മലബാറി/ഒന്നാം അദ്ധ്യായം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മലബാറി
രചന:കുന്നത്തു് ജനാർദ്ദനമേനോൻ
ഒന്നാം അദ്ധ്യായം

[ 1 ]

പ്രാരംഭം

ഭാരതീയ നേതാക്കന്മാരിൽ പ്രഖ്യാതനായി ശോഭിച്ച ബീറാംജി മലബാറി 1854-ൽ ബറോഡാപട്ടണത്തിലെ ഒരു എളിയ കുടുംബത്തിലാണ് ജനിച്ചത്. ബീറാംജിയുടെ അച്ഛന്ന് ധഞ്ജിഭായി മേത്താ എന്നും അമ്മയ്ക്ക് ബിക്കിബായിയെന്നുമാണ് പേർ. ചുരുങ്ങിയ സമ്പാദ്യംകൊണ്ട് ഒതുങ്ങിയ മട്ടിൽ ജീവിക്കുന്നതിൽ പരിതൃപ്തിയും,ഭർത്തൃശുശ്രൂഷയിൽ ഭക്തി ശ്രദ്ധായുതമായ ദൃഢനിഷ്ഠയും തികഞ്ഞവൾതന്നെയായിരുന്നു ബിക്കിബായി എങ്കിലും, ഭർത്തൃസഹോദരികളിൽ നിന്ന് നിരന്തരമായി അനുഭവിക്കേണ്ടിവന്ന ദുസ്സഹ ദ്രോഹങ്ങളാൽ, ആ സാധ്വിക്ക് അവിടെ ഒരിക്കലും മനസ്സമാധാനമുണ്ടാകാതെയായി. ധഞ്ജിഭായിയാവട്ടെ, സഹോദരീ സ്നേഹത്തിൽ പൂർണ്ണമായി ലയിച്ചു കിടന്നിരുന്നതിനാൽ,തന്റെ ഭാര്യക്കുള്ള സങ്കടങ്ങളിലൊന്നും മനസ്സിളകാതെ, ആ പാവത്തിനുള്ള [ 2 ] ദീനതയിൽ അനാഥതയും കലർത്തി വിടുകയാണ് ചെയ്തതു്. ബീറാംജിക്കു് വയസ്സു രണ്ടു തികഞ്ഞു. തന്റെ ജീവിതമോ, ദു:ഖാഹൂതിയായിപ്പോയിയെങ്കിലും, തന്റെ ഏകസന്താനത്തെ സുഖോന്മുഖമായ ജീവിതപഥത്തിലേക്കു് തിരിച്ചുവിടുവാൻ തനിക്കുള്ള ധർമ്മം യഥാവിധി നിർവ്വഹിക്കേണ്ട ബോധത്തോടുകൂടി, അതിനുചേർന്ന സ്ഥാനം ഭർത്തൃകുടുംബമല്ലായ്കയാൽ, ബിക്കിബായി ഒരുനാൾ മറ്റാരും തുണയില്ലാതെ തന്നെ സ്വമാതൃഗൃഹത്തിലേക്കു് യാത്രയായി. ബറോഡയിൽ നിന്നു് സൂരത്തിലേക്കുള്ള മാർഗ്ഗം, അക്കാലത്തു്, സബലന്മാർക്കു കൂടിയും സഞ്ചാരയോഗ്യമായിരുന്നില്ല. ഘോരാപന്മധ്യത്തിൽ നിന്നു് വിമുക്തനാകുവാനുള്ള ഗതിമറ്റൊരു പുതിയ വിപത്തിലേക്കായാലും മനുഷ്യൻ അതിൽ അധീരനാകാറില്ലല്ലോ. ആ പരിത്യക്തയായ അബലാമണി തന്റെ മാറണിപ്പൈതലോടുകൂടി ക്രൂരമൃഗവക്ത്രത്തിലോ, ചോരജനഖഡ്ഗത്തിലോ അഥവാ, മാതൃഗൃഹരക്ഷയിൽ തന്നെയോ എവിടെയാണ് കലാശമെന്നറിയാതെ ഏകയായിനടന്നുചെന്നു. മാർഗ്ഗമധ്യേ ഒരു കൂട്ടം കള്ളന്മാർ ബിക്കിബായിയെ തടഞ്ഞു നിർത്തുക തന്നെയുണ്ടായി. ഈശ്വരാർപ്പിതദീനജീവിതം ഏതൊരു ക്രൂരമനുഷ്യന്നും അടുത്തണഞ്ഞുകൂടാത്ത അഗ്നിഗോളമല്ലയോ! ബിക്കിബാ [ 3 ] യി നവംനവമായി മാറിമാറിയണിഞ്ഞിരുന്ന ബാഷ്പമുക്താഹാരം വിഷശരവ്രാതംപോലെ പാഞ്ഞുചെന്നു് ആ കള്ളന്മാർക്കുള്ള ദൗെഷ്ട്യത്തെ നിർജ്ജീവമാക്കുകയും, ആ കൊച്ചുകിടാവു് അനർഗ്ഗളം തുകുന്ന മൃദുസ്മിതപൂരം അവരുടെ ഹൃദയത്തെ ദ്രവിപ്പിക്കുകയും ചെയ്കയാൽ ആ സാധ്വിയിൽ തികവായുള്ള ചാരിത്ര്യ ധനം അതിന്റെ പരിശുദ്ധിപൂർത്തിയോടുകൂടിത്തന്നെ സംരക്ഷിതമാകുവാൻ കഴി‍ഞ്ഞു. സഹോദരീ നിർവിശേഷമായ സ്നേഹമാണു്, ആ ചോരന്മാർക്കു് ബിക്കിബായിയിലുണ്ടായതു്. ദുർഗ്ഗമഘട്ടങ്ങളെല്ലാം കഴിയുന്നതുവരെക്കും അവർ അവൾക്കു് തുണയായിച്ചെല്ലുകയും, സ്വദേശത്തു് സസുഖം ചെന്നെത്തുന്നതിനു് അവൾക്കു വേണ്ടുന്ന വഴിച്ചെലവു കൊടുത്തയയ്ക്കുകകൂടിയും ചെയ്തു. അജ്ഞാതവും, അചിന്ത്യവുമായ ഈശ്വരമാഹാത്മ്യത്തിന്റെ ഒരു ചെറു കിരണം തനിക്കു് ഈ വിധം അനുഭവവിഷയമായ അത്ഭുത സംഭവം ബിക്കിബായി അന്ത്യശ്വാസംവരെയും അനുസ്മരിക്കാറുണ്ടായിരുന്നു.ബീറാംജീക്കു് മനസ്സിനോ ദേഹത്തിനോ അസ്വാസ്ഥ്യമുണ്ടാകുമ്പൊഴൊക്കെയും ഈ ഈശ്വരകാരുണ്യത്തെ ഓർമ്മിപ്പിച്ചുകൊണ്ടാണ് ബിക്കിബായി സമാശ്വസിപ്പിക്കുക. ശൈശവത്തിലുണ്ടായ ഈ അനുഭവംതന്നെയാണ് ബീറാംജിയുടെ ഹൃദയത്തിൽ ഢമൂലവും സംപൂർണ്ണവുമായ ഈശ്വരവിശ്വാസം വി [ 4 ] ശുദ്ധമായി ശോഭിക്കുന്നതിനു് ഹേതുവായതു്. ഇത്തരം ഈശ്വരാർപ്പിത ജീവിതത്തിൽ സുസ്ഥിരം സ്ഥിതി ചെയ്യാൻ കഴിഞ്ഞതുകൊണ്ടു തന്നെയാണു്, മലബാറിയുടെ ഏതൊരു കർമ്മവും സൽകീർത്തി ഫലഗർഭാഢ്യമായ സുരഭിലകുസുമമായി ആകർഷകമായ കാന്തിപൂരം സർവ്വത്ര ചൊരിഞ്ഞു വിളങ്ങിയതു്.

