രാമരാജാബഹദൂർ/അദ്ധ്യായം മുപ്പത്
←അദ്ധ്യായം ഇരുപത്തിഒൻപത് | രാമരാജാബഹദൂർ രചന: അദ്ധ്യായം മുപ്പത് |
അദ്ധ്യായം മുപ്പത്തിഒന്ന്→ |
"ചെന്നു തലോടിയരികെയിരുന്നവൻ
തന്നെയണച്ചു തഴുകീ സുയോധനൻ
....................................
മാനലോഭാദികളേറെയുണ്ടാകയാൽ
ഞാനൊരു കാരണമായേനിതിനെല്ലാ"
കേശവനുണ്ണിത്താൻ ശേഖരിച്ച സേന കേവലം ഒരു പ്രദർശനസംഘമായിരുന്നില്ല. ചിലമ്പിനഴിയത്തെ ഭണ്ഡാഗാരകവാടങ്ങൾക്കുള്ളിൽ ബന്ധിക്കപ്പെട്ടിരുന്ന പരധനം രാജസ്വമാക്കപ്പെട്ടപ്പോൾ, കർണ്ണാടകപട്ടാളത്തിന്റെ ഒരു തലയ്ക്കൽ ചേർന്നു സഹായിപ്പാൻ പോരുന്ന വൈദഗ്ദ്ധ്യവും വേഷസാമഗ്രികളും ഉള്ള ഒരു സേനാമുഖത്തിന്റെ സജ്ജീകരണം കേശവനുണ്ണിത്താനു സാദ്ധ്യമായി. ഇംഗ്ലീഷ് കമ്പനിയാരുടെ സേനാപംക്തിയിൽ സേവിച്ചു യുദ്ധരംഗങ്ങളിൽ വച്ചു വെടിയുണ്ടകളേറ്റു തഴമ്പിച്ചിട്ടുള്ള ഒരു ചാരിയാവുകുപ്പായക്കാരന്റെ സഹകരണവും അദ്ധ്യാപകത്വവും കിട്ടുകയാൽ കഴക്കൂട്ടം, നന്തിയം എന്നീ രണ്ടു കളരികളിൽ ശിക്ഷിതരായ സംഘങ്ങളും അഹോരാത്രാഭ്യസനംകൊണ്ടു ദ്രുതതരം സംഗ്രാമവിദഗ്ദ്ധന്മാരായി. കറുത്ത കാങ്കിശരായികളും ചുവന്ന ചാരിയാവുകുപ്പായങ്ങളും അരിച്ചൂരൽ മെടഞ്ഞു കറുപ്പിച്ചിട്ടുള്ള ഉഷ്ണീഷങ്ങളും വേണ്ട വാർക്കെട്ടുകളും വെടിമരുന്നുപെട്ടികളും തോക്കുകളും ചേർത്ത് ഒരുക്കപ്പെട്ട ഭടജനങ്ങൾ ടിപ്പുവിന്റെ സാദിവർഗ്ഗത്തോട് എതിർത്തു നില്പാൻ ആയുധസാമഗ്രികളിലെന്നപോലെ വീര്യോത്സാഹങ്ങളിലും സമ്പൽഭൂയിഷ്ഠന്മാരായിരുന്നു. ഈ സേനയുടെ നായകത്വം ഉണ്ണിത്താനാൽ 'പഞ്ചി' എന്ന അഭിധാനം നല്കപ്പെട്ട കുപ്പായക്കാരനും ഉപനായകത്വം കുറുങ്ങോട്ടെ കാർണോപ്പാട്ടിലേക്കുമായി വിഭജിക്കപ്പെട്ടു. എങ്കിലും ആഹവകാര്യങ്ങളിൽ ഉപദേശാധിപത്യം പഞ്ചിയിലും സംഭാരാദികാര്യങ്ങളിൽ വിനിയോഗാധികാരം കുറുപ്പിലും സ്ഥാപിക്കപ്പെട്ടു. [ 348 ]
ഇങ്ങനെയുള്ള നവപരിശ്രമങ്ങളിൽ പ്രവേശിച്ചിരുന്ന നമ്മുടെ പണ്ഡിതനെ ഒരു സംഗതി മാത്രം അത്യധികം വിഷമിപ്പിച്ചു. ആയോധനരംഗത്തിനു യോഗ്യമായുള്ള കവചമകുടങ്ങളും കോദണ്ഡം അല്ലെങ്കിൽ തോക്കും ധരിക്കുന്നത് അദ്ദേഹത്തിന്റെ കോഷ്ഠപ്രദേശത്തിനുപോലും അരോചകമായുള്ള അപഥ്യാനുവർത്തനമാണെന്നു തോന്നി. പട്ടാംബരത്തലക്കെട്ടു നീരാളവാറിൽ ലംബിതമായ പരിചയും ധരിച്ചു കൗന്തികനായി പുറപ്പെടുന്നതു പക്ഷേ, തന്റെ കുലപ്രഭാവത്തിനു സംയോജിക്കുമെങ്കിലും ആ ക്രിയയിലും ക്രവ്യാശനംപോലുള്ള ഒരു നിഷിദ്ധത അദ്ദേഹത്തിന്റെ മനസ്സിനെ പീഡിപ്പിക്കുകയാൽ ഉറയോടുകൂടിയ ഒരു ഖഡ്ഗം മാത്രം ധരിച്ചും രാജകോശാധിപന്റെ വേഷത്തിലും ദിവാൻജി രാജസേനയെ എന്നപോലെ സ്വസേനയെ നയിപ്പാൻ കേശവൻ ഉണ്ണിത്താൻ നിശ്ചയിച്ചു.
കൊട്ടാരക്കരസംഘത്തെ കൊണ്ടുപോരാൻ ഉണ്ണിത്താൻ കിഴക്കേ നന്തിയത്തു ചെന്ന സന്ദർഭത്തിൽ സ്വപുത്രിയുടെ അപഹരണസംഗതിയെക്കുറിച്ചു സന്താനവിഹീനന്റെ നിശ്ചേതനത്വം പ്രകടിപ്പിച്ചതേയുള്ളു. അദ്ദേഹത്തിന്റെ മുഖത്ത് അഭംഗുരസ്ഫുരണം ചെയ്തുകൊണ്ടിരുന്ന ഗാംഭീര്യം കണ്ടു നിസ്തന്ദ്രജിഹ്വനായ കൃഷ്ണക്കുറുപ്പുപോലും വല്ലതും പറവാനോ അന്തർഗ്ഗതങ്ങൾ ചോദിച്ചറിവാനോ ധൈര്യപ്പെട്ടില്ല.
വേഷനിർണ്ണയം ചെയ്യുന്ന വിഷയം ഉണ്ണിത്താനെ വിഷമിപ്പിച്ചെങ്കിൽ കുഞ്ഞിങ്ങേലിഅമ്മയോടു യാത്രപറഞ്ഞു പിരിയേണ്ട ഘട്ടം കുറുങ്ങോടനെ ഒരു ചക്രവാതമദ്ധ്യസ്ഥനാക്കി. ഗൃഹവരാന്തയുടെ തെക്കുവടക്കുള്ള നീളം പല പ്രാവശ്യം പാദമാനം ചെയ്തിട്ട് അദ്ദേഹം തളത്തിൽ കയറി അവിടെയും ആ കർമ്മംതന്നെ ഒരു അരനാഴികയോളം അനുഷ്ഠിച്ചു. യാത്രാമുഹൂർത്തത്തിന്റെ ശുഭത്വം ആ ദമ്പതിമാരുടെ അഭിലാഷാനുസാരം കാത്തുനില്ക്കുന്നതല്ലെന്നു കാണുകയാൽ, കുറുങ്ങോടൻ കെട്ടിനകത്തേക്കു ചാടി വാതിൽ മറഞ്ഞുനിന്നു മുഖം പൊത്തി കരയുന്ന മഹിഷിയെ കൃപാപൂർവ്വം തലോടി. വിരഹവൈധവ്യങ്ങൾ മഹതീജനങ്ങൾ രാജ്യരക്ഷാർത്ഥം സഹിക്കേണ്ട ദുരിതങ്ങളാണെന്ന് അനുകമ്പാപുരസ്സരം ഉപദേശിച്ച ഭർത്താവിന്റെ ഉഷ്ണീഷകുപ്പായങ്ങളെയും വാർക്കെട്ടുകളെയും ഹസ്തതലത്താൽ പരീക്ഷിച്ച് അവ രക്ഷോപയോഗയോഗ്യങ്ങൾതന്നെ എന്ന് ഏകദേശമനനം ചെയ്ത് ആ സ്ത്രീ മനസ്സിനു ഏതാണ്ടൊരു ഉറപ്പു സമ്പാദിച്ചു. ഗൃഹാവശ്യവൈഷമ്യങ്ങളാവട്ടെ, പാചകശാലാവശ്യങ്ങളാകട്ടെ, സ്മരിക്കാതെ അശ്രുപ്രവാഹത്തോടും മധുരഗൽഗദത്തോടും രാജ്യാഭിമനബലിഷ്ഠതയോടും അവർ തന്റെ പ്രാണവല്ലഭനായ സേനാനിക്ക് ഇങ്ങനെ യാത്രാനുജ്ഞ നല്കി: "ഈയുള്ളോരെല്ലാം ഇങ്ങു കിടപ്പൊണ്ടെന്ന് ഓർത്തു വല്ല മടായിലും ചെന്നു ചാടാതെ പൊന്നുതമ്പുരാനുവേണ്ടി പടവെട്ടി ജയം നേടി വന്നാട്ടെ." തന്റെ പ്രഭാവപ്രസംഗങ്ങളെ അന്നത്തേക്കു കുപ്പായസഞ്ചിയിൽ ഒതുക്കിയിരുന്ന കുറുങ്ങോടന്റെ കണ്ണുകളിലും ജലദ്രവം തിളങ്ങി. അദ്ദേഹം... [ 349 ] വൃദ്ധജനങ്ങളുടെ അതിപാവനമായുള്ള പ്രണയപ്രകടനങ്ങൾ രസികലോകാക്ഷികൾക്കു ഗോചരമാക്കുന്നത് ഒരു പരിശുദ്ധപ്രതിഷ്ഠയുടെ വിദ്ധ്വംസനത്തിനു തുല്യമാകുന്നതാണ്. കുറുങ്ങോടൻ തന്റെ ഭടജനങ്ങളാൽ അനുഗതനായി ഉണ്ണിത്താന്റെ പടയിൽ ചേർന്നു വരമ്പുകളും കാട്ടുവഴികളും തരണംചെയ്തുതുടങ്ങിയപ്പോൾ വഞ്ചിഭൂമിയും പെരുമ്പടപ്പും സംഘടിക്കുന്ന രംഗത്തിലെ സംഗരരസം കാണ്മാൻ നാരദപർവ്വതാദികൾ എഴുന്നള്ളുന്നതിനു വട്ടം കൂട്ടി.
പ്രയാണമാർഗ്ഗത്തിൽ അവിടവിടെ ഉണ്ടായിരുന്ന ഇടപ്രഭുക്കന്മാർ, ജന്മികൾ മുതലായവരുടേ സൽക്കാരങ്ങൾ നിമിത്തം ഈ സേനയുടേ സംഭാരവാഹികൾ ഗ്ലപിതകണ്ഠമായി വഹിച്ചിരുന്ന ഭാണ്ഡക്കെട്ടുകളെ അഴിക്കേണ്ടിവന്നില്ല. സേനാനായകന്മാരായ പഞ്ചിക്കും കുറുങ്ങോടനും മുന്നിട്ടു വഴികാട്ടിയായി നടകൊണ്ടതു പറവൂർവരെ യാത്രചെയ്തു മടങ്ങി മാർഗ്ഗനിശ്ചയം വന്നിട്ടുള്ള കൊടന്തആശാനായിരുന്നു. ഏകദേശം ഒന്നിൽപ്പരം മാസമായി നിത്യനടക്കാരനായി വർത്തിക്കുകയാൽ കൊച്ചാശാന്റെ മുട്ടുകൾ തളർന്നുപോയിരുന്നു. രസിക ലോകബന്ധുവായുള്ള ഈ വാഗീശന്റെ ശ്രമക്ലമങ്ങളെ ലഘൂകരിക്കാൻ ഇതിനിടയിൽ ഒരു മിത്രലാഭമുണ്ടായി. ആ ബന്ധുവോ, പല സ്ഥലങ്ങളിലും പരിചയമുള്ള ഒരു വിദഗ്ദ്ധനും കൊടന്തയുടെ ഇടയ്ക്കിടെയുള്ള മുട്ടുകൾ തീർപ്പാൻ ശക്തിയുള്ള ഒരു ചെറുകുബേരനും ആയിരുന്നു. തനിക്കുള്ള അല്പസമ്പത്തിനെ അപാത്രദാനമാക്കാതെ രാജ്യസന്ദർശനം സാധിപ്പാൻ പുറപ്പെട്ടിരിക്കുന്ന ഒരു രസികന്റെ നിലയിൽ അയാൾ കൊടന്തയെ ആത്മമിത്രമായി വരിച്ചു. നന്തിയത്തെ സേനാസന്നാഹസ്ഥിതി അറിവാൻ പുറപ്പെട്ടിരുന്ന സന്ദർഭത്തിൽ കൊടന്തയുടെ വസ്ത്രഭാണ്ഡം പേറിയതു നിർഗ്ഗർവ്വനും സമചിത്തനും ശാന്തനും ധർമ്മശീലനുമായ ഈ ബന്ധു തന്നെ ആയിരുന്നു. സൗജന്യൗദാര്യങ്ങളുടെ വിളഭൂമിയായുള്ള ഈ ബന്ധു സമരദർശനത്തിലും കൗതുകിയായിത്തീരുകയാൽ അയാൾ സമാധാനപ്രിയനും മഹജ്ജനസ്വാധീനക്കാരനും ആയ കൊടന്തയെത്തന്നെ ആശ്രയിച്ചു. ദിവാൻജിയുടെ സന്നിധാനത്തിലും സമയം നോക്കാതെ പ്രവേശിപ്പാൻ അവകാശമുണ്ടെന്നു നടിക്കുന്ന ഈ വിശ്വസ്തനെ ധനോപകാരിയായ ചങ്ങാതി ഈ വിഷമയാത്രയിലും സ്വാഭിലാഷസിദ്ധ്യർത്ഥം പരിസേവനംചെയ്തു. എന്നാൽ, അവിടവിടെവച്ചു സന്ധിക്കുന്ന ചില പഥികരെ കാണുമ്പോൾ വിരണ്ടുമണ്ടി ലോകകഥകൾ പറഞ്ഞും ഗ്രഹിച്ചും പോരുന്ന ഇയ്യാളുടെ ദുശ്ശീലം കൊടന്തയെ അസ്വാസ്ഥ്യപ്പെടുത്തി. എങ്കിലും പല വഴിക്കടകളെയും തന്റെ ക്രേതൃത്വം കൊണ്ടു പ്രോത്സാഹിപ്പിക്കാൻ ഉള്ള മൂലധനത്തിന്റെ ഉടമസ്ഥനെ പിണക്കിക്കൂടെന്ന ബുദ്ധി ഈ വിഷയത്തിൽ കൊടന്തആശാന്റെ മുഖബന്ധനം സാധിച്ചു.
സേനയുടേ യാത്ര വൈക്കത്തിനു വടക്കുള്ള നദി കടന്നപ്പോൾ രാജസേനയ്ക്കായി പ്രത്യേകം തെളിക്കപ്പെട്ടതലാതെ ഒരു [ 350 ] ഋജുമാർഗ്ഗമുണ്ടെന്നു ഭൂസ്ഥിതികളിൽ വിദഗ്ദ്ധപരിചിതനും ഗൗണ്ഡന്റെ ഗൂഢപ്രണിധിയും ആയ കൊടന്തക്കൊച്ചാശാൻ ഉണ്ണിത്താൻ ഗുരുനാഥനെ ധരിപ്പിച്ചു.
കൊടന്തആശാൻ: "പെരുമ്പടപ്പിൽ കടന്നു വല്ല കുണ്ടിലും ചാടാതെ, നമ്മുടെ നാട്ടിൽക്കൂടിത്തന്നെ പോവുകയല്ലേ ബുദ്ധി? മൂക്കിൽ തൊടാൻ പല്ലൊണ്ടെന്നുവച്ചു വല്ല കൈയും പുറംകഴുത്തു ചുറ്റി പോകാറുണ്ടോ?"
ഈ വിദഗ്ദ്ധവാദത്തെ സമ്മതിച്ചു, കൊടന്തക്ഷത്താവ് മാർഗ്ഗനിയന്ത്രണം ചെയ്യട്ടെ എന്ന് ആ സേനാസ്രഷ്ടാവു വിധിച്ചു. ഇങ്ങനെയും പ്രമാണിയാക്കപ്പെട്ട കൊടന്തയോട് അയാളുടെ അനുഷംഗിയായ ധനദായകൻ രാജ്യസ്ഥിതിയിലെ പല വികല്പങ്ങളെയും വിഷയമാക്കി ഒരു വിലാപപ്രസംഗം തുടങ്ങി, അതിനെ ഇങ്ങനെ അവസാനിപ്പിച്ചു: "ആകപ്പാടെ എന്റിഷ്ടാ, ഈ കേശവപിള്ളയെന്നു പറയുന്ന വിരിശമ്പഴത്താനെ ദിവാൻജിയാക്കി വാഴിച്ചത് ആണുങ്ങൾ കിട്ടാൻ പഞ്ചംപിടിച്ചുപോയിട്ടോ? താൻ ഒന്നു മുഖം കാണിക്ക്. അന്ന് ആ പുള്ളിക്കാരന്റെ കല്ക്കിയും കന്നമീശയും അലസിപ്പോവും. അദ്ദേഹത്തിന്റെ കോപ്പെന്തോന്നാ ഏട്ടാ? രസികത്വമുണ്ടോ, വില്പത്തിയുണ്ടോ? എന്തു വ്യാഹരണം കണ്ടു ഹേ? ശുദ്ധമുരുകേശൻ! നാടും പരിഷയും ഭരിപ്പാൻ എന്തെല്ലാം ചരക്കു വേണം. ഒന്നെന്നു മടക്കട്ടെ വിരല്. പറയൂ. പഠിപ്പുണ്ടോ? നല്ല വചനമുണ്ടോ?"
