉണ്ടായിക്കോട്ടെ എന്നോ ഇവിടുത്തെ വിചാരം. മനസ്സിന്നു് അങ്ങേയ്ക്കു നല്ല ഒരു വിഷാദം ഇതിൽ കടന്നിട്ടുണ്ടെന്നു മുഖത്തിൽ നിന്നു സ്ഫുരിക്കുന്നു. കളവായ വിവരത്തെക്കുറിച്ചു്, ഒരു സാക്ഷി പറയുന്നതു് ഒരിക്കലും ഭംഗിയായി വരുന്നതല്ലെന്നു് അങ്ങേയ്ക്കുതന്നെ മനസ്സിൽ പൂർണ്ണബോദ്ധ്യമുണ്ടു്. എന്നാലും പൂഞ്ചോലക്കര എടത്തിലേക്കു് വിപരീതമായി എങ്ങിനെ സാക്ഷി പറയും എന്നുള്ള ഒരു മഹാഭീതിയും ഉള്ളതായി കാണപ്പെടുന്നു. "സർവ്വശക്തനായി ജഗന്നാഥനായുള്ള ഭഗവാന്റെ പരാശക്തിയാൽ മൂടപ്പെട്ടിരിക്കുന്ന ഈ ലോകത്തിൽ ദൈവാനുകൂലമായിട്ടല്ലാതെ നാം യാതൊന്നും പ്രവർത്തിച്ചു പോവുന്നതിൽനിന്നു എല്ലായ്പോഴും പിന്തിരിയേണമെന്നു വിചാരിക്കേണ്ടതാകുന്നു." എന്തു് പുഞ്ചോലക്കര എടം, എന്തു് അച്ചൻ, ഇവരെക്കൊണ്ടെല്ലാം എന്തു കഴിയും. ഹാ! കഷ്ടം! ഇത്ര ബുദ്ധിക്കു വിശാലത്വമില്ലാതെ പോകുന്നുവല്ലോ. ഈ അസത്യത്തെ വെളിച്ചത്താക്കുവാനോ ഈ സത്യസ്ഥിതിയെ സത്യമായും എല്ലാവരേയും അറിയിപ്പാനോ ഉള്ള ദൈവീകമായ ഇച്ഛയിന്മേൽ താങ്കൾ ഈ പറയുന്ന വാക്കുകൾ എങ്ങിനെയെങ്കിലും കലാശിക്കട്ടെ. അതിൽനിന്നു് എന്തു പ്രതിഫലമെങ്കിലും കിട്ടട്ടെ എന്നുറച്ചു തനിക്കു താൻ പോരുക എന്ന പേരു ദൈവം മുമ്പാകെ സമ്പാദിക്കുന്നതോ നല്ലതു്. കാര്യത്തിൽ സാക്ഷിയായി നുണ പറഞ്ഞു നിൽക്കുന്നതോ നല്ലതു്. ഈ കാര്യത്തിൽ വളരെ ആളുകൾ പണത്തിനെ ഓർത്തിട്ടു നുണ പറവാൻ ഒരുങ്ങിയിട്ടുണ്ടു്. ആ കൂട്ടത്തിൽ നുണ പറയുന്നതോ നല്ലതു്, അല്ല കാര്യം ഉണ്ടായ പ്രകാരം സത്യമായി പറയുന്നതോ നല്ലതു്. സത്യം പറയുന്ന പേരു് ഈ കാര്യത്തിൽ ദുർല്ലഭം ആളുകളെ ഉണ്ടാവുകയുള്ളു. എന്നാൽ അവരുടെ കൂട്ടത്തിൽ നിൽക്കുന്നതോ നല്ലതു്. താങ്കളുടെ സ്വഭാവവും പ്രകൃതവും കേവലം ലോകത്തിൽ നിന്നു ഭിന്നമായിട്ടാണു് കണ്ടുപോരുന്നതു്. ലോകത്തിൽ എല്ലാ മനുഷ്യർക്കും [ 179 ] താന്താങ്ങൾ എത്ര ദ്രവ്യം സമ്പാദിച്ചോ എന്നു കണക്കാക്കുകയാണീ മനുഷ്യന്റെ ഒരു ജീവിതകാലത്തു് എന്തൊക്കെ മുതലുകൾ സമ്പാദിച്ചു കൂട്ടുവാൻ കഴിയുമോ അതൊക്കെ സമ്പാദിച്ചു വെച്ചിടാത്ത മനസ്സു് കേവലം അവഗണനീയമായ നരകകൂപത്തിലേക്കു ചെന്നു ചാടുന്നതു്. ഒരു രാജാവു മുതൽക്കു പിപീലികാപര്യന്തമുള്ള മംഗളവസ്തുക്കളെ പരിശോധിച്ചു നോക്കിയാൽ ഓരോ ശരീരത്തിനോ ജന്തുവിന്നോ ആവശ്യപ്രകാരമുള്ളവയും അനാവശ്യമായുള്ളവയും സഹർത്ഥ നിവൃത്തിയിൽ തന്നെ കാംക്ഷിയായിക്കൊണ്ടു് ഈ സകല ചരവസ്തുക്കളേയും പ്രത്യേകം താന്തന്നെ വേറെ പ്രകാരത്തിൽ ബന്ധിതനായിട്ടില്ലെങ്കിൽ കാണപ്പെടും. ഇങ്ങനെയുള്ള ഒരു നിബന്ധനയെ അല്പം ചില മഹത്തുക്കൾ മാത്രമെ അനുഷ്ഠിച്ചു വരുന്നുള്ളു. ഇതിൽ പ്രഥമ ഗണനീയനാണു താങ്കളെന്നു ഞാൻ അത്യാഹ്ലാദത്തോടുകൂടി ഇവിടെ പറയുന്നു. ഇങ്ങനെ ഒരു ബന്ധു ഞങ്ങൾക്ക് ഈ സമയം ഉണ്ടായി വന്നതു ഞങ്ങളുടെ പരമഭാഗ്യമാണെന്നു ഞങ്ങൾ കരുതുന്നു. ഇവിടുന്നു് അതിഭാഗ്യവാനായും അതിമാനിയായും ഇരുന്ന കൃഷ്ണവാരിയരുടെ മകനാകുന്നു. കൃഷ്ണവാരിയർ യാതൊരു കാര്യത്തിലും കളവു പറഞ്ഞതായി ഒരേടത്തും ഒരുത്തനും പറയുകയില്ല. ഇതുപോലെ ഒരു വിദ്വാന്മണിയായ വ്യുല്പന്നനെ കാണാൻ വളരെ പ്രയാസമാണു്. എത്രയോ മഹാന്മാരായ ജനങ്ങൾക്ക് അവിരതം തന്റെ കൃതികളിലുള്ള രസത്തെ ജനിപ്പിച്ചും വിശേഷമായ ഉപദേശങ്ങൾ കൊടുത്തിട്ടും മറ്റും തന്റെ ജീവിതകാലം മുഴുവൻ കഴിച്ചു. ഏതു സ്ഥിതിയിലും പദവിയിലും തന്നെ അദ്ദേഹത്തിനെ അറിവുള്ളവയും നേരിട്ടുകണ്ടറിവില്ലാതെയും ആയുള്ള പലേവിധ മനുഷ്യരും അദ്ദേഹത്തിന്റെ പേരിനെ എല്ലായ്പോഴും രക്ഷിച്ചുവരുന്നതു നോക്കുക. അദ്ദേഹം സമ്പാതിച്ചിട്ടുള്ള വസ്തുക്കളിൽ ഒരു ശതാംശം മാത്രമേ നിങ്ങൾക്കു കഴിവിനായി അദ്ദേഹം സൂക്ഷിച്ചിട്ടുള്ളൂ. സാധുക്കളുമായി അതിരഞ്ജനയായിരുന്നതിനാൽ സമ്പാതിച്ച മിക്കവാറും പണം അവരുടെ ഉപയോഗത്തിനായി താനെ യഥേഷ്ടം ചിലവു ചെയ്തു പോന്നു. ഇതു ഓർമ്മയില്ലെ? പിന്നെ താൻ മരിച്ചശേഷം ശേഷിച്ച വസ്തുക്കളെ പരിപാലിക്കേണ്ടതിന്നും തന്റെ കുടുംബങ്ങളെ രക്ഷിക്കേണ്ടതിനും അദ്ദേഹത്തിനു തന്റെ മനസ്സിന്നു ഏറ്റവും ബോദ്ധ്യമുള്ള ഒരാളായ താങ്കളെ സൃഷ്ടിച്ചു താങ്കളിൽ ഇതുകളെല്ലാം സമർപ്പിച്ചു അദ്ദേഹം സ്വർഗ്ഗപ്രാപ്തനാകുകയും ചെയ്തു. അദ്ദേഹം സമ്പാദിച്ചിട്ടുള്ള വസ്തുക്കളിലോ ദ്രവ്യത്തിലോ യാതൊരു