ഭാഷാഭാരതം/ആദിപർവ്വം/ഖാണ്ഡവദാഹപർവ്വം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഭാഷാഭാരതം
രചന:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
ഖാണ്ഡവദാഹപൎവ്വം

[ 709 ] ====234. ബ്രഹ്മണരൂപാനലാഗമനം====

കൃഷ്ണാർജ്ജുനന്മാരും കൂടെയുള്ള സ്രീജനങ്ങളും സന്തോഷിച്ചു മദിച്ച് യമുനാനദീതീരത്തിൽ ഇരിക്കുമ്പോൾ തേജസ്വിയായ ഒരു ബ്രാഹ്മ ണൻ കൃഷ്ണാർജുനന്മരെ സമീപിക്കുന്നു.


വൈശമ്പായനൻ പറഞ്ഞു
നാനാ വൃക്ഷമെഴും കേളീസ്ഥാനം പൂകീടിനാരവർ
പാരമുച്ചാവചഗൃഹം ചേരുമിന്ദ്രപുരോപമം 1

ഭക്ഷ്യഭോജ്യങ്ങൾ പേയങ്ങൾ സ്വാദും വിലയുമുള്ളവ
പുഷ്പഗന്ധങ്ങളോടൊത്തു കൃഷ്ണാർജ്ജുനപരിഗ്രഹം* 2

അന്ത:പുരമതിൽ കൂടീ നാനാ രത്നോച്ചയത്തൊടും
യഥേഷ്ടമേവരും കേളിയാടിക്കൊണ്ടിതു ഭാരത! 3

പൃഥുശ്രോണികളായ് പീനസ്തനിമാരാം വരാംഗികൾ
മദാലസം സഞ്ചരിച്ചു കളിച്ചു മദിരാക്ഷികൾ. 4

കാട്ടിൽ ചിലർ ജലത്തിങ്കൽ ചിലർ ഗേഹത്തിലും ചിലർ
കളിച്ചിതു യഥാപ്രീതി കൃഷ്ണാർജ്ജുനവധൂജനം. 5

വാസുദേവന്റെ ദയിതാമണിയാം സത്യഭാമയും
സുഭദ്രയും ദ്രൗപതിയും വസ്ത്രാഭരണസഞ്ചയം 6

കൊടുത്തിതു മഹാരാജ, നാരികൾക്കു മദാകുലം.
ചിലർ നന്ദ്യാ നൃത്തമാടി പാടീ കൂത്താടി മറ്റുപേർ 7

ചിരിച്ചു മധുമോന്തിസ്സഞ്ചരിച്ചു മറ്റു നാരിമാർ.
തടുത്തു കേറിപ്രഹരം കൊടുത്തു ചിലർ തങ്ങളിൽ 8

അടുത്തു ചിലർ മന്ദ്രിച്ചു മടുത്തേന്മൊഴിമാർ പരം.
വേണുവീണാമൃദംഗാദി നാനാ ദിവ്യസ്വരങ്ങളാൽ 9

ആ ഹർമ്മ്യഭാഗവും കാടുംകൂടിയേറ്റം മുഴങ്ങിതേ.
ഏവം കഴിഞ്ഞിടുമ്പോഴാക്കുരുദാശാർഹനന്ദനർ 10

അടുത്തഴകെഴും നല്ലോരിടത്തേക്കെഴുനെള്ളിനാർ.
അവിടെപ്പോയ് പരപുരഞ്ജയരാം കൃഷ്ണരൊപ്പമേ 11

ശ്രേഷ്ഠങ്ങളായ പീഠങ്ങളേറി വാണൂ മഹീപതേ!
അവിടെപ്പൂവ്വവിക്രാന്തി കഥയും മറ്റുമങ്ങനെ 12

പലതും രസമായ് ചൊല്ലി രമിച്ചു പാർത്ഥമാധവർ.
നന്ദിച്ചവിടെ നാകത്തിലശ്വിനീദേവർപോലവേ 13

വാഴും കൃഷ്ണാർജ്ജുനന്മാർക്കു കാണായിതൊരു വിപ്രനെ:
വന്മരംപോലുയർന്നുള്ളോൻ പൊന്മയപ്രഭയാണ്ടവൻ 14

നീലപിംഗശ്മശ്രു പൊക്കം വണ്ണമെന്നിവയൊത്തവൻ,
തരുണാദിത്യസദൃശൻ പരം ചീരജടാധരൻ 15

[ 710 ]