കൊടന്തആശാൻ: "ചുമ്മാതിരിക്കൂ ചെങ്ങാതീ. ഈ പോകുന്ന വഴി ദിവാൻപദത്തിലല്ലെങ്കിൽ, എന്തെങ്കിലും ഒരു ആസ്പദത്തിൽ നമ്മെയും കയറ്റും; കണ്ടുകൊള്ളു. 'കണ്ടാലുരുണ്ടമുളക്' എന്ന വാക്യം ഓർക്ക്. ഇവനെ കൂപ്പൂ. കടവടുക്കട്ടെ. കാണാൻപോന്ന പൂരം പറഞ്ഞുകേൾക്കേണ്ട. അന്നും ഇഷ്ടാ, നാം ഇങ്ങനെതന്നെ കഴിയും. കൊടന്ത 'ഉണ്ണൻതമ്പി' കൂട്ടത്തിലല്ല, പിന്നേ, ഹേ, നിങ്ങൾക്ക് എത്ര പരിചയക്കാര്? ഇങ്ങോട്ടു തിരിഞ്ഞ സന്ധിയിൽവച്ച് ആരോ കണ്ടു എന്തോ സംസാരിച്ചില്ലേ-അവർ ഏതു കൂട്ടര്?"
ബന്ധു: "അവരോ? അവരുടെ പേരാണ് 'കണ്ണുരണ്ടന്മാർ' എന്ന്. ഇതാ പുറകെ വരുന്നില്ലേ? നാരങ്ങാപ്പഴംപോലെ പുതുത്തമേനിക്കാരൻ, കൊടിമരംപോലെ നെടുങ്കൻ! തന്റെ പൂശാനാണെങ്കിലും ക്ഷമിക്കൂ. ആ തലക്കെട്ടിന്റെ പുറകിലാക്കിയിരിക്കുന്ന കുടുമവാല് ഗോഷ്ടിയല്ലെങ്കിൽ ചെകിട്ടത്തു തരൂ. പുരുഷൻ എന്നറിയണമെങ്കിൽ ഒരു ചൈതന്യം മുഖത്തു വേണം. മുഖസ്തുതി എന്നു പറഞ്ഞു താൻ തല്ലാൻ വരരുത്. അവർ മറ്റൊന്നും അറിയാൻ ആഗ്രഹിച്ചില്ല. കണ്ണുള്ളതുകൊണ്ട് 'ആരാ, ആരാ?' എന്ന് ഒരാളെപ്പറ്റി ചോദിച്ചു. 'അതങ്ങാരെച്ചൊല്ലി?' എന്നു താൻ പിടിച്ചാൽ ഞാൻ വസ്തുത പറഞ്ഞൂന്നുമാത്രം പറയാം. അല്ലാണ്ട് 'അതും തന്നെച്ചൊല്ലി' എന്നു പാടാനും ചാടാനും ഞാനാളല്ല."
കൊടന്തആശാൻ: "എദ്ദേഹത്തെക്കുറിച്ചെന്നു നേരേ പറഞ്ഞു മാട്ടൂഡെടോ. ഈ ഏഴാമത്തുകളിയിലെ ഭ്രാന്തുകൊണ്ടുച്ചുടൂ." [ 351 ]
ബന്ധു: (ഒന്നു നുള്ളിക്കൊണ്ട്) "ഇവിടത്തെക്കുറിച്ചല്ലാണ്ടെന്റെ ഭഗവാനേ! ഹഹഹ!"
കൊടന്ത പ്രജാപതിസ്ഥാനത്തിൽ ഹംസകണ്ഠാരൂഢനായി പഴമൊഴി നീതികളെ മറക്കയാൽ ബന്ധുവിനെ മുന്നിട്ടു പറന്നോ പറപ്പിച്ചോ നടതുടങ്ങി. തെളിഞ്ഞുള്ള വഴികൾ ഇല്ലാത്ത ദുർഗ്ഗങ്ങളിൽക്കൂടെ സഞ്ചാരം ആരംഭിച്ചപ്പോൾ, ഉണ്ണിത്താൻ സ്വശിഷ്യനോടു കോപിച്ചു, "നീ എങ്ങോട്ടാടാ ഞങ്ങളെ കൊണ്ടു ചാടിച്ചു, പട്ടിണിക്കു ചീട്ടുവാങ്ങിപ്പിക്കുന്നത്?" എന്നു വിളികൂട്ടി.
കൊടന്തആശാൻ: (തിരിഞ്ഞുനോക്കാതെ) "അങ്ങേപ്പാടത്തിലിറങ്ങി. അങ്ങോട്ടു കേറിയാൽ പഷ്ണിയില്ലാണ്ടു കഴിയാൻ ആഢ്യന്മാരുടെ മനകളുണ്ടേ".
ഇങ്ങനെ അന്നും അടുത്ത ദിവസവും സദ്യകൾ കിട്ടിക്കഴിഞ്ഞു. മൂന്നാം ഉദയം കണ്ട് ഇളവെയിലിൽ വിഫലയാത്ര ആരംഭിച്ചു, ചാരിയാവുകുപ്പായങ്ങളിൽ ചുടുവെയിൽ ഏറ്റുതുടങ്ങിയപ്പോൾ, കപ്പിത്താൻപഞ്ചി, വഴി പിണങ്ങിയെന്നും രാജസേനകളുടെ മാർഗ്ഗം തുടരേണ്ടതായിരുന്നു എന്നും ഇതു വല്ല ശത്രുവ്യൂഹത്തിലും അകപ്പെടാനുള്ള വഴിയാണെന്നും അതിനാൽ പിൻവാങ്ങാൻ താൻ ഗുണദോഷിക്കുന്നു എന്നും ഉണ്ണിത്താനോടു ബോധിപ്പിച്ചു. വിശക്കുമ്പോൾ, ഭാര്യയോടും കോപിക്കുന്ന കുറുങ്ങോടൻ ചിണർത്ത് കൊടന്തയെ കൊന്നു ബലികഴിച്ചാൽ രാജസേനയ്ക്കു നിസ്സംശയം വിജയം ഉണ്ടാകുമെന്നു പ്രശ്നം പറഞ്ഞുകൊണ്ട് അവന്റെ നേർക്കു കിരാതകഥയിലെ സൂകരംപോലെ പാഞ്ഞടുത്തു. തന്നെ എന്നും ഭർത്സിക്കൂകയും ശിക്ഷാഭീഷണികൾകൊണ്ടു ദീനനാക്കുകയും ചെയ്യുന്ന ആ അതികായനാൽ ദണ്ഡിക്കപ്പെടുമെന്നു പേടിച്ച് ക്ഷണനേരത്തെ ഹംസാരൂഢൻ വനരക്ഷയെ ശരണംപ്രാപിച്ച് ഏതോ എന്തോ, കാട്ടുജന്തുവിന്റെ നിർദ്ദയഹസ്തങ്ങളിൽ പതിച്ചതുപോലെ കൂട്ടംപിരിഞ്ഞ ആ വാനരത്താൻ സംഭ്രമിച്ചു പിടയ്ക്കുന്നതിനിടയിൽ, അയാളുടെ വക്ത്രത്തിനുള്ളിൽ ചില വസ്ത്രഗോളങ്ങൾ കടന്നു നിലവിളികളെ പ്രതിബന്ധിച്ചു.
വനതലത്തിലെ ചലനങ്ങൾ സൂക്ഷ്മചക്ഷുസ്സായ ബന്ധു ഗ്രഹിച്ചു. ഉണ്ണിത്താൻ മുതലായവരെ നിസ്സംശയരും നിർഭയന്മാരും ആക്കി എന്തായാലും നിശ്ചിതകേന്ദ്രത്തിൽ എത്തിക്കാനായി ഇങ്ങനെ ഉറക്കെ ധരിപ്പിച്ചു: "ആരും തളരേണ്ട. ആപത്തൊന്നുമില്ല. അതേ-ആ മരക്കൂട്ടം കാണുന്നില്ലേ? അവിടേക്ക് ഇവിടുന്നു നാഴിക രണ്ടേയുള്ളു. അതിന്റെ അപ്പുറത്തു നമ്മുടെ പടത്താവളം ഒന്നുണ്ട്. അവിടെ എത്തിയാൽ പിന്നെ എല്ലാം ശരിയാകും."
കാട്ടിൽ മറഞ്ഞ കൊടന്തയെ പിന്നീടു കാണാത്തതിനാൽ അവന്റെ പേർ പറഞ്ഞു പലരും ഉച്ചത്തിൽ വിളികൂട്ടി. "അയാൾ അവിടെ എത്തിക്കൊള്ളും. നമുക്കു നടക്കാം" എന്ന് കൊടന്തയുടെ ബന്ധു ഉണ്ണിത്താനെയും മറ്റും സമാധാനപ്പെടുത്തി മാർഗ്ഗദർശകസ്ഥാനം വഹിക്കുകയാൽ, [ 352 ] ആ സേനാപംക്തി മുന്നോട്ടു നടകൊണ്ടു. ഏകദേശം ഒരു നാഴികദൂരം കഴിഞ്ഞപ്പോൾ, പുതിയ വഴികാട്ടി തിരിഞ്ഞുനിന്ന് ഉണ്ണിത്താനെ നോക്കി ഒരു ഉപദേശദാനം തുടങ്ങി: "എന്റെജമാന്നേ! എന്തായാലും നാം ഒരു പട നീങ്ങുകയാണ്; ശത്രുവിന്റെ അക്രമമുള്ള കാലവുമാണിത്. അതിനാൽ നമ്മുടെ സായൂവ് പറയട്ടെ. ഇതാ കാണുന്നു നേർവ്വഴി. ഇനി വിഷമംകൂടാതെ അങ്ങോട്ടു നീങ്ങാം. എങ്കിലും തോക്കുകൾ നിറച്ച് മറ്റുള്ള ആയുധങ്ങളും തയ്യാറാക്കി നടക്കുകയാണ് ഈ പുറപ്പാടിനു ചേർന്നത്. നമ്മുടെ അതിർത്തിയാണിത്. വല്ല ശത്രുക്കളും പതുങ്ങിക്കിടന്നു നമ്മെ അപജയപ്പെടുത്താൻ നോക്കിയേക്കാം. (മുൻപറഞ്ഞതിനു വിപരീതമായി) ഇതൊരു ദുർഘടസ്ഥലമാണ്. ഇതാ അങ്ങോട്ടു വഴി, ഇങ്ങോട്ടു വഴി. ഇവിടെ കള്ളന്മാര്, മലയര് ഇങ്ങനെയുള്ള കൂട്ടത്തിന്റെ ശല്യവും ഉണ്ട്. നാം കുറച്ചു പടിഞ്ഞാറു നീങ്ങിപ്പോകേണ്ടതായിരുന്നു. ആ കൊടന്തയാശാന് എന്തോ ഭ്രാന്തുപിടിച്ചു തെറ്റിച്ചതാണ്."
സേന നിലകൊള്ളുന്നതിനുള്ള ആജ്ഞ കപ്പിത്താൻ പൊടുന്നനെ ഘോഷിച്ചു. പോകുന്ന വഴിയിൽ, വടക്കുപടിഞ്ഞാറു നീങ്ങി ചില ആയുധങ്ങളുടെ മുനകൾ തിളങ്ങുന്നുണ്ടെന്ന് അയാൾ കുറുങ്ങോടനെ ധരിപ്പിച്ചു. താൻ ഭടജനങ്ങളെ നയിക്കാമെന്നും കൃഷ്ണക്കുറുപ്പു പിന്നണിയെ താങ്ങി പുറകിൽ നടന്നുകൊണ്ട് സേനാപ്രവർത്തകരിൽ ആരും ഭീരുത പ്രകടിപ്പിക്കാതെ നോട്ടം ചെയ്തുകൊള്ളണമെന്നും പഞ്ചിക്കപ്പിത്താൻ ഉപദേശിച്ചു. വഴികാട്ടിയായ നായരും ഒരു ഗുണദോഷം അയാളുടെ ബുദ്ധിയിൽ ഉദിച്ചതായി സമർപ്പിച്ചു. അപ്പോൾ ഉണ്ടായേക്കേവുന്ന ആദ്യസമരത്തിൽ ഉണ്ണിത്താൻപ്രഭു യുദ്ധച്ചടങ്ങുകളിൽ അഭ്യാസപുഷ്ടി ഉണ്ടാകുവാനായി അല്പം ദൂരത്തുവാങ്ങി കാണിയുടെ നില അവലംബിച്ചുകൊള്ളുന്നതു സേനാനികൾക്ക് അനുവദനീയമായ നയമാണെന്ന് അയാൾ വാദിച്ചു. സേനാനിയമം അനുസരിപ്പാൻ സന്നദ്ധരായുള്ള ആ സംഘക്കാർ തങ്ങളുടെ കപ്പിത്താന്മാരുടെ വിദഗ്ദ്ധാഭിപ്രായം അറിവാൻ ആഗ്രഹിച്ചതിൽ, അവരും ആ കൗശലത്തെ അനുമതിച്ചു. സേനാനിര ആയുധങ്ങളെ പ്രയോഗസജ്ജമാക്കി, ചെറുവ്യൂഹങ്ങളായി പിരിഞ്ഞ് നാലുപാടും നോക്കി തരുനിരോധത്തെ ഭേദിച്ചുതുടങ്ങി.
സംഭാരവാഹകാദികളുമായി സാവധാനയാത്ര തുടങ്ങിയ ഉണ്ണിത്താൻ ദുർഘടമാർഗ്ഗങ്ങൾ തരണംചെയ്തു ക്ഷീണിക്കുകയാൽ വളരെ പുറകിലായി. രണ്ടുമൂന്നു പഥികർ അദ്ദേഹത്തെ താണുതൊഴുതു കുശലങ്ങൾ ആരാഞ്ഞു. സൗജന്യശീലനും പാരമാർത്ഥികനുമായ അദ്ദേഹം തന്റെ വസ്തുതകൾ എല്ലാം ധരിപ്പിച്ചു. യുദ്ധകാലങ്ങളിൽ സേനാനിയന്ത്രണം ചെയ്യുന്നവർ അപരിചിതജനത്തോടു സത്യവാദികൾ ആകരുതെന്നുള്ള സംഗ്രാമനിയമങ്ങളിലെ പ്രഥമവകുപ്പിനെ അവർ അദ്ദേഹത്തോട് ഉപദേശിച്ചു. ഈ പഥികസംഘം അതിവേഗത്തിൽ ഗ്രഹസംഖ്യയോളം തന്നെ പെരുകി. ഉണ്ണിത്താൻ അവാരിൽ ഓരോരുത്തരുടെയും ചോദ്യങ്ങൾക്കുത്തരം പറഞ്ഞു നടക്കെ, സൈന്യം അതിദൂരത്തിലായി. അതു [ 353 ] മറ്റൊരു സേനാമുഖത്തോടു സന്ധിച്ചതും ആ സംയുക്തബലം ഒരു ചെറിയ കലഹത്തിനു വട്ടംകൂട്ടി ദൂരത്തു കണ്ട തരുനിരയെ ആവരണം ചെയ്തതും ഉണ്ണിത്താൻ അറിഞ്ഞില്ല. അദ്ദേഹം സേനയെ തുടർന്ന് കൊടന്തയുടെ ബന്ധുവിനാൽ തനിക്കും അനുചരന്മാർക്കും വിശ്രമസങ്കേതമായി കാണിക്കപ്പെട്ട കുന്നിലേക്കു യാത്രയാകാൻ തിരിഞ്ഞപ്പോൾ, തങ്ങൾ സമീപസ്ഥരായ കർഷകന്മാരാണെന്നും അടുത്തേതെങ്കിലും ഒരു ഭവനത്തിൽ വിശ്രമിക്കാമെന്നും അദ്ദേഹത്തെ പഥികന്മാർ സൽക്കരിച്ചു. സ്വസേനയ്ക്കു കിട്ടാത്ത സുഖം അനുഭവിക്കുവാൻ ഉണ്ണിത്താൻ തയ്യാറായിരുന്നില്ല. എന്നാൽ, ദൂരത്തു കണ്ട കുന്നിൽനിന്ന് ഒരു ആരവഘോഷവും മേഘരടിതവും കേട്ടുതുടങ്ങിയപ്പോൾ, തന്റെ ഭടന്മാർ എന്തു ചതിയാലോ ദ്രുതമർദ്ദനത്തിനു പാത്രമാകുമാറ് ശത്രുവ്യൂഹത്തിലോട്ട് അവനീതരായി എന്നു വിശ്വസിച്ച് അദ്ദേഹം ആ കേന്ദ്രം നോക്കി, ആപൻമൃതികളെന്ന അവസ്ഥകളെ മറന്നു, സ്വയംവൃതമായുള്ള നായകത്വത്തിനു ചേർന്ന കൃത്യബോധത്തോടെ നടകൊണ്ടു. പഥികരെന്നു നടിച്ചു, ദിവാൻജിയുടെ ആജ്ഞാനുസാരം സമരകലാപത്തിൽ അകപ്പെട്ടുപോകാതെ ഉണ്ണിത്താനെ അകറ്റിക്കൊണ്ടു ചാരന്മാരും അദ്ദേഹത്തെ തുടർന്നു.
മാങ്കാവിൽനിന്നു കുതിച്ചു മണ്ടിമറഞ്ഞ പെരിഞ്ചക്കോടൻ ഭജനാവകാശത്തെ മൂപ്പിച്ച് ഊരാണ്മ ആക്കിക്കൊള്ളുന്ന ഒരു സമ്പൽക്കമിതാവായിരുന്നു. അയാൾ, ഭട്ടൻ ആകട്ടെ ഉടമസ്ഥരാകട്ടെ, മാമൂലാകട്ടെ, മര്യാദയാകട്ടെ പ്രതിരോധിച്ചാലും താൻ നിശ്ചയിച്ചു പണിപ്പെട്ടതിനെ സ്വാജ്ഞാധീനമാക്കാതെ വിടുന്ന മാല്യവാൻ അല്ലായിരുന്നു. മാങ്കാവിലെ പടനിലയനങ്ങൾ ഉദ്ദിഷ്ടാവശ്യത്തിനുതന്നെ പ്രയോജകീഭവിക്കുന്നതിനു വിരുദ്ധമതന്മാരെ ആ കൗബേരാലയത്തിൽനിന്നു പലായനം ചെയ്യിക്കുമെന്നുകൂടി കരുതി, അയാൾ തന്റെ നിഷാദസൈന്യം പാളയം അടിച്ചിരിക്കുന്ന മഹാവനസങ്കേതം ലക്ഷ്യമാക്കി കുതികൊണ്ടു.