ബിക്കിബായിയുടെ ജീവിതത്തെ തുടർച്ചയായി ബാധിച്ചുകൊണ്ടിരുന്ന ക്ലേശങ്ങളെല്ലാം അവളുടെ മനോഗുണത്തിനു് സംസ്കാര നൈർമ്മല്യം വളർത്തുവാനാണുതകിയതു്. അമ്മയിൽ വർദ്ധമാനമായുണ്ടായ ഈ മനശ്ശോഭ ബീറാംജിയുടെ ജീവിതയാത്രയിൽ എന്നും കെടാത്ത വഴികാട്ടിവിളക്കായി ഭവിക്കയുംചെയ്തു. ചെളിക്കുളത്തിൽ താമരയെന്നപോലെയല്ലാ, വാഴയിൽ കുലയെന്നപോലെയാണു് ബിക്കിബായിയിൽ ബീറാംജി സംജാതനായിവളർന്നതു. ആ മഹതിയുടെ അപ്രസിദ്ധ ജീവിതത്തിനു കീർത്തനീയ വ്യാഖ്യാനം മാത്രമാണു് ബീറാംജിയുടെ ജീവിതം. മാതൃഭക്തിയാലുണ്ടായ ഈ ബോധം മലബാറിയിൽ ഏതുനേരത്തും ഉയർന്നുനിന്നിരുന്നു.

ദാരിദ്ര്യത്തിൽ കിടന്ന് ചാകാതെ ചാകുന്ന പിതൃജനത്തെയും തന്റെ ഏകസന്താനത്തേയും സം [ 5 ] രക്ഷിക്കുവാനായി മിറവാൺജി മലബാറി എന്നുപേരായ ഒരു കച്ചവടക്കാരനെ ബിക്കിബായിക്കു പുനർവിവാഹം ചെയ്യേണ്ടി വന്നു. മലബാർ കരയുമായി കച്ചവടം നടത്തിവന്നിരുന്നതുകൊണ്ടു് മിറവാൺജിക്കു തന്റെ നാമത്തോടു കൂടി മലബാറി എന്ന പേർകൂടി സംഘടിതമാകുവാൻ ഇടയായി. ദത്തപിതാവായിത്തീർന്ന ഇദ്ദേഹത്തിന്റെ പേർകൂടി തനിക്കു ധരിക്കേണ്ടി വരികയാലാണു് നമ്മുടെ കഥാനായകന്റെ നാമം ബീറാംജി മിറവാൺജി മലബാറി എന്നായത്. ദത്ത പിതാവിൽ നിന്നു് ഈ നീണ്ടപേരുമാത്രമല്ലാതെ സുഖജീവിതാധാരത്തിനാവശ്യമായ വക യാതൊന്നും തന്നെ മലബാറിക്കു കിട്ടിയില്ല. മിറവാൺജി തന്റെ വക ഒരു കപ്പൽ നശിച്ചുപോയതോടുകൂടി ദാരിദ്ര്യത്തിൽ അകപ്പെട്ടു; മരിക്കുംവരെക്കും അതിൽനിന്നു കരകയറുവാൻ ശക്തനാവാതെതന്നെ കഴിഞ്ഞു. അമ്മ മരിച്ചു പോയതിൽപിന്നെയും ഈ ദത്തപിതാവ് പലകാലം ജീവിച്ചിരുന്നുവെന്നിരിക്കിലും ആ ജീവിതം മലബാറിക്കു ഇടയ്ക്കൊന്നു വിശ്രമിപ്പാൻ ചെറിയൊരു തണലേകുന്നതിനുപോലും ഉതകിയില്ല.

