താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംബന്ധിച്ചുള്ളതാണ്. ഇന്ത്യയിൽ അടങ്ങിയ പരന്ത്രീസു പ്രദേശങ്ങളിലും പോത്തുഗീസു പ്രദേശങ്ങളിലും സ്വദേശരാജ്യങ്ങളിലും പ്രസിദ്ധീകരിക്കുന്നവയുടെ എണ്ണം കൂടി ചേർത്താൽ, ആകത്തുക എത്രയോ കയറിനിൽക്കും. പത്രങ്ങളുടെ ഈ വളർച്ചയ്ക്ക് അധികം അഭിവൃദ്ധി ഉണ്ടായിരുന്നത് മേൽപ്പടി മുപ്പതു കൊല്ലത്തിന്റെ ആദ്യത്തെ പത്തു കൊല്ലക്കാലത്തായിരുന്നു: അക്കാലത്തിൽ പത്രങ്ങൾ നൂറ്റിന് അറുപതു വീതം വദ്ധിച്ചിരുന്നു. പത്രഗ്രന്ഥങ്ങളുടെ വളർച്ച അധികമായിട്ടുണ്ടായത് ഒടുവിലത്തെ പത്തു കൊല്ലക്കാലത്തിലായിരുന്നു എന്ന ഒരു വിശേഷമുണ്ട്. പത്രങ്ങളിൽ ഏറിയകൂറ് നടക്കുന്നത് ബംബാ സംസ്ഥാനത്താണ്; അവിടെ 160 എണ്ണമുണ്ട് എന്നും; പിന്നെ, അവരോഹക്രമത്തിൽ, യുനൈറ്റഡ് പ്രോവിൻസസ്, മദ്രാസ്, പഞ്ചാബ്, ബെംഗാൾ ഇവയും പിന്തുടരുന്നു എന്നും മുൻപറഞ്ഞ കണക്കുകൊണ്ട് വെളിവായിട്ടുണ്ട്.

ഇന്ത്യയിലെ വൃത്താന്തപത്രങ്ങളിൽ മുഖ്യമായവ ഇംഗ്ലീഷുഭാഷയിൽ നടത്തപ്പെടുന്നവയാണ്. അവയെ അനുകരിച്ച് നാട്ടുഭാഷകളിലും അനേകം പത്രങ്ങൾ നടത്തപ്പെട്ടുവരുന്നുണ്ട്. ഈ ഇനത്തിൽ, മലയാള രജ്യങ്ങളിലെ മാതൃഭാഷയായ മലയാളത്തിലും ഏതാനും പത്രങ്ങൾ നടക്കുന്നുണ്ട്. മലയാളപത്രങ്ങളുടെ എണ്ണം മലയാളമറിയുന്ന വായനക്കാരുടെ ആവശ്യത്തിൽ കവിഞ്ഞിരിക്കുന്നു എന്ന ആക്ഷേപവും പറയപ്പെടുന്നുണ്ട്. മലയാളത്തിൽ ഇദംപ്രഥമമായി ഒരു പത്രം പുറപ്പെടുവിച്ചിട്ട് അൻ‌പതു കൊല്ലത്തിനകമേ കാലം കഴിഞ്ഞിട്ടുള്ളു. ഇത്രയും കാലത്തിനുള്ളിൽ, അനേകം പത്രങ്ങൾ മുളക്കയും പട്ടുപോകയും ചെയ്തു; എന്നിട്ടും, പത്രങ്ങളുടെ സംഖ്യ കൊല്ലംതോറും വർദ്ധിച്ചുകൊണ്ടുതന്നേയിരിക്കുന്നു. ഇങ്ങനെയിരുന്നാലും, മലയാളത്തിൽ പത്രപ്രവർത്തനത്തിന് ഒരു തൊഴിലിന്റെ നിലയിൽ സ്ഥിരപ്രതിഷ്ഠയോ അഭിവൃദ്ധിയോ പ്രചാരമോ ഉണ്ടായിട്ടുണ്ടെന്നു പറവാൻ നിവൃത്തിയില്ല. ഇതിന്നു കാരണമെന്തായിരിക്കാം? പത്രപ്രവർത്തനത്തൊഴിലിന്റെ മൌലസിദ്ധാന്തങ്ങൾ എന്തൊക്കെയെന്ന് അറിയും മുമ്പ് ആ തൊഴിലിൽ ചെന്നു ചാടുകയാൽ ഉണ്ടായ കുഴക്കായിരിക്കുമോ? മലയാള വർത്തമാന പത്രങ്ങൾ ആദ്യകാലത്ത്