വരുകയില്ല; പരീക്ഷയിൽ ജയം നേടീട്ടില്ലാത്ത ഒരുവൻ ഏറെ യോഗ്യനായും വരാം. പത്രത്തിന്റെ ഉടമസ്ഥൻ ഒരുവന്ന് തൊഴിലിൽ സാമർത്ഥ്യമുണ്ടോ എന്നു നോക്കുന്നതല്ലാതെ, പരീക്ഷാവിജയത്തെ കാര്യമായി വിചാരിക്കയില്ലെന്നും വരും. എന്നാലും പത്രത്തൊഴിലിൽ ഏർപ്പെടുന്നവർക്ക് സാമാന്യ വിദ്യാഭ്യാസം ലഭിച്ചിരിക്കേണ്ടത് ആവശ്യമാണെന്ന് ആരും സമ്മതിക്കുന്നുണ്ട്. മേല്പടി സംഘ നിബന്ധനകൾ പ്രകാരം, സാമാജികസ്ഥാനം കിട്ടുന്നതിന്നും സഹകാരികളായിരിക്കുന്നതിന്നും ഓരോരോ പരീക്ഷകളിൽ ജയിച്ചിരിക്കേണമെന്നു വ്യവസ്ഥപ്പെടുത്തീട്ടുണ്ട്; ചില ഉദ്യോഗങ്ങൾക്ക് ഉന്നത പരീക്ഷാ വിജയം സമ്പാദിച്ചിരിക്കേണ്ടത് യോഗ്യതയ്ക്ക് മുഖ്യാവശ്യമായും നിശ്ചയം ചെയ്തിട്ടുണ്ട്. എന്നാൽ ഇവയിലൊക്കെ അതാതു പണിക്ക് ആവശ്യപ്പെടുന്നേടത്തോളം പഠിപ്പും ആ പണിക്കു വേണ്ടതായ സാമർത്ഥ്യവും ഉണ്ടായിരുന്നാൽ മതിയാകും എന്നും, ഉദ്യോഗസ്ഥാനത്തിന്റെ ഉന്നതിയേ അനുസരിച്ചു പരീക്ഷാവിജയയോഗ്യതകൾ നിബന്ധിച്ചാൽ വിഹിതമായിരിക്കയില്ലെന്നും പക്ഷമുണ്ട്.
അതെങ്ങിനെയുമിരിക്കട്ടെ. പത്രപ്രവർത്തനപ്പണിയിൽ കടക്കുവാൻ ഒരുവന് എന്തു യോഗ്യതകളാണ് ആവശ്യം വേണ്ടത്? യോഗ്യതയുടെ ലക്ഷണങ്ങൾ എന്തൊക്കെ? ഇതിന്ന് എന്തെങ്കിലുമൊരു സാമാന്യമായ നിയമം കൽപ്പിക്കുവാൻ എളുപ്പമല്ല. കവികൾക്കൊപ്പം, പത്രത്തൊഴിലുകാരും, തങ്ങളുടെ പ്രവൃത്തിയിൽ ജന്മനാ സിദ്ധമായ വാസനയോടു കൂടിയവരായിരിക്കണം; അവരെ, യന്ത്രത്താൽ അച്ചാണികൾ വാർത്തെടുക്കുംപോലെ നിർമ്മിക്കാൻ കഴികയില്ല. പരമാർത്ഥമായ പത്രപ്രവർത്തനം ജന്മസിദ്ധമായ അഭിരുചി ഉള്ളവരാലല്ലാതെ സാധ്യമല്ല; അന്യന്മാരാൽ നടത്തുന്ന പത്രപ്രവർത്തനം, കൃത്രിമസാധനങ്ങളെന്നോണം, എന്തോ അവാച്യമായ ഒരു ചൈതന്യത്തിന്റെ കുറവിനെ സ്പഷ്ടമായി കാണിക്കും. ഒരു ദിക്കിലിരുന്ന് മെല്ലെമെല്ലെ ഉപായാപായങ്ങൾ ചിന്തിച്ചു സുഖമായ വഴിനോക്കി പണിയെടുക്കുന്ന ശീലമാണ് ഒരുവന് ഉള്ളതെങ്കിൽ, അവൻ പത്രപ്രവർത്തനത്തൊഴിലിൽ കടക്കുവാൻ തീരെ യോഗ്യനല്ല; മറ്റേതെങ്കിലുമൊരു തൊഴിൽ അവന്നു അധികം പറ്റും. നേരേമറിച്ച്, അവന്ന് എപ്പോഴും