ബിക്കി ബായിക്ക് തന്റെ മകനെ വിദ്യാസമ്പന്നനാക്കേണമെന്ന ആഗ്രഹം കലശലായുണ്ടായിരുന്നുവെങ്കിലും, ദാരിദ്ര്യം കൊണ്ടു് അതു് വേണ്ട [ 6 ] പോലെ നിവർത്തിക്കുവാൻ കഴിഞ്ഞില്ല. മുൻകാലത്തു് ദാരിദ്ര്യത്തിന്റെ സുന്ദരഫലമായി വിളഞ്ഞു വിളങ്ങിയ വിദ്യപോലും ഇക്കാലത്ത് വിത്തത്തിനധീനപ്പെട്ടിരിക്കയാണല്ലോ. പല പല പള്ളിക്കൂടങ്ങളിലും മാറി മാറിച്ചെന്നുകൊണ്ടു് ഒന്നിലും സ്ഥിരമായി നില്ക്കാതെയും,പാഠം വഴിക്കുവഴിയായി തുടരാതെയും, അങ്ങിനെയാണു് മലബാറിയുടെ വിദ്യാഭ്യാസാരംഭം. അന്നു് ആ ബാലനെ ആ നിലയിൽ കണ്ടിട്ടുള്ളവരാരും, അവനെ സ്വയം വരിക്കുവാനായി ഭാവിജീവിതം അനർഘ കൃത്യരത്നാലംകൃതയായി, യശോധവളാംബരധാരിണിയായി സാനുരാഗം അവന്റെ സന്നിധിയിലേക്കു് പുറപ്പെട്ടിട്ടുണ്ടെന്നു തീർച്ചയായും കരുതിയിരിക്കയില്ല. അക്കാലത്തു തനിക്കുണ്ടായിരുന്ന ഉപാധ്യായന്മാരെയും സഹാചാരികളെയും കുറിച്ചോർമ്മിച്ചുകൊണ്ടു മലബാറി എഴുതീട്ടുള്ളതിൽ, അത്രയും ബാല്യത്തിൽത്തന്നെ ചുറ്റുമുള്ളവരെപ്പറ്റി ഗുണദോഷവിവേചനം ചെയ്‌വാൻ കറയകന്ന സാമർത്ഥ്യം ശരിയായി അംകുരിച്ചു തുടങ്ങീട്ടുണ്ടെന്നു കാണാവുന്നതാണു്. ബാഹ്യകർമ്മങ്ങളെ വിട്ട് ആ കുട്ടിയുടെ അന്തർ വികാരങ്ങളെ നിരീക്ഷണം ചെയ്‌വാൻ അക്കാലത്തു് ആർക്കാനും കഴിഞ്ഞിരുന്നുവെങ്കിൽ, പിന്നീട് മലബാറിയിൽ നിന്നു [ 7 ] ണ്ടായ മഹാകർമ്മങ്ങളുടെയെല്ലാം സൂക്ഷ്മ ബീജങ്ങൾ ആ ബാലക ഹൃദയത്തിൽ നിരനിരയായി കിടക്കുന്നതു സകൗതുകം കാണായേനേ.

ദരിദ്രകുടുംബജാതനായി അനിയന്ത്രിത ജീവിതം കൈക്കൊള്ളുന്ന ഒരനാഥബാലൻ പല പല ദുഷ്‌ക്രിയകൾക്കു് വിളനിലയമായ്‌ ചമഞ്ഞുകാണുക സാധാരണമാണ്. ഇക്കാര്യത്തിൽ മലബാറിബാലനിൽ അസാധാരണത്വമൊട്ടുംതന്നെ കുടികൊണ്ടിരുന്നില്ല. വീഥിതോറും പാട്ടുപാടി നടന്നു യാചിച്ചു കിട്ടുന്ന വകകൊണ്ടു കഷ്ടിപിഷ്ടിയായി ഉപജീവിക്കുന്ന ഭിക്ഷു വർഗ്ഗമായിരുന്നു മലബാറിയുടെ ചങ്ങാതികൾ. ഇവരോടൊന്നിച്ചു ഉഴന്നുനടക്കുന്നതിനെക്കാൾ സന്തോഷകരമായി ആ കുട്ടിയ്ക്കു് മറ്റൊരു കൃത്യവുമുണ്ടായിരുന്നില്ല. ഭാവിയിൽ തന്റെ കവനകുസുമങ്ങളിൽ സുരഭിലത ചേർക്കുമാറു് മലബാറിക്കു് സംഗീതത്തിൽ അഭിരുചിയുണ്ടായതു് ഈ ഘട്ടത്തിലാണു്. മകന്റെ ദുർജ്ജന സഹവാസവും താന്തോന്നിത്തങ്ങളും കണ്ടു് ആ പാവപെട്ട മാതാവു ഏറ്റവും ദുഃഖിച്ചു. തന്റെ മകനിൽ നിന്ദ്യങ്ങളായ ദുർഗ്ഗുണങ്ങൾ ഒന്നൊന്നായി വളർന്നു വരുന്നതു കണ്ടു്, ഒടുക്കം ഒരു ദുസ്സന്താനത്തിന്റെ മാതാവായിരിക്കേണ്ട ദുർഭാഗ്യം കൂടിയും തനിക്കനുഭവപ്പെടുമൊ എന്നു് ആ മനസ്വിനി ഭയ [ 8 ] പ്പെടുകയും ചെയ്തു. ആ യാചകവർഗ്ഗവുമായുള്ള സഹവാസത്തിൽ നിന്നു് വിരമിപ്പിക്കുവാൻ കഴിഞ്ഞാൽ, മകനിൽ വളർന്നുവരുന്ന ദുർഗ്ഗുണങ്ങൾ, വിറകില്ലാത്ത അഗ്നി പോലേ, ക്രമത്തിൽ കെട്ടുപോകുമെന്നറിഞ്ഞു് ബിക്കിബായി അതിലേക്കായി ശ്രമം തുടങ്ങി. പ്രിയ വാക്കുകളും, സദുപദേശങ്ങളും വാത്സല്യപൂർവ്വം വർഷിച്ചു കൊണ്ടു് മലബാറിയുടെ ഹൃദയത്തെ കുളിർപ്പിക്കയാൽ, മാലിന്യം നീങ്ങിയ ആ ബാലമനസ്സു് ആ മാതാവിന് അധീനമാക തന്നെ ചെയ്തു. യാചക വർഗ്ഗവുമായി ഇനിമേൽ ഒരിക്കലും സഹവസിക്കയില്ലെന്നും പരഗൃഹത്തിൽ ചെന്നു് പാട്ടു പാടുകയില്ലെന്നും മലബാറിയെക്കൊണ്ടു ബിക്കി ബായി സത്യം ചെയ്യിപ്പിക്കുകയുണ്ടായി. പിന്നീടൊരുനാളും സത്യസന്ധനായ തന്റെ മകനോടു ഇക്കാര്യത്തിൽ ആ അമ്മയ്ക്കു ഉപദേശിക്കേണ്ടതായി വന്നിട്ടേയില്ല. സംസർഗ്ഗദോഷംകൊണ്ടു മലബാറിയിൽ കണ്ട മറ്റൊരു ദുർഗ്ഗുണം മദ്യപാനാസക്തിയാണു്. മാതൃവശഗാന്തരംഗനായിത്തീർന്ന ആ കുട്ടിയുടെ ആ ദുശ്ശീലത്തെ ആയാസമൊട്ടുമില്ലാതെ തന്നെ മാറ്റിക്കളയുവാൻ കഴിഞ്ഞു. അമിതമായി മദ്യം സേവിച്ചു ബോധം വിടുകയാൽ റോഡിൽ വികൃതമായി വീണു കിടക്കുന്ന ഒരു സ്ത്രീയെച്ചൂണ്ടിക്കാണിച്ചുകൊണ്ടു്, അവളെക്കുറിച്ചു ആ വഴി നടക്കുന്നവരെ [ 9 ] ല്ലാം എന്തു വിചാരിക്കുന്നുവെന്നു ഒരു നാൾ ബിക്കി ബായി അനുഭവപ്പെടുത്തിക്കൊടുത്തപ്പോൾ, ബുദ്ധിമാനായ മലബാറി ആ നിമിഷത്തിൽത്തന്നെ മദ്യസേവയിൽ നിന്നു എന്നെന്നേക്കുമായി വിരമിച്ചുപോയി. ഇങ്ങിനെ, മലബാറിയുടെ ഉത്തമ ഫലോല്പാദ്യമായ ജീവിത തരുവിൽ ഇടക്കാലത്തു വളർന്നു പിടിച്ച ഇത്തിക്കണ്ണിയെല്ലാം നിശ്ശേഷം അകറ്റിക്കളഞ്ഞതിൽപ്പിന്നെ ആ ഭാഗ്യഹീനയായ- അല്ലാ, പരമഭാഗ്യവതിയായ ബിക്കി ബായി ഇഹലോകവാസം വെടിയുകയും ചെയ്തു.

