ങ്ങളുടെ അതിപാവനമായുള്ള പ്രണയപ്രകടനങ്ങൾ രസികലോകാക്ഷികൾക്കു ഗോചരമാക്കുന്നത് ഒരു പരിശുദ്ധപ്രതിഷ്ഠയുടെ വിദ്ധ്വംസനത്തിനു തുല്യമാകുന്നതാണ്. കുറുങ്ങോടൻ തന്റെ ഭടജനങ്ങളാൽ അനുഗതനായി ഉണ്ണിത്താന്റെ പടയിൽ ചേർന്നു വരമ്പുകളും കാട്ടുവഴികളും തരണംചെയ്തുതുടങ്ങിയപ്പോൾ വഞ്ചിഭൂമിയും പെരുമ്പടപ്പും സംഘടിക്കുന്ന രംഗത്തിലെ സംഗരരസം കാണ്മാൻ നാരദപർവ്വതാദികൾ എഴുന്നള്ളുന്നതിനു വട്ടം കൂട്ടി.
പ്രയാണമാർഗ്ഗത്തിൽ അവിടവിടെ ഉണ്ടായിരുന്ന ഇടപ്രഭുക്കന്മാർ, ജന്മികൾ മുതലായവരുടേ സൽക്കാരങ്ങൾ നിമിത്തം ഈ സേനയുടേ സംഭാരവാഹികൾ ഗ്ലപിതകണ്ഠമായി വഹിച്ചിരുന്ന ഭാണ്ഡക്കെട്ടുകളെ അഴിക്കേണ്ടിവന്നില്ല. സേനാനായകന്മാരായ പഞ്ചിക്കും കുറുങ്ങോടനും മുന്നിട്ടു വഴികാട്ടിയായി നടകൊണ്ടതു പറവൂർവരെ യാത്രചെയ്തു മടങ്ങി മാർഗ്ഗനിശ്ചയം വന്നിട്ടുള്ള കൊടന്തആശാനായിരുന്നു. ഏകദേശം ഒന്നിൽപ്പരം മാസമായി നിത്യനടക്കാരനായി വർത്തിക്കുകയാൽ കൊച്ചാശാന്റെ മുട്ടുകൾ തളർന്നുപോയിരുന്നു. രസിക ലോകബന്ധുവായുള്ള ഈ വാഗീശന്റെ ശ്രമക്ലമങ്ങളെ ലഘൂകരിക്കാൻ ഇതിനിടയിൽ ഒരു മിത്രലാഭമുണ്ടായി. ആ ബന്ധുവോ, പല സ്ഥലങ്ങളിലും പരിചയമുള്ള ഒരു വിദഗ്ദ്ധനും കൊടന്തയുടെ ഇടയ്ക്കിടെയുള്ള മുട്ടുകൾ തീർപ്പാൻ ശക്തിയുള്ള ഒരു ചെറുകുബേരനും ആയിരുന്നു. തനിക്കുള്ള അല്പസമ്പത്തിനെ അപാത്രദാനമാക്കാതെ രാജ്യസന്ദർശനം സാധിപ്പാൻ പുറപ്പെട്ടിരിക്കുന്ന ഒരു രസികന്റെ നിലയിൽ അയാൾ കൊടന്തയെ ആത്മമിത്രമായി വരിച്ചു. നന്തിയത്തെ സേനാസന്നാഹസ്ഥിതി അറിവാൻ പുറപ്പെട്ടിരുന്ന സന്ദർഭത്തിൽ കൊടന്തയുടെ വസ്ത്രഭാണ്ഡം പേറിയതു നിർഗ്ഗർവ്വനും സമചിത്തനും ശാന്തനും ധർമ്മശീലനുമായ ഈ ബന്ധു തന്നെ ആയിരുന്നു. സൗജന്യൗദാര്യങ്ങളുടെ വിളഭൂമിയായുള്ള ഈ ബന്ധു സമരദർശനത്തിലും കൗതുകിയായിത്തീരുകയാൽ അയാൾ സമാധാനപ്രിയനും മഹജ്ജനസ്വാധീനക്കാരനും ആയ കൊടന്തയെത്തന്നെ ആശ്രയിച്ചു. ദിവാൻജിയുടെ സന്നിധാനത്തിലും സമയം നോക്കാതെ പ്രവേശിപ്പാൻ അവകാശമുണ്ടെന്നു നടിക്കുന്ന ഈ വിശ്വസ്തനെ ധനോപകാരിയായ ചങ്ങാതി ഈ വിഷമയാത്രയിലും സ്വാഭിലാഷസിദ്ധ്യർത്ഥം പരിസേവനംചെയ്തു. എന്നാൽ, അവിടവിടെവച്ചു സന്ധിക്കുന്ന ചില പഥികരെ കാണുമ്പോൾ വിരണ്ടുമണ്ടി ലോകകഥകൾ പറഞ്ഞും ഗ്രഹിച്ചും പോരുന്ന ഇയ്യാളുടെ ദുശ്ശീലം കൊടന്തയെ അസ്വാസ്ഥ്യപ്പെടുത്തി. എങ്കിലും പല വഴിക്കടകളെയും തന്റെ ക്രേതൃത്വം കൊണ്ടു പ്രോത്സാഹിപ്പിക്കാൻ ഉള്ള മൂലധനത്തിന്റെ ഉടമസ്ഥനെ പിണക്കിക്കൂടെന്ന ബുദ്ധി ഈ വിഷയത്തിൽ കൊടന്തആശാന്റെ മുഖബന്ധനം സാധിച്ചു.
സേനയുടേ യാത്ര വൈക്കത്തിനു വടക്കുള്ള നദി കടന്നപ്പോൾ രാജസേനയ്ക്കായി പ്രത്യേകം തെളിക്കപ്പെട്ടതലാതെ ഒരു ഋജുമാർഗ്ഗമു