വൃത്താന്തപത്രപ്രവർത്തനം/പത്രപ്രവർത്തനത്തൊഴിൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വൃത്താന്തപത്രപ്രവർത്തനം
രചന:സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
പത്രപ്രവർത്തനത്തൊഴിൽ
[ 1 ]
അദ്ധ്യായം 1
പത്രപ്രവർത്തനത്തൊഴിൽ

പാശ്ചാത്യരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചിട്ടുള്ള ചെടികളിൽ ഒന്നാണ് വൃത്താന്ത പത്രം. ദേശസാത്മ്യകരണത്താൽ, ഈ മറുനാടൻ ചെടി, ഇന്ത്യൻ മണ്ണിൽ നല്ലവണ്ണം പിടിച്ചു തഴച്ചു വളരുകയും ചെയ്തിരിക്കുന്നു. ഉണ്ണുക, ഉടുക്കുക, ഉറങ്ങുക എന്ന ഉകാരത്രയം മനുഷ്യരുടെ ജീവിതരക്ഷക്ക് എത്രയേറെ ആവശ്യകമെന്ന് വിചാരിക്കപ്പെട്ടിരിക്കുന്നുവോ; ഈ ചെടിയുടെ ജന്മഭൂമിയിലെ ജനങ്ങൾ പത്രവായനയേയും അപ്രകാരം തന്നെ ഗണിച്ചിരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ അന്നുള്ള ലോകവർത്തമാനങ്ങൾ അറിയുന്നതിലേക്ക് പ്രതിദിന പത്രങ്ങൾ വായിക്കാതെ ഉറങ്ങുവാൻ പോകുന്നവർ, ജീവിതത്തിൽ നിത്യാവശ്യമായ ഏതോ ഒരെണ്ണം സാധിക്കാതെയാണ് അന്നത്തെ കൃത്യങ്ങൾ നടത്തിയിരിക്കുന്നത് എന്ന ചിന്താക്ലേശത്താൽ അസ്വസ്ഥചിത്തന്മാരായിരിക്കുമാറുണ്ട്. ഈ സ്ഥിതിക്ക്, ലോകത്തിൽ വൃത്താന്തപത്രങ്ങൾക്കു നാൾക്കുനാൾ പ്രചാരവും പുഷ്ടിയും അഭിവൃദ്ധിയും കയറിവരുന്നതിൽ വിസ്മയപ്പെടുവാനില്ല. ഈ ഭൂഗോളത്തിലെ പലേ രാജ്യങ്ങളിലായി ഇപ്പോൾ നടത്തിവരുന്ന അനേകസഹസ്രം വർത്തമാന പത്രങ്ങളുടെ വന്മ എന്തുമാത്രമുണ്ടെന്ന് കുറേ മുമ്പു പ്രസിദ്ധപ്പെടുത്തിക്കണ്ടിരുന്ന താഴെ പറയുന്ന കണക്കുകൊണ്ട് ഏകദേശം ഊഹിക്കാൻ കഴിയുന്നതാണ്:-

"ആണ്ടുതോറും 12,000 കോടി പത്രപ്രതികൾ ഈ ലോകത്തിൽ പ്രചരിക്കപ്പെടുന്നുണ്ട്. ഇവയൊക്കെ നിരത്തിയിട്ടാൽ, 10,450 ചതുരശ്ര മൈൽ സ്ഥലം മുഴുവൻ വ്യാപിക്കും. ഇവയെ സെക്കണ്ടിനു ഒന്നു വീതം എണ്ണുന്നുവെങ്കിൽ, എല്ലാം എണ്ണിക്കഴിവാൻ മുന്നൂറ്റിമുപ്പത്തിമൂന്നു കൊല്ലം വേണ്ടിവരും. ഇവയ്ക്കൊക്കെക്കൂടി 7,91,250 ടൺ ഭാരം കടലാസ് ചെലവാകുന്നു. (ഒരു‌ ടൺ തൂക്കം 2,240 റാത്തൽ ആണ്‌). ഈ പത്രങ്ങളൊക്കെ ഒന്നിനുമേൽ ഒന്നായി അടുക്കിവയ്ക്കുന്നുവെങ്കിൽ, അഞ്ഞൂറു മൈൽ പൊക്കത്തിൽ ഒരു പർവ്വതമായി കുന്നും. ഒരുവൻ ഒരു [ 2 ] പത്രം വായിക്കുവാൻ അഞ്ചു മിനിട്ടു നേരം ദിവസന്തോറും ചെലവാക്കുന്നുവെങ്കിൽ, ഭൂമിയിലുള്ള ജനങ്ങൾ എല്ലാംകൂടി ഒരു കൊല്ലത്തിൽ പത്രവായനക്കായി വ്യയം ചെയ്യുന്ന കാലം ഒരു ലക്ഷം സംവൽസരം ആകും." ഈ കണക്ക് നാലുകൊല്ലം മുമ്പ് പ്രസിദ്ധപ്പെടുത്തിക്കണ്ടിരുന്നതാണ്. അക്കാലത്തിന്നിപ്പുറം, പത്രങ്ങൾക്കു അഭിവൃദ്ധിയല്ലാതെ ക്ഷയമുണ്ടായിട്ടില്ലതാനും.

വൃത്താന്തപത്രച്ചെടി ഇദംപ്രഥമമായി പൊട്ടിമുളച്ചത് ഏതു രാജ്യത്തായിരുന്നു. ഏതു കാലത്തായിരുന്നു, എന്നൊക്കെ അന്വേഷിക്കേണ്ട ഭാരം ഈ പ്രബന്ധത്തിന്റെ ഉദ്ദേശ്യങ്ങളിൽ ഒന്നായി വിചാരിച്ചിട്ടില്ല. അത് വൃത്താന്തപത്രചരിത്രത്തിന്റെ വിഷയത്തിൽ ഉൾപ്പെട്ടതാകുന്നു. എന്നിരുന്നാലും, പത്രങ്ങൾ ഇപ്പോഴത്തെ നിലയിൽ എത്തിയിരിക്കുന്നത് ഏതേതു ദശാവിശേഷങ്ങളെ കടന്നിട്ടാണെന്നു മനസ്സിലാക്കുവാൻ വേണ്ടി ചില വിവരങ്ങൾ പറയുന്നതു യുക്തമായിരിക്കുമെന്ന് വിചാരിക്കുന്നു. ലോകത്തിൽ ഒന്നാമതായി പത്രം ഉണ്ടായത് ചീനരാജ്യത്തായിരുന്നു എന്നു പറയപ്പെട്ടുകാണുന്നു. ചീനാ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായ പെക്കിൻ പട്ടണത്തിൽ പണ്ടൊരു കാലത്ത് രാജ്യകാര്യ രഹസ്യങ്ങളെ വെളിപ്പെടുത്തുന്നതിൽ താൽപര്യക്കാരായിരുന്ന ചില ഉപജാപകൻമാർ ആവക രഹസ്യങ്ങളെ കടലാസിൽ എഴുതി ആവശ്യക്കാർക്കു വിറ്റിരുന്നു. സർക്കാരിന്റെ നിരോധം ഉണ്ടായിരുന്നിട്ടും അവരുടെ പ്രവൃത്തിക്കു പ്രാബല്യമാണുണ്ടായത്; ക്രമേണ ജനങ്ങൾക്കു വർത്തമാനങ്ങളറിവാൻ കൗതുകം വർദ്ധിച്ചതായി കാണുകയാൽ അവർ പത്രം അച്ചടിച്ചു പുറപ്പെടുവിപ്പാനും തുടങ്ങി. ഇങ്ങനെയാണ് ലോകത്തിലെ ആദിമവൃത്താന്തപത്രമായ "പെക്കിങ് ഗജറ്റ്" പ്രചാരപ്പെട്ടത്. യൂറോപ്പിൽ ഇപ്രകാരമൊരു ഉദ്യമമുണ്ടായത് കൃസ്താബ്ദം പതിനാറാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലായിരുന്നു: അക്കാലത്ത് ഇറ്റലിയിലും ജർമ്മനിയിലും ദേശവാർത്തകളടങ്ങിയ കടലാസുകൾ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇവ കേവലം വർത്തമാനക്കത്തുകൾ ആയിരുന്നതല്ലാതെ, ഇപ്പോഴത്തെ രീതിക്കുള്ള മുഖപ്രസംഗങ്ങളോ മറ്റോ അടങ്ങിയവയായിരുന്നില്ല. ഇവയുടെ പ്രചാരം, ഇംഗ്ലാണ്ടിലെ ജനങ്ങളിൽ ചിലർക്ക്, വർത്തമാനക്കടലാസുകൾ [ 3 ] ഇംഗ്ലീഷുഭാഷയിൽ പുറപ്പെടുവിച്ചാൽ കൊള്ളാമെന്ന ആഗ്രഹത്തെ ജനിപ്പിച്ചു. ഇങ്ങനെ പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യദശയിൽ, 1588-ാം കൊല്ലത്തിൽ, "ഇംഗ്ലീഷ് മേർക്കുറി" എന്ന പേരിൽ ഒന്നാമത്തെ ഇംഗ്ലീഷു വർത്തമാന കടലാസും പുറപ്പെട്ടു. പതിനേഴാം നൂറ്റാണ്ടിന്റെ ഒന്നാം പാദത്തിൽ, ഇംഗ്ലാണ്ടിൽ വർത്തമാന പത്രികകൾക്കു പ്രചാരവും ജനങ്ങൾക്കു അവയുടെ പേരിൽ താല്പര്യവും വർദ്ധിച്ചുവന്നിരുന്നതായി രേഖപ്പെടുത്തീട്ടുണ്ട്. എന്നാൽ വർത്തമാനപത്രം എന്ന നാമം അന്വർത്ഥമായി അർഹിച്ചിച്ചിരുന്ന ഒന്നാമത്തെ പത്രം 1623-ൽ സർറോജർ ലെസ്ത്രേഞ്ജ് എന്ന ആൾ പുറപ്പെടുവിച്ച "പബ്ലിക് ഇന്റെലിജെൻസർ" ആയിരുന്നു. അനന്തരം പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭം വരേ പത്രങ്ങളുടെ നടത്തിപ്പു സംബന്ധിച്ചു ചില നിരോധ ചട്ടങ്ങൾ ഉണ്ടാവുക നിമിത്തം, അവയുടെ എണ്ണം ഏറെ വർദ്ധിക്കുവാൻ തരമായില്ല. ക്വീൻ ആൻ എന്ന രാജ്ഞി രാജ്യഭാരം ഏറ്റതായ 1702 മാർച്ച് മാസത്തിൽ ആയിരുന്നു ഒന്നാമത്തെ ദിനപത്രമായ "ഡെയ്ലി കുറാന്റ്" പുറപ്പെട്ടത്: ഇതിൽ ദിവസന്തോറും തപാൽവഴി കിട്ടുന്ന വാർത്തകളെല്ലാം ചേർത്തിരുന്നു. കുറാന്റിന്റെ ജനനത്തിനു മുമ്പ് ഇംഗ്ലാണ്ടിൽ ഇരുന്നൂറിലധികം വർത്തമാനകടലാസുകൾ ഉണ്ടായിരുന്നതായി പറയപ്പെട്ടുകാണുന്നുണ്ട്. ഈ പത്രങ്ങളൊക്കെ വർത്തമാനങ്ങൾ ശേഖരിച്ചു പ്രസിദ്ധപ്പെടുത്തുന്ന കാര്യത്തിലായിരുന്നു പ്രത്യേക ശ്രദ്ധവെച്ചിരുന്നത്. 1704-ാം കൊല്ലത്തിൽ, ഡാനിയൽ ഡിഫോ എന്ന സാഹിത്യകാരൻ ഈ പതിവിനെ ലംഘിച്ച് രാജ്യഭരണകാര്യങ്ങളെ വിമർശിക്കുന്ന "റിവ്യൂ" എന്ന പത്രിക പത്രിക പുറപ്പെടുവിച്ചുതുടങ്ങി. ഡിഫോ വൃത്താന്തപത്രകാര്യത്തിൽ ഒരു പുതിയ പ്രസ്ഥാനം ഏർപ്പെടുത്തി; പത്രാധിപപ്രസംഗം എന്ന ഉപന്യാസം നടപ്പിൽ വരുത്തിയതിനും പുറമേ അപ്പോഴപ്പോഴള്ള നാട്ടുവർത്തമാനങ്ങളെ പറ്റി നിർഭയമായി ഗുണദോഷ നിരൂപണം ചെയ്ത് സ്വാഭിപ്രായം പറകയും. ഈ വഴിക്ക് മർദ്ദിക്കപ്പെടേണ്ടവരെയൊക്കെ നിർദ്ദയം മർദ്ദിക്കയും ചെയ്തിരുന്നു. എന്നാൽ ഡിഫോ അക്കാലത്തെ വിദ്വാന്മാരുടെ സംഘങ്ങളിൽ ഉൾപ്പെട്ടു നടക്കാതിരുന്നതിനാൽ അവർ ഡീഫോവിന്റെ സാഹിത്യ പരിശ്രമങ്ങളെ നിന്ദിക്കയും, രാജ്യകാര്യ സംബന്ധമായ ഉപന്യാസങ്ങളെ രാജ്യദ്രോഹപ്രേരകങ്ങളെന്നും മറ്റും ആക്ഷേപം പറയുകയും [ 4 ] ചെയ്തിരുന്നു. എങ്കിലും, പത്രങ്ങൾക്കു കടലാസൊന്നിനു ഒരു പെനി വീതം തീരുവ ചുമത്തുന്നതായി സ്റ്റാമ്പാക്റ്റ് ഉണ്ടായതുവരേ അതു നിലനിന്നു ആ ആക്റ്റ് നിമിത്തം 1712 ജൂലൈ 29-ാം തീയതി "റിവ്യു" പത്രം കൊഴിഞ്ഞുവീണു. റിവ്യുവിന്റെ ചരമത്തിനു മുമ്പ് 1709 ഏപ്രിൽ 12-ാം തീയതി, സ്റ്റീൽ എന്നും അഡിസൻ എന്നും പേരായ സാഹിത്യകാരകൻമാർ ചേർന്ന് "ടാറ്റ്ലർ" എന്ന ഒരു പത്രിക പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ മുഖ്യപ്രവർത്തകൻ സ്റ്റീൽ ആയിരുന്നു. അക്കാലത്ത് ജനങ്ങളുടെ സമുദായാചാരങ്ങൾ മുതലായ നടപടികൾ ഏറെക്കുറെ ദൂഷ്യപ്പെട്ടിരുന്നതുകണ്ട് ആവക സംഗതികളെ പരിഷ്കരിപ്പാൻ ഉദ്ദേശിച്ച് പലേ ഉപന്യാസങ്ങൾ അതിൽ എഴുതിവന്നിരുന്നു; വർത്തമാനങ്ങളും ചേർത്തിരുന്നു. സാഹിത്യരസികത്വം കുറഞ്ഞിരുന്നുവെങ്കിലും വായനക്കാർക്ക് ഹിതകരമായ ഉപന്യാസങ്ങൾ അടങ്ങിയിരുന്ന ഈ പത്രിക 1711 ജനുവരി മാസത്തിൽ നാമാവശേഷമായി. അനന്തരം, രണ്ടു മാസം കഴിഞ്ഞു രണ്ടാളുംകൂടി "സ്പെക്ടേറ്റർ" എന്ന പത്രിക പുറപ്പെടുവിച്ചു. ഇതിലും അക്കാലത്തെ സമുദായ നടപടികളെ വിഷയീകരിച്ചുള്ള ഉപന്യാസങ്ങളായിരുന്നു മുഖ്യമായി ചേർത്തിരുന്നത്. എന്നാൽ സാഹിത്യകാര്യത്തിൽ സരസനായ അഡിസന്റെ പ്രഭാവം അധികമായിരുന്നതുകൊണ്ട് സ്പെക്ടേറ്റർ ടാറ്റ്ലറെക്കാൾ അധികം ജനപ്രീതികരമായിരുന്നു. ഈ രണ്ടു പത്രികകളാലും ഉപന്യാസമെന്ന സാഹിത്യവിഭാഗത്തിന്ന് അഭിവൃദ്ധി ഉണ്ടായതിന്നും പുറമെ, അക്കാലത്തെ രാജഗൃഹമര്യാദകളേയും സാമുദായികാചാരങ്ങളേയും ശുദ്ധീകരിക്കുവാനും, ഇംഗ്ലീഷു സാഹിത്യത്തിൽ 'നോവൽ' എന്ന ആഖ്യായികയുടെ രൂപത്തിനും പരിപൂർത്തിവരുത്തുവാനും സാധിച്ചിരുന്നു. സ്റ്റീലും അഡിസനും കൂടിച്ചേർന്നു നടത്തിയ 'ഗാർഡിയൻ': പിന്നെ 1731-ൽ എഡ്വർഡ് കേവ് പുറപ്പെടുവിച്ച ജെന്റിൽമാൻസ് മാഗസിൻ; ഡാക്ടർ ജാൺസൺ 1750-ൽ നടത്തിയ 'റാംബ്ലർ'; ഇതിനിടയ്ക്ക് 1739 മുതൽ 1752 വരെ നടന്നിരുന്ന 'ചാമ്പിയൻ'; 'ട്രൂപേട്രിയറ്റ്'; ഹേക്ക്സ്‌വോർത്ത് എന്ന ആൾ നടത്തിയ 'അഡ്വെൻചുറർ'; സ്മാളെറ്റിന്റെ അധീനതയിൽ ജനഹിതവിരോധിയായ ഒരു മന്ത്രിയെ സഹായിപ്പാൻ 1762-ൽ തുടങ്ങിയ 'ബ്രിട്ടൻ'; അതിന്നെതിരായി അക്കൊല്ലംതന്നെ [ 5 ] ജാൺ വിൽക്കസ് എന്ന ജനഹിതാന്വേഷിയായ പ്രമാണി നടത്തിത്തുടങ്ങിയ 'നാർത്ത് ബ്രിട്ടൻ'; വ്യത്താന്തപത്രങ്ങളുടെ സ്വാതന്ത്ര്യത്തിനായി ഗവർമ്മെണ്ടിനോട് മല്ലിട്ടിരുന്ന വിൽക്കസ്സിനെ ബന്ധിച്ചു കാരാഗൃഹത്തിലിട്ടും മറ്റും ഉപദ്രവിച്ചപ്പോൾ, 1769-ൽ ജൂനിയസ് എന്ന ലേഖകന്റെ തീവ്രലേഖനങ്ങൾ പ്രസിദ്ധീകരിച്ച 'പബ്ലിക്ക് അഡ്വൈർട്ടൈസർ' ഇത്യാദി പലേ പത്രങ്ങൾ ഇംഗ്ലീഷു സാഹിത്യപോഷണത്തിന്നും, സമുദായാചാരദോഷപ്രമാർജ്ജനത്തിന്നും രാജ്യഭരണത്തിൽ ജനസ്വാതന്ത്ര്യ സ്ഥാപനത്തിനും ഏത്രമേൽ സഹായിച്ചുട്ടുണ്ടെന്ന് വിസ്മരിപ്പാൻ ഇവിടെ ആവശ്യമില്ല. ഇവയുടെ നിരന്തരമായ പ്രയത്നത്താൽ, പത്രങ്ങളുടെ പ്രചാരസ്വാതന്ത്ര്യത്തെ നിരോധിച്ചിരിന്ന ചട്ടങ്ങൾ മാറ്റിക്കയും, ബ്രിട്ടീഷ് പാർലമെന്റ് സഭയിൽ പത്രപ്രതിനിധികൾക്കു പ്രവേശം അനുവദിപ്പിക്കയും, ക്രമേണ പലേ വഴക്കുകൾ കൂട്ടി, മേൽപ്പടി സഭാനടപടികളെ പത്രത്തിൽ പ്രസിദ്ധീകരിപ്പാൻ സ്വാതന്ത്ര്യാവകാശം ലഭിക്കയും ചെയ്തു. ഇപ്പോഴാകട്ടെ, പാർലമെന്റ് സഭക്ക് രാജാധികാരം ഉള്ളതായിട്ടാണ് 'വെപ്പ്' എങ്കിലും, ആ അധികാരം പത്രങ്ങളുടെ കൈക്കലിരിക്കുന്നു എന്ന നിലയിലായിട്ടുണ്ട്. പാർലിമെണ്ടു സാമാജികൻമാർ പണ്ടേക്കാലത്ത് ഏതൊരു കാര്യവും കൂടിയാലോചിച്ച്, സ്വാഭിപ്രായങ്ങൾ തമ്മിൽ പെരുമാറി തീർച്ചപ്പെടുത്തിയിരുന്നു; ഇപ്പോൾ ആ വക പ്രവൃത്തിയൊക്കെ, പത്രങ്ങളിൽ ഉപന്യാസങ്ങളെഴുതുന്ന സമർത്ഥൻമാർ നടത്തിക്കൊള്ളുകയും അവരുടെ അഭിപ്രായങ്ങളെ ജനങ്ങൾ അനുസരിക്കയും ചെയ്യുന്നതുകൊണ്ട്, സഭാ സാമാജികൻമാർക്ക് സഭയിൽവെച്ച് ഓരോ കാര്യത്തിലും കക്ഷിപ്പിരിവ് അനുസരിച്ച് അനുകൂലമോ പ്രതികൂലമോ ആയുള്ള അഭിപ്രായങ്ങൾക്കു സമ്മതിദാനം ചെയ്യേണ്ട ഭാരമാണ് വാസ്തവത്തിലുള്ളത്. ബ്രിട്ടീഷു സാമ്രാജ്യത്തിൽ ജനങ്ങളുടെ രാജാധികാരം പാർലിമെണ്ടു സഭയുടെ പക്കൽ നിന്നു ക്രമേണ അപഹരിച്ചെടുത്തിരിക്കുന്ന വർത്തമാനപത്രങ്ങളുടെ എണ്ണം ചെറുതല്ല. ലണ്ടനിൽ മാത്രം ദിനപത്രമായും, പ്രതിവാരപത്രമായും, പ്രതിപക്ഷമായും, മാസികയായും മറ്റും നടക്കുന്നവയുടെ പ്രഭാവം അനല്പമാണ്; ഈ സ്ഥിതിക്ക് ഗ്രേറ്റ് ബ്രിട്ടെനും ഐർലാണ്ടും കൂടിയ രാജ്യത്തിൽ ഇപ്രകാരം നടക്കുന്ന അയ്യായ്യിരത്തിൽപ്പരം പത്രികകളുടെ ശക്തി എത്രയോ [ 6 ] മഹത്തായിരിക്കണം! ജനസമുദായത്തെ വഴിനടത്തുന്ന ഈ പത്രികകൾ സമർത്ഥൻമാരായ പത്രാധിപൻമാരുടെ അധീനതയിൽ ഇരിക്കുന്നതുകൊണ്ടും, ബുദ്ധിസാമർത്ഥ്യമുള്ളവർ സ്വാഭിപ്രായങ്ങളെ ഇവയിലേക്ക് എഴുതുന്നതുകൊണ്ടും ആകുന്നു ജനങ്ങളുടെയിടയിൽ, ഭിന്നശക്തികൾ തമ്മിൽ, രാജ്യത്തിന്നു നാശമുണ്ടാക്കാത്ത വിധത്തിൽ ഇണങ്ങിക്കൂടിക്കഴിയുന്നത്. ഇപ്പോൾ നടക്കുന്ന പത്രങ്ങളിൽ ഏറ്റവും പഴക്കംചെന്ന 'മാർണിങ് പോസ്റ്റ്' 1772-ൽ പുറപ്പെടുവിച്ചു തുടങ്ങിയതാകുന്നു. 'ലണ്ടൻ ഡെയ്ലി യുനിവേർസൽ റെജിസ്റ്റർ' എന്ന പേരിൽ 1785-ാം കൊല്ലത്തിൽ തുടങ്ങിയ പത്രമാണ് 1788 മുതൽക്ക് 'ടൈംസ്' എന്ന പേരിൽ നടന്നുവരുന്നത്. ലണ്ടനിൽ സായങ്കാലന്തോറും വർത്തമാനങ്ങളറിയിപ്പാനായി ഒന്നാമതു പുറപ്പെടുവിച്ചു തുടങ്ങിയ 'ഗ്ലോബ്' പത്രത്തിന്റെ ജനനം, 1803-ലായിരുന്നു. മഹാശക്തികളായ രാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങളിൽ ചെന്നു ചാടാതെ സമാധാനപ്പെട്ടുപോകുന്നതിന് തക്ക വ്യവസ്ഥകൾ ഏർപ്പെടുത്തുവാനും, സാമുദായികമായും രാജ്യകാര്യവിഷയമായുമുള്ള ദൂഷ്യങ്ങളെ പ്രകാശപ്പെടുത്തി പരിഹരിപ്പാനും, കഴിഞ്ഞിരുന്ന വില്യം തോമസ് സ്റ്റെഡ് നടത്തിയിരുന്നതും ഇപ്പോഴും ഏറെ പ്രഭാവത്തോടുകൂടി നടക്കുന്നതുമായ 'റിവ്യൂ ആഫ് റിവ്യൂസ്' എന്ന മാസികപുസ്തകം തുടങ്ങിയത് 1890-ൽ ആയിരുന്നു. ഇതിൻമണ്ണം തന്നെ രാജ്യകാര്യങ്ങളിൽ വളരെ പ്രേരണശക്തിയോടു കൂടിയ 'നൈന്റീന്ത് സെൻച്വറി അൻഡ് ആഫ്റ്റർ', 'കണ്ടെമ്പൊറാറി റിവ്യൂ' ഇത്യാദി മാസികാപുസ്തകങ്ങളും ഇംഗ്ലീഷുവൃത്താന്ത പത്രപ്രവർത്തനത്തൊഴിലിനെ ഉൽകൃഷ്ടമാക്കിയിരിക്കുന്നു.