മാതൃവിയോഗത്താൽ കേവലം അനാഥനായിത്തീർന്ന ആ ദരിദ്രബാലൻ ജീവിതയുദ്ധത്തിലേക്കായി കോപ്പണിയേണ്ടതിലേക്കു വിദ്യാമാർഗ്ഗത്തിൽ സധീരനായി പ്രവേശിച്ചു. അമ്മയിൽ നിന്നു് തനിക്കു കിട്ടിയ സമ്പാദ്യം വിദ്യാവിഷയകമായ ചില പ്രാരാംഭപാഠങ്ങൾ മാത്രമാണു്. അത്രയും അറിവു്, ചുറ്റുമുള്ള വീടുകളിൽ കടന്നു് അവിടങ്ങളിലെ കൊച്ചു കുട്ടികളിൽ പകർന്നുകൊടുത്തു് അതിൽനിന്നുള്ള പ്രതിഫലം കൊണ്ടു് വിദ്യാദേവിയെ സേവിച്ചു തൃപ്തിപ്പെടുത്തുവാനാണു് മലബാറി ഉദ്യമിച്ചതു്.ഈ ശ്രമം അക്കാലത്തെന്നല്ലാ, ഇക്കാലത്തും ഒരു ബാലനെ സംബന്ധിച്ചിടത്തോളം അദ്ഭുതകരമെന്നല്ലാ [ 10 ] തെ മറിച്ചു കരുതുവാൻ വയ്യ. രാവിലെയും വൈകുന്നേരത്തും കുട്ടികളെ പഠിപ്പിക്കുക, അതിനിടയ്ക്ക് പള്ളിക്കൂടത്തിൽ ചെന്നു് താൻ പഠിക്കുക. എന്നിതു രണ്ടും മലബാറി മുടക്കംകൂടാതെ നടത്തിവന്നു. ക്രൈസ്തവമിഷ്യൻ പള്ളിക്കൂടങ്ങളിലൊന്നിലായിരുന്നു മലബാറി പഠിച്ചിരുന്നതു്. അതിലെ പ്രധാനാധ്യാപകനായിരുന്ന റെവറന്റ് ഡിക്സൻ എം. എ. അവർകൾക്കു് സമർത്ഥനും ബുദ്ധിമാനുമായ ഈ അനാഥബാലനിൽ ഒട്ടല്ലാത്ത ദയയുണ്ടായി. അദ്ദേഹം മലബാറിയെ സ്വഗ്രഹത്തിലേക്കു കൂട്ടിക്കൊണ്ടുപോയി തന്റെ പത്നിയുമായി പരിചയപ്പെടുത്തുകയും ചെയ്തു. ഈ സ്നേഹാർദ്രരായ ദമ്പതികൾക്കു് തന്നിലുണ്ടായ ദയ തന്റെ ക്ലിഷ്ടജീവിതത്തിനു് കുളിരോലുന്ന തണലായിത്തന്നെ മലബാറിക്കു് അനുഭവപ്പെട്ടു. അക്കാലത്തു് ഒരു ദരിദ്രകുടുംബത്തിലെ ബാലന്നു ഈ സംഭവം ദൈവാനുഗ്രഹമെന്ന പോലെ അത്ര മഹത്തരമായിട്ടാണിരുന്നതു്. സാന്മാർഗ്ഗികബോധം മലബാറിയിൽ സവിശേഷം വളർന്നു തുടങ്ങിയതു് ഈ ഉത്തമകുടുംബവുമായുള്ള സംസർഗ്ഗം മുതൽക്കാണു്. ഡിക്സൺ കുടുംബത്തിലെ വിശുദ്ധമായ ദാമ്പത്യജീവിതം മലബാറിക്കു് സർവ്വോപരി സ്പൃഹണീയമായി തോന്നുകയും ചെയ്തു.