പത്മപത്രാനനൻ മഞ്ഞിൻനിറത്തോടും ജ്വലിച്ചവൻ. 16
തേജസ്വിയാ ദ്വിജവരനടുത്തെത്തുന്നനേരമേ
എഴുന്നേറ്റാനർജ്ജുനനുമുടനെ വാസുദേവനും

235.അഗ്നിപരാജയം[തിരുത്തുക]

താൻ അഗ്നിയാണെന്നും തനിക്കു ഖാണ്ഡവവനം ദഹിപ്പിക്കത്തക്ക സൗകർയ്യമുണ്ടാക്കിതരണമെന്നും ബ്രഹ്മാണൻ അർജ്ജുനനോടു പറയുന്നു.അഗ്നിക്ക് ഖാണ്ഡവവനം ദഹിപ്പിക്കണമെന്നു തോന്നാൻ കാരണമെന്താണെന്ന് ജനമേജയൻ ചോദിച്ചതിനുത്തരമായി, പണ്ടു ശ്വേതകി എന്ന രാജാവ് കഴിച്ച അനവധി ഹോമങ്ങളിലെ ഹവിസ്സു ഭക്ഷിച്ച് അജീർണ്ണം പിടിപെട്ട അഗ്നിയോടു ആ സുഖക്കേടു മാറുന്നതിന് ഖാണ്ഡവവനത്തിലെ ജന്തുക്കളുടെ വസ ഭക്ഷിക്കണമെന്നു ബ്രഹ്മാവു കല്പിച്ച കഥ വൈശമ്പായനൻ വിവരിക്കുന്നു.


വൈശമ്പായനൻ പറഞ്ഞു

അവൻ ചൊന്നാനർജ്ജുൻതന്നോടും ശ്രീകൃഷ്ണനോടുമേ
ലോകപ്രവീരരവരാ ഖാണ്ഡവാന്തത്തിൽ വാഴവേ 1

ബ്രഹ്മാണൻ പറഞ്ഞു
ബഹുഭോക്താവു വിപ്രൻ ഞാൻ ഭുജിപ്പേൻ നിത്യമേറ്റവും
ഭിക്ഷ നല്കേണമേ കൃഷ്ണപാർത്ഥരേ,തൃപ്തിപോലെമേ. 2

വൈശമ്പായനൻ പറഞ്ഞു
അതു കേട്ടോതിയവനോടന്നേരം കൃഷ്ണപാണ്ഡർ:
“ഏതെന്നംകൊണ്ടു നിൻ തൃപ്തിയതുണ്ടാക്കാൻ ശ്രമിച്ചിടാം.” 3

അതു കേട്ടോടി ഭവാനവരോടിരുപേരോടും
ഏതെന്നും വേണമെന്നേവം ചോദിച്ചീടുന്ന നേരമേ. 4

ബ്രഹ്മാണൻ പറഞ്ഞു
അന്നം ഭക്ഷിക്കേണ്ടെനിക്കു വഹ്നി ഞാനതുമോർക്കുവിൻ
എനിക്കു ചേരുമന്നത്തെയിനി നിങ്ങൾ തരേണമേ. 5

ഈ ഖാണ്ഡവക്കാടു നിത്യം കാക്കുന്നുണ്ടു പുരന്ദരൻ
ശക്രൻ കാക്കും കാടെരിപ്പാൻ ശക്തനാകുന്നതില്ല ഞാൻ. 6

അവന്റെ സഖിയാം നാഗം തക്ഷകൻ വാഴ്പതുണ്ടിഹ
കൂട്ടത്തോടവനെക്കാപ്പാൻ കാടു കാക്കുന്നു വാസവൻ. 7

അനേകജീവികളെയുമതിനാൽ കാപ്പതുണ്ടവൻ
ശക്രതേജസ്സിനാൽ ശക്തനാകുന്നില്ലതെരിക്കുവാൻ. 8

ഞാൻ കത്തിയെരിയുന്നേരമവൻ വർഷം തുടങ്ങിടും
ഇഷ്ടമാം കാടെരിച്ചീടാൻ പറ്റുന്നില്ലതുകൊണ്ടുമേ. 9

തുണയ്ക്കു നിങ്ങൾ രണ്ടാളുമിണങ്ങിക്കൊണ്ടു നില്ക്കിലോ
എരിപ്പനിക് ഖാണ്ഡവത്തെച്ചോറിതാണു വരിപ്പു ഞാൻ. 10