ഇന്ത്യയിൽ, ഇംഗ്ലീഷു ഭാഷയുടെ പ്രചാരത്തോടുകൂടി കടന്നതായ വൃത്താന്തപത്രം ക്രമേണ വേരുറച്ചു വളരുകയും, ഒരു ശക്തിയായിത്തീരുകയും ചെയ്തിട്ടുണ്ട്. പുരാതനകാലങ്ങളിൽ, സകല ശാസ്ത്രങ്ങളുടേയും കലാവിദ്യകളുടേയും വിഹാരരംഗമായി പരിഷ്കാരത്തിന്റെ പരമകാഷ്ഠയെ പ്രാപിച്ചിരുന്ന ഇന്ത്യാ ഭൂഖണ്ഡത്തിൽ, വർത്തമാനപത്രങ്ങളും, അവയുടെ ജനനത്തെ സൗകര്യപ്പെടുത്തുന്ന അച്ചുകൂടങ്ങളും ഇല്ലായിരുന്നത്, പക്ഷേ അക്കാലത്തുള്ളവർക്ക് ത്രികാലജ്ഞാനം എളുപ്പത്തിൽ സാദ്ധ്യമായിരുന്നതിനാൽ [ 7 ] ആയിരുന്നിരിക്കുമോ? അതല്ല, ഇക്കാലത്തെ വർത്തമാനപത്രങ്ങളുടെ സ്ഥാനത്ത്, അക്കാലങ്ങളിൽ നാരദമഹർഷി ഉണ്ടായിരുന്നതിനാലായിരിക്കുമോ ? ഓരോരോ രാജ്യങ്ങളിലെ ഭരണചരിതങ്ങളും, യുദ്ധകാര്യ വിവരങ്ങളും ലോകമെന്നും അറിയിപ്പാനായി, നാരദമഹർഷി, പലേ ദേശങ്ങളിലും എഴുന്നള്ളിയിരുന്നുവെന്നു പുരാണങ്ങൾ ഘോഷിച്ചിരിക്കുന്നത്, പക്ഷേ അന്നത്തെ 'ടൈംസ്' പത്രത്തെ ഒരു മഹർഷിയായി സങ്കല്പിക്കയും അതിന്റെ സഞ്ചാരത്തെ എഴുന്നള്ളത്തായി ഭാവനംചെയ്കയും ചെയ്ത കവിയുടെ മനോധർമ്മപ്രകടനം ആയിരിക്കാമോ? ഏതൊന്നായാലും, ഇപ്പോഴത്തെ വർത്തമാനപത്രങ്ങളുടെ പ്രതിമൂർത്തികളായി, ഇപ്പോഴത്തെ സമ്പ്രദായത്തിൽ, പുരാതനകാലത്ത് ഇന്ത്യയിൽ വർത്തമാനപത്രങ്ങൾ ഇല്ലായിരുന്നു എന്നതു നിശ്ചയംതന്നെ. അച്ചടിത്തൊഴിലിന്റെ ഉദയം ഇന്ത്യയിൽ ഉണ്ടായതുകൂടിയും പാശ്ചാത്യരുടെ പ്രവേശാനന്തരമാണ്. വൃത്താന്തപത്രമെന്നത് ലോകവാർത്തകളൊ ആ വാർത്തകളെപ്പറ്റിയ നിരൂപണങ്ങളോ അടങ്ങിയതും, നിയതകാലങ്ങളിൽ പുറപ്പെടുന്നതും, അച്ചടിച്ചതോ കല്ലച്ചിൽ പതിച്ചതോ ആയുള്ളതും ആയ ഒരു സാധനമാകുന്നു എന്ന നിർവ്വചനത്തിന്നു നാരദമഹർഷി യാതൊരു പ്രകാരത്തിലും ഉദാഹരണമായിരിക്കുന്നുമില്ല. ഇന്ത്യയിലെ വൃത്താന്തപത്രം ഇംഗ്ലീഷുവിദ്യാഭ്യാസത്തിന്റെ സന്താനം ആണ്, നിശ്ചയം.

ഇന്ത്യൻ മണ്ണിൽ നല്ലവണ്ണം പിടിച്ചുവളരുവാൻ തുടങ്ങിയ ഈ വൃത്താന്തപത്രച്ചെടിയുടെ അഭിവൃദ്ധി ഏതു നിലയിലാണെന്നു നോക്കാം: ഇംഗ്ലീഷുവർഷം 1879-80-ൽ, ഇന്ത്യയിൽ വർത്തമാനപത്രങ്ങളുടെ എണ്ണം 328 മാത്രമാവും: മാസികകൾ തുടങ്ങിയ പത്രഗ്രന്ഥങ്ങളുടെ എണ്ണം 322 മാത്രവും ആയിരുന്നു; മുപ്പതുകൊല്ലം കഴിഞ്ഞു, 1909-10-ലെ കണക്കുകൊണ്ട്, ഇന്ത്യയിൽ, 726 വർത്തമാന പത്രങ്ങളും, 829 പത്രഗ്രന്ഥങ്ങളും ഉള്ളതായി കണ്ടിരിക്കുന്നു. ഈ വളർച്ച അതിന്റെ സ്വാച്ഛന്ദ്യത്തിനു തടവുണ്ടാക്കുന്ന പലേ നിരോധച്ചട്ടങ്ങൾ ഏർപ്പെടുത്തിയിരുന്നിട്ടുകൂടിയും ഉണ്ടായതാണ്. മേൽപ്പറഞ്ഞ മുപ്പതു കൊല്ലത്തിനിടയിൽ, മറ്റനേകം പത്രങ്ങളും പത്രഗ്രന്ഥങ്ങളും തുടങ്ങുകയും മുടങ്ങുകയും ചെയ്തിട്ടുണ്ട്. വിശേഷിച്ചും, ഈ കണക്ക് ബ്രിട്ടീഷ് ഇന്ത്യയിലെ മാത്രം പത്രങ്ങളെ [ 8 ] സംബന്ധിച്ചുള്ളതാണ്. ഇന്ത്യയിൽ അടങ്ങിയ പരന്ത്രീസു പ്രദേശങ്ങളിലും പോത്തുഗീസു പ്രദേശങ്ങളിലും സ്വദേശരാജ്യങ്ങളിലും പ്രസിദ്ധീകരിക്കുന്നവയുടെ എണ്ണം കൂടി ചേർത്താൽ, ആകത്തുക എത്രയോ കയറിനിൽക്കും. പത്രങ്ങളുടെ ഈ വളർച്ചയ്ക്ക് അധികം അഭിവൃദ്ധി ഉണ്ടായിരുന്നത് മേൽപ്പടി മുപ്പതു കൊല്ലത്തിന്റെ ആദ്യത്തെ പത്തു കൊല്ലക്കാലത്തായിരുന്നു: അക്കാലത്തിൽ പത്രങ്ങൾ നൂറ്റിന് അറുപതു വീതം വദ്ധിച്ചിരുന്നു. പത്രഗ്രന്ഥങ്ങളുടെ വളർച്ച അധികമായിട്ടുണ്ടായത് ഒടുവിലത്തെ പത്തു കൊല്ലക്കാലത്തിലായിരുന്നു എന്ന ഒരു വിശേഷമുണ്ട്. പത്രങ്ങളിൽ ഏറിയകൂറ് നടക്കുന്നത് ബംബാ സംസ്ഥാനത്താണ്; അവിടെ 160 എണ്ണമുണ്ട് എന്നും; പിന്നെ, അവരോഹക്രമത്തിൽ, യുനൈറ്റഡ് പ്രോവിൻസസ്, മദ്രാസ്, പഞ്ചാബ്, ബെംഗാൾ ഇവയും പിന്തുടരുന്നു എന്നും മുൻപറഞ്ഞ കണക്കുകൊണ്ട് വെളിവായിട്ടുണ്ട്.