ഇങ്ങിനെ, പഠിപ്പിച്ചും പഠിച്ചുംകൊണ്ടു് ഡിക്സൺ കുടുംബഛായയിൽ സുരക്ഷിതനായിത്തന്നെ [ 11 ] മലബാറി മട്രിക്കുലേഷൻ ക്ലാസിലെത്തി. അക്കാലത്തു ആ പരീക്ഷ ബോമ്പയിൽ വെച്ചായിരുന്നതിനാൽ, അവിടേയ്ക്കു പോകുന്നതിനും പരീക്ഷയിൽ ചേരുന്നതിനും വേണ്ടുന്ന പണം സ്വന്തം ശ്രമം കൊണ്ടു നേടുന്നതിനു മലബാറിക്കു കഴിഞ്ഞില്ല. ദരിദ്രനെങ്കിലും കുലീനനായ മലബാറി, തന്റെ സങ്കടങ്ങൾ അന്യന്റെ മുമ്പിൽ ചെന്നു വിളിച്ചു പറയുന്നതിൽ തികച്ചും സലജ്ജനായിരുന്നു, തന്നെ എല്ലാ വിധത്തിലും സ്നേഹപൂർവം സഹായിക്കുവാൻ സന്നദ്ധമായ ഡിക്സൺ കുടുംബത്തെപ്പോലും മലബാറി ഇക്കാര്യം ഗ്രഹിപ്പിച്ചില്ല. പരീക്ഷയിൽ ചേരുവാനാവാതെ, തന്റെ വിദ്യാഭ്യാസഗതി ഈ വിധം പ്രതിബദ്ധമാകുമല്ലോ എന്നോർത്തു ആ യുവാവു് വിഷാദമഗ്നനായിരിക്കവേ, അപ്പോഴും അവിചാരിതമായ സഹായം തന്റെ മുമ്പിൽ വന്നുവീണു. ഉണ്ടിയൽ കച്ചവടക്കാരനായ ഒരു പാർസി, ലോഭികളിൽ അഗ്രഗണ്യനായിരുന്നിട്ടും മലബാറിക്കുണ്ടായിരുന്ന വിഷമാവസ്ഥ മറ്റുകുട്ടികളിൽ നിന്നു കേട്ടപ്പോൾ നിഷ്കാമകർമ്മം ഒന്നെങ്കിലും ചെയ്യാൻതക്ക കാരുണ്യോദാരഭാവം എങ്ങിനേയോ അദ്ദേഹത്തിനുണ്ടായി. ആ പാർസി പ്രഭുവിന്റെ സഹായത്തോടുകൂടിയാണു് മലബാറി ബോംമ്പെയിൽ ചെന്നു് മട്രിക്കുലേഷൻ പരീക്ഷയിൽ ചേർന്നതു്. തന്റെ സ്ഥിതിക്കു് ഏറ്റവും നിസ്സാരമയ [ 12 ] ഈ സഹായം നിഷ്കാമബുദ്ധ്യാ ചെയ്കകൊണ്ടു ആ പാർസിക്കു് ഭാവിജീവിതത്തിൽ അനുഭവിക്കുവാൻ കഴിഞ്ഞ കൃതാർത്ഥത എത്ര മഹത്തരമായിരുന്നിരിക്കാം !

