താൾ:Ramarajabahadoor.djvu/350

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ണ്ടെന്നു ഭൂസ്ഥിതികളിൽ വിദഗ്ദ്ധപരിചിതനും ഗൗണ്ഡന്റെ ഗൂഢപ്രണിധിയും ആയ കൊടന്തക്കൊച്ചാശാൻ ഉണ്ണിത്താൻ ഗുരുനാഥനെ ധരിപ്പിച്ചു.

കൊടന്തആശാൻ: "പെരുമ്പടപ്പിൽ കടന്നു വല്ല കുണ്ടിലും ചാടാതെ, നമ്മുടെ നാട്ടിൽക്കൂടിത്തന്നെ പോവുകയല്ലേ ബുദ്ധി? മൂക്കിൽ തൊടാൻ പല്ലൊണ്ടെന്നുവച്ചു വല്ല കൈയും പുറംകഴുത്തു ചുറ്റി പോകാറുണ്ടോ?"

ഈ വിദഗ്ദ്ധവാദത്തെ സമ്മതിച്ചു, കൊടന്തക്ഷത്താവ് മാർഗ്ഗനിയന്ത്രണം ചെയ്യട്ടെ എന്ന് ആ സേനാസ്രഷ്ടാവു വിധിച്ചു. ഇങ്ങനെയും പ്രമാണിയാക്കപ്പെട്ട കൊടന്തയോട് അയാളുടെ അനുഷംഗിയായ ധനദായകൻ രാജ്യസ്ഥിതിയിലെ പല വികല്പങ്ങളെയും വിഷയമാക്കി ഒരു വിലാപപ്രസംഗം തുടങ്ങി, അതിനെ ഇങ്ങനെ അവസാനിപ്പിച്ചു: "ആകപ്പാടെ എന്റിഷ്ടാ, ഈ കേശവപിള്ളയെന്നു പറയുന്ന വിരിശമ്പഴത്താനെ ദിവാൻജിയാക്കി വാഴിച്ചത് ആണുങ്ങൾ കിട്ടാൻ പഞ്ചംപിടിച്ചുപോയിട്ടോ? താൻ ഒന്നു മുഖം കാണിക്ക്. അന്ന് ആ പുള്ളിക്കാരന്റെ കല്ക്കിയും കന്നമീശയും അലസിപ്പോവും. അദ്ദേഹത്തിന്റെ കോപ്പെന്തോന്നാ ഏട്ടാ? രസികത്വമുണ്ടോ, വില്പത്തിയുണ്ടോ? എന്തു വ്യാഹരണം കണ്ടു ഹേ? ശുദ്ധമുരുകേശൻ! നാടും പരിഷയും ഭരിപ്പാൻ എന്തെല്ലാം ചരക്കു വേണം. ഒന്നെന്നു മടക്കട്ടെ വിരല്. പറയൂ. പഠിപ്പുണ്ടോ? നല്ല വചനമുണ്ടോ?"

കൊടന്തആശാൻ: "ചുമ്മാതിരിക്കൂ ചെങ്ങാതീ. ഈ പോകുന്ന വഴി ദിവാൻപദത്തിലല്ലെങ്കിൽ, എന്തെങ്കിലും ഒരു ആസ്പദത്തിൽ നമ്മെയും കയറ്റും; കണ്ടുകൊള്ളു. 'കണ്ടാലുരുണ്ടമുളക്' എന്ന വാക്യം ഓർക്ക്. ഇവനെ കൂപ്പൂ. കടവടുക്കട്ടെ. കാണാൻപോന്ന പൂരം പറഞ്ഞുകേൾക്കേണ്ട. അന്നും ഇഷ്ടാ, നാം ഇങ്ങനെതന്നെ കഴിയും. കൊടന്ത 'ഉണ്ണൻതമ്പി' കൂട്ടത്തിലല്ല, പിന്നേ, ഹേ, നിങ്ങൾക്ക് എത്ര പരിചയക്കാര്? ഇങ്ങോട്ടു തിരിഞ്ഞ സന്ധിയിൽവച്ച് ആരോ കണ്ടു എന്തോ സംസാരിച്ചില്ലേ-അവർ ഏതു കൂട്ടര്?"

ബന്ധു: "അവരോ? അവരുടെ പേരാണ് 'കണ്ണുരണ്ടന്മാർ' എന്ന്. ഇതാ പുറകെ വരുന്നില്ലേ? നാരങ്ങാപ്പഴംപോലെ പുതുത്തമേനിക്കാരൻ, കൊടിമരംപോലെ നെടുങ്കൻ! തന്റെ പൂശാനാണെങ്കിലും ക്ഷമിക്കൂ. ആ തലക്കെട്ടിന്റെ പുറകിലാക്കിയിരിക്കുന്ന കുടുമവാല് ഗോഷ്ടിയല്ലെങ്കിൽ ചെകിട്ടത്തു തരൂ. പുരുഷൻ എന്നറിയണമെങ്കിൽ ഒരു ചൈതന്യം മുഖത്തു വേണം. മുഖസ്തുതി എന്നു പറഞ്ഞു താൻ തല്ലാൻ വരരുത്. അവർ മറ്റൊന്നും അറിയാൻ ആഗ്രഹിച്ചില്ല. കണ്ണുള്ളതുകൊണ്ട് 'ആരാ, ആരാ?' എന്ന് ഒരാളെപ്പറ്റി ചോദിച്ചു. 'അതങ്ങാരെച്ചൊല്ലി?' എന്നു താൻ പിടിച്ചാൽ ഞാൻ വസ്തുത പറഞ്ഞൂന്നുമാത്രം പറയാം. അല്ലാണ്ട് 'അതും തന്നെച്ചൊല്ലി' എന്നു പാടാനും ചാടാനും ഞാനാളല്ല."

കൊടന്തആശാൻ: "എദ്ദേഹത്തെക്കുറിച്ചെന്നു നേരേ പറഞ്ഞു മാട്ടൂഡെടോ. ഈ ഏഴാമത്തുകളിയിലെ ഭ്രാന്തുകൊണ്ടുച്ചുടൂ."

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/350&oldid=168206" എന്ന താളിൽനിന്ന് ശേഖരിച്ചത്