ജലധാരകളും ചുറ്റും കലരും ഭൂതജാലവും

[ 711 ]

ഇങ്ങിദിവ്യാസ്ത്രവിജ്ഞന്മാർനിങ്ങളെയും തടുക്കുവിൻ. 11

‍ജനമേജയൻ പറഞ്ഞു
ഖാണ്ഡവം ചുടുവാനെന്തുകൊണ്ടു കാമിച്ചു പാവകൻ
നാനാസത്വാന്വിതമിതു വാനോർകോൻ കാത്തുനിൽക്കവേ? 12

സ്വല്പമല്ലെന്നു തോന്നീടുന്നുണ്ടെനിക്കു ഹുതാശനൻ
ചൊടിച്ചു ഖാണ്ഡവം ചുട്ടുമുടിപ്പാനുള്ള കാരണം. 13

വ്സ്തരിച്ചു പറഞ്ഞൊന്നു കേൾപ്പാനിച്ഛിച്ചിടുന്നു ഞാൻ
ഖാണ്ഡവാരണ്യദാഹം പണ്ടുണ്ടായതു മഹാമുനേ! 14

വൈശമ്പായനൻ പറഞ്ഞു
കേട്ടാലും പറയാമെല്ലാം നടന്നപടിതന്നെ ഞാൻ
എന്തിനായ് ഖാണ്ഡവം ചുട്ടു വഹ്നിയെന്നതു ഭൂപതേ! 15

പരം പുരാണമുനികൾ പറയും കഥയൊന്നിനി
പറയാം ഖാണ്ഡവം ചുട്ടുകരിച്ചതിനു കാരണം. 16

കേൾപ്പൂ പുരാണനൃപതി കേവലം ശക്രസന്നിഭൻ
കേളികേട്ടോൻ ശ്വേതകിയെന്നുണ്ടായി ബലി വിക്രമി. 17

യജ്വാവു ദാനവാൻ ധീമാൻ മറ്റില്ലൊരുവനിങ്ങനെ
ഭൂരുദക്ഷിണയൊത്തേറെ യജ്ഞം ചെയ്തീടിനാനവൻ. 18

മറ്റു ചിന്തയവന്നില്ലാ ദിവസംതോറുമേ നൃപ!
സത്രക്രിയാരംഭഭൂരിദാനാദികളിലെന്നിയേ. 19

ഋത്വിൿസഹിതനീമട്ടിലദ്ധ്വരം ചെയ്താ നൃപൻ
പിന്നെയൃത്വിഗ്ജനം ധൂമം ചിന്നിക്കണ്ണു കലങ്ങവേ, 20

ഒട്ടേറെ നാൾ ചെന്നവനെ വിട്ടേ പൊയ്ക്കൊണ്ടിതേവരും;
വിളിച്ചു വീണ്ടുമൃത്വിക്കുകളയാ നരനായകൻ; 21

കണ്ണിന്നു കേടേറ്റവരോ ചെന്നീലാ ക്രതുവിന്നഹോ !
അവർതന്നനുവാദത്തോടവനീദേവരാൽ നൃപൻ 22

വേറെയൃത്വിക്കുകളുമായ് വിരമിപ്പിച്ചു സത്രവും.
എന്നേവമൊട്ടുദിവസംചെന്നിട്ടങ്ങൊരിടയ്ക്കുവൻ 23

നൂറാണ്ടുകൊണ്ടു കഴിയും സത്രം ചെയ്‌വാൻ മുതിർന്നതിൽ
ഋത്വിക്കുകളണഞ്ഞീലാ സത്രകർമ്മം നടത്തുവാൻ. 24

ആ രാജാവേറെ യത്നിച്ചിതാരാൽ മിത്രങ്ങളൊത്തഹോ!
നമസ്കാരം നല്ല വാക്കു ദാനമെന്നിവകൊണ്ടുമേ 25

ഋത്വിക്കുകളെയൊപ്പിക്കാൻ നോക്കി വീണ്ടുമതന്ദ്രിതം;
ഓജസ്വിയാമവന്നിഷ്ടമാചരിച്ചതുമില്ലവർ. 26

രാജർഷിയാശ്രമം പൂക്കു ചൊടിച്ചവരോടോതിനാൻ.
ശ്വേതകി പറഞ്ഞു
ഞാനോ പതിതനെന്നാലും ശുശ്രൂഷിക്കാതിരിക്കിലും 27

