തായിരുന്നു. കൊടന്തയുടെ ബന്ധുവായിക്കൂടിയതും പല മാർഗ്ഗസന്ധികളിലും വച്ച് സംഭാഷണത്താൽ അയാളെ ഉപചരിച്ചതും, കാട്ടിനുള്ളിൽ ചാടിയ കൊടന്തയെ പിടികൂടി നിശ്ശബ്ദനാക്കിയതും ഉണ്ണിത്താനെ അദ്ദേഹത്തിന്റെ സേനയിൽനിന്ന് അകറ്റിക്കൊണ്ടതും, മാങ്കാവിലെ അവസ്ഥകളും പെരിഞ്ചക്കോടന്റെ സേനാപ്രയാണങ്ങളും അപ്പഴപ്പോൾ അധികാരകേന്ദ്രങ്ങളിൽ ധരിപ്പിച്ചതും എല്ലാം ദിവാൻജിയുടെ ചാരന്മാർ തന്നെയായിരുന്നു. രാജസേനയുടെ നായകന്മാർ മാങ്കാവിൽ പ്രവേശിച്ച് മാധവമേനവനെ ബന്ധനാജ്ഞ വായിച്ചു കേൾപ്പിച്ചു. മാധവിഅമ്മയുടെ പ്രലാപങ്ങളും അശ്രുവർഷങ്ങളും വകവയ്ക്കാതെ ഉണ്ണിത്താനും ആ യുവാവും തമ്മിൽ അഭിമുഖരാകാതുള്ള മാർഗ്ഗത്തിൽക്കൂടി അയാളെ മന്ത്രിസന്നിധിയിലേക്കു യാത്രയാക്കി.
ഗൃഹപരിശോധനാധികാരം കുറുങ്ങോടനെ ഏല്പിക്കപ്പെട്ടപ്പോൾ, ചിലമ്പിനേത്തും സഞ്ചരിച്ചിട്ടുള്ള ആ പ്രമാണിക്കു താൻ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരു ശില്പശാസ്ത്രപ്രയോഗത്തിന്റെ മഹിമയും ഔൽകൃഷ്ട്യവും പരിഷ്കൃതിയും ഘടനാസമ്പ്രദായങ്ങളും കാണ്മാനുള്ള ഭാഗ്യം സിദ്ധിച്ചു. മാധവിഅമ്മയെ കണ്ടപ്പോൾ പൈത്ര്യമായ സ്നേഹഗൗരവങ്ങളോടും സൗന്ദര്യോത്കർഷത്തെ അഭിനന്ദിച്ചുള്ള മന്ദഹാസങ്ങളോടും പുത്രന്റെ സംഗതിയിൽ ഭയപ്പെടാൻ ഒന്നും ഇല്ലെന്നും ആ ഭവനകാര്യങ്ങൾ അന്നുമുതൽ പൊന്നുതമ്പുരാൻ തിരുമനസ്സിലെയും അവിടുത്തെ ദിവാൻജിയുടെയും നോട്ടത്തിൽ ശുഭമായിക്കഴിയുമെന്നും ഉള്ള സാരത്തെ, അല്പം പ്രയാസത്തോടുകൂടിയെങ്കിലും സംഗ്രഹിക്കാവുന്ന ഒരു നെടുംപ്രസംഗംകൊണ്ട് അവരെ ആശ്വസിപ്പിച്ചു. അനന്തരം ഭവനത്തിലെ ഓരോ അറയും തുറപ്പിച്ചു കുറുപ്പു കപ്പിത്താൻ ഊർജിതപരിശോധനം തുടങ്ങി. ആ കായവൈപുല്യം കണ്ട് മൂഷികന്മാർ വിരണ്ടുമണ്ടി. അദ്ദേഹത്തിന്റെ ശ്വാസങ്ങൾ ബഹുകാലമായി സ്വസ്തിപ്രാപിച്ചിരുന്ന രേണുസഞ്ചയങ്ങൾക്കു മുക്തിയും വ്യാപാരശക്തിയും നൽകി. ഓരോ അറയിലെയും സാധനവിശേഷങ്ങൾക്കു ആ ഭവനത്തിന്റെ പ്രാചീനതയ്ക്കും പുരാവൃത്തമഹത്ത്വത്തിനും സാക്ഷ്യങ്ങളായിരുന്നു. നന്തിയം, ചിലമ്പിനഴിയം എന്നീ ഭവനങ്ങൾ കണ്ടും അവിടങ്ങളിലെ ഉപനായകസ്ഥാനം ആണ്ടും കഴിഞ്ഞിട്ടുള്ള അഹങ്കാരത്തോടെ തൽക്കാലകൃത്യത്തിന്റെ നിർവഹണം ആരംഭിച്ച കൃഷ്ണക്കുറുപ്പ്, മാങ്കാവിലെ മണിയറനിരകളിൽ ഏതാനും പരിശോധിച്ചുകഴിഞ്ഞപ്പോൾ, സ്വസമുദായത്തിന്റെ നഷ്ടപ്രതാപൈശ്വര്യങ്ങളെ സ്മരിച്ച് സഹാനുമോദികളെ കിട്ടാൻ അമ്പരന്നു നോക്കിപ്പോയി. ഇങ്ങനെയുള്ള അഭിമാനമോദങ്ങളോടെ നടന്ന് അന്ധകാരമയമായ ഒരു അറയിൽ പ്രവേശിച്ചപ്പോൾ അതിന്റെ ഒരു കോണിൽ ഊക്കനായ രജകഭാണ്ഡംപോലുള്ള ഒരു ആകാരം ദൃശ്യമായി. ദിവാൻജിയുടെ ആജ്ഞാനുസാരം മറ്റു രാജദ്രോഹികളിൽനിന്നു വ്യത്യസ്തമായി പരിഗണിക്കപ്പെടേണ്ട ഗൗണ്ഡവ്യാപാരിയാണെന്നു തീർച്ചയാക്കിയും തന്റെ വിശ്വാസം തുടർന്നും ആ ഭാണ്ഡത്തിന്റെ