താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആയിരുന്നിരിക്കുമോ? അതല്ല, ഇക്കാലത്തെ വർത്തമാനപത്രങ്ങളുടെ സ്ഥാനത്ത്, അക്കാലങ്ങളിൽ നാരദമഹർഷി ഉണ്ടായിരുന്നതിനാലായിരിക്കുമോ ? ഓരോരോ രാജ്യങ്ങളിലെ ഭരണചരിതങ്ങളും, യുദ്ധകാര്യ വിവരങ്ങളും ലോകമെന്നും അറിയിപ്പാനായി, നാരദമഹർഷി, പലേ ദേശങ്ങളിലും എഴുന്നള്ളിയിരുന്നുവെന്നു പുരാണങ്ങൾ ഘോഷിച്ചിരിക്കുന്നത്, പക്ഷേ അന്നത്തെ 'ടൈംസ്' പത്രത്തെ ഒരു മഹർഷിയായി സങ്കല്പിക്കയും അതിന്റെ സഞ്ചാരത്തെ എഴുന്നള്ളത്തായി ഭാവനംചെയ്കയും ചെയ്ത കവിയുടെ മനോധർമ്മപ്രകടനം ആയിരിക്കാമോ? ഏതൊന്നായാലും, ഇപ്പോഴത്തെ വർത്തമാനപത്രങ്ങളുടെ പ്രതിമൂർത്തികളായി, ഇപ്പോഴത്തെ സമ്പ്രദായത്തിൽ, പുരാതനകാലത്ത് ഇന്ത്യയിൽ വർത്തമാനപത്രങ്ങൾ ഇല്ലായിരുന്നു എന്നതു നിശ്ചയംതന്നെ. അച്ചടിത്തൊഴിലിന്റെ ഉദയം ഇന്ത്യയിൽ ഉണ്ടായതുകൂടിയും പാശ്ചാത്യരുടെ പ്രവേശാനന്തരമാണ്. വൃത്താന്തപത്രമെന്നത് ലോകവാർത്തകളൊ ആ വാർത്തകളെപ്പറ്റിയ നിരൂപണങ്ങളോ അടങ്ങിയതും, നിയതകാലങ്ങളിൽ പുറപ്പെടുന്നതും, അച്ചടിച്ചതോ കല്ലച്ചിൽ പതിച്ചതോ ആയുള്ളതും ആയ ഒരു സാധനമാകുന്നു എന്ന നിർവ്വചനത്തിന്നു നാരദമഹർഷി യാതൊരു പ്രകാരത്തിലും ഉദാഹരണമായിരിക്കുന്നുമില്ല. ഇന്ത്യയിലെ വൃത്താന്തപത്രം ഇംഗ്ലീഷുവിദ്യാഭ്യാസത്തിന്റെ സന്താനം ആണ്, നിശ്ചയം.

ഇന്ത്യൻ മണ്ണിൽ നല്ലവണ്ണം പിടിച്ചുവളരുവാൻ തുടങ്ങിയ ഈ വൃത്താന്തപത്രച്ചെടിയുടെ അഭിവൃദ്ധി ഏതു നിലയിലാണെന്നു നോക്കാം: ഇംഗ്ലീഷുവർഷം 1879-80-ൽ, ഇന്ത്യയിൽ വർത്തമാനപത്രങ്ങളുടെ എണ്ണം 328 മാത്രമാവും: മാസികകൾ തുടങ്ങിയ പത്രഗ്രന്ഥങ്ങളുടെ എണ്ണം 322 മാത്രവും ആയിരുന്നു; മുപ്പതുകൊല്ലം കഴിഞ്ഞു, 1909-10-ലെ കണക്കുകൊണ്ട്, ഇന്ത്യയിൽ, 726 വർത്തമാന പത്രങ്ങളും, 829 പത്രഗ്രന്ഥങ്ങളും ഉള്ളതായി കണ്ടിരിക്കുന്നു. ഈ വളർച്ച അതിന്റെ സ്വാച്ഛന്ദ്യത്തിനു തടവുണ്ടാക്കുന്ന പലേ നിരോധച്ചട്ടങ്ങൾ ഏർപ്പെടുത്തിയിരുന്നിട്ടുകൂടിയും ഉണ്ടായതാണ്. മേൽപ്പറഞ്ഞ മുപ്പതു കൊല്ലത്തിനിടയിൽ, മറ്റനേകം പത്രങ്ങളും പത്രഗ്രന്ഥങ്ങളും തുടങ്ങുകയും മുടങ്ങുകയും ചെയ്തിട്ടുണ്ട്. വിശേഷിച്ചും, ഈ കണക്ക് ബ്രിട്ടീഷ് ഇന്ത്യയിലെ മാത്രം പത്രങ്ങളെ