ഘോരാന്ധകാരത്തിലെ ചന്ദ്രോദയംപോലുണ്ടായ പുത്രന്റെ പുനർലബ്ധി മാധവിഅമ്മയുടെ ദൃഷ്ടികൾക്കു ലോകത്തെ ദൈവനിർമ്മിതവും ദൈവഭരിതവുമായ ഒരു സാരള്യമണ്ഡലമാക്കിത്തീർത്തു. വൃദ്ധജനനിയുടെ തിടുക്കവും ശുഷ്കാന്തിയും മതിയാകായ്മയും പ്രകടിപ്പിച്ച് അവർ ഗൃഹാകാര്യാന്വേഷണവും പുത്രശുശ്രൂഷണവും തുടങ്ങി. ഭട്ടൻ പൂർവ്വപാപങ്ങളെ മാർജ്ജനം ചെയ്‌വാൻ ഉദ്യമിക്കുന്ന മാർജ്ജാരർഷിപുംഗവനായി, ടിപ്പുവ്യാഘ്രത്തെ മൂഷികനാക്കാനുള്ള വരലബ്ധിയെ പ്രാർത്ഥിച്ച് അവിടത്തെ മഠത്തിൽ തപസ്സു തുടങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്റെ തപോവിരാമവേളകളിൽ, മാധവിഅമ്മയ്ക്കും പുത്രനും ലോകഗീതാരഹസ്യങ്ങൾ ഉപദേശിച്ചു, പടനിലയനങ്ങളുടെ അധികാരാവകാശത്തെ ദക്ഷിണയായി വാങ്ങുന്നു. ഭട്ടന്റെ ബ്രഹ്മോക്തി ഒന്നിനു മാധവമേനവനായ ശിഷ്യന്റെ ചോദ്യം പന്ത്രണ്ടുകൊണ്ടുള്ള ചാപല്യപ്രകടനം മാധവിഅമ്മയെയും ഭട്ടനെയും പരസ്പരവീക്ഷകരാക്കി, [ 354 ] ഗൃഹനായകനായുള്ള ആ വിഭൂതിമാന്റെ ശീലപരിഷ്കരണോപായം എന്തെന്നു ചിന്തിപ്പിക്കുന്നു. മാതാവിന്റെ ആതുരാപേക്ഷകൾ ഡൂണ്ഡിയാശിഷ്യന്റെ ചർമ്മത്തെ ഭേദിച്ചു അന്തർദ്ധമനികളിലോ സ്നായുക്കളിലോ പ്രവേശിപ്പാൻ ശക്തങ്ങളാകുന്നില്ല. സ്വഗൃഹത്തിന്റെ ചിരഞ്ജീവിത്വം എന്നുള്ള ആദർശത്തിന്റെ ഗാഢാനുവർത്തകനായുള്ള ഭട്ടൻ ആ ഭവനചരിത്രം പരമാർത്ഥവൽഗ്രഹിച്ചിരുന്നതിനാൽ അതിന്റെ നാശകാലസാമീപ്യം സന്ദർശിച്ചു, ഏകാന്താവസ്ഥകളിൽ പരിദേവനം ചെയ്തു. ഈ മനഃക്ലേശം ഭട്ടന്റെ ഹൃദയമർമ്മത്തെ പീഡിപ്പിക്കുകയാൽ ആ നിർഭാഗ്യകേന്ദ്രത്തിൽനിന്നും ടിപ്പുപ്പാളയത്തിലേക്ക് ഉടനെ പുറപ്പെട്ടുകളയുകയോ എന്ന് അദ്ദേഹം ചിന്തിച്ചു. എന്നാൽ ആ ഗൃഹനായികയായ ജനനിയുടെ മോഹം സംപ്രാപ്തമാക്കാൻ സഹായിച്ച ദൈവം താൻ അഭിലഷിക്കുന്നതും സാധിതപ്രായവുമായ ദർശനം നല്കി അനുഗ്രഹിക്കുമെന്നു മോഹിക്കയാൽ ആ യാത്ര ഉദയംപ്രതി 'നാളെ നാളേതി' എന്ന അലസപ്രമാണത്തിന് അധീനമായിക്കഴിഞ്ഞു.
ദിവസം മൂന്നുനാലു കഴിഞ്ഞു. മാങ്കാവുവാസികൾ ഉദയഭക്ഷണാനന്തരം ഗീതാപ്രസംഗം കേൾപ്പാൻ എത്തിയിരിക്കുന്നു. ഭട്ടൻ പീതാംബരധാരിയായി, ആമപ്പലകയിന്മേൽ അധിഷ്ഠിതനായി, ഒരു അഭിനവവിമർശനത്തിനുള്ള വിഷയാനുക്രമണികയെ മനസ്സിൽ രൂപീകരിക്കുന്നു. ദൂരത്തുനിന്ന് ഒരു മന്ദാരവം കേട്ടുതുടങ്ങുന്നു. ഗാംഗുറാംസത്രത്തിലെ കവാടവിപാടനം കേൾക്കാൻ ശക്തി വഹിച്ചിരുന്ന ഭട്ടന്റെ കണ്ണുകൾക്കു ഭൃംഗപക്ഷമർമ്മരംപോലുള്ള ആ ശബ്ദവും ഗോചരമാകുന്നു. മനോവിഭ്രമമല്ലെന്നു ബോദ്ധ്യമാകുമാറ്, ആദ്യത്തെ മുരൾച്ച ഘനധ്വനിയിൽ മുഴങ്ങിത്തുടങ്ങുന്നു. ഗിരിതടങ്ങളിൽ അമർന്നിരുന്ന മേഘപടലങ്ങൾ പരസ്പരം പരിരംഭണത്തിൽ വിഹരിക്കുന്നുവോ, അല്ലെങ്കിൽ പരസ്പരമർദ്ദനത്തിൽ തകർന്നു നദീമാർഗ്ഗത്തൂടെ ഒരു പ്രവാഹം ആരംഭിച്ചിരിക്കുന്നുവോ എന്നു പ്രസംഗസംഘം സംശയിക്കുന്നു. ടിപ്പുസുൽത്താന്റെ സേനതന്നെ ഗിരിമാർഗ്ഗമായി ആക്രമിക്കുന്നുവോ എന്നുള്ള ഭയം ആ സുൽത്താന്റെ അഭിമതവിലംഘിയായ മാധവമേനവനെ ഭീതനാക്കുന്നു. ശബ്ദം സമീപിക്കയാൽ, ജലപ്രവാഹത്തിന്റെ കോപാരവമല്ലെന്നും, ഒരു ചെറുസേനയുടെ യാത്രാഘോഷമാണെന്നും വ്യക്തമാകുന്നു. പാദാരവം ഗൃഹപരിസരത്തിലോട്ട് അടുത്തപ്പോൾ മാധവിഅമ്മയും പുത്രനും ആപൽഭീതരായി വല്ല അഭയസ്ഥാനത്തേക്കും നീങ്ങേണ്ട ആവശ്യത്തെക്കുറിച്ച് ഭട്ടനോട് ആലോചനതുടങ്ങി. പെരിഞ്ചക്കോടന്റെ കാട്ടുപട്ടാളപ്പുറപ്പാടാണെന്ന് ഭട്ടൻ തന്റെ ബുദ്ധിദർശനത്തെ ധരിപ്പിച്ച് ആ ഭവനാവകാശികളെയും സംഭ്രമിച്ചുകൂടിയ ഭൃത്യസംഘത്തെയും ആശ്വസിപ്പിച്ചു.
