താൾ:Ramarajabahadoor.djvu/355

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്നുള്ള വിഭവധാരാളതയോടെ, ആ ഗൃഹപരിസരത്തെ ഒരു നിഷാദജനപദമാക്കി. ഏതാനും തോക്കുകളും വിവിധ രൂപങ്ങളായ ശൂലങ്ങളും ഖഡ്ഗങ്ങളും മുസലങ്ങളും ധരിച്ചു, മൃഗബലത്താൽ ഗിരിഭേദനത്തിനും പടുക്കളായുള്ള ആ ഭടസമൂഹം പെരിഞ്ചക്കോടന്റെ തസ്തകരസംഘവും രാജനാമാരാധകന്മാരായ മലയരും സങ്കലനചെയ്തുള്ളതായിരുന്നു. ഭൂരിഭാഗം വസ്ത്രഖണ്ഡധാരികളായുള്ള വേട്ടയാടികൾ ആ ഭവനത്തെ വലയംചെയ്തു പാർപ്പുറപ്പിച്ചപ്പോൾ, മാധവിഅമ്മയുടെ ഉള്ളത്തിൽ ഏതാണ്ടൊരു അസ്വാസ്ഥ്യകലാപം ആരംഭിച്ചു. നായകനായ പെരിഞ്ചക്കോടൻ ഭവനത്തിലോട്ടു നീങ്ങാതെ പടനിലയനങ്ങളിലെ പാർപ്പുകളും പാചകാദികർമ്മങ്ങളും മേൽനോട്ടംചെയ്തുതന്നെ നിന്നു. ആ സേനയുടെ സജ്ജാവിധം ടിപ്പുവായ മഹാഡംബരേച്ഛുവിനു സന്തോഷമുണ്ടാക്കുകയില്ലെന്നു ഭട്ടൻ അധിക്ഷേപിച്ചു. ടിപ്പുവിന്റെ സന്തോഷനീരസങ്ങളെ ഗണിക്കേണ്ട ആവശ്യം എന്തെന്നറിവാൻ കഴിയാതെ മാധവിഅമ്മ അമ്പരന്നുനിന്നപ്പോൾ, പുത്രൻ മാതാവിന്റെ ശുദ്ധഗതിയെ പരിഹസിച്ചു ചില നൃത്തങ്ങൾ തുള്ളി. താനും പെരിഞ്ചക്കോടനും അയാളുടെ സൈന്യവും മാധവമേനവനെപ്പോലെ ടിപ്പുവിനെ സേവിപ്പാൻ ബദ്ധപ്രതിജ്ഞരും തന്നിമിത്തം നഷ്ടസ്വാതന്ത്ര്യന്മാരും ആണെന്നുള്ള വാസ്തവത്തെ ഭട്ടൻ ധരിപ്പിച്ചു. പണ്ടുപണ്ടേ രാജന്യനിലയോടടുത്ത സ്ഥാനത്തെ വഹിച്ചുപോന്നിട്ടുള്ള മാങ്കാവുഭവനക്കാർ രാജദ്രോഹത്തെ അനുകൂലിക്കുന്ന അപരാധത്തിന്റെ സ്വരൂപത്തെക്കുറിച്ചു ചിന്തിച്ചുതുടങ്ങിയ മാധവിഅമ്മയുടെ വൈക്ലബ്യം നീങ്ങി, യൗവനത്തിലെ അഹങ്കാരപ്രാഗല്ഭ്യങ്ങൾ പൂർവ്വവൽ ഉജ്ജ്വലിച്ചു. പുനർജൃംഭിതമായ ഗർവ്വം പൂർവ്വസൗന്ദര്യോത്കർഷത്താൽ ആ പ്രഭ്വിയെ ആവേഷ്ടനംചെയ്തു. താന്മാത്രനായുള്ള ഭട്ടന്റെ ശിരസ്സിൽ ഒരു ക്ലേദപ്രസരമുണ്ടായി. വിജയമാർഗ്ഗമെന്നു കാണപ്പെട്ടതിനെ അംഗീകരിക്കുന്നതിൽ, മഹാവിലാപത്തിനു സംഗതി എന്തെന്ന് ഭട്ടൻ ഇടറിയ ശബ്ദത്തിൽ ചോദ്യംചെയ്തപ്പോൾ, 'പോവൂ ഭട്ടരെ' എന്നു പുറപ്പെട്ട ഭർത്സനം അയാളുടെ കർണ്ണപുടത്തെയും അവരുടെ കണ്ഠനാളത്തെയും ഒരുപോലെ തകർത്തു. എങ്കിലും "എന്നമ്മാ, ഇവരെന്ന? അവരെന്ന?" എന്ന് അടിയിട്ട് ഭട്ടൻ മുരങ്ങിത്തുടങ്ങിയ വാദത്തെ മാധവിഅമ്മ തന്റെ മുരളീപഞ്ചമത്താൽ തടുത്തു: "എന്താ ബ്രാഹ്മണാ, എന്തു ജളതയാണു പറയുന്നത്? അവരും ഇവരും നമുക്കു ഭേദമില്ലെന്നോ? മാങ്കാവിലെ മാധവിയോടിതൊന്നും പറയേണ്ട. അദ്ദേഹം എന്നോടു പറഞ്ഞു സമ്മതിപ്പിച്ച് തിരുവനന്തപുരത്തെ പടയോടു ചേരാനുള്ള ഒരു കൂട്ടത്തിന് ഇവിടെ സ്ഥലം വേണമെന്നായിരുന്നു. വേറൊന്നിന് വേറെ സ്ഥലം കാണണം. ഉണ്ണീ, പങ്കീ, മാധവാ, കുട്ടാ എന്താ തന്റെ പക്ഷം?"

താൻ തൃണവൽഗണിച്ചിരുന്ന സ്ത്രീവർഗ്ഗത്തിലെ ദുരിതാനുഭവക്കാരി അവരുടെ രാജഭക്തിയെ ഭവനപാരമ്പര്യം നിദാനമാക്കി വാദിച്ചപ്പോൾ, അപരഹിതത്തെയോ ഉപദേശത്തേയോ പ്രമാണിച്ചിട്ടില്ലാത്ത

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/355&oldid=168211" എന്ന താളിൽനിന്ന് ശേഖരിച്ചത്