ഇന്ത്യയിലെ വൃത്താന്തപത്രങ്ങളിൽ മുഖ്യമായവ ഇംഗ്ലീഷുഭാഷയിൽ നടത്തപ്പെടുന്നവയാണ്. അവയെ അനുകരിച്ച് നാട്ടുഭാഷകളിലും അനേകം പത്രങ്ങൾ നടത്തപ്പെട്ടുവരുന്നുണ്ട്. ഈ ഇനത്തിൽ, മലയാള രജ്യങ്ങളിലെ മാതൃഭാഷയായ മലയാളത്തിലും ഏതാനും പത്രങ്ങൾ നടക്കുന്നുണ്ട്. മലയാളപത്രങ്ങളുടെ എണ്ണം മലയാളമറിയുന്ന വായനക്കാരുടെ ആവശ്യത്തിൽ കവിഞ്ഞിരിക്കുന്നു എന്ന ആക്ഷേപവും പറയപ്പെടുന്നുണ്ട്. മലയാളത്തിൽ ഇദംപ്രഥമമായി ഒരു പത്രം പുറപ്പെടുവിച്ചിട്ട് അൻ‌പതു കൊല്ലത്തിനകമേ കാലം കഴിഞ്ഞിട്ടുള്ളു. ഇത്രയും കാലത്തിനുള്ളിൽ, അനേകം പത്രങ്ങൾ മുളക്കയും പട്ടുപോകയും ചെയ്തു; എന്നിട്ടും, പത്രങ്ങളുടെ സംഖ്യ കൊല്ലംതോറും വർദ്ധിച്ചുകൊണ്ടുതന്നേയിരിക്കുന്നു. ഇങ്ങനെയിരുന്നാലും, മലയാളത്തിൽ പത്രപ്രവർത്തനത്തിന് ഒരു തൊഴിലിന്റെ നിലയിൽ സ്ഥിരപ്രതിഷ്ഠയോ അഭിവൃദ്ധിയോ പ്രചാരമോ ഉണ്ടായിട്ടുണ്ടെന്നു പറവാൻ നിവൃത്തിയില്ല. ഇതിന്നു കാരണമെന്തായിരിക്കാം? പത്രപ്രവർത്തനത്തൊഴിലിന്റെ മൌലസിദ്ധാന്തങ്ങൾ എന്തൊക്കെയെന്ന് അറിയും മുമ്പ് ആ തൊഴിലിൽ ചെന്നു ചാടുകയാൽ ഉണ്ടായ കുഴക്കായിരിക്കുമോ? മലയാള വർത്തമാന പത്രങ്ങൾ ആദ്യകാലത്ത് [ 9 ] നടത്തിത്തുടങ്ങിയവർ, പ്രായേണ, ഇംഗ്ലീഷു പത്രങ്ങളെ, അനുകരണഭ്രമത്താൽ, പിന്തുടർന്നു എന്നല്ലാതെ, ആ വക പത്രങ്ങളെ നടത്തുന്ന സമ്പ്രദായങ്ങൾ പരിശീലിച്ചറിഞ്ഞിരുന്നവർ ആയിരുന്നില്ല; ഈ ന്യൂനത, ഏറെക്കുറെ അല്ലെങ്കിൽ നിശ്ശേഷം, ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. പത്രത്തിൽ പ്രസ്താവിക്കേണ്ട സംഗതികളെ ലേഖനരൂപത്തിൽ എഴുതി അറിയിപ്പാൻ ആവശ്യകമായ സാഹിത്യനൈപുണ്യം സമ്പാദിച്ചവർ പലർ മലയാള പത്രങ്ങളുടെ നടത്തിപ്പിന് സഹായമായിട്ടുണ്ട്. എന്നാൽ അതിനെ നിസ്സംശയം സഫലമാക്കുവാൻ പ്രയോജനപ്പെടുന്ന പലേ തൊഴിൽ സമ്പ്രദയങ്ങൾ മലയാള പത്രങ്ങൾക്ക് ഇപ്പോഴും സുലഭമായിട്ടില്ല.

മുൻകാലങ്ങളിൽ, ജനങ്ങളെ പൊതുവിൽ ബാധിക്കുന്ന കാര്യങ്ങളിൽ, ഗുണദോഷങ്ങൾ ചൂണ്ടിക്കാണിപ്പാനും, ദൂഷ്യങ്ങളെപ്പറ്റി കഠിനമായിട്ടുകൂടെയും ആക്ഷേപിപ്പാനും മലയാളദേശങ്ങളിൽ, ഇപ്പോഴത്തെ വൃത്താന്തപത്രങ്ങൾക്കു പകരം, ചില സ്ഥാപനങ്ങൾ പ്രയോജകീഭവിച്ചിരുന്നു. പാഠകങ്ങൾ പറഞ്ഞുവന്ന ചാക്യാരും, കഥകൾ തുള്ളിപ്പാടിയിരുന്ന തുള്ളൽക്കവിതക്കാരും, പൊതു വിഷയങ്ങളിൽ ഇപ്പോൾ പത്രങ്ങൾക്കു കർത്തവ്യമായിത്തീർന്നിട്ടുള്ള ഗുണദോഷപ്രഖ്യാപനമെന്ന പ്രവൃത്തി നിർവ്വഹിച്ചിരുന്നു. ചാക്യാരുടെ കൂത്തും, തുള്ളൽക്കാരന്റെ പാട്ടും, കാൺമാനും കേൾപ്പാനുമായി, അതാതു പ്രദേശങ്ങളിലെ രസികജനങ്ങൾ ഏറിയകൂറും അരങ്ങത്തു കൂടിയിരുന്നു. സാമാന്യൻമാരാൽ ബഹുമാനിക്കപ്പെടുവാൻ തക്ക വിദ്വത്വം ചാക്യാർക്കും തുള്ളൽക്കവിതക്കാരനും ഉണ്ടായിരുന്നതിനാൽ, ഈ വിദ്വജ്ജനങ്ങളുടെ അഭിപ്രായങ്ങൾ അവർ ശ്രദ്ധയോടെ കേട്ടിരുന്നു: അതുവഴിയായി, വർജ്ജ്യങ്ങളായ നടത്തകളെ അവർ വർജ്ജിക്കയും, ഗ്രാഹ്യങ്ങളായവയിൽ പ്രതിപത്തിവയ്ക്കയും ചെയ്തിരുന്നു. സമുദായത്തെ നല്ല വഴിക്കു നടത്തുവാൻ ഉതകിയിരുന്ന മേൽപ്പടി സ്ഥാപനങ്ങൾക്കു കാലക്രമത്തിൽ പ്രചാരം കുറയുകയാലും, ആദ്യകാലങ്ങളിലെ തുള്ളൽക്കവിതക്കാരുടെ 'തുറന്നു പറയുന്ന ശീല'വും ധൈര്യവും പിൽക്കാലത്തെ കവിതക്കാരിൽ ലോപിച്ചുപോകയാലും, വിശേഷിച്ചും, ഈ പിൽക്കാലകവിതക്കാർ ധനം മോഹിച്ച് പ്രതാപശാലികളായ ദുഷ്ട [ 10 ] പ്രഭുക്കന്മാരുടെ ദുർനടപടികളെ മറച്ചുവെച്ച് അവർക്കില്ലാത്ത ഗുണങ്ങൾ ഉള്ളതായി വർണ്ണിച്ച് സ്തുതിച്ച് കവിതയെ വ്യഭിചരിപ്പിച്ചു തുടങ്ങിയതിനാലും, ജനങ്ങൾ പൊതുകാര്യങ്ങളിൽ ഗുണദോഷങ്ങൾ പറഞ്ഞു കേൾപ്പാൻ ഈ വിദ്വാന്മാരെ ആലംബിക്കാതായിത്തുടങ്ങി. ഈ അവസ്ഥയിൽ, ഇംഗ്ലീഷുവിദ്യാഭ്യാസപ്രചാരത്തിലുണ്ടായ പാശ്ചാത്യ പരിഷ്കാരത്തിന്റെ അനുഗാമിയായ വൃത്താന്തപത്രമെന്ന മാർഗ്ഗം, ജനങ്ങൾക്കു ഗുണദോഷപ്രഖ്യാപനത്തിനു പ്രലോഭകമായിത്തീർന്നിരിക്കാൻ സംഗതിയുണ്ട്. അതെങ്ങിനെയായിരുന്നാലും, ഈ ഉത്സാഹത്തിൽ, പത്രപ്രവർത്തനത്തൊഴിലിലെ സാഹിത്യസംബന്ധമായ ഭാഗം മാത്രം ഏറെക്കുറെ ഇംഗ്ലീഷു പത്രരീതിയെ അനുസരിക്കയും; ശ്രദ്ധവെയ്ക്കപ്പെടാത്ത മറ്റു ഭാഗങ്ങളിൽ മിക്കവാറും അപജയം നേരിടുകയും ചെയ്തു. ഇതാണ് മലയാള പത്രങ്ങളുടെ നില.