[ 712 ]

നിങ്ങൾക്കുടൻ ബ്രാഹ്മണരേ,ത്യാജ്യനാകും ജുഗുപ്സിതൻ.
എന്നാലിപ്പോൾ ക്രതുശ്രദ്ധ കെടുപ്പാനർഹനല്ല ഞാൻ 28

അസ്ഥാനത്തിലുപേക്ഷിപ്പതൊത്തതല്ലാ ദ്വിജേന്ദ്രരേ !
നിങ്ങളെശ്ശരണം പുക്കേൻ പ്രസാദിക്കുകവേണമേ ! 29

സാന്ത്വദാനാദിവാക്യത്താൽ കാര്യമുണ്ടാകകാരണം
പ്രസാദിപ്പിച്ചുണർത്തുന്നേനെന്റെ കാര്യം ദ്വിജേന്ദ്രരേ ! 30

വെറുത്തെന്നെയുപേക്ഷിച്ചു ഭവാന്മാരെന്നിരിക്കിലും
വേറെയൃത്വിക്കുകളെ യജ്ഞാർത്ഥം കൈക്കൊണ്ടിടട്ടെ ഞാൻ 31
വൈശമ്പായനൻ പറഞ്ഞു
പാരാതേവം പറഞ്ഞിട്ടു വിരമിച്ചിതു മന്നവൻ;
നരനാഥന്റെ യജ്ഞത്തിന്നരുതാഞ്ഞു പരന്തപ ! 32
പരം ചൊടിച്ചരചനോടുരചെയ്തിതു യാജകർ.
ഋത്വിക്കുകൾ പറഞ്ഞു
തുടർച്ചയായിക്കർമ്മങ്ങൾ നടത്തുന്നൂ ഭവാൻ നൃപ! 33

നിത്യം കർമ്മം ചെയ്തുകൊണ്ടു മറ്റും ക്ഷീണിച്ചു ഞങ്ങളോ;
ഈ ശ്രമത്താൽ തളർന്നൊരു ഞങ്ങളേ വിട്ടൊഴിക്കുക. 34

ബുദ്ധിമോഹാൽ ത്വാ പെരുത്തൊത്തിടുന്ന ഭവാനിനി !
പോക ശൂദ്രാന്തികേ നിന്നെ യാഗം ചെയ്യിക്കുമായവൻ. 35
വൈശമ്പായനൻ പറഞ്ഞു
അധിക്ഷേപോക്തിയാൽ കോപംപൂണ്ടാ ശ്വേതകി മന്നവൻ
കൈലാസപർവ്വതത്തിൽ പോയുഗ്രമാം തപമാർന്നുടൻ 36

മഹേശ്വരാരാധനയായ് നിയതൻ നിഷ്ഠുരവ്രതൻ
ഉപവാസം പൂണ്ടു വാണിതേറെക്കാലം നരാധിപൻ 37

പന്തിരണ്ടാംദിവസമോ പതിനാറാം ദിനത്തിലോ
ചിലപ്പോൾ ഭക്ഷണം ചെയ്യും ഫലമൂലങ്ങൾ മന്നവൻ. 38

കൈപൊക്കിക്കണ്ണടയ്ക്കാതെ തൂണുപോലിളകാതവൻ
ആറുമാസം നൃപൻ നിന്നനാ ശ്വേതകി സമാധിയിൽ. 39

അവ്വണ്ണമാ നൃപൻ ഘോരതപംചെയ്തമരുംവിധൗ
പ്രസാദിച്ചാദ്ദേവദേവൻ പ്രത്യക്ഷപ്പെട്ടു ഭാരത ! 40

സ്നിഗ്ദ്ധഗംഭീരമൊഴിയാലവനോടോതിനാൻ ഭവാൻ:
“പ്രസാദിച്ചേൻ നരശ്രേഷ്ഠ, നിൻ തപസ്സാൽ പരന്തപ ! 41

വരം വരിച്ചുകൊണ്ടാലും പരം നിന്നിഷ്ടമാംവിധം.”
ദേവദേവൻ പ്രസാദിച്ചിട്ടേവം ചൊന്നതു കേൾക്കയാൽ 42

നമസ്കരിച്ചീശ്വരനോടാ രാജർഷിയുണർത്തിനാൻ:
“ലോകരെല്ലാം വണങ്ങുന്ന ഭഗവാൻ പ്രീതനെങ്കിലോ 43

സ്വയമെന്നേദ്ദേവദേവ ! യജിപ്പിക്ക സുരേശ്വര !”
എന്നു ഭൂമീശ്വരവരൻ ചൊന്ന വാക്കതു കേൾക്കയാൽ 44
പ്രീതിയാൽ പുഞ്ചിരിക്കൊണ്ടിട്ടോതീ ശങ്കരനിങ്ങനെ.

