താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇംഗ്ലീഷുഭാഷയിൽ പുറപ്പെടുവിച്ചാൽ കൊള്ളാമെന്ന ആഗ്രഹത്തെ ജനിപ്പിച്ചു. ഇങ്ങനെ പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യദശയിൽ, 1588-ാം കൊല്ലത്തിൽ, "ഇംഗ്ലീഷ് മേർക്കുറി" എന്ന പേരിൽ ഒന്നാമത്തെ ഇംഗ്ലീഷു വർത്തമാന കടലാസും പുറപ്പെട്ടു. പതിനേഴാം നൂറ്റാണ്ടിന്റെ ഒന്നാം പാദത്തിൽ, ഇംഗ്ലാണ്ടിൽ വർത്തമാന പത്രികകൾക്കു പ്രചാരവും ജനങ്ങൾക്കു അവയുടെ പേരിൽ താല്പര്യവും വർദ്ധിച്ചുവന്നിരുന്നതായി രേഖപ്പെടുത്തീട്ടുണ്ട്. എന്നാൽ വർത്തമാനപത്രം എന്ന നാമം അന്വർത്ഥമായി അർഹിച്ചിച്ചിരുന്ന ഒന്നാമത്തെ പത്രം 1623-ൽ സർറോജർ ലെസ്ത്രേഞ്ജ് എന്ന ആൾ പുറപ്പെടുവിച്ച "പബ്ലിക് ഇന്റെലിജെൻസർ" ആയിരുന്നു. അനന്തരം പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭം വരേ പത്രങ്ങളുടെ നടത്തിപ്പു സംബന്ധിച്ചു ചില നിരോധ ചട്ടങ്ങൾ ഉണ്ടാവുക നിമിത്തം, അവയുടെ എണ്ണം ഏറെ വർദ്ധിക്കുവാൻ തരമായില്ല. ക്വീൻ ആൻ എന്ന രാജ്ഞി രാജ്യഭാരം ഏറ്റതായ 1702 മാർച്ച് മാസത്തിൽ ആയിരുന്നു ഒന്നാമത്തെ ദിനപത്രമായ "ഡെയ്ലി കുറാന്റ്" പുറപ്പെട്ടത്: ഇതിൽ ദിവസന്തോറും തപാൽവഴി കിട്ടുന്ന വാർത്തകളെല്ലാം ചേർത്തിരുന്നു. കുറാന്റിന്റെ ജനനത്തിനു മുമ്പ് ഇംഗ്ലാണ്ടിൽ ഇരുന്നൂറിലധികം വർത്തമാനകടലാസുകൾ ഉണ്ടായിരുന്നതായി പറയപ്പെട്ടുകാണുന്നുണ്ട്. ഈ പത്രങ്ങളൊക്കെ വർത്തമാനങ്ങൾ ശേഖരിച്ചു പ്രസിദ്ധപ്പെടുത്തുന്ന കാര്യത്തിലായിരുന്നു പ്രത്യേക ശ്രദ്ധവെച്ചിരുന്നത്. 1704-ാം കൊല്ലത്തിൽ, ഡാനിയൽ ഡിഫോ എന്ന സാഹിത്യകാരൻ ഈ പതിവിനെ ലംഘിച്ച് രാജ്യഭരണകാര്യങ്ങളെ വിമർശിക്കുന്ന "റിവ്യൂ" എന്ന പത്രിക പത്രിക പുറപ്പെടുവിച്ചുതുടങ്ങി. ഡിഫോ വൃത്താന്തപത്രകാര്യത്തിൽ ഒരു പുതിയ പ്രസ്ഥാനം ഏർപ്പെടുത്തി; പത്രാധിപപ്രസംഗം എന്ന ഉപന്യാസം നടപ്പിൽ വരുത്തിയതിനും പുറമേ അപ്പോഴപ്പോഴള്ള നാട്ടുവർത്തമാനങ്ങളെ പറ്റി നിർഭയമായി ഗുണദോഷ നിരൂപണം ചെയ്ത് സ്വാഭിപ്രായം പറകയും. ഈ വഴിക്ക് മർദ്ദിക്കപ്പെടേണ്ടവരെയൊക്കെ നിർദ്ദയം മർദ്ദിക്കയും ചെയ്തിരുന്നു. എന്നാൽ ഡിഫോ അക്കാലത്തെ വിദ്വാന്മാരുടെ സംഘങ്ങളിൽ ഉൾപ്പെട്ടു നടക്കാതിരുന്നതിനാൽ അവർ ഡീഫോവിന്റെ സാഹിത്യ പരിശ്രമങ്ങളെ നിന്ദിക്കയും, രാജ്യകാര്യ സംബന്ധമായ ഉപന്യാസങ്ങളെ രാജ്യദ്രോഹപ്രേരകങ്ങളെന്നും മറ്റും ആക്ഷേപം പറയുകയും