പുര പണിവാൻ വരുന്ന തച്ചപ്പണിക്കൻമാർ തച്ചുശാസ്ത്രം പഠിച്ചു പണി ശീലിച്ചവർ ആയിരിക്കേണമെന്നും രോഗിയെ ചികിൽസിപ്പാൻ വരുന്ന വൈദ്യൻ ശാരീരം, നിദാനം ഇത്യാദി പഠിച്ചു നിശ്ചയം വരുത്തിയവനായിരിക്കണമെന്നും നിർബ്ബന്ധം ചെയ്തിരിക്കുമ്പോൾ, പത്രപ്രവർത്തനത്തൊഴിൽ ശീലിച്ചിട്ടില്ലാത്തവർ എങ്ങിനെയാണ് മലയാളപത്രങ്ങൾ നടത്തുവാൻ തുനിഞ്ഞത് ? ഒരു തൊഴിലിൽ പ്രവേശിക്കുന്നവന് അതിലേക്കാവശ്യമായ ശാസ്ത്രജ്ഞാനവും പരിശീലനവും സിദ്ധിച്ചിരിക്കേണമെന്ന് സാമാന്യനിയമം പത്രപ്രവർത്തനത്തൊഴിലിനെ സംബന്ധിക്കയില്ലയോ? വാസ്തവം ഇതാണ്; പത്രപ്രവർത്തനത്തൊഴിൽ, പ്രത്യേകമായ പഠിപ്പോ, അറിവോ ഇല്ലാതെതന്നേ, ആർക്കും സ്വച്ഛന്ദമായി കടന്നുകൂടാവുന്ന ചുരുക്കം ചില തൊഴിലുകളിൽ ഒന്നാകുന്നു. അതിലേയ്ക്കു കടത്തിവിടുവാൻ മനസ്സുള്ള ഒരു 'യജമാനൻ' ഉണ്ടായിരുന്നാൽ ആർക്കും കടന്നുചെല്ലാം. ഈ സ്വാച്ഛന്ദ്യത്തിന്റെ ഫലമായി, ലോകത്തിൽ ഇപ്പോൾ അനേകലക്ഷം ആളുകൾ വർത്തമാനപത്രനടത്തിപ്പിൽ പണിയെടുക്കുന്നുണ്ട്. ഗ്രേറ്റ് ബ്രിട്ടനും അയർലാണ്ടും കൂടിയ ബ്രിട്ടീഷു മഹാരാജ്യത്തിനുള്ളിൽത്തന്നേ, വർത്തമാനപത്രത്തൊഴിലിൽ ഏർപ്പെട്ടു നിത്യവൃത്തി കഴിക്കുന്നവരായി പതിനായിരത്തിൽ [ 11 ] അധികം ആളുകളുണ്ട്; ഇവർക്കു പുറമെ, പത്രങ്ങൾക്കു ലേഖനങ്ങൾ, മുഖപ്രസംഗങ്ങൾ ഇത്യാദി എഴുതി സഹായിക്കുന്നവരായിട്ടും അനേകസഹസ്രം പേരുണ്ട്. ഇവരിൽ ഒന്നാമത്തെ കൂട്ടർക്ക്, പത്രനടത്തിപ്പു സംബന്ധിച്ചു പണി മാത്രമേ തൊഴിലായിട്ടുള്ളു; രണ്ടാമത്തെ കൂട്ടർക്കു, ഈ പണി അപ്രധാനമായിട്ടുള്ളതുമാകുന്നു. ഈ തൊഴിലിന് ആരേയും കടത്തിവിടാം എന്നു വയ്ക്കയാലുള്ള മറ്റൊരു ഫലം, പത്രപ്രവർത്തനത്തൊഴിലുകാരായി പണിയെടുക്കുന്നവരിൽത്തന്നെ അനേകം പേർ, ഇപ്പോൾ അത്യന്താപേക്ഷിതമായി കരുതിയിരിക്കുന്ന യോഗ്യതകൾ തികഞ്ഞിട്ടില്ലാത്തവരായി കഴിഞ്ഞുപോകുന്നുണ്ടെന്നുള്ളതാണ്. ഈ ഫലങ്ങൾ നിമിത്തം, പത്രപ്രവർത്തനത്തൊഴിലുകാരന്റെ സ്ഥാനത്തിന് നല്ലവണ്ണം വ്യക്തമായ അതിരിടുവാനും, ആ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്കു യോഗ്യതക്കൂടുതൽ ഉണ്ടാകേണമെന്നു വ്യവസ്ഥപ്പെടുത്തുവാനും ചില ആലോചനകൾ നടക്കുകയും, അതനുസരിച്ച് ഈ തൊഴിലുകാർ കൂടിച്ചേർന്ന് ഒരു പത്രപ്രവർത്തക സംഘം സ്ഥപിക്കുകയും ചെയ്തിട്ടുണ്ട്.

