Jump to content

താൾ:Ramarajabahadoor.djvu/353

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മറ്റൊരു സേനാമുഖത്തോടു സന്ധിച്ചതും ആ സംയുക്തബലം ഒരു ചെറിയ കലഹത്തിനു വട്ടംകൂട്ടി ദൂരത്തു കണ്ട തരുനിരയെ ആവരണം ചെയ്തതും ഉണ്ണിത്താൻ അറിഞ്ഞില്ല. അദ്ദേഹം സേനയെ തുടർന്ന് കൊടന്തയുടെ ബന്ധുവിനാൽ തനിക്കും അനുചരന്മാർക്കും വിശ്രമസങ്കേതമായി കാണിക്കപ്പെട്ട കുന്നിലേക്കു യാത്രയാകാൻ തിരിഞ്ഞപ്പോൾ, തങ്ങൾ സമീപസ്ഥരായ കർഷകന്മാരാണെന്നും അടുത്തേതെങ്കിലും ഒരു ഭവനത്തിൽ വിശ്രമിക്കാമെന്നും അദ്ദേഹത്തെ പഥികന്മാർ സൽക്കരിച്ചു. സ്വസേനയ്ക്കു കിട്ടാത്ത സുഖം അനുഭവിക്കുവാൻ ഉണ്ണിത്താൻ തയ്യാറായിരുന്നില്ല. എന്നാൽ, ദൂരത്തു കണ്ട കുന്നിൽനിന്ന് ഒരു ആരവഘോഷവും മേഘരടിതവും കേട്ടുതുടങ്ങിയപ്പോൾ, തന്റെ ഭടന്മാർ എന്തു ചതിയാലോ ദ്രുതമർദ്ദനത്തിനു പാത്രമാകുമാറ് ശത്രുവ്യൂഹത്തിലോട്ട് അവനീതരായി എന്നു വിശ്വസിച്ച് അദ്ദേഹം ആ കേന്ദ്രം നോക്കി, ആപൻമൃതികളെന്ന അവസ്ഥകളെ മറന്നു, സ്വയംവൃതമായുള്ള നായകത്വത്തിനു ചേർന്ന കൃത്യബോധത്തോടെ നടകൊണ്ടു. പഥികരെന്നു നടിച്ചു, ദിവാൻജിയുടെ ആജ്ഞാനുസാരം സമരകലാപത്തിൽ അകപ്പെട്ടുപോകാതെ ഉണ്ണിത്താനെ അകറ്റിക്കൊണ്ടു ചാരന്മാരും അദ്ദേഹത്തെ തുടർന്നു.

മാങ്കാവിൽനിന്നു കുതിച്ചു മണ്ടിമറഞ്ഞ പെരിഞ്ചക്കോടൻ ഭജനാവകാശത്തെ മൂപ്പിച്ച് ഊരാണ്മ ആക്കിക്കൊള്ളുന്ന ഒരു സമ്പൽക്കമിതാവായിരുന്നു. അയാൾ, ഭട്ടൻ ആകട്ടെ ഉടമസ്ഥരാകട്ടെ, മാമൂലാകട്ടെ, മര്യാദയാകട്ടെ പ്രതിരോധിച്ചാലും താൻ നിശ്ചയിച്ചു പണിപ്പെട്ടതിനെ സ്വാജ്ഞാധീനമാക്കാതെ വിടുന്ന മാല്യവാൻ അല്ലായിരുന്നു. മാങ്കാവിലെ പടനിലയനങ്ങൾ ഉദ്ദിഷ്ടാവശ്യത്തിനുതന്നെ പ്രയോജകീഭവിക്കുന്നതിനു വിരുദ്ധമതന്മാരെ ആ കൗബേരാലയത്തിൽനിന്നു പലായനം ചെയ്യിക്കുമെന്നുകൂടി കരുതി, അയാൾ തന്റെ നിഷാദസൈന്യം പാളയം അടിച്ചിരിക്കുന്ന മഹാവനസങ്കേതം ലക്ഷ്യമാക്കി കുതികൊണ്ടു.

ഘോരാന്ധകാരത്തിലെ ചന്ദ്രോദയംപോലുണ്ടായ പുത്രന്റെ പുനർലബ്ധി മാധവിഅമ്മയുടെ ദൃഷ്ടികൾക്കു ലോകത്തെ ദൈവനിർമ്മിതവും ദൈവഭരിതവുമായ ഒരു സാരള്യമണ്ഡലമാക്കിത്തീർത്തു. വൃദ്ധജനനിയുടെ തിടുക്കവും ശുഷ്കാന്തിയും മതിയാകായ്മയും പ്രകടിപ്പിച്ച് അവർ ഗൃഹാകാര്യാന്വേഷണവും പുത്രശുശ്രൂഷണവും തുടങ്ങി. ഭട്ടൻ പൂർവ്വപാപങ്ങളെ മാർജ്ജനം ചെയ്‌വാൻ ഉദ്യമിക്കുന്ന മാർജ്ജാരർഷിപുംഗവനായി, ടിപ്പുവ്യാഘ്രത്തെ മൂഷികനാക്കാനുള്ള വരലബ്ധിയെ പ്രാർത്ഥിച്ച് അവിടത്തെ മഠത്തിൽ തപസ്സു തുടങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്റെ തപോവിരാമവേളകളിൽ, മാധവിഅമ്മയ്ക്കും പുത്രനും ലോകഗീതാരഹസ്യങ്ങൾ ഉപദേശിച്ചു, പടനിലയനങ്ങളുടെ അധികാരാവകാശത്തെ ദക്ഷിണയായി വാങ്ങുന്നു. ഭട്ടന്റെ ബ്രഹ്മോക്തി ഒന്നിനു മാധവമേനവനായ ശിഷ്യന്റെ ചോദ്യം പന്ത്രണ്ടുകൊണ്ടുള്ള ചാപല്യപ്രകടനം മാധവിഅമ്മയെയും ഭട്ടനെയും പരസ്പരവീക്ഷകരാക്കി, ഗൃഹനായകനാ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/353&oldid=168209" എന്ന താളിൽനിന്ന് ശേഖരിച്ചത്