യുള്ള ആ വിഭൂതിമാന്റെ ശീലപരിഷ്കരണോപായം എന്തെന്നു ചിന്തിപ്പിക്കുന്നു. മാതാവിന്റെ ആതുരാപേക്ഷകൾ ഡൂണ്ഡിയാശിഷ്യന്റെ ചർമ്മത്തെ ഭേദിച്ചു അന്തർദ്ധമനികളിലോ സ്നായുക്കളിലോ പ്രവേശിപ്പാൻ ശക്തങ്ങളാകുന്നില്ല. സ്വഗൃഹത്തിന്റെ ചിരഞ്ജീവിത്വം എന്നുള്ള ആദർശത്തിന്റെ ഗാഢാനുവർത്തകനായുള്ള ഭട്ടൻ ആ ഭവനചരിത്രം പരമാർത്ഥവൽഗ്രഹിച്ചിരുന്നതിനാൽ അതിന്റെ നാശകാലസാമീപ്യം സന്ദർശിച്ചു, ഏകാന്താവസ്ഥകളിൽ പരിദേവനം ചെയ്തു. ഈ മനഃക്ലേശം ഭട്ടന്റെ ഹൃദയമർമ്മത്തെ പീഡിപ്പിക്കുകയാൽ ആ നിർഭാഗ്യകേന്ദ്രത്തിൽനിന്നും ടിപ്പുപ്പാളയത്തിലേക്ക് ഉടനെ പുറപ്പെട്ടുകളയുകയോ എന്ന് അദ്ദേഹം ചിന്തിച്ചു. എന്നാൽ ആ ഗൃഹനായികയായ ജനനിയുടെ മോഹം സംപ്രാപ്തമാക്കാൻ സഹായിച്ച ദൈവം താൻ അഭിലഷിക്കുന്നതും സാധിതപ്രായവുമായ ദർശനം നല്കി അനുഗ്രഹിക്കുമെന്നു മോഹിക്കയാൽ ആ യാത്ര ഉദയംപ്രതി 'നാളെ നാളേതി' എന്ന അലസപ്രമാണത്തിന് അധീനമായിക്കഴിഞ്ഞു.
ദിവസം മൂന്നുനാലു കഴിഞ്ഞു. മാങ്കാവുവാസികൾ ഉദയഭക്ഷണാനന്തരം ഗീതാപ്രസംഗം കേൾപ്പാൻ എത്തിയിരിക്കുന്നു. ഭട്ടൻ പീതാംബരധാരിയായി, ആമപ്പലകയിന്മേൽ അധിഷ്ഠിതനായി, ഒരു അഭിനവവിമർശനത്തിനുള്ള വിഷയാനുക്രമണികയെ മനസ്സിൽ രൂപീകരിക്കുന്നു. ദൂരത്തുനിന്ന് ഒരു മന്ദാരവം കേട്ടുതുടങ്ങുന്നു. ഗാംഗുറാംസത്രത്തിലെ കവാടവിപാടനം കേൾക്കാൻ ശക്തി വഹിച്ചിരുന്ന ഭട്ടന്റെ കണ്ണുകൾക്കു ഭൃംഗപക്ഷമർമ്മരംപോലുള്ള ആ ശബ്ദവും ഗോചരമാകുന്നു. മനോവിഭ്രമമല്ലെന്നു ബോദ്ധ്യമാകുമാറ്, ആദ്യത്തെ മുരൾച്ച ഘനധ്വനിയിൽ മുഴങ്ങിത്തുടങ്ങുന്നു. ഗിരിതടങ്ങളിൽ അമർന്നിരുന്ന മേഘപടലങ്ങൾ പരസ്പരം പരിരംഭണത്തിൽ വിഹരിക്കുന്നുവോ, അല്ലെങ്കിൽ പരസ്പരമർദ്ദനത്തിൽ തകർന്നു നദീമാർഗ്ഗത്തൂടെ ഒരു പ്രവാഹം ആരംഭിച്ചിരിക്കുന്നുവോ എന്നു പ്രസംഗസംഘം സംശയിക്കുന്നു. ടിപ്പുസുൽത്താന്റെ സേനതന്നെ ഗിരിമാർഗ്ഗമായി ആക്രമിക്കുന്നുവോ എന്നുള്ള ഭയം ആ സുൽത്താന്റെ അഭിമതവിലംഘിയായ മാധവമേനവനെ ഭീതനാക്കുന്നു. ശബ്ദം സമീപിക്കയാൽ, ജലപ്രവാഹത്തിന്റെ കോപാരവമല്ലെന്നും, ഒരു ചെറുസേനയുടെ യാത്രാഘോഷമാണെന്നും വ്യക്തമാകുന്നു. പാദാരവം ഗൃഹപരിസരത്തിലോട്ട് അടുത്തപ്പോൾ മാധവിഅമ്മയും പുത്രനും ആപൽഭീതരായി വല്ല അഭയസ്ഥാനത്തേക്കും നീങ്ങേണ്ട ആവശ്യത്തെക്കുറിച്ച് ഭട്ടനോട് ആലോചനതുടങ്ങി. പെരിഞ്ചക്കോടന്റെ കാട്ടുപട്ടാളപ്പുറപ്പാടാണെന്ന് ഭട്ടൻ തന്റെ ബുദ്ധിദർശനത്തെ ധരിപ്പിച്ച് ആ ഭവനാവകാശികളെയും സംഭ്രമിച്ചുകൂടിയ ഭൃത്യസംഘത്തെയും ആശ്വസിപ്പിച്ചു.
ഗോവർദ്ധനനിരകളിലെ പൂർവ്വസാനുക്കൾ ഭേദിച്ച് ഒരു കാട്ടാളവർഗ്ഗം അന്തർഭാഗത്തുള്ള കുടിലുകളിൽ പ്രവേശിച്ചുതുടങ്ങി. കടുംനീലം, കറുപ്പ് എന്നീ നിറഭേദങ്ങളും ആസുരത്വം, ഭീമത എന്നീ ഭാവഭേദങ്ങളും ചേർന്ന് ആയിരത്തോളംവരുന്ന ഒരു മഹാസംഘം ധനികവാസങ്ങളെ കവർ