താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഹിക്കേണ്ടതായും ഇരിക്കും. അവന്റെ പണി പലപ്പോഴും ദുർഭരമായി തോന്നിയെന്നു വരാം. അവൻ പലരുടെ ഉല്ലാസങ്ങളിൽ സമ്മേളനം ചെയ്യുന്നവനായിരുന്നാലും, അവന്നു 'സ്വന്തം' എന്ന് അവകാശപ്പെടുവാൻ, സമയം അൽപവും ഇല്ല, എന്നുകൂടി പറയാം. അവൻ എപ്പോഴും പൊതുജനങ്ങൾക്കു വേണ്ടി വേലചെയ്യേണ്ടവനാകയാൽ, ചില സമയങ്ങളിൽ രാത്രി ഉറക്കമിളക്കേണ്ടതായിട്ടുകൂടിയും വരും; ചില സമയങ്ങളിൽ യഥാകാലം ആഹാരം കഴിപ്പാൻ സാധിച്ചില്ലെന്നും വരാം.

എന്നാൽ, ഇത്രയൊക്കെ ക്ലേശങ്ങൾക്കുകൂടെ ഇടയുള്ള ഈ തൊഴിലിൽ നിന്ന് എന്തു പ്രതിഫലമാണ് ലഭിക്കുന്നത്? പത്രപ്രവർത്തനത്തൊഴിൽ എത്രത്തോളം മനസ്സിനെ വലിച്ചാഴ്ത്തിക്കൊണ്ടു പോകുന്നതായിരുന്നാലും, അത്രത്തോളം അതിൽ നിന്നുള്ള പ്രത്രിഫലം തൃപ്തികരവുമല്ല. 'പത്രക്കാരൻ' എന്ന പദത്തെ 'പാപ്പര്' എന്ന അർത്ഥത്തിൽ പര്യായമായിട്ടുകൂടിയും, ചിലപ്പോൾ ശപിക്കേണ്ടതായിത്തോന്നും; മലയാളപത്രങ്ങളുടെ വിഷയത്തിൽ ഇതു മിക്കവാറും വാസ്തവവുമാണ്! എന്നാൽ ഇതു തന്റെ തൊഴിലിൽ ധർമ്മനിഷ്ഠയോടുകൂടിയിരിക്കുന്നവരുടെ അനുഭവമാണെന്നല്ലാതെ, തൊഴിലിനെ വ്യഭിചരിപ്പിക്കുന്നവരുടെ അനുഭവമല്ല. പ്രഭാവശാലികളായ കക്ഷിപ്പിണക്കക്കാരുടേയോ, പ്രതാപശാലികളായ ദുഷ്ടന്മാരുടേയോ സേവയ്ക്കുനിന്ന്, അധർമ്മത്തിൽ ചാടി അവരുടെ ഇഷ്ടത്തിൻപടി നടക്കുന്ന പത്രക്കാരൻ പാപ്പരായിരിക്കേണ്ടിവരികയില്ല. ഇങ്ങനത്തെ ധർമ്മദൂഷണത്തിന് ഒരുമ്പെടുന്നവർ അതിപവിത്രമായ പത്രചാരിത്ര്യത്തെ ധ്വംസിക്കുന്നവരും വർത്തമാനപത്രങ്ങൾക്കു പൊതുവേ പറ്റുന്ന കീർത്തിദോഷത്തെ ഉണ്ടാക്കുന്നവരും ആകുന്നു. സത്യം, നീതി, ന്യായം മുതലായ ധർമ്മതത്വങ്ങളെ വിവേകത്തോടു കൂടി അനുവർത്തിക്കുന്ന പത്രക്കാരനു തന്റെ ക്ലേശങ്ങൾക്കു തക്കതായ വലിയ പ്രതിഫലം പണമായി കിട്ടീട്ടില്ലെങ്കിൽകൂടി, താൻ തന്റെ ധർമ്മത്തെ ആചരിച്ചുവെന്നും അതുവഴിയായി ലോകക്ഷേമത്തിന്റെ അഭിവൃദ്ധിക്കു താൻ കൂടെ യഥാശക്തി പണിയെടുത്തുവെന്നും ഉള്ള ചാരിതാർത്ഥ്യം പണത്തേക്കാൾ വിലയേറിയ പ്രതിഫലമായിരിക്കും.