നഷ്ടവുംകൂടാതെ താങ്കൾ അതിനെ പരിപാലിച്ചുവരുന്നു. [ 180 ] വല്ല ദിക്കിലും അന്വേഷിച്ചു ശ്രമിച്ചാൽ താങ്കൾക്കും അച്ഛനിൽനിന്നു കിട്ടിയ സ്വത്തിനെ അല്പം അധികരിപ്പിക്കാമായിരുന്നു. എന്നാൽ ഇതു താങ്കളുടെ മനസ്സിന്നഭിരുചിയുള്ള ഒരു കാര്യമായിരുന്നില്ല. ഇതിൽ താങ്കൾ തെറ്റിപ്പോയി എന്നു സൂക്ഷ്മാലോചന ചെയ്യുന്ന യാതൊരാളും പറകയില്ലെന്നു നിർവ്വിവാരമാണു്. തന്റെ പക്കൽ കിട്ടിയ മുതൽ താൻ ആർക്കാവശ്യമായി തന്റെ പ്രവൃത്തിക്കു സഹജമായ അനർഗ്ഗള വിരക്തി നടിക്കുകയും ഭാവിക്കുകയും ചെയ്തു. അങ്ങിനെ താങ്കൾ കാലം കഴിച്ചുപോരുന്നു. "ഈ അനർഗ്ഗള വിരക്തി" എത്രകണ്ടു മധുര രസമായി മാധുര്യമുള്ള മനസ്സുകൾക്കു തോന്നുന്നു എന്നു ഇവിടുന്ന് വിചാരിക്കേണ്ടതാണു്. കാശിക്കു് ഇവിടെനിന്നു എത്ര പ്രാവശ്യം പോയി എന്നു് ആലോചിക്കട്ടെ. രാമേശ്വരത്തേക്കു് എത്ര പ്രാവശ്യം പോയി എന്നു് ആലോചിക്കട്ടെ. ഗോകർണ്ണത്തേക്കു് എത്ര പ്രാവശ്യം പോയി എന്നു് ആലോചിക്കട്ടെ. വൃന്ദാവനത്തിലേക്കു് എത്ര പ്രാവശ്യം പോയി എന്നു് ആലോചിക്കട്ടെ. മൂകാംബിക്കു് എത്ര പ്രാവശ്യം പോയി എന്നു് ആലോചിക്കട്ടെ. ജഗന്നാഥത്തിലേക്കു എത്ര പ്രാവശ്യം പോയി എന്നു് ആലോചിക്കട്ടെ. കന്യാകുമാരിക്കു് എത്ര പ്രാവശ്യം പോയി എന്നു് ആലോചിക്കട്ടെ. അയോദ്ധ്യക്കു് എത്ര പ്രാവശ്യം പോയി എന്നു് ആലോചിക്കട്ടെ. ഈ വക ആലോചനകൾ ഒക്കെയും ചെയ്താൽ അപ്പോൾ താങ്കൾ എത്രയൊക്കെ ഭക്തനാണെന്ന് അറിയും. ഇപ്പോൾ വയസ്സു 50-തിന്നു താഴെ ആയിരിക്കേണമെന്നു എനിക്കു തോന്നുന്നു. ഈ അമ്പതിലധികം വർഷങ്ങൾകൊണ്ടു കേവലം ഒരു മനുഷ്യനു സാധിക്കാത്ത പുണ്യോൽക്കർഷമായ ഈ പ്രവൃത്തികൾ നിഷ്‌പ്രയാസം ചെയ്തിട്ടുള്ള ഒരു പുമാൻ എന്നു താങ്കളെ അറിയുന്ന ഈ കാണുന്ന നിവാസികൾ എല്ലാം നിർദ്ദാഷണ്യം പറയുന്ന ഒരാളല്ലെ താങ്കൾ? ഇങ്ങിനെയെല്ലാം ഗുണകർമ്മങ്ങൾ ഔഷ്ഠിച്ചു സാദ്ധ്യം വരുത്തിയിരിക്കുന്ന താങ്കളുടെയും അച്ഛന്റെയും സ്ഥിതി നോക്കിയാൽ പൂഞ്ചോലക്കര എടത്തിലേക്കു വേണ്ടി അറിഞ്ഞുംകൊണ്ടു ഒരു കള്ളസാക്ഷി പറയുവാൻ താങ്കൾ തുനിയുമെന്നു് ഞാൻ ഒരിക്കലും വിശ്വസിക്കയില്ല.