ഗോവർദ്ധനനിരകളിലെ പൂർവ്വസാനുക്കൾ ഭേദിച്ച് ഒരു കാട്ടാളവർഗ്ഗം അന്തർഭാഗത്തുള്ള കുടിലുകളിൽ പ്രവേശിച്ചുതുടങ്ങി. കടുംനീലം, കറുപ്പ് എന്നീ നിറഭേദങ്ങളും ആസുരത്വം, ഭീമത എന്നീ ഭാവഭേദങ്ങളും ചേർന്ന് ആയിരത്തോളംവരുന്ന ഒരു മഹാസംഘം ധനികവാസങ്ങളെ [ 355 ] കവർന്നുള്ള വിഭവധാരാളതയോടെ, ആ ഗൃഹപരിസരത്തെ ഒരു നിഷാദജനപദമാക്കി. ഏതാനും തോക്കുകളും വിവിധ രൂപങ്ങളായ ശൂലങ്ങളും ഖഡ്ഗങ്ങളും മുസലങ്ങളും ധരിച്ചു, മൃഗബലത്താൽ ഗിരിഭേദനത്തിനും പടുക്കളായുള്ള ആ ഭടസമൂഹം പെരിഞ്ചക്കോടന്റെ തസ്തകരസംഘവും രാജനാമാരാധകന്മാരായ മലയരും സങ്കലനചെയ്തുള്ളതായിരുന്നു. ഭൂരിഭാഗം വസ്ത്രഖണ്ഡധാരികളായുള്ള വേട്ടയാടികൾ ആ ഭവനത്തെ വലയംചെയ്തു പാർപ്പുറപ്പിച്ചപ്പോൾ, മാധവിഅമ്മയുടെ ഉള്ളത്തിൽ ഏതാണ്ടൊരു അസ്വാസ്ഥ്യകലാപം ആരംഭിച്ചു. നായകനായ പെരിഞ്ചക്കോടൻ ഭവനത്തിലോട്ടു നീങ്ങാതെ പടനിലയനങ്ങളിലെ പാർപ്പുകളും പാചകാദികർമ്മങ്ങളും മേൽനോട്ടംചെയ്തുതന്നെ നിന്നു. ആ സേനയുടെ സജ്ജാവിധം ടിപ്പുവായ മഹാഡംബരേച്ഛുവിനു സന്തോഷമുണ്ടാക്കുകയില്ലെന്നു ഭട്ടൻ അധിക്ഷേപിച്ചു. ടിപ്പുവിന്റെ സന്തോഷനീരസങ്ങളെ ഗണിക്കേണ്ട ആവശ്യം എന്തെന്നറിവാൻ കഴിയാതെ മാധവിഅമ്മ അമ്പരന്നുനിന്നപ്പോൾ, പുത്രൻ മാതാവിന്റെ ശുദ്ധഗതിയെ പരിഹസിച്ചു ചില നൃത്തങ്ങൾ തുള്ളി. താനും പെരിഞ്ചക്കോടനും അയാളുടെ സൈന്യവും മാധവമേനവനെപ്പോലെ ടിപ്പുവിനെ സേവിപ്പാൻ ബദ്ധപ്രതിജ്ഞരും തന്നിമിത്തം നഷ്ടസ്വാതന്ത്ര്യന്മാരും ആണെന്നുള്ള വാസ്തവത്തെ ഭട്ടൻ ധരിപ്പിച്ചു. പണ്ടുപണ്ടേ രാജന്യനിലയോടടുത്ത സ്ഥാനത്തെ വഹിച്ചുപോന്നിട്ടുള്ള മാങ്കാവുഭവനക്കാർ രാജദ്രോഹത്തെ അനുകൂലിക്കുന്ന അപരാധത്തിന്റെ സ്വരൂപത്തെക്കുറിച്ചു ചിന്തിച്ചുതുടങ്ങിയ മാധവിഅമ്മയുടെ വൈക്ലബ്യം നീങ്ങി, യൗവനത്തിലെ അഹങ്കാരപ്രാഗല്ഭ്യങ്ങൾ പൂർവ്വവൽ ഉജ്ജ്വലിച്ചു. പുനർജൃംഭിതമായ ഗർവ്വം പൂർവ്വസൗന്ദര്യോത്കർഷത്താൽ ആ പ്രഭ്വിയെ ആവേഷ്ടനംചെയ്തു. താന്മാത്രനായുള്ള ഭട്ടന്റെ ശിരസ്സിൽ ഒരു ക്ലേദപ്രസരമുണ്ടായി. വിജയമാർഗ്ഗമെന്നു കാണപ്പെട്ടതിനെ അംഗീകരിക്കുന്നതിൽ, മഹാവിലാപത്തിനു സംഗതി എന്തെന്ന് ഭട്ടൻ ഇടറിയ ശബ്ദത്തിൽ ചോദ്യംചെയ്തപ്പോൾ, 'പോവൂ ഭട്ടരെ' എന്നു പുറപ്പെട്ട ഭർത്സനം അയാളുടെ കർണ്ണപുടത്തെയും അവരുടെ കണ്ഠനാളത്തെയും ഒരുപോലെ തകർത്തു. എങ്കിലും "എന്നമ്മാ, ഇവരെന്ന? അവരെന്ന?" എന്ന് അടിയിട്ട് ഭട്ടൻ മുരങ്ങിത്തുടങ്ങിയ വാദത്തെ മാധവിഅമ്മ തന്റെ മുരളീപഞ്ചമത്താൽ തടുത്തു: "എന്താ ബ്രാഹ്മണാ, എന്തു ജളതയാണു പറയുന്നത്? അവരും ഇവരും നമുക്കു ഭേദമില്ലെന്നോ? മാങ്കാവിലെ മാധവിയോടിതൊന്നും പറയേണ്ട. അദ്ദേഹം എന്നോടു പറഞ്ഞു സമ്മതിപ്പിച്ച് തിരുവനന്തപുരത്തെ പടയോടു ചേരാനുള്ള ഒരു കൂട്ടത്തിന് ഇവിടെ സ്ഥലം വേണമെന്നായിരുന്നു. വേറൊന്നിന് വേറെ സ്ഥലം കാണണം. ഉണ്ണീ, പങ്കീ, മാധവാ, കുട്ടാ എന്താ തന്റെ പക്ഷം?"
താൻ തൃണവൽഗണിച്ചിരുന്ന സ്ത്രീവർഗ്ഗത്തിലെ ദുരിതാനുഭവക്കാരി അവരുടെ രാജഭക്തിയെ ഭവനപാരമ്പര്യം നിദാനമാക്കി വാദിച്ചപ്പോൾ, അപരഹിതത്തെയോ ഉപദേശത്തേയോ പ്രമാണിച്ചിട്ടില്ലാത്ത [ 356 ] ഭട്ടന്റെ ചിത്താംബരത്തിൽ ഒരു ചക്രവാതഭ്രമണം ആരംഭിച്ചു. ഒരു ഗൃഹം ശാശ്വതമായി നിലകൊള്ളണമെന്നുള്ള ആകാംക്ഷയെ ജീവതധ്യാനമാക്കി പ്രാർത്ഥിക്കുന്ന ഭട്ടൻ, മാധവിഅമ്മയുടെ കുടുംബനാമപ്രയോഗത്താൽ സൂചിതമായ കുലഗർവ്വം താദൃശകാംക്ഷക്കാർക്ക് അഭിമാനകരമായ പാഠംതന്നെ എന്നു നിരൂപിച്ചു. ആ കാര്യത്തെക്കുറിച്ച് അല്പനേരം ഗാഢക്ലേശംചെയ്തപ്പോൾ ഗൃഹം, കുടുംബം എന്നിതുകളുടെ പാരമ്പര്യമഹത്ത്വത്തെ പരിരക്ഷിക്കുന്നത് പുരുഷകൃത്യങ്ങളിൽ പ്രധാനമായ ഒന്നാണെന്ന് ആ സ്ത്രീഗുരുവിൽനിന്നു സിദ്ധിച്ച മന്ത്രമായി ഭട്ടൻ ഉരുക്കഴിച്ചുതുടങ്ങി. ഈ അദ്ധ്യയനം അദ്ദേഹത്തിന്റെ അനന്തരവൃത്തികളെ പരിഷ്കരിച്ചത് ഏതു വിധത്തിൽ എന്നു ടിപ്പുവിന്റെ പാളയത്തിൽവച്ചു നാം കണ്ടുകഴിഞ്ഞു.
പെരിഞ്ചക്കോടന്റെ സൈന്യത്തിൽ ചിലർ സംഭാരങ്ങളെ അതതുശാലയിൽ സൂക്ഷിച്ചുതുടങ്ങി. ഒരു ഭാഗക്കാർ പാചകർമ്മത്തിനു വട്ടം കൂട്ടി. ചിലർ വിറകിനും മറ്റു ചിലർ ജലത്തിനും ആ നദിയിലോട്ടും കാട്ടിലോട്ടും നടന്നു. ഒരു കൂട്ടക്കാർ മാർജ്ജനകർമ്മങ്ങൾ അനുഷ്ഠിച്ചു. ഒരു സംഘക്കാർ നാലഞ്ചു ഖണ്ഡമായി പിരിഞ്ഞു, മരക്കൊമ്പുകളിന്മേൽ കാവൽപ്പുരകളായി ഉപയോഗിക്കുന്നതിനുള്ള ഏറുമാടങ്ങൾ കെട്ടിത്തുടങ്ങി. അല്പം കഴിഞ്ഞപ്പോൾ ആ ഗോവർദ്ധനനിരയുടെ അന്തർവലയം സൂര്യവാരപൂജകളിലെ അഗ്നിജ്വാലകളും ധൂമവും പൊങ്ങിച്ചു. പെരിഞ്ചക്കോടന്റെയും ആഭിജാത്യമുള്ള ഭടജനങ്ങളുടെയും പ്രത്യേക നിലയനങ്ങളിലും ഭക്ഷണവട്ടങ്ങൾക്ക് ഒരുക്കം തുടങ്ങി. അനന്തരകരണീയം എന്തെന്നു ചിന്തിച്ച് മാധവിഅമ്മ നില്ക്കുന്നതിനിടയിൽ ആ സങ്കേതം ബഹുകുടുംബങ്ങൾ സംയോജിച്ചുള്ള ഒരു ഗ്രാമത്തിന്റെ നിലയിൽ കാണപ്പെട്ടു.
