Jump to content

താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്രം വായിക്കുവാൻ അഞ്ചു മിനിട്ടു നേരം ദിവസന്തോറും ചെലവാക്കുന്നുവെങ്കിൽ, ഭൂമിയിലുള്ള ജനങ്ങൾ എല്ലാംകൂടി ഒരു കൊല്ലത്തിൽ പത്രവായനക്കായി വ്യയം ചെയ്യുന്ന കാലം ഒരു ലക്ഷം സംവൽസരം ആകും." ഈ കണക്ക് നാലുകൊല്ലം മുമ്പ് പ്രസിദ്ധപ്പെടുത്തിക്കണ്ടിരുന്നതാണ്. അക്കാലത്തിന്നിപ്പുറം, പത്രങ്ങൾക്കു അഭിവൃദ്ധിയല്ലാതെ ക്ഷയമുണ്ടായിട്ടില്ലതാനും.

വൃത്താന്തപത്രച്ചെടി ഇദംപ്രഥമമായി പൊട്ടിമുളച്ചത് ഏതു രാജ്യത്തായിരുന്നു. ഏതു കാലത്തായിരുന്നു, എന്നൊക്കെ അന്വേഷിക്കേണ്ട ഭാരം ഈ പ്രബന്ധത്തിന്റെ ഉദ്ദേശ്യങ്ങളിൽ ഒന്നായി വിചാരിച്ചിട്ടില്ല. അത് വൃത്താന്തപത്രചരിത്രത്തിന്റെ വിഷയത്തിൽ ഉൾപ്പെട്ടതാകുന്നു. എന്നിരുന്നാലും, പത്രങ്ങൾ ഇപ്പോഴത്തെ നിലയിൽ എത്തിയിരിക്കുന്നത് ഏതേതു ദശാവിശേഷങ്ങളെ കടന്നിട്ടാണെന്നു മനസ്സിലാക്കുവാൻ വേണ്ടി ചില വിവരങ്ങൾ പറയുന്നതു യുക്തമായിരിക്കുമെന്ന് വിചാരിക്കുന്നു. ലോകത്തിൽ ഒന്നാമതായി പത്രം ഉണ്ടായത് ചീനരാജ്യത്തായിരുന്നു എന്നു പറയപ്പെട്ടുകാണുന്നു. ചീനാ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായ പെക്കിൻ പട്ടണത്തിൽ പണ്ടൊരു കാലത്ത് രാജ്യകാര്യ രഹസ്യങ്ങളെ വെളിപ്പെടുത്തുന്നതിൽ താൽപര്യക്കാരായിരുന്ന ചില ഉപജാപകൻമാർ ആവക രഹസ്യങ്ങളെ കടലാസിൽ എഴുതി ആവശ്യക്കാർക്കു വിറ്റിരുന്നു. സർക്കാരിന്റെ നിരോധം ഉണ്ടായിരുന്നിട്ടും അവരുടെ പ്രവൃത്തിക്കു പ്രാബല്യമാണുണ്ടായത്; ക്രമേണ ജനങ്ങൾക്കു വർത്തമാനങ്ങളറിവാൻ കൗതുകം വർദ്ധിച്ചതായി കാണുകയാൽ അവർ പത്രം അച്ചടിച്ചു പുറപ്പെടുവിപ്പാനും തുടങ്ങി. ഇങ്ങനെയാണ് ലോകത്തിലെ ആദിമവൃത്താന്തപത്രമായ "പെക്കിങ് ഗജറ്റ്" പ്രചാരപ്പെട്ടത്. യൂറോപ്പിൽ ഇപ്രകാരമൊരു ഉദ്യമമുണ്ടായത് കൃസ്താബ്ദം പതിനാറാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലായിരുന്നു: അക്കാലത്ത് ഇറ്റലിയിലും ജർമ്മനിയിലും ദേശവാർത്തകളടങ്ങിയ കടലാസുകൾ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇവ കേവലം വർത്തമാനക്കത്തുകൾ ആയിരുന്നതല്ലാതെ, ഇപ്പോഴത്തെ രീതിക്കുള്ള മുഖപ്രസംഗങ്ങളോ മറ്റോ അടങ്ങിയവയായിരുന്നില്ല. ഇവയുടെ പ്രചാരം, ഇംഗ്ലാണ്ടിലെ ജനങ്ങളിൽ ചിലർക്ക്, വർത്തമാനക്കടലാസുകൾ