Jump to content

താൾ:Ramarajabahadoor.djvu/357

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറ്റിപ്പിള്ളയുടെ നായകത്വത്തെ അംഗീകരിച്ചിട്ടുള്ളവർ ആയുധംവച്ച് അവരുടെ കുടികളിലേക്ക് ഉടനെ നടകൊണ്ടുകൊള്ളേണ്ടതാണെന്നും അല്ലെങ്കിൽ അവർ രാജദ്രോഹികളായി ശിക്ഷിക്കപ്പെടുമെന്നുമുള്ള ഒരു തിരുവെഴുത്തുവിളംബരം ശംഖധ്വനിപോലെ മുഴങ്ങി. തങ്ങളെ വഞ്ചിച്ചതിനു സമാധാനം എന്തെന്നു മലയർപട്ടാളം പെരിഞ്ചക്കോടന്റെ മുഖത്തു നോക്കി. അയാളുട മുഖരൂക്ഷതയും പല്ലുഞെരിപ്പും നിഷ്ഫലങ്ങളായി. "ആണുങ്ങളെങ്കിൽ നിന്നു പടവെട്ടിൻ" എന്നുള്ള അപഹാസഗർജ്ജനവും ആ ഗിരിവാസികളുടെ രാജഭക്തിക്കു ഭംഗം വരുത്തിയില്ല. ധനകാംക്ഷികളെ ആകർഷിക്കുന്ന ഒരു ഭവനം അവർ കാണുന്നു എന്നും ആക്രമിക്കുന്ന സേനയെ തോല്പിച്ചാൽ ആ ഗൃഹത്തിലെ നിധികൾ കരസ്ഥമാക്കുവാൻ സമ്മതിക്കാമെന്നുമുള്ള പ്രലോഭനങ്ങൾ അയാളുടെ കണ്ഠത്തിൽനിന്നു പുറപ്പെട്ടു. അഞ്ഞൂറോളം ഭടന്മാർ അവരുടെ മുസലങ്ങളും കുന്തങ്ങളും ദൂരത്തെറിഞ്ഞിട്ടു, കരിങ്കുരങ്ങന്മാരെപ്പോലെ തങ്ങളെ വഞ്ചിച്ച മഹാപാതകനെ കൊഞ്ഞനം കാട്ടിയും ശപിച്ചും ആ രംഗത്തിൽനിന്നു മറഞ്ഞു. പെരിഞ്ചക്കോടനും ദക്ഷിണദേശീയരായ ഭടന്മാരും കുലുങ്ങാതെ സമരാകാംക്ഷയോടെ മുന്നോട്ടു നീങ്ങി.

മാങ്കാവുഭവനത്തെ പ്രിയവാസമാക്കിയിരുന്ന പിശാചിയെ ഉദ്ധൂതയാക്കുമാറ് വഞ്ചിരാജ്യശക്തിയുടെ ഒരു ആഗ്നേയശലാകയെ മുൻപറഞ്ഞ ഭൈരവലിംഗം മുക്തമാക്കി, ഒരു ജീമൂതാരവത്തെ ഉച്ചാടനമന്ത്രമായി ഉദ്ഘോഷിക്കയും ചെയ്തു. ആ ബ്രഹ്മാണ്ഡാരവത്തെ തുടർന്നു മേഘപോതങ്ങളുടെ സംഘട്ടനധ്വനികളെന്നപോലെ കർണ്ണാരുന്തുദമായുള്ള ഒരു ശബ്ദാവലിയും ശലാകകണങ്ങളെ വർഷിപ്പിച്ച് ആ സങ്കേതവലയത്തെ ശബ്ദായമാനമാക്കി. മരണമുറവിളികൾ, ക്ഷതാംഗന്മാരുടെ വേദനാലാപങ്ങൾ ഇവ മുഴങ്ങുന്നതിനിടയിൽ പെരിഞ്ചക്കോടന്റെ ഊർജ്ജസ്വലാജ്ഞകൾ രാജപദാതികൾ കേട്ടിട്ടില്ലാത്ത സിംഹഗർജ്ജനംപോലെ ആ സങ്കേതത്തെ കിടുക്കി. രണ്ടാമത്തെ ഭൈരവശലാകയും അതിനെത്തുടർന്നുള്ള ചെറുമേഘക്രന്ദനങ്ങളും പലരെയും വീഴ്ത്തി. പെരിഞ്ചക്കോടൻ നിന്നിടത്തുനിന്നു നിണം വർഷിച്ചു വട്ടംകറങ്ങിത്തുടങ്ങി. അതു കണ്ട് അയാളുടെ അനുചരന്മാരിൽ ചിലർ ആ ഗജകായനെ തോളിലാക്കിക്കൊണ്ട് ആയുധം വച്ചവരുടെ ത്വരിതഗമനം തെളിച്ച മാർഗ്ഗത്തൂടെ പാഞ്ഞുതുടങ്ങി. നായകന്റെ നിഷ്ക്രമണം കണ്ടിട്ടും അയാളുടെ ആസുരസൈന്യം വൃകനിരയെന്നതുപോലെ ഒന്നൊഴിയാതെ മുന്നോട്ടു പാഞ്ഞ് രാജഭടന്മാരുടെ തോക്കുകൾക്കു ഭക്ഷ്യമാകുകതന്നെ ചെയ്തു. പെരിഞ്ചക്കോടന്റെ ശരീരത്തെ വഹിച്ച സംഘത്തെ രാജഭടന്മാർ തുടർന്നില്ല. ആ വനചരന്മാർ അല്പം ദൂരത്തെത്തിയപ്പോൾ അവരിൽനിന്നു ദക്ഷിണദേശരീതിയിലുള്ള ആക്രന്ദനങ്ങൾ പൊങ്ങി, പെരിഞ്ചക്കോടനായ ദുർമ്മദന്റെ നിര്യാണവൃത്താന്തത്തെ രാജഭടന്മാരെ ധരിപ്പിച്ചു.

മാങ്കാവിലെ ഈ സമരകലാപം യുദ്ധകാലങ്ങളിൽ രാജ്യാധികാരികളാൽ പ്രയുക്തമായുള്ള ചാരതന്ത്രത്തിന്റെ വൈദഗ്ദ്ധ്യംകൊണ്ടു ഭവിച്ച

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/357&oldid=168213" എന്ന താളിൽനിന്ന് ശേഖരിച്ചത്