താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നടത്തിത്തുടങ്ങിയവർ, പ്രായേണ, ഇംഗ്ലീഷു പത്രങ്ങളെ, അനുകരണഭ്രമത്താൽ, പിന്തുടർന്നു എന്നല്ലാതെ, ആ വക പത്രങ്ങളെ നടത്തുന്ന സമ്പ്രദായങ്ങൾ പരിശീലിച്ചറിഞ്ഞിരുന്നവർ ആയിരുന്നില്ല; ഈ ന്യൂനത, ഏറെക്കുറെ അല്ലെങ്കിൽ നിശ്ശേഷം, ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. പത്രത്തിൽ പ്രസ്താവിക്കേണ്ട സംഗതികളെ ലേഖനരൂപത്തിൽ എഴുതി അറിയിപ്പാൻ ആവശ്യകമായ സാഹിത്യനൈപുണ്യം സമ്പാദിച്ചവർ പലർ മലയാള പത്രങ്ങളുടെ നടത്തിപ്പിന് സഹായമായിട്ടുണ്ട്. എന്നാൽ അതിനെ നിസ്സംശയം സഫലമാക്കുവാൻ പ്രയോജനപ്പെടുന്ന പലേ തൊഴിൽ സമ്പ്രദയങ്ങൾ മലയാള പത്രങ്ങൾക്ക് ഇപ്പോഴും സുലഭമായിട്ടില്ല.

മുൻകാലങ്ങളിൽ, ജനങ്ങളെ പൊതുവിൽ ബാധിക്കുന്ന കാര്യങ്ങളിൽ, ഗുണദോഷങ്ങൾ ചൂണ്ടിക്കാണിപ്പാനും, ദൂഷ്യങ്ങളെപ്പറ്റി കഠിനമായിട്ടുകൂടെയും ആക്ഷേപിപ്പാനും മലയാളദേശങ്ങളിൽ, ഇപ്പോഴത്തെ വൃത്താന്തപത്രങ്ങൾക്കു പകരം, ചില സ്ഥാപനങ്ങൾ പ്രയോജകീഭവിച്ചിരുന്നു. പാഠകങ്ങൾ പറഞ്ഞുവന്ന ചാക്യാരും, കഥകൾ തുള്ളിപ്പാടിയിരുന്ന തുള്ളൽക്കവിതക്കാരും, പൊതു വിഷയങ്ങളിൽ ഇപ്പോൾ പത്രങ്ങൾക്കു കർത്തവ്യമായിത്തീർന്നിട്ടുള്ള ഗുണദോഷപ്രഖ്യാപനമെന്ന പ്രവൃത്തി നിർവ്വഹിച്ചിരുന്നു. ചാക്യാരുടെ കൂത്തും, തുള്ളൽക്കാരന്റെ പാട്ടും, കാൺമാനും കേൾപ്പാനുമായി, അതാതു പ്രദേശങ്ങളിലെ രസികജനങ്ങൾ ഏറിയകൂറും അരങ്ങത്തു കൂടിയിരുന്നു. സാമാന്യൻമാരാൽ ബഹുമാനിക്കപ്പെടുവാൻ തക്ക വിദ്വത്വം ചാക്യാർക്കും തുള്ളൽക്കവിതക്കാരനും ഉണ്ടായിരുന്നതിനാൽ, ഈ വിദ്വജ്ജനങ്ങളുടെ അഭിപ്രായങ്ങൾ അവർ ശ്രദ്ധയോടെ കേട്ടിരുന്നു: അതുവഴിയായി, വർജ്ജ്യങ്ങളായ നടത്തകളെ അവർ വർജ്ജിക്കയും, ഗ്രാഹ്യങ്ങളായവയിൽ പ്രതിപത്തിവയ്ക്കയും ചെയ്തിരുന്നു. സമുദായത്തെ നല്ല വഴിക്കു നടത്തുവാൻ ഉതകിയിരുന്ന മേൽപ്പടി സ്ഥാപനങ്ങൾക്കു കാലക്രമത്തിൽ പ്രചാരം കുറയുകയാലും, ആദ്യകാലങ്ങളിലെ തുള്ളൽക്കവിതക്കാരുടെ 'തുറന്നു പറയുന്ന ശീല'വും ധൈര്യവും പിൽക്കാലത്തെ കവിതക്കാരിൽ ലോപിച്ചുപോകയാലും, വിശേഷിച്ചും, ഈ പിൽക്കാലകവിതക്കാർ ധനം മോഹിച്ച് പ്രതാപശാലികളായ ദുഷ്ട