ഇതാണ് ഇംഗ്ലണ്ടിൽ സ്ഥാപിച്ചിരിക്കുന്ന 'ഇൻസ്റ്റിറ്റ്യൂട്ട് ആഫ് ജർണലിസ്റ്റ്സ്' എന്ന പത്രപ്രവർത്തകസംഘത്തിന്റെ ഉദ്ദേശം. പത്രപ്രവർത്തനത്തൊഴിലിൽ കടക്കുവാൻ വരുന്നവർക്ക് അതിന്നു വേണ്ടതായ യോഗ്യത ഏകദേശമെങ്കിലുമുണ്ടോ എന്നു നിർണ്ണയപ്പെടുത്താതെ ആരേയും അതിലേയ്ക്കു സ്വീകരിച്ചുകൂടുന്നതല്ലെന്ന് വ്യവസ്ഥപ്പെടുത്തുകയാണ് മുഖ്യമായ ഉദ്ദേശം ആക്കിയിരിക്കുന്നത്; പത്രപ്രവർത്തനത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ഹിതാവകാശങ്ങളെ പരിരക്ഷിച്ചുകൊള്ളുക, മറ്റൊരുദ്ദേശം ആകുന്നു. ഈ സംഘം അതിന്റെ ഉദ്ദേശങ്ങൾ സാധിപ്പാനായി ചില പരീക്ഷകൾ ഏർപ്പെടുത്തുന്നതിനും ആലോചിച്ചിരുന്നു; അതിലേക്കായി ഇതിനിടക്ക് ചില പാഠ്യവ്യവസ്ഥകളും ചെയ്തിട്ടുണ്ട്. എന്നാൽ പരീക്ഷാവിജയത്തെ യോഗ്യതയുടെ-അളവുകോലാക്കിയാൽ പത്രപ്രവർത്തനത്തൊഴിലിൽ അതു നിയമമാക്കിവെപ്പാൻ പാടില്ലെന്നാണ് ആക്ഷേപമുള്ളത്. പരീക്ഷയിൽ വിജയിയാകുന്ന ഒരുവൻ എപ്പോഴും പത്രപ്രവർത്തനത്തൊഴിലിനു യോഗ്യതാപരിപൂർത്തിയോടുകൂടിയവനായിരുന്നു എന്നു [ 12 ] വരുകയില്ല; പരീക്ഷയിൽ ജയം നേടീട്ടില്ലാത്ത ഒരുവൻ ഏറെ യോഗ്യനായും വരാം. പത്രത്തിന്റെ ഉടമസ്ഥൻ ഒരുവന്ന് തൊഴിലിൽ സാമർത്ഥ്യമുണ്ടോ എന്നു നോക്കുന്നതല്ലാതെ, പരീക്ഷാവിജയത്തെ കാര്യമായി വിചാരിക്കയില്ലെന്നും വരും. എന്നാലും പത്രത്തൊഴിലിൽ ഏർപ്പെടുന്നവർക്ക് സാമാന്യ വിദ്യാഭ്യാസം ലഭിച്ചിരിക്കേണ്ടത് ആവശ്യമാണെന്ന് ആരും സമ്മതിക്കുന്നുണ്ട്. മേല്പടി സംഘ നിബന്ധനകൾ പ്രകാരം, സാമാജികസ്ഥാനം കിട്ടുന്നതിന്നും സഹകാരികളായിരിക്കുന്നതിന്നും ഓരോരോ പരീക്ഷകളിൽ ജയിച്ചിരിക്കേണമെന്നു വ്യവസ്ഥപ്പെടുത്തീട്ടുണ്ട്; ചില ഉദ്യോഗങ്ങൾക്ക് ഉന്നത പരീക്ഷാ വിജയം സമ്പാദിച്ചിരിക്കേണ്ടത് യോഗ്യതയ്ക്ക് മുഖ്യാവശ്യമായും നിശ്ചയം ചെയ്തിട്ടുണ്ട്. എന്നാൽ ഇവയിലൊക്കെ അതാതു പണിക്ക് ആവശ്യപ്പെടുന്നേടത്തോളം പഠിപ്പും ആ പണിക്കു വേണ്ടതായ സാമർത്ഥ്യവും ഉണ്ടായിരുന്നാൽ മതിയാകും എന്നും, ഉദ്യോഗസ്ഥാനത്തിന്റെ ഉന്നതിയേ അനുസരിച്ചു പരീക്ഷാവിജയയോഗ്യതകൾ നിബന്ധിച്ചാൽ വിഹിതമായിരിക്കയില്ലെന്നും പക്ഷമുണ്ട്.

അതെങ്ങിനെയുമിരിക്കട്ടെ. പത്രപ്രവർത്തനപ്പണിയിൽ കടക്കുവാൻ ഒരുവന് എന്തു യോഗ്യതകളാണ് ആവശ്യം വേണ്ടത്? യോഗ്യതയുടെ ലക്ഷണങ്ങൾ എന്തൊക്കെ? ഇതിന്ന് എന്തെങ്കിലുമൊരു സാമാന്യമായ നിയമം കൽപ്പിക്കുവാൻ എളുപ്പമല്ല. കവികൾക്കൊപ്പം, പത്രത്തൊഴിലുകാരും, തങ്ങളുടെ പ്രവൃത്തിയിൽ ജന്മനാ സിദ്ധമായ വാസനയോടു കൂടിയവരായിരിക്കണം; അവരെ, യന്ത്രത്താൽ അച്ചാണികൾ വാർത്തെടുക്കുംപോലെ നിർമ്മിക്കാൻ കഴികയില്ല. പരമാർത്ഥമായ പത്രപ്രവർത്തനം ജന്മസിദ്ധമായ അഭിരുചി ഉള്ളവരാലല്ലാതെ സാധ്യമല്ല; അന്യന്മാരാൽ നടത്തുന്ന പത്രപ്രവർത്തനം, കൃത്രിമസാധനങ്ങളെന്നോണം, എന്തോ അവാച്യമായ ഒരു ചൈതന്യത്തിന്റെ കുറവിനെ സ്പഷ്ടമായി കാണിക്കും. ഒരു ദിക്കിലിരുന്ന് മെല്ലെമെല്ലെ ഉപായാപായങ്ങൾ ചിന്തിച്ചു സുഖമായ വഴിനോക്കി പണിയെടുക്കുന്ന ശീലമാണ് ഒരുവന് ഉള്ളതെങ്കിൽ, അവൻ പത്രപ്രവർത്തനത്തൊഴിലിൽ കടക്കുവാൻ തീരെ യോഗ്യനല്ല; മറ്റേതെങ്കിലുമൊരു തൊഴിൽ അവന്നു അധികം പറ്റും. നേരേമറിച്ച്, അവന്ന് എപ്പോഴും [ 13 ] ഊർജ്ജിതമായിരിക്കുന്ന നല്ല മനോധർമ്മവും പ്രസരിപ്പും ചൊടിചൊടിപ്പും, ഏതു സംഗതിയിലും വിചിത്രമായുള്ളതിനേയും, പ്രത്യേകമൊരാളെ പ്രസാദിപ്പിക്കുന്ന സംഗതികളേക്കാൾ ജനസമൂഹത്തെ ഒട്ടുക്കു രസിപ്പിക്കുന്നതായ സംഗതികളേയും, ഔചിത്യംപോലെ, ഉടനുടൻ ഗ്രഹിപ്പാൻ തക്ക ബുദ്ധികൗശലവും ഉണ്ടെന്നിരിക്കിൽ, അവന്നു പത്രപ്രവർത്തനത്തൊഴിലിൽ പ്രവേശിക്കുന്നതിലേക്ക് ആവശ്യമായുള്ള മാനസികമായ അനുഗ്രഹം സിദ്ധിച്ചിട്ടുണ്ടെന്നു തീർത്തു പറയാം; എന്നാൽ അവന്നു യോഗ്യത തികവാൻ വിദ്യാഭ്യാസം ലഭിച്ചിരിക്കുക ആവശ്യകവുമാണ്. ഏതു തരത്തിലുള്ള വിദ്യാഭ്യാസം വേണമെന്നു വഴിയേ പ്രതിപാദിക്കാം. വിദ്യാഭ്യാസവും നല്ല മനോധർമ്മവിലാസവും ഉള്ളവന്നു, പത്രപ്രവർത്തനത്തൊഴിലിൽ, എത്രയോ നിഷ്പ്രയാസമായി ഉന്നത പടവുകളിലേക്കു കയറിപ്പോവാനും കീർത്തിയും ബഹുമാന്യതയും നേടുവാനും സാധിക്കുന്നതാണ്. ഈ പ്രവൃത്തി അവന്നു സാഹിത്യ പരിശ്രമത്തിൽ സഹായമായിരിക്കുന്നതും; അവന്റെ ബുദ്ധിസാമർത്ഥ്യത്തിന്നനുസരിച്ച് അവന്നു സാഹിത്യകാരന്മാരുടെ സംഘത്തിൽ ശ്ലാഘ്യമായ സ്ഥാനം പ്രാപിക്കുവാൻ കഴിയുന്നതുമാകുന്നു.