[ 713 ]

രുദ്രൻ പറഞ്ഞു
യാജനത്തിന്നു ഞങ്ങൾക്കില്ലധികാരം നരാധിപ ! 45

പെരുതാകും തപം ചെയ്തു വരത്തിന്നായ് ഭവാനിഹ.
യജിപ്പിപ്പേൻ നിന്നെയൊരു നിശ്ചയത്താൽ പരന്തപ ! 46

പന്തീരാണ്ടു ഭവാൻ ബ്രഹ്മചാരിയായ് ശ്രദ്ധവെച്ചുതാൻ
ആജ്യധാരകളാലെന്നുമഗ്നിയെത്തൃപ്തിയാക്കണം. 47

എന്നിൽ നിന്നെന്തു നീ കാമിക്കുന്നു സാധിക്കുമായതും.
വൈശമ്പായനൻ പറഞ്ഞു
എന്നു രുദ്രന്റെയരുളാൽ പിന്നെ ശ്വേതകി മന്നവൻ 48

ശുലപാണി വിധിച്ചെന്നപോലെ ചെയ്തിതശേഷവം.
വീണ്ടും പ്രത്യക്ഷനായ് പന്തീരാണ്ടുചെന്നപ്പോളീശ്വരൻ 49

നേരിട്ടുനിന്നുടൻ ലോകഭാവനൻ വിഭു ശങ്കരൻ
പ്രസന്നനായി ശ്വേതകിയോടിപ്പടിക്കരുളീടിനാൻ. 50
രുദ്രൻ പറഞ്ഞു
സന്തോഷിപ്പിച്ചു നീ മുഖ്യകർമ്മത്താലെന്നെ മന്നവ !
യാജനം ബ്രാഹ്മണർക്കല്ലോ വിധിച്ചതു പരന്തപ ! 51

അതിനാൽ സ്വയമേ നിന്നെ യജിപ്പിക്കുന്നതില്ല ഞാൻ.
എന്നംഗമായുണ്ടു മന്നിൽ മഹാഭാഗൻ ദ്വിജോത്തമൻ 52

ദുർവ്വാസസ്സെന്നവനവൻ നിന്റെ യാഗം നടത്തിടും;
എന്നാജ്ഞയാലതിന്നുള്ള സംഭാരങ്ങൾ ഭരിക്കെടോ. 53
വൈശമ്പായനൻ പറഞ്ഞു
രദ്രേനേവം പറഞ്ഞോരു വാക്കുകേട്ടിട്ടു പാർത്ഥിവൻ
തൻ പുരത്തിലണിഞ്ഞിട്ടു സംഭാരങ്ങളൊരുക്കിനാൻ; 54
 
വേണ്ടെതെല്ലാമൊരുക്കീട്ടു വീണ്ടും കണ്ടിതു രുദ്രനെ.
“സംഭാരങ്ങളൊരുക്കി ഞാൻ സർവ്വോപകരണങ്ങളും 55

നിൻ പ്രസാദത്തിനാൽ നാളെ ഭീക്ഷിക്കാറായ് വരേണമേ.”
എന്ന മാന്യൻ മഹീപാലൻ ചൊന്നതും കേട്ടു ശങ്കരൻ 56

ദുർവ്വോസോമുനിയേ മുന്നിൽ വരുത്തീട്ടരുളീടിനാൻ:
“ഈ ശ്വേതകി മഹീപാലൻ യോഗ്യനല്ലോ ദ്വിജോത്തമ ! 57

എന്നാജ്ഞയാലേയിവനെ യജിപ്പിച്ചീടണം ഭവാൻ.”
ആവാമെന്നുത്തരം ദേവദേവനോടോതി മാമുനി: 58

ഉടനാ മന്നവേന്ദ്രന്നു നടന്നൂ സത്രമുത്തമം
യഥാവിധി യഥാകാലം യഥോക്തം ബഹു ഭക്ഷിണം. 59

ഇത്ഥമാ മന്നവേന്ദ്രന്റെ സത്രം തീർന്നോരു ശേഷമേ
ദുർവ്വാസസ്സിൻ സമ്മതത്താൽ യാജകന്മാർ ഗമിച്ചുതേ: 60

