താൾ:Sarada.djvu/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്പെടുന്നതു് ഇല്ലാത്ത ഒരു കാര്യം നിർമ്മര്യാദയായി ഉണ്ടാക്കിത്തീർത്തു് അതിനെക്കുറിച്ചു സാക്ഷി പറയണമെന്നല്ലല്ലൊ. വാസ്തവമായി നടന്നിട്ടുള്ള ഒരു കാര്യം ഓർമ്മയുള്ളതു് ഒരു നീതിന്യായക്കോടതിയിൽ ബോധിപ്പിക്കേണമെന്നല്ലെ? ഇതിനു വേറെ സംഗതിവശാൽ (കുടിയായ്മയോ ആശ്രയമോ ഇല്ലാത്ത പക്ഷം) വിരോധമില്ലെങ്കിൽ വേറേ ഐഹികമായി എന്തൊരു പ്രതിബന്ധമാണു് ഉള്ളതു്? അതുണ്ടെങ്കിൽ പറഞ്ഞു കേൾക്കേണ്ടിയിരിക്കുന്നു. പാരത്രികമായി ഇതു ചെയ്യുന്നതു് സർവ്വശുഭമായിട്ടേ വരുവാൻ പാടുള്ളു എന്നുള്ളതു നിർവ്വിവാദമാണു്. ഇങ്ങിനെയുള്ള കാര്യത്തിൽ സത്തുക്കളായ നിങ്ങളെപോലെ ഉള്ള ആളുകൾ നേരു പറയാതെ ഇരുന്നാൽ അതുകൊണ്ടു സംഭവിക്കുന്ന ദോഷങ്ങൾക്കു നിങ്ങൾ ഉത്തരവാദികൾ അല്ലയോ? എല്ലാ കാര്യങ്ങളും ദൈവത്തിൽ സമർപ്പിച്ചു ചെയ്യേണ്ടതാണു്. ഇതിൽ നിങ്ങൾ ദൈവത്തിനു വിപരീതമായി പ്രവർത്തിച്ചാൽ അതിനുള്ള പ്രതിഫലം ദൈവമുഖേന എന്തായിരിക്കും? നിങ്ങളെ ഞങ്ങൾ സാക്ഷികൊടുക്കാതെ ഇരിക്കയില്ല. സാക്ഷി കൊടുത്തു കൂട്ടിൽ കയറ്റി വിസ്തരിക്കുമ്പോൾ പറയുന്ന ഉത്തരങ്ങൾ നിങ്ങളുടെ മനസ്സാക്ഷിക്കു ഒത്തവണ്ണം ഇരിക്കട്ടെ.

ഈ വാക്കുകൾ കേട്ടശേഷം ശങ്കുവാരിയർക്കു് കുറെ വ്യസനമായി. എന്താണു് ഈശ്വരാ വേണ്ടതു് എന്നു ആലോചന തുടങ്ങി. സത്യത്തിൽ വളരെവിശ്വാസമുള്ള ഒരാളാണു് ഈ ശങ്കുവാരിയർ, എന്നാൽ പുഞ്ചോലക്കര എടത്തിന്നുമായി വല്ല വിരോധവും സംഭവിച്ചു എങ്കിലോ എന്നു നല്ല ഒരു ഭീതിയും ഉള്ളിൽ കിടപ്പുണ്ടു്. ഈ ശങ്കരമേനോൻ പറഞ്ഞതിനു മറുപടി എന്താണു് പറയേണ്ടതു്, എന്നുള്ള ആലോചനയായി.

ശ. മേ:-എന്താണു് ഇങ്ങിനെ ആലോചിക്കുന്നതു്. പരമാർത്ഥത്തെ പറയേണ്ടി വരുന്നതായ സ്ഥലങ്ങളിൽ ആളുകൾ മനുഷ്യരിൽ നിന്നുള്ള ഭീതികൊണ്ടോ കാര്യത്തിൽ വരുന്ന നഷ്ടങ്ങളേയോ കഷ്ടങ്ങളേയോ ഓർത്തിട്ടോ വ്യതിചലിച്ചു പറഞ്ഞാൽ അതിന്നുള്ള ദോഷം ഇന്നതാണെന്നു നല്ല അറിവുള്ള ഒരാളാകയാൽ അങ്ങിനെ മനസ്സിന്നു ഒരു വ്യഥ ഉണ്ടാവുന്നതാണെന്നു് എനിക്കു നല്ല ഓർമ്മ എല്ലായ്പോഴും ഉണ്ടു്. ഈ ഓർമ്മ ഉണ്ടായതുകൊണ്ടു തന്നെയാണ് ഞാൻ ഇങ്ങോട്ടു പോന്നതും. അനേകം മനുഷ്യരെ പല വിധമായിട്ടുള്ള കാര്യത്തിൽ അനുഷ്ഠാനം ചെയ്തിരിക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ടു്. അതിൽ ഈ വിധം എന്നുവെച്ചാൽ അങ്ങേമാതിരി പ്രകാരം ഉള്ള ആളുകളെക്കുറിച്ചു മാത്രമാണു് എനിക്കു ബഹുമാനം ഉള്ളതു്. വളരെ ചുരുക്കമെ ഇങ്ങിനെ

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/176&oldid=169815" എന്ന താളിൽനിന്ന് ശേഖരിച്ചത്