Jump to content

താൾ:Ramarajabahadoor.djvu/351

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബന്ധു: (ഒന്നു നുള്ളിക്കൊണ്ട്) "ഇവിടത്തെക്കുറിച്ചല്ലാണ്ടെന്റെ ഭഗവാനേ! ഹഹഹ!"

കൊടന്ത പ്രജാപതിസ്ഥാനത്തിൽ ഹംസകണ്ഠാരൂഢനായി പഴമൊഴി നീതികളെ മറക്കയാൽ ബന്ധുവിനെ മുന്നിട്ടു പറന്നോ പറപ്പിച്ചോ നടതുടങ്ങി. തെളിഞ്ഞുള്ള വഴികൾ ഇല്ലാത്ത ദുർഗ്ഗങ്ങളിൽക്കൂടെ സഞ്ചാരം ആരംഭിച്ചപ്പോൾ, ഉണ്ണിത്താൻ സ്വശിഷ്യനോടു കോപിച്ചു, "നീ എങ്ങോട്ടാടാ ഞങ്ങളെ കൊണ്ടു ചാടിച്ചു, പട്ടിണിക്കു ചീട്ടുവാങ്ങിപ്പിക്കുന്നത്?" എന്നു വിളികൂട്ടി.

കൊടന്തആശാൻ: (തിരിഞ്ഞുനോക്കാതെ) "അങ്ങേപ്പാടത്തിലിറങ്ങി. അങ്ങോട്ടു കേറിയാൽ പഷ്ണിയില്ലാണ്ടു കഴിയാൻ ആഢ്യന്മാരുടെ മനകളുണ്ടേ".

ഇങ്ങനെ അന്നും അടുത്ത ദിവസവും സദ്യകൾ കിട്ടിക്കഴിഞ്ഞു. മൂന്നാം ഉദയം കണ്ട് ഇളവെയിലിൽ വിഫലയാത്ര ആരംഭിച്ചു, ചാരിയാവുകുപ്പായങ്ങളിൽ ചുടുവെയിൽ ഏറ്റുതുടങ്ങിയപ്പോൾ, കപ്പിത്താ‌ൻപഞ്ചി, വഴി പിണങ്ങിയെന്നും രാജസേനകളുടെ മാർഗ്ഗം തുടരേണ്ടതായിരുന്നു എന്നും ഇതു വല്ല ശത്രുവ്യൂഹത്തിലും അകപ്പെടാനുള്ള വഴിയാണെന്നും അതിനാൽ പിൻവാങ്ങാൻ താൻ ഗുണദോഷിക്കുന്നു എന്നും ഉണ്ണിത്താനോടു ബോധിപ്പിച്ചു. വിശക്കുമ്പോൾ, ഭാര്യയോടും കോപിക്കുന്ന കുറുങ്ങോടൻ ചിണർത്ത് കൊടന്തയെ കൊന്നു ബലികഴിച്ചാൽ രാജസേനയ്ക്കു നിസ്സംശയം വിജയം ഉണ്ടാകുമെന്നു പ്രശ്നം പറഞ്ഞുകൊണ്ട് അവന്റെ നേർക്കു കിരാതകഥയിലെ സൂകരം‌പോലെ പാഞ്ഞടുത്തു. തന്നെ എന്നും ഭർത്സിക്കൂകയും ശിക്ഷാഭീഷണികൾകൊണ്ടു ദീനനാക്കുകയും ചെയ്യുന്ന ആ അതികായനാൽ ദണ്ഡിക്കപ്പെടുമെന്നു പേടിച്ച് ക്ഷണനേരത്തെ ഹംസാരൂഢൻ വനരക്ഷയെ ശരണംപ്രാപിച്ച് ഏതോ എന്തോ, കാട്ടുജന്തുവിന്റെ നിർദ്ദയഹസ്തങ്ങളിൽ പതിച്ചതുപോലെ കൂട്ടംപിരിഞ്ഞ ആ വാനരത്താൻ സംഭ്രമിച്ചു പിടയ്ക്കുന്നതിനിടയിൽ, അയാളുടെ വക്ത്രത്തിനുള്ളിൽ ചില വസ്ത്രഗോളങ്ങൾ കടന്നു നിലവിളികളെ പ്രതിബന്ധിച്ചു.

വനതലത്തിലെ ചലനങ്ങൾ സൂക്ഷ്മചക്ഷുസ്സായ ബന്ധു ഗ്രഹിച്ചു. ഉണ്ണിത്താൻ മുതലായവരെ നിസ്സംശയരും നിർഭയന്മാരും ആക്കി എന്തായാലും നിശ്ചിതകേന്ദ്രത്തിൽ എത്തിക്കാനായി ഇങ്ങനെ ഉറക്കെ ധരിപ്പിച്ചു: "ആരും തളരേണ്ട. ആപത്തൊന്നുമില്ല. അതേ-ആ മരക്കൂട്ടം കാണുന്നില്ലേ? അവിടേക്ക് ഇവിടുന്നു നാഴിക രണ്ടേയുള്ളു. അതിന്റെ അപ്പുറത്തു നമ്മുടെ പടത്താവളം ഒന്നുണ്ട്. അവിടെ എത്തിയാൽ പിന്നെ എല്ലാം ശരിയാകും."

കാട്ടിൽ മറഞ്ഞ കൊടന്തയെ പിന്നീടു കാണാത്തതിനാൽ അവന്റെ പേർ പറഞ്ഞു പലരും ഉച്ചത്തിൽ വിളികൂട്ടി. "അയാൾ അവിടെ എത്തിക്കൊള്ളും. നമുക്കു നടക്കാം" എന്ന് കൊടന്തയുടെ ബന്ധു ഉണ്ണിത്താനെയും മറ്റും സമാധാനപ്പെടുത്തി മാർഗ്ഗദർശകസ്ഥാനം വഹിക്കുകയാൽ,

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/351&oldid=168207" എന്ന താളിൽനിന്ന് ശേഖരിച്ചത്