Jump to content

താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അദ്ധ്യായം 1
പത്രപ്രവർത്തനത്തൊഴിൽ

പാശ്ചാത്യരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചിട്ടുള്ള ചെടികളിൽ ഒന്നാണ് വൃത്താന്ത പത്രം. ദേശസാത്മ്യകരണത്താൽ, ഈ മറുനാടൻ ചെടി, ഇന്ത്യൻ മണ്ണിൽ നല്ലവണ്ണം പിടിച്ചു തഴച്ചു വളരുകയും ചെയ്തിരിക്കുന്നു. ഉണ്ണുക, ഉടുക്കുക, ഉറങ്ങുക എന്ന ഉകാരത്രയം മനുഷ്യരുടെ ജീവിതരക്ഷക്ക് എത്രയേറെ ആവശ്യകമെന്ന് വിചാരിക്കപ്പെട്ടിരിക്കുന്നുവോ; ഈ ചെടിയുടെ ജന്മഭൂമിയിലെ ജനങ്ങൾ പത്രവായനയേയും അപ്രകാരം തന്നെ ഗണിച്ചിരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ അന്നുള്ള ലോകവർത്തമാനങ്ങൾ അറിയുന്നതിലേക്ക് പ്രതിദിന പത്രങ്ങൾ വായിക്കാതെ ഉറങ്ങുവാൻ പോകുന്നവർ, ജീവിതത്തിൽ നിത്യാവശ്യമായ ഏതോ ഒരെണ്ണം സാധിക്കാതെയാണ് അന്നത്തെ കൃത്യങ്ങൾ നടത്തിയിരിക്കുന്നത് എന്ന ചിന്താക്ലേശത്താൽ അസ്വസ്ഥചിത്തന്മാരായിരിക്കുമാറുണ്ട്. ഈ സ്ഥിതിക്ക്, ലോകത്തിൽ വൃത്താന്തപത്രങ്ങൾക്കു നാൾക്കുനാൾ പ്രചാരവും പുഷ്ടിയും അഭിവൃദ്ധിയും കയറിവരുന്നതിൽ വിസ്മയപ്പെടുവാനില്ല. ഈ ഭൂഗോളത്തിലെ പലേ രാജ്യങ്ങളിലായി ഇപ്പോൾ നടത്തിവരുന്ന അനേകസഹസ്രം വർത്തമാന പത്രങ്ങളുടെ വന്മ എന്തുമാത്രമുണ്ടെന്ന് കുറേ മുമ്പു പ്രസിദ്ധപ്പെടുത്തിക്കണ്ടിരുന്ന താഴെ പറയുന്ന കണക്കുകൊണ്ട് ഏകദേശം ഊഹിക്കാൻ കഴിയുന്നതാണ്:-

"ആണ്ടുതോറും 12,000 കോടി പത്രപ്രതികൾ ഈ ലോകത്തിൽ പ്രചരിക്കപ്പെടുന്നുണ്ട്. ഇവയൊക്കെ നിരത്തിയിട്ടാൽ, 10,450 ചതുരശ്ര മൈൽ സ്ഥലം മുഴുവൻ വ്യാപിക്കും. ഇവയെ സെക്കണ്ടിനു ഒന്നു വീതം എണ്ണുന്നുവെങ്കിൽ, എല്ലാം എണ്ണിക്കഴിവാൻ മുന്നൂറ്റിമുപ്പത്തിമൂന്നു കൊല്ലം വേണ്ടിവരും. ഇവയ്ക്കൊക്കെക്കൂടി 7,91,250 ടൺ ഭാരം കടലാസ് ചെലവാകുന്നു. (ഒരു‌ ടൺ തൂക്കം 2,240 റാത്തൽ ആണ്‌). ഈ പത്രങ്ങളൊക്കെ ഒന്നിനുമേൽ ഒന്നായി അടുക്കിവയ്ക്കുന്നുവെങ്കിൽ, അഞ്ഞൂറു മൈൽ പൊക്കത്തിൽ ഒരു പർവ്വതമായി കുന്നും. ഒരുവൻ ഒരു