Jump to content

താൾ:Ramarajabahadoor.djvu/356

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭട്ടന്റെ ചിത്താംബരത്തിൽ ഒരു ചക്രവാതഭ്രമണം ആരംഭിച്ചു. ഒരു ഗൃഹം ശാശ്വതമായി നിലകൊള്ളണമെന്നുള്ള ആകാംക്ഷയെ ജീവതധ്യാനമാക്കി പ്രാർത്ഥിക്കുന്ന ഭട്ടൻ, മാധവിഅമ്മയുടെ കുടുംബനാമപ്രയോഗത്താൽ സൂചിതമായ കുലഗർവ്വം താദൃശകാംക്ഷക്കാർക്ക് അഭിമാനകരമായ പാഠംതന്നെ എന്നു നിരൂപിച്ചു. ആ കാര്യത്തെക്കുറിച്ച് അല്പനേരം ഗാഢക്ലേശംചെയ്തപ്പോൾ ഗൃഹം, കുടുംബം എന്നിതുകളുടെ പാരമ്പര്യമഹത്ത്വത്തെ പരിരക്ഷിക്കുന്നത് പുരുഷകൃത്യങ്ങളിൽ പ്രധാനമായ ഒന്നാണെന്ന് ആ സ്ത്രീഗുരുവിൽനിന്നു സിദ്ധിച്ച മന്ത്രമായി ഭട്ടൻ ഉരുക്കഴിച്ചുതുടങ്ങി. ഈ അദ്ധ്യയനം അദ്ദേഹത്തിന്റെ അനന്തരവൃത്തികളെ പരിഷ്കരിച്ചത് ഏതു വിധത്തിൽ എന്നു ടിപ്പുവിന്റെ പാളയത്തിൽവച്ചു നാം കണ്ടുകഴിഞ്ഞു.

പെരിഞ്ചക്കോടന്റെ സൈന്യത്തിൽ ചിലർ സംഭാരങ്ങളെ അതതുശാലയിൽ സൂക്ഷിച്ചുതുടങ്ങി. ഒരു ഭാഗക്കാർ പാചകർമ്മത്തിനു വട്ടം കൂട്ടി. ചിലർ വിറകിനും മറ്റു ചിലർ ജലത്തിനും ആ നദിയിലോട്ടും കാട്ടിലോട്ടും നടന്നു. ഒരു കൂട്ടക്കാർ മാർജ്ജനകർമ്മങ്ങൾ അനുഷ്ഠിച്ചു. ഒരു സംഘക്കാർ നാലഞ്ചു ഖണ്ഡമായി പിരിഞ്ഞു, മരക്കൊമ്പുകളിന്മേൽ കാവൽപ്പുരകളായി ഉപയോഗിക്കുന്നതിനുള്ള ഏറുമാടങ്ങൾ കെട്ടിത്തുടങ്ങി. അല്പം കഴിഞ്ഞപ്പോൾ ആ ഗോവർദ്ധനനിരയുടെ അന്തർവലയം സൂര്യവാരപൂജകളിലെ അഗ്നിജ്വാലകളും ധൂമവും പൊങ്ങിച്ചു. പെരിഞ്ചക്കോടന്റെയും ആഭിജാത്യമുള്ള ഭടജനങ്ങളുടെയും പ്രത്യേക നിലയനങ്ങളിലും ഭക്ഷണവട്ടങ്ങൾക്ക് ഒരുക്കം തുടങ്ങി. അനന്തരകരണീയം എന്തെന്നു ചിന്തിച്ച് മാധവിഅമ്മ നില്ക്കുന്നതിനിടയിൽ ആ സങ്കേതം ബഹുകുടുംബങ്ങൾ സംയോജിച്ചുള്ള ഒരു ഗ്രാമത്തിന്റെ നിലയിൽ കാണപ്പെട്ടു.

ചെറുഗിരികളുടെ തെക്കുപടിഞ്ഞാറുള്ള കോണിൽനിന്നു ചില ആജ്ഞാഘോഷങ്ങൾ കേട്ടുതുടങ്ങി. ആ ഇന്ദ്രജാലമന്ത്രത്തിന്റെ ഫലമെന്നപോലെ ഗോവർദ്ധനസാനുക്കളുടെ പശ്ചിമദക്ഷിണഭാഗങ്ങൾ ശീഘ്രതരം ഒന്നു ചലിച്ചു. മഹാതരുക്കളെ അവലംബിച്ചുനില്ക്കുന്ന ചെറുചെടികൾ ശോണകഞ്ചുകങ്ങളായി. ഞെരുങ്ങി നില്ക്കുന്ന ഒരു ഭൈരവലിംഗത്തിന്റെ പ്രതിഷ്ഠയും ക്ഷണത്തിൽ നിവർത്തിക്കപ്പെട്ടു. ഗിരിയുടെ ഉന്നതതടത്തിൽനിന്നു ജനനിബിഡമായ താഴ്‌വരയിലോട്ടു നീട്ടപ്പെട്ട തോക്കുകളുടെ വക്ത്രവൃത്തങ്ങൾ യമകിങ്കരാക്ഷികൾപോലെ പ്രകാശിച്ചു തുടങ്ങി.

പെരിഞ്ചക്കോടന്റെ ഭടജനങ്ങൾ സത്യവ്രതന്മാരായിരുന്നതിനാൽ അവർ ഉദരപൂരണവട്ടങ്ങളെ വീരവീര്യതയോടെ ഉപേക്ഷിച്ചു. ആയിരത്തോളം ദീർഘകായന്മാർ ചിന്താവേഗത്തിൽ ആയുധധാരികളായി നിരയിട്ടു നിരോധനസന്നദ്ധരെന്ന് അട്ടഹാസംചെയ്തു. ഗിരിസാനുവിൽനിന്ന് ഒരു രാജാജ്ഞയുടെ പ്രസിദ്ധീകരണം കേൾക്കുമാറായി. തൃപ്പാദസേവനത്തിനെന്നുള്ള ധാരണയോടെ പെരിഞ്ചക്കോട്ടു കുഞ്ചുമാ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/356&oldid=168212" എന്ന താളിൽനിന്ന് ശേഖരിച്ചത്