ചെറുഗിരികളുടെ തെക്കുപടിഞ്ഞാറുള്ള കോണിൽനിന്നു ചില ആജ്ഞാഘോഷങ്ങൾ കേട്ടുതുടങ്ങി. ആ ഇന്ദ്രജാലമന്ത്രത്തിന്റെ ഫലമെന്നപോലെ ഗോവർദ്ധനസാനുക്കളുടെ പശ്ചിമദക്ഷിണഭാഗങ്ങൾ ശീഘ്രതരം ഒന്നു ചലിച്ചു. മഹാതരുക്കളെ അവലംബിച്ചുനില്ക്കുന്ന ചെറുചെടികൾ ശോണകഞ്ചുകങ്ങളായി. ഞെരുങ്ങി നില്ക്കുന്ന ഒരു ഭൈരവലിംഗത്തിന്റെ പ്രതിഷ്ഠയും ക്ഷണത്തിൽ നിവർത്തിക്കപ്പെട്ടു. ഗിരിയുടെ ഉന്നതതടത്തിൽനിന്നു ജനനിബിഡമായ താഴ്‌വരയിലോട്ടു നീട്ടപ്പെട്ട തോക്കുകളുടെ വക്ത്രവൃത്തങ്ങൾ യമകിങ്കരാക്ഷികൾപോലെ പ്രകാശിച്ചു തുടങ്ങി.
പെരിഞ്ചക്കോടന്റെ ഭടജനങ്ങൾ സത്യവ്രതന്മാരായിരുന്നതിനാൽ അവർ ഉദരപൂരണവട്ടങ്ങളെ വീരവീര്യതയോടെ ഉപേക്ഷിച്ചു. ആയിരത്തോളം ദീർഘകായന്മാർ ചിന്താവേഗത്തിൽ ആയുധധാരികളായി നിരയിട്ടു നിരോധനസന്നദ്ധരെന്ന് അട്ടഹാസംചെയ്തു. ഗിരിസാനുവിൽനിന്ന് ഒരു രാജാജ്ഞയുടെ പ്രസിദ്ധീകരണം കേൾക്കുമാറായി. തൃപ്പാദസേവനത്തിനെന്നുള്ള ധാരണയോടെ പെരിഞ്ചക്കോട്ടു [ 357 ] കുഞ്ചുമായിറ്റിപ്പിള്ളയുടെ നായകത്വത്തെ അംഗീകരിച്ചിട്ടുള്ളവർ ആയുധംവച്ച് അവരുടെ കുടികളിലേക്ക് ഉടനെ നടകൊണ്ടുകൊള്ളേണ്ടതാണെന്നും അല്ലെങ്കിൽ അവർ രാജദ്രോഹികളായി ശിക്ഷിക്കപ്പെടുമെന്നുമുള്ള ഒരു തിരുവെഴുത്തുവിളംബരം ശംഖധ്വനിപോലെ മുഴങ്ങി. തങ്ങളെ വഞ്ചിച്ചതിനു സമാധാനം എന്തെന്നു മലയർപട്ടാളം പെരിഞ്ചക്കോടന്റെ മുഖത്തു നോക്കി. അയാളുട മുഖരൂക്ഷതയും പല്ലുഞെരിപ്പും നിഷ്ഫലങ്ങളായി. "ആണുങ്ങളെങ്കിൽ നിന്നു പടവെട്ടിൻ" എന്നുള്ള അപഹാസഗർജ്ജനവും ആ ഗിരിവാസികളുടെ രാജഭക്തിക്കു ഭംഗം വരുത്തിയില്ല. ധനകാംക്ഷികളെ ആകർഷിക്കുന്ന ഒരു ഭവനം അവർ കാണുന്നു എന്നും ആക്രമിക്കുന്ന സേനയെ തോല്പിച്ചാൽ ആ ഗൃഹത്തിലെ നിധികൾ കരസ്ഥമാക്കുവാൻ സമ്മതിക്കാമെന്നുമുള്ള പ്രലോഭനങ്ങൾ അയാളുടെ കണ്ഠത്തിൽനിന്നു പുറപ്പെട്ടു. അഞ്ഞൂറോളം ഭടന്മാർ അവരുടെ മുസലങ്ങളും കുന്തങ്ങളും ദൂരത്തെറിഞ്ഞിട്ടു, കരിങ്കുരങ്ങന്മാരെപ്പോലെ തങ്ങളെ വഞ്ചിച്ച മഹാപാതകനെ കൊഞ്ഞനം കാട്ടിയും ശപിച്ചും ആ രംഗത്തിൽനിന്നു മറഞ്ഞു. പെരിഞ്ചക്കോടനും ദക്ഷിണദേശീയരായ ഭടന്മാരും കുലുങ്ങാതെ സമരാകാംക്ഷയോടെ മുന്നോട്ടു നീങ്ങി.
മാങ്കാവുഭവനത്തെ പ്രിയവാസമാക്കിയിരുന്ന പിശാചിയെ ഉദ്ധൂതയാക്കുമാറ് വഞ്ചിരാജ്യശക്തിയുടെ ഒരു ആഗ്നേയശലാകയെ മുൻപറഞ്ഞ ഭൈരവലിംഗം മുക്തമാക്കി, ഒരു ജീമൂതാരവത്തെ ഉച്ചാടനമന്ത്രമായി ഉദ്ഘോഷിക്കയും ചെയ്തു. ആ ബ്രഹ്മാണ്ഡാരവത്തെ തുടർന്നു മേഘപോതങ്ങളുടെ സംഘട്ടനധ്വനികളെന്നപോലെ കർണ്ണാരുന്തുദമായുള്ള ഒരു ശബ്ദാവലിയും ശലാകകണങ്ങളെ വർഷിപ്പിച്ച് ആ സങ്കേതവലയത്തെ ശബ്ദായമാനമാക്കി. മരണമുറവിളികൾ, ക്ഷതാംഗന്മാരുടെ വേദനാലാപങ്ങൾ ഇവ മുഴങ്ങുന്നതിനിടയിൽ പെരിഞ്ചക്കോടന്റെ ഊർജ്ജസ്വലാജ്ഞകൾ രാജപദാതികൾ കേട്ടിട്ടില്ലാത്ത സിംഹഗർജ്ജനംപോലെ ആ സങ്കേതത്തെ കിടുക്കി. രണ്ടാമത്തെ ഭൈരവശലാകയും അതിനെത്തുടർന്നുള്ള ചെറുമേഘക്രന്ദനങ്ങളും പലരെയും വീഴ്ത്തി. പെരിഞ്ചക്കോടൻ നിന്നിടത്തുനിന്നു നിണം വർഷിച്ചു വട്ടംകറങ്ങിത്തുടങ്ങി. അതു കണ്ട് അയാളുടെ അനുചരന്മാരിൽ ചിലർ ആ ഗജകായനെ തോളിലാക്കിക്കൊണ്ട് ആയുധം വച്ചവരുടെ ത്വരിതഗമനം തെളിച്ച മാർഗ്ഗത്തൂടെ പാഞ്ഞുതുടങ്ങി. നായകന്റെ നിഷ്ക്രമണം കണ്ടിട്ടും അയാളുടെ ആസുരസൈന്യം വൃകനിരയെന്നതുപോലെ ഒന്നൊഴിയാതെ മുന്നോട്ടു പാഞ്ഞ് രാജഭടന്മാരുടെ തോക്കുകൾക്കു ഭക്ഷ്യമാകുകതന്നെ ചെയ്തു. പെരിഞ്ചക്കോടന്റെ ശരീരത്തെ വഹിച്ച സംഘത്തെ രാജഭടന്മാർ തുടർന്നില്ല. ആ വനചരന്മാർ അല്പം ദൂരത്തെത്തിയപ്പോൾ അവരിൽനിന്നു ദക്ഷിണദേശരീതിയിലുള്ള ആക്രന്ദനങ്ങൾ പൊങ്ങി, പെരിഞ്ചക്കോടനായ ദുർമ്മദന്റെ നിര്യാണവൃത്താന്തത്തെ രാജഭടന്മാരെ ധരിപ്പിച്ചു.
മാങ്കാവിലെ ഈ സമരകലാപം യുദ്ധകാലങ്ങളിൽ രാജ്യാധികാരികളാൽ പ്രയുക്തമായുള്ള ചാരതന്ത്രത്തിന്റെ വൈദഗ്ദ്ധ്യംകൊണ്ടു [ 358 ] ഭവിച്ചതായിരുന്നു. കൊടന്തയുടെ ബന്ധുവായിക്കൂടിയതും പല മാർഗ്ഗസന്ധികളിലും വച്ച് സംഭാഷണത്താൽ അയാളെ ഉപചരിച്ചതും, കാട്ടിനുള്ളിൽ ചാടിയ കൊടന്തയെ പിടികൂടി നിശ്ശബ്ദനാക്കിയതും ഉണ്ണിത്താനെ അദ്ദേഹത്തിന്റെ സേനയിൽനിന്ന് അകറ്റിക്കൊണ്ടതും, മാങ്കാവിലെ അവസ്ഥകളും പെരിഞ്ചക്കോടന്റെ സേനാപ്രയാണങ്ങളും അപ്പഴപ്പോൾ അധികാരകേന്ദ്രങ്ങളിൽ ധരിപ്പിച്ചതും എല്ലാം ദിവാൻജിയുടെ ചാരന്മാർ തന്നെയായിരുന്നു. രാജസേനയുടെ നായകന്മാർ മാങ്കാവിൽ പ്രവേശിച്ച് മാധവമേനവനെ ബന്ധനാജ്ഞ വായിച്ചു കേൾപ്പിച്ചു. മാധവിഅമ്മയുടെ പ്രലാപങ്ങളും അശ്രുവർഷങ്ങളും വകവയ്ക്കാതെ ഉണ്ണിത്താനും ആ യുവാവും തമ്മിൽ അഭിമുഖരാകാതുള്ള മാർഗ്ഗത്തിൽക്കൂടി അയാളെ മന്ത്രിസന്നിധിയിലേക്കു യാത്രയാക്കി.