പത്രപ്രവർത്തന ജീവിതത്തിൽ കടക്കുന്ന ഒരുവന്നു തന്റെ പദ്ധതിയിൽ പലേ ക്ലേശങ്ങളും ഉണ്ടായിരിക്കുന്നതിന്നൊപ്പംതന്നേ, പലേ പ്രലോഭനങ്ങളും ഉണ്ടാവാനിടയുണ്ട്. അവന്റെ സ്ഥാനം പ്രത്യേകം ചില അവകാശങ്ങളും ബാധ്യതകളുമുള്ളതാകയാൽ, പലേ ആളുകളുമായി ഇടപഴകാനും പലേ തരക്കാരുടെ നാനാപ്രകാരമായ നടത്തകളെ കാണ്മാനും സംഗതിവരും. ആരംഭത്തിലേ അവന്നു തന്റെ അവസരങ്ങളെ വിവേകപൂർവ്വം ഉപയോഗപ്പെടുത്താമെങ്കിൽ അവന്നു തൊഴിലിൽ ആദ്യകാലമത്രയും വളരെ കാര്യങ്ങൾ ഗ്രഹിപ്പാൻ സൗകര്യമുണ്ടാകും. അവൻ സ്വാർത്ഥങ്ങളെ നേടുന്നതിന്നു മോഹിക്കാതെയും, തൻകാര്യത്തേക്കാൾ പൊതുജന ഹിതങ്ങളെ അവശ്യം കർത്തവ്യമായി കരുതിയും പ്രവർത്തിച്ചാൽ, അവന്റെ ആരംഭദശ ശുഭമായിട്ടുതന്നെ കഴിഞ്ഞുകൂടിയേക്കും. അവന്നു നാനാജനങ്ങളുമായി ഇടപഴകാനും ലോകപരിചയം ധാരാളം ഉണ്ടാകാനും സാധിക്കുമെന്നിരുന്നാലും, പലേ ക്ലേശങ്ങളും [ 14 ] സഹിക്കേണ്ടതായും ഇരിക്കും. അവന്റെ പണി പലപ്പോഴും ദുർഭരമായി തോന്നിയെന്നു വരാം. അവൻ പലരുടെ ഉല്ലാസങ്ങളിൽ സമ്മേളനം ചെയ്യുന്നവനായിരുന്നാലും, അവന്നു 'സ്വന്തം' എന്ന് അവകാശപ്പെടുവാൻ, സമയം അൽപവും ഇല്ല, എന്നുകൂടി പറയാം. അവൻ എപ്പോഴും പൊതുജനങ്ങൾക്കു വേണ്ടി വേലചെയ്യേണ്ടവനാകയാൽ, ചില സമയങ്ങളിൽ രാത്രി ഉറക്കമിളക്കേണ്ടതായിട്ടുകൂടിയും വരും; ചില സമയങ്ങളിൽ യഥാകാലം ആഹാരം കഴിപ്പാൻ സാധിച്ചില്ലെന്നും വരാം.

എന്നാൽ, ഇത്രയൊക്കെ ക്ലേശങ്ങൾക്കുകൂടെ ഇടയുള്ള ഈ തൊഴിലിൽ നിന്ന് എന്തു പ്രതിഫലമാണ് ലഭിക്കുന്നത്? പത്രപ്രവർത്തനത്തൊഴിൽ എത്രത്തോളം മനസ്സിനെ വലിച്ചാഴ്ത്തിക്കൊണ്ടു പോകുന്നതായിരുന്നാലും, അത്രത്തോളം അതിൽ നിന്നുള്ള പ്രത്രിഫലം തൃപ്തികരവുമല്ല. 'പത്രക്കാരൻ' എന്ന പദത്തെ 'പാപ്പര്' എന്ന അർത്ഥത്തിൽ പര്യായമായിട്ടുകൂടിയും, ചിലപ്പോൾ ശപിക്കേണ്ടതായിത്തോന്നും; മലയാളപത്രങ്ങളുടെ വിഷയത്തിൽ ഇതു മിക്കവാറും വാസ്തവവുമാണ്! എന്നാൽ ഇതു തന്റെ തൊഴിലിൽ ധർമ്മനിഷ്ഠയോടുകൂടിയിരിക്കുന്നവരുടെ അനുഭവമാണെന്നല്ലാതെ, തൊഴിലിനെ വ്യഭിചരിപ്പിക്കുന്നവരുടെ അനുഭവമല്ല. പ്രഭാവശാലികളായ കക്ഷിപ്പിണക്കക്കാരുടേയോ, പ്രതാപശാലികളായ ദുഷ്ടന്മാരുടേയോ സേവയ്ക്കുനിന്ന്, അധർമ്മത്തിൽ ചാടി അവരുടെ ഇഷ്ടത്തിൻപടി നടക്കുന്ന പത്രക്കാരൻ പാപ്പരായിരിക്കേണ്ടിവരികയില്ല. ഇങ്ങനത്തെ ധർമ്മദൂഷണത്തിന് ഒരുമ്പെടുന്നവർ അതിപവിത്രമായ പത്രചാരിത്ര്യത്തെ ധ്വംസിക്കുന്നവരും വർത്തമാനപത്രങ്ങൾക്കു പൊതുവേ പറ്റുന്ന കീർത്തിദോഷത്തെ ഉണ്ടാക്കുന്നവരും ആകുന്നു. സത്യം, നീതി, ന്യായം മുതലായ ധർമ്മതത്വങ്ങളെ വിവേകത്തോടു കൂടി അനുവർത്തിക്കുന്ന പത്രക്കാരനു തന്റെ ക്ലേശങ്ങൾക്കു തക്കതായ വലിയ പ്രതിഫലം പണമായി കിട്ടീട്ടില്ലെങ്കിൽകൂടി, താൻ തന്റെ ധർമ്മത്തെ ആചരിച്ചുവെന്നും അതുവഴിയായി ലോകക്ഷേമത്തിന്റെ അഭിവൃദ്ധിക്കു താൻ കൂടെ യഥാശക്തി പണിയെടുത്തുവെന്നും ഉള്ള ചാരിതാർത്ഥ്യം പണത്തേക്കാൾ വിലയേറിയ പ്രതിഫലമായിരിക്കും. [ 15 ] ഇംഗ്ലാണ്ടു മുതലായ പാശ്ചാത്യരാജ്യങ്ങളിലെ അവസ്ഥ വിചാരിച്ചാൽ, പത്രപ്രവർത്തനകാര്യത്തിൽ 'ജൂനിയർ റിപ്പോർട്ടർ' എന്ന കുട്ടിത്തരം വൃത്താന്തനിവേദകന്നു, ഒരാഴ്ചവട്ടത്തിൽ, ചുരുങ്ങിയതു പതിനഞ്ചുറുപ്പിക പ്രതിഫലം ലഭിക്കാം; ഈ പണിക്കാരൻ ക്രമേണ ഉയർന്നു പത്രാധിപരായിത്തീരാൻ സാധിക്കായ്കയില്ല; പത്രാധിപരുടെ സ്ഥാനത്തിരുന്ന് ഒരു പധാനമന്ത്രിയുടെ മാസപ്പടി ലഭിപ്പാനും കഴിയുന്നതാണ്. പക്ഷേ, ഇതു സാധാരണമായി സാമാന്യക്കാർക്കും സുസാധമല്ലെന്നു വരാം; എങ്കിലും അവർക്കു വൃത്താന്ത നിവേദനപ്രവൃത്തിയിൽ നൂറു നൂറ്റമ്പതുറുപ്പിക വരെ ഒരാഴ്ചവട്ടത്തിൽ ആദായം ലഭിപ്പാൻ സാധിക്കുന്നതാണ്. ഇതു തീരെ നിസ്സാരമല്ലല്ലോ. മലയാളത്തിൽ പത്രത്തൊഴിലുകാരന്ന്,--ഈ തൊഴിലിലെ കോവേണിയുടെ മുകൾപ്പടിയിൽ എത്തിയിരിക്കുന്ന പത്രാധിപർക്കുകൂടിയും ഒരു മാസത്തിൽ നൂറുറുപ്പിക പ്രതിഫലം കിട്ടുവാൻ കഴിയുന്ന കാലം ഇനിമേൽ ഉണ്ടാകണം; ഇന്നോളം ഉണ്ടായിട്ടില്ല. നിശ്ചയം; ഇനിമേൽ ഉണ്ടാകും എന്ന് ആശിപ്പാൻ തൊഴിലിന്റെ ഇപ്പോഴത്തെ നില ഉറപ്പുതരുന്നതുമില്ല. തൊഴിലിന്റെ നിലയോ, തൊഴിൽക്കാരനെ ആശ്രയിച്ചിരിക്കുന്നതാണല്ലോ. പത്രത്തൊഴിലിൽ കടന്നുകൂടീട്ടുള്ളവരിൽ എത്രപേർ ആ തൊഴിലിന്റെ പ്രവൃത്തിസിദ്ധാന്തങ്ങളെ ഗ്രഹിച്ചിട്ടുണ്ട്? അതിലേയ്ക്കു ആവശ്യകമായ യോഗ്യതകളിൽ ഏതേതെല്ലാം അവർക്കുണ്ട്? ഈ യോഗ്യതകൾ തന്നെ എന്താണ്? പ്രവൃത്തിയുടെ സമ്പ്രദായങ്ങളും?