താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മഹത്തായിരിക്കണം! ജനസമുദായത്തെ വഴിനടത്തുന്ന ഈ പത്രികകൾ സമർത്ഥൻമാരായ പത്രാധിപൻമാരുടെ അധീനതയിൽ ഇരിക്കുന്നതുകൊണ്ടും, ബുദ്ധിസാമർത്ഥ്യമുള്ളവർ സ്വാഭിപ്രായങ്ങളെ ഇവയിലേക്ക് എഴുതുന്നതുകൊണ്ടും ആകുന്നു ജനങ്ങളുടെയിടയിൽ, ഭിന്നശക്തികൾ തമ്മിൽ, രാജ്യത്തിന്നു നാശമുണ്ടാക്കാത്ത വിധത്തിൽ ഇണങ്ങിക്കൂടിക്കഴിയുന്നത്. ഇപ്പോൾ നടക്കുന്ന പത്രങ്ങളിൽ ഏറ്റവും പഴക്കംചെന്ന 'മാർണിങ് പോസ്റ്റ്' 1772-ൽ പുറപ്പെടുവിച്ചു തുടങ്ങിയതാകുന്നു. 'ലണ്ടൻ ഡെയ്ലി യുനിവേർസൽ റെജിസ്റ്റർ' എന്ന പേരിൽ 1785-ാം കൊല്ലത്തിൽ തുടങ്ങിയ പത്രമാണ് 1788 മുതൽക്ക് 'ടൈംസ്' എന്ന പേരിൽ നടന്നുവരുന്നത്. ലണ്ടനിൽ സായങ്കാലന്തോറും വർത്തമാനങ്ങളറിയിപ്പാനായി ഒന്നാമതു പുറപ്പെടുവിച്ചു തുടങ്ങിയ 'ഗ്ലോബ്' പത്രത്തിന്റെ ജനനം, 1803-ലായിരുന്നു. മഹാശക്തികളായ രാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങളിൽ ചെന്നു ചാടാതെ സമാധാനപ്പെട്ടുപോകുന്നതിന് തക്ക വ്യവസ്ഥകൾ ഏർപ്പെടുത്തുവാനും, സാമുദായികമായും രാജ്യകാര്യവിഷയമായുമുള്ള ദൂഷ്യങ്ങളെ പ്രകാശപ്പെടുത്തി പരിഹരിപ്പാനും, കഴിഞ്ഞിരുന്ന വില്യം തോമസ് സ്റ്റെഡ് നടത്തിയിരുന്നതും ഇപ്പോഴും ഏറെ പ്രഭാവത്തോടുകൂടി നടക്കുന്നതുമായ 'റിവ്യൂ ആഫ് റിവ്യൂസ്' എന്ന മാസികപുസ്തകം തുടങ്ങിയത് 1890-ൽ ആയിരുന്നു. ഇതിൻമണ്ണം തന്നെ രാജ്യകാര്യങ്ങളിൽ വളരെ പ്രേരണശക്തിയോടു കൂടിയ 'നൈന്റീന്ത് സെൻച്വറി അൻഡ് ആഫ്റ്റർ', 'കണ്ടെമ്പൊറാറി റിവ്യൂ' ഇത്യാദി മാസികാപുസ്തകങ്ങളും ഇംഗ്ലീഷുവൃത്താന്ത പത്രപ്രവർത്തനത്തൊഴിലിനെ ഉൽകൃഷ്ടമാക്കിയിരിക്കുന്നു.

ഇന്ത്യയിൽ, ഇംഗ്ലീഷു ഭാഷയുടെ പ്രചാരത്തോടുകൂടി കടന്നതായ വൃത്താന്തപത്രം ക്രമേണ വേരുറച്ചു വളരുകയും, ഒരു ശക്തിയായിത്തീരുകയും ചെയ്തിട്ടുണ്ട്. പുരാതനകാലങ്ങളിൽ, സകല ശാസ്ത്രങ്ങളുടേയും കലാവിദ്യകളുടേയും വിഹാരരംഗമായി പരിഷ്കാരത്തിന്റെ പരമകാഷ്ഠയെ പ്രാപിച്ചിരുന്ന ഇന്ത്യാ ഭൂഖണ്ഡത്തിൽ, വർത്തമാനപത്രങ്ങളും, അവയുടെ ജനനത്തെ സൗകര്യപ്പെടുത്തുന്ന അച്ചുകൂടങ്ങളും ഇല്ലായിരുന്നത്, പക്ഷേ അക്കാലത്തുള്ളവർക്ക് ത്രികാലജ്ഞാനം എളുപ്പത്തിൽ സാദ്ധ്യമായിരുന്നതിനാൽ