ഗൃഹപരിശോധനാധികാരം കുറുങ്ങോടനെ ഏല്പിക്കപ്പെട്ടപ്പോൾ, ചിലമ്പിനേത്തും സഞ്ചരിച്ചിട്ടുള്ള ആ പ്രമാണിക്കു താൻ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരു ശില്പശാസ്ത്രപ്രയോഗത്തിന്റെ മഹിമയും ഔൽകൃഷ്ട്യവും പരിഷ്കൃതിയും ഘടനാസമ്പ്രദായങ്ങളും കാണ്മാനുള്ള ഭാഗ്യം സിദ്ധിച്ചു. മാധവിഅമ്മയെ കണ്ടപ്പോൾ പൈത്ര്യമായ സ്നേഹഗൗരവങ്ങളോടും സൗന്ദര്യോത്കർഷത്തെ അഭിനന്ദിച്ചുള്ള മന്ദഹാസങ്ങളോടും പുത്രന്റെ സംഗതിയിൽ ഭയപ്പെടാൻ ഒന്നും ഇല്ലെന്നും ആ ഭവനകാര്യങ്ങൾ അന്നുമുതൽ പൊന്നുതമ്പുരാൻ തിരുമനസ്സിലെയും അവിടുത്തെ ദിവാൻജിയുടെയും നോട്ടത്തിൽ ശുഭമായിക്കഴിയുമെന്നും ഉള്ള സാരത്തെ, അല്പം പ്രയാസത്തോടുകൂടിയെങ്കിലും സംഗ്രഹിക്കാവുന്ന ഒരു നെടുംപ്രസംഗംകൊണ്ട് അവരെ ആശ്വസിപ്പിച്ചു. അനന്തരം ഭവനത്തിലെ ഓരോ അറയും തുറപ്പിച്ചു കുറുപ്പു കപ്പിത്താൻ ഊർജിതപരിശോധനം തുടങ്ങി. ആ കായവൈപുല്യം കണ്ട് മൂഷികന്മാർ വിരണ്ടുമണ്ടി. അദ്ദേഹത്തിന്റെ ശ്വാസങ്ങൾ ബഹുകാലമായി സ്വസ്തിപ്രാപിച്ചിരുന്ന രേണുസഞ്ചയങ്ങൾക്കു മുക്തിയും വ്യാപാരശക്തിയും നൽകി. ഓരോ അറയിലെയും സാധനവിശേഷങ്ങൾക്കു ആ ഭവനത്തിന്റെ പ്രാചീനതയ്ക്കും പുരാവൃത്തമഹത്ത്വത്തിനും സാക്ഷ്യങ്ങളായിരുന്നു. നന്തിയം, ചിലമ്പിനഴിയം എന്നീ ഭവനങ്ങൾ കണ്ടും അവിടങ്ങളിലെ ഉപനായകസ്ഥാനം ആണ്ടും കഴിഞ്ഞിട്ടുള്ള അഹങ്കാരത്തോടെ തൽക്കാലകൃത്യത്തിന്റെ നിർവഹണം ആരംഭിച്ച കൃഷ്ണക്കുറുപ്പ്, മാങ്കാവിലെ മണിയറനിരകളിൽ ഏതാനും പരിശോധിച്ചുകഴിഞ്ഞപ്പോൾ, സ്വസമുദായത്തിന്റെ നഷ്ടപ്രതാപൈശ്വര്യങ്ങളെ സ്മരിച്ച് സഹാനുമോദികളെ കിട്ടാൻ അമ്പരന്നു നോക്കിപ്പോയി. ഇങ്ങനെയുള്ള അഭിമാനമോദങ്ങളോടെ നടന്ന് അന്ധകാരമയമായ ഒരു അറയിൽ പ്രവേശിച്ചപ്പോൾ അതിന്റെ ഒരു കോണിൽ ഊക്കനായ രജകഭാണ്ഡംപോലുള്ള ഒരു ആകാരം ദൃശ്യമായി. ദിവാൻജിയുടെ ആജ്ഞാനുസാരം മറ്റു രാജദ്രോഹികളിൽനിന്നു വ്യത്യസ്തമായി പരിഗണിക്കപ്പെടേണ്ട ഗൗണ്ഡവ്യാപാരിയാണെന്നു തീർച്ചയാക്കിയും തന്റെ വിശ്വാസം തുടർന്നും ആ ഭാണ്ഡത്തിന്റെ [ 359 ] മുമ്പിൽ കുറുപ്പു ഭക്തിപൂർവ്വം പ്രണാമം ചെയ്തപ്പോൾ, അതിൽനിന്നു ചില ഞരങ്ങലുകൾ പുറപ്പെട്ടു. 'കിട്ടുക്കുറുപ്പേ, കിട്ടുക്കുറുപ്പേ!' എന്ന ദയനീയസംബോധനങ്ങൾ ആ നവകപ്പിത്താന്റെ സൈനികവീര്യത്തെയും കരപ്രാധാന്യത്തെയും സ്വേദമാർഗ്ഗേണ ആ കൃപാകൂടത്തിൽ നിന്നു വിസ്രവിപ്പിച്ചു.
കൃഷ്ണക്കുറുപ്പ്, "എന്തു ഗ്രഹപ്പിഴകളാണമ്മാവാ ഇത്? ആരു കേട്ട കഥകൾ? എങ്ങോട്ടു പോയിരുന്നു?" എന്നെല്ലാം ഒരു ശ്വാസത്തിൽ ചോദിച്ചതിന്, ജ്വരമൂർച്ഛിതനിൽനിന്നെന്നപോലെ "കേശവൻ, എന്റെ കേശവൻ" എന്ന ഒരു സന്ദർശനാഭിലാഷശബ്ദംമാത്രം മാണിക്കഗൗണ്ഡനിൽനിന്നു പുറപ്പെട്ടു. ഈ ദയനീയപ്രാർത്ഥനയുടെ ആർദ്രതാമാധുര്യം അതുവരെ താൻ മറന്നിരുന്ന ഉണ്ണിത്താന്റെ കാര്യത്തെ കുറുങ്ങോടനെ സ്മരിപ്പിച്ചു. "ഇതാ വന്നേച്ചു അമ്മാവാ, വെളിയിൽ ചാടി വല്ല കുശാണ്ടവും ഉണ്ടാക്കരുത്" എന്നു പറഞ്ഞുകൊണ്ട് അയാൾ മണ്ടി.
ഒന്നുരണ്ടു നാഴിക കഴിഞ്ഞപ്പോൾ ദേഹം തളർന്നു വിയർത്തുള്ള കേശവനുണ്ണിത്താനെ ആ അറയ്ക്കുള്ളിൽ പ്രവേശിപ്പിച്ചിട്ട് കുറുപ്പ് പുറംകാവലായി നിലകൊണ്ടു. വസ്തുതകൾ മുഴുവൻ കുറുങ്ങോടനിൽനിന്നു ഗ്രഹിച്ചിരുന്ന ഉണ്ണിത്താൻ ഗൗണ്ഡവേഷധാരിയായ തന്റെ കാരണവരുടെ മുമ്പിൽ സാഷ്ടാംഗം നമസ്കരിച്ചു വാവിട്ടു കരഞ്ഞു. കാളിഉടയാൻ ചന്ത്രക്കാറനും തന്റെ ജന്മഹേതുകനായ അഷ്ടഗൃഹസമിതിയിലെ സമഗ്രദൗഷ്ട്യനിൽനിന്നു സിദ്ധമായുള്ള പൗരുഷത്തെ ത്യജിച്ചു അശ്രുധാര വാർത്തു.
ദ്രോഹംകൊണ്ടല്ലാതെ ഭജനത്താൽ രാമവർമ്മ മഹാരാജാവാൽ താൻ അഭിമാന്യൻ ആവുകയില്ലെന്നും ടിപ്പുവോടുള്ള പ്രതിജ്ഞ തന്റെ 'ആൺതത്ത്വം' നിനയ്ക്കുമ്പോൾ വിലംഘിച്ചുകൂടാത്തതാണെന്നും ശഠിച്ച്, ഏതാനും അമൂല്യരത്നങ്ങളെ ഭാഗിനേയനു സമ്മാനം ചെയ്തു, തന്റെ സർവസ്വത്തിനും രക്ഷാധികാരിയായി നെടുനാൾ വാഴ്ക എന്നനുഗ്രഹിച്ചും വിധിയുടെ അനന്തരനിപാതങ്ങളെ സ്വതസ്സിദ്ധമായ ഹൃദയാശ്മതയോടെ ഏല്പ്പാൻ ചന്ത്രക്കാറൻ ആ രാത്രിയുടെയും ആ വൃദ്ധനെ ബന്ധിച്ചുകൂടരുതെന്നു ദിവാൻജിയിൽനിന്നുണ്ടായ വാചാജ്ഞയുടെയും ആനുകൂല്യത്താൽ ടിപ്പുസങ്കേതത്തിലേക്കു യാത്രയായി.