Jump to content

കൃഷ്ണഗാഥ/രണ്ടാം ഭാഗം/ഭൃഗുപരീക്ഷ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(ഭൃഗുപരീക്ഷ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൃഷ്ണഗാഥ
രണ്ടാം ഭാഗം

കൃഷ്ണഗാഥ
ഒന്നാം ഭാഗത്തിലേക്ക്


1 ഉത്തമയായ സരസ്വതീതീരത്തു
2 സത്രത്തെച്ചെയ്യുന്ന മാമുനിമാർ
3 ലാലയായ് നിന്നങ്ങു സംഗമിച്ചീടിനാർ
4 മൂലോകനാഥന്മാർ മൂവരിലും
5 ശാന്തനായ് നിന്നവനേവനെന്നിങ്ങനെ
6 ആന്ധ്യവുംപൂണ്ടുനിന്നായവണ്ണം.
7 അബ്ഭ്രമം പോക്കുവാനപ്പൊഴേ പോയങ്ങു
8 നൽഭൃഗുവാകുന്ന മാമുനിതാൻ
9 നാന്മുഖന്തന്നുടെ മന്ദിരം പൂകിനാൻ
10 കാണ്മതിന്നായവൻ മേന്മയെല്ലാം

11 വന്ദനംമുമ്പായതൊന്നുമേ ചെയ്യാതെ
12 നിന്ദയുംപൂണ്ടവൻ നിന്നനേരം
13 കോപിച്ചുനിന്നൊരു നാന്മുഖന്താനപ്പോൾ
14 ശാപത്തിനായിത്തുനിഞ്ഞുനിന്നാൻ.
15 സാന്ത്വനംകൊണ്ടു വൻകോപവും തീർത്തങ്ങു
16 ശാന്തനാക്കീടിന മാമുനിതാൻ
17 കൈലാസംതന്നിലും പാരാതെ ചെന്നങ്ങു
18 കൈലാസവാസിയെക്കണ്ടു പിന്നെ
19 ധിക്കരിച്ചീടിന വേലയെക്കാട്ടിനാൻ
20 മുക്കണ്ണന്താനതു കണ്ടനേരം

21 കന്ദർപ്പന്തന്നുടെ വേലയെച്ചെയ്വാന
22 ന്നിന്ദകന്തന്നെയും നിന്നനേരം
23 പാരാതെ ചെന്നു ചെറുത്തുനിന്നീടിനാൾ
24 പാർവതീദേവിതാൻ പാരമപ്പോൾ.
25 കൈലാസംതന്നിൽനിന്നോടുമമ്മാമുനി
26 പാലാഴിതന്നിലും ചെന്നു പിന്നെ
27 സ്വസ്ഥതപൂണ്ടു കിടന്നുറങ്ങീടുന്നൊ
28 രുത്തമശ്ലോകനെക്കണ്ടനേരം
29 ചാരത്തുചെന്നു ചവിട്ടിനാനങ്ങവൻ
30 മാറത്തു മാനസം ചീറിപ്പാനായ്.

31 അപ്പൊഴേതന്നെയെഴുനേറ്റു ചൊല്ലിനാൻ
32 വിപ്രപരായണനായ ദേവൻ:
33 "ഒട്ടുപോളുണ്ടോ ചൊൽ വന്നുതെൻചാരത്തു
34 നിദ്രകൊണ്ടേതുമറിഞ്ഞില്ല ഞാൻ.
35 ഉത്തമരായുള്ള നിങ്ങളെക്കണ്ടപ്പോൾ
36 ഉത്ഥാന ചെയ്തില്ലയല്ലൊ മുമ്പേ.
37 എന്നതുകൊണ്ടിനിക്കോപമുണ്ടാകൊല്ല
38 ധന്യയായുള്ളോവെയെന്നൊടിപ്പോൾ.
39 നിന്നുടെ പാദമെന്മേനിയിലേറ്റതി
40 ന്നെന്നുടെ ഭൂഷണമാകവേണം.

41 ലാഞ്ഛനമായിദ്ധരിച്ചു നിന്നീടുന്നോം
42 വാഞ്ഛിതമിങ്ങനെ പൊങ്ങുകയാൽ."
43 ഇങ്ങനെ ചൊന്നവന്തന്നെയും പൂജിച്ചാൻ
44 മംഗലദേവതയോടുംകൂടി.
45 പൂജിതനായൊരു മാമുനിയന്നേരം
46 പൂരിച്ചുപൂണ്ടൊരു മോദത്താലേ
47 വൈകുണ്ഠന്തന്നുടെ പാദവും കുമ്പിട്ടു
48 വൈകാതെ പോന്നിങ്ങു വന്നു പിന്നെ
49 മാമുനിമാരോടു ചൊല്ലിനിന്നീടിനാൻ
50 മാനിച്ചു തന്നുടെ വേലയെല്ലാം!

51 വിപ്രരിലുള്ളൊരു ഭക്തിയെക്കണ്ടിട്ടു
52 വിസ്മിതരായുള്ള മാമുനിമാർ
53 സാത്വികനായതു വിഷ്ണുവെന്നിങ്ങനെ
54 സത്യമായുള്ളതു ബോധിച്ചപ്പോൾ
55 യജ്ഞാംഗനായവന്തന്നെയും ചെഞ്ചെമ്മേ
56 യജ്ഞങ്ങൾകൊണ്ടു യജിച്ചു നന്നായ്
57 സൽഗതിയായവന്തന്നെയും ചിന്തിച്ചു
58 സൽഗതിതന്നെയുമേശിനിന്നാർ.