Jump to content

താൾ:Ramarajabahadoor.djvu/348

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇങ്ങനെയുള്ള നവപരിശ്രമങ്ങളിൽ പ്രവേശിച്ചിരുന്ന നമ്മുടെ പണ്ഡിതനെ ഒരു സംഗതി മാത്രം അത്യധികം വിഷമിപ്പിച്ചു. ആയോധനരംഗത്തിനു യോഗ്യമായുള്ള കവചമകുടങ്ങളും കോദണ്ഡം അല്ലെങ്കിൽ തോക്കും ധരിക്കുന്നത് അദ്ദേഹത്തിന്റെ കോഷ്ഠപ്രദേശത്തിനുപോലും അരോചകമായുള്ള അപഥ്യാനുവർത്തനമാണെന്നു തോന്നി. പട്ടാംബരത്തലക്കെട്ടു നീരാളവാറിൽ ലംബിതമായ പരിചയും ധരിച്ചു കൗന്തികനായി പുറപ്പെടുന്നതു പക്ഷേ, തന്റെ കുലപ്രഭാവത്തിനു സംയോജിക്കുമെങ്കിലും ആ ക്രിയയിലും ക്രവ്യാശനംപോലുള്ള ഒരു നിഷിദ്ധത അദ്ദേഹത്തിന്റെ മനസ്സിനെ പീഡിപ്പിക്കുകയാൽ ഉറയോടുകൂടിയ ഒരു ഖഡ്ഗം മാത്രം ധരിച്ചും രാജകോശാധിപന്റെ വേഷത്തിലും ദിവാൻജി രാജസേനയെ എന്നപോലെ സ്വസേനയെ നയിപ്പാൻ കേശവൻ ഉണ്ണിത്താൻ നിശ്ചയിച്ചു.

കൊട്ടാരക്കരസംഘത്തെ കൊണ്ടുപോരാൻ ഉണ്ണിത്താൻ കിഴക്കേ നന്തിയത്തു ചെന്ന സന്ദർഭത്തിൽ സ്വപുത്രിയുടെ അപഹരണസംഗതിയെക്കുറിച്ചു സന്താനവിഹീനന്റെ നിശ്ചേതനത്വം പ്രകടിപ്പിച്ചതേയുള്ളു. അദ്ദേഹത്തിന്റെ മുഖത്ത് അഭംഗുരസ്ഫുരണം ചെയ്തുകൊണ്ടിരുന്ന ഗാംഭീര്യം കണ്ടു നിസ്തന്ദ്രജിഹ്വനായ കൃഷ്ണക്കുറുപ്പുപോലും വല്ലതും പറവാനോ അന്തർഗ്ഗതങ്ങൾ ചോദിച്ചറിവാനോ ധൈര്യപ്പെട്ടില്ല.

വേഷനിർണ്ണയം ചെയ്യുന്ന വിഷയം ഉണ്ണിത്താനെ വിഷമിപ്പിച്ചെങ്കിൽ കുഞ്ഞിങ്ങേലിഅമ്മയോടു യാത്രപറഞ്ഞു പിരിയേണ്ട ഘട്ടം കുറുങ്ങോടനെ ഒരു ചക്രവാതമദ്ധ്യസ്ഥനാക്കി. ഗൃഹവരാന്തയുടെ തെക്കുവടക്കുള്ള നീളം പല പ്രാവശ്യം പാദമാനം ചെയ്തിട്ട് അദ്ദേഹം തളത്തിൽ കയറി അവിടെയും ആ കർമ്മംതന്നെ ഒരു അരനാഴികയോളം അനുഷ്ഠിച്ചു. യാത്രാമുഹൂർത്തത്തിന്റെ ശുഭത്വം ആ ദമ്പതിമാരുടെ അഭിലാഷാനുസാരം കാത്തുനില്ക്കുന്നതല്ലെന്നു കാണുകയാൽ, കുറുങ്ങോടൻ കെട്ടിനകത്തേക്കു ചാടി വാതിൽ മറഞ്ഞുനിന്നു മുഖം പൊത്തി കരയുന്ന മഹിഷിയെ കൃപാപൂർവ്വം തലോടി. വിരഹവൈധവ്യങ്ങൾ മഹതീജനങ്ങൾ രാജ്യരക്ഷാർത്ഥം സഹിക്കേണ്ട ദുരിതങ്ങളാണെന്ന് അനുകമ്പാപുരസ്സരം ഉപദേശിച്ച ഭർത്താവിന്റെ ഉഷ്ണീഷകുപ്പായങ്ങളെയും വാർക്കെട്ടുകളെയും ഹസ്തതലത്താൽ പരീക്ഷിച്ച് അവ രക്ഷോപയോഗയോഗ്യങ്ങൾതന്നെ എന്ന് ഏകദേശമനനം ചെയ്ത് ആ സ്ത്രീ മനസ്സിനു ഏതാണ്ടൊരു ഉറപ്പു സമ്പാദിച്ചു. ഗൃഹാവശ്യവൈഷമ്യങ്ങളാവട്ടെ, പാചകശാലാവശ്യങ്ങളാകട്ടെ, സ്മരിക്കാതെ അശ്രുപ്രവാഹത്തോടും മധുരഗൽഗദത്തോടും രാജ്യാഭിമനബലിഷ്ഠതയോടും അവർ തന്റെ പ്രാണവല്ലഭനായ സേനാനിക്ക് ഇങ്ങനെ യാത്രാനുജ്ഞ നല്കി: "ഈയുള്ളോരെല്ലാം ഇങ്ങു കിടപ്പൊണ്ടെന്ന് ഓർത്തു വല്ല മടായിലും ചെന്നു ചാടാതെ പൊന്നുതമ്പുരാനുവേണ്ടി പടവെട്ടി ജയം നേടി വന്നാട്ടെ." തന്റെ പ്രഭാവപ്രസംഗങ്ങളെ അന്നത്തേക്കു കുപ്പായസഞ്ചിയിൽ ഒതുക്കിയിരുന്ന കുറുങ്ങോടന്റെ കണ്ണുകളിലും ജലദ്രവം തിളങ്ങി. അദ്ദേഹം... വൃദ്ധജന

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/348&oldid=168203" എന്ന താളിൽനിന്ന് ശേഖരിച്ചത്