മട്രിക്കുലേഷൻ പരീക്ഷയിൽ മലബാറി പരാജിതനാകയാണുണ്ടായതു്. ഇംഗ്ലീഷ് സാഹിത്യത്തിൽ പ്രശസ്തവിജയം നേടിയെങ്കിലും, ഗണിതവിജ്ഞാനീയത്തിലുണ്ടായ അപജയം, പരീക്ഷ ക്രമത്തിന്റെ വൈക്ലുതത്താൽ മറ്റെല്ലാവിജയത്തേയും ഇടിച്ചമർത്തിക്കളഞ്ഞു. സുരത്തിലേക്കുതന്നെ തിരിച്ചുചെന്നു് വീണ്ടും കുട്ടികളെ പഠിപ്പിക്കയും ആവഴിക്കു് താൻ പഠിക്കയും ചെയ്യാമെന്നാണു് സർവകലാശാലാദ്വാരം തുറന്നു് കിട്ടാതെ നിരാശനായിത്തീർന്ന മലബാറി നിശ്ചയിച്ചതെങ്കിലും, ബൊമ്പേയിൽ പരീക്ഷാകാലത്തു് തനിക്കു സിദ്ധിച്ച ഒരു സ്നേഹിതൻ, സൂരത്തിലെപ്പോലെ അവിടേയും, കുട്ടികളെ പഠിപ്പിച്ചുകൊണ്ടു് ഉപജീവനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടുവന്ന വക നേടുവാൻ കഴിയുമെന്നു് പറകയാൽ ആ സൂഹൃത്തിന്റെ അഭീഷ്ടത്തിനനുസരിച്ചു് അവിടത്തന്നെ ഒരു പാർസിവിദ്യാലയശാലയിലെ പ്രധാനാധ്യാപകനുമായി മലബാറിയെ പരിചയപ്പെടുത്തുകകൂടിയും ചെയ്കയാൽ ആ അനാഥനു് വിദ്യാ [ 13 ] ഭ്യാസവിഷയത്തിൽ ബുദ്ധിമാനായ ഒരുപദേഷ്ടാവിനേയും, ദയാർദ്രനായ ഒരു സഹായിയേയും, ഒരേസമയത്തു ഒരേരൂപത്തിൽ സിദ്ധിക്കയുമുണ്ടായി. മൌനപരനും ലജ്ജവാനുമായ മലബാറി കാഴ്ചയിലെന്നപോലെ ഉദാസീനനല്ല, ആന്തരികമായി ഊർജ്ജ്വസ്വലനും കൃത്യശ്രദ്ധാപരനുമാണെന്നു ആ പ്രാധാനാധ്യാപകനു് ഗ്രഹിക്കാൻ കഴിഞ്ഞു. ഇദ്ദേഹത്തിന്റെ ശുപാർശകൊണ്ടും, തന്റെ സമാർത്ഥ്യം കൊണ്ടും മലബാറിക്കു് സൂരത്തിലേക്കാളധികം ശിഷ്യന്മാർ ബോംബയിലുണ്ടായി. അന്നുമുതൽ മലബാറിയുടെ ജീവിതം ക്ലേശഗ്രഹണത്തിൽ നിന്നു് ഒട്ടോട്ടായി വിമുക്തമായത്തുടങ്ങുകയും ചെയ്തു.

പരീക്ഷയിൽ ആദ്യമുണ്ടായ അപജയത്താൽ മനസ്സിടിയാതെ, ഗണിതവിജ്ഞാനീയം നല്ലവണ്ണം പഠിച്ചുകൊണ്ടു് മലബാറി അടുത്തവർഷത്തിലും പരീക്ഷയിൽ ചേർന്നു. അപ്പോഴും തോറ്റുപോകയാൽ, രണ്ടാമതും, മൂന്നാമതും, ചേർന്നു് ശ്രമിച്ചു്, ഒടുവിൽ വിജയിയാകതന്നെ ചെയ്തു. പിന്നീടു് സർവകലാശാലയിൽ പ്രവേശിക്കുവാൻ ശ്രമിക്കാതെ, അത്രയും കൊണ്ടു മലബാറി പാഠാശാലാജീവിതത്തിൽ നിന്നു് വിരമിച്ചു. അഥവാ, തന്റെ ബുദ്ധിശക്തിയെ സർവ്വകലാശാലയുടെ കർക്കശമായ മർദ്ദനക്രിയക്കു്, വിഷയമാർക്കുക [ 14 ] യാണു ചെയ്തതെങ്കിൽ, കലാകുമാരന്മാരായി ചമഞ്ഞിറങ്ങുന്ന മറ്റുള്ളവരെപ്പോലെ മലബാറിയും ഒരു സൎക്കാർ സേവനായി തന്റെ ജീവിതത്തെ നിഷ് പ്രഭം കലാശിപ്പിച്ചുവെന്നുവരാം. അദ്ദേഹം വിദ്യാവിഷയകമായി തന്നെ വഴിമാറിച്ചെല്ലുകയാലല്ലയോ, അദ്ദേഹത്തിന്റെ ജീവിതം, നേർവഴികാണാതെ വിഷമിക്കുന്ന ഈയുള്ളവൎക്കെല്ലാം ഇന്നും ഉജ്ജ്വലത്തായ മഹാദീപമായി ഉയൎന്നുശോഭിക്കുന്നതു.!