ആ സത്രത്തിൽ ഭീക്ഷിതരും സദസ്യന്മാരുമങ്ങനെ:
ആ മഹാഭാഗനായിടും മന്നനും പുരി പൂകിനാൻ. 61

[ 714 ]

വേദജ്ഞരം ബ്രാഹ്മണേന്ദ്രമാരും വന്ദിജങ്ങളും
സ്തുതിക്കുമാറാ നാട്ടാരങ്ങഭിനന്ദിച്ചിടുംപടി 62

ഏറെക്കാലം വാണു വാനുമേറി മാനിതനാം നൃപൻ
ഋത്വൿസദസ്യമാരോടുമൊത്തു പാർത്ഥിവസത്തമൻ. 63

ഹവിസ്സശിച്ചു പന്തീരാണ്ടാസ്സത്രത്തിങ്കലഗ്നിയും
ആജ്യധാരയൊടൊന്നിച്ചാ പ്രാജ്യകർമ്മത്തിലെപ്പൊഴും. 64

ഹവിസ്സുകൊണ്ടിട്ടന്നഗ്നിയവിടെത്തൃപ്തിനേടിനാൻ
അന്യൻ നല്കും ഹവിസ്സേല്ക്കാനഗ്നിക്കാഗ്രഹമറ്റുപോയ് 65
 
വിളർത്തു നിറവും മാറിത്തെളിയാതായി മുൻപടി.
അന്നേമുതല്ക്കു വഹ്നിക്കു വന്നുപെട്ടിതു രോഗവും 66

തേജസ്സറ്റു ക്ഷീണമേറ്റു വല്ലായ്മയുളവായിതേ.
തേജോഹാനി തനിക്കേറ്റതറിഞ‌്ഞിട്ടു ഹുതാശനൻ 67

ലോകപൂജിതമാം ബ്രഹ്മലോകത്തേക്കു ഗമിച്ചുടൻ
നന്മയോടങ്ങരുളിടും ബ്രഹ്മാവിനോടുണർത്തിനാൻ. 68
അഗ്നി പറഞ്ഞു
ഭഗവൻ, പരമപ്രീതി നല്കീ മേ ശ്വേതകേതുതാൻ
പെരുത്തരുചിയായ്‌ത്തീന്നിതരുതായതു മാറ്റുവാൻ. 69

തേജസ്സും ബലവും കെട്ടിതോജസ്സും മേ ജഗൽപതേ !
നിൻ പ്രസാദത്തിനാൽ പൂർവ്വസ്ഥിതിക്കാകേണമാശൂ ഞാൻ. 70
വൈശമ്പായനൻ പറഞ്ഞു
എന്നഗ്നി ചൊല്ലിക്കേട്ടപ്പോൾ വിശ്വകർത്താവു പത്മജൻ
ഹവ്യവാഹനൊടീവണ്ണം മന്ദസ്മിതമൊടോതിനാൻ. 71
ബ്രഹ്മാവ് പറഞ്ഞു
പന്തീരാണ്ടു വസോർദ്ധാരാഹവിസ്സായി ഹുതാശന !
ഉപയോഗിക്കകൊണ്ടാണീ ഗ്ലാനി വന്നു പിണഞ്ഞതും. 72

തേജസ്സറ്റതുകൊണ്ടിട്ടു നീ ജവാൽ ഹവ്യവാഹന !
മാഴ്കിടേണ്ട ഭവാനേ ഞാൻ മുൻനിലയ്ക്കാക്കിവെക്കുവൻ; 73

രുചിക്കുറവു തീർക്കാം ഞാൻ സമയത്താലെ നിന്നുടെ
മുന്നം വാനോർ പറഞ്ഞിട്ടു ഭസ്മമാക്കീലയോ ഭവാൻ 74

ദേവശത്രുക്കൾ വാണീടും ഘോരഖാണ്ഡവകാനനം.
അതിലിപ്പോൾ പാർപ്പു നാനാജീവജാലം വിഭാവസോ ! 75

അവറ്റിനുടെ മേദസ്സു ചെന്നാൽ മുൻമട്ടിലാം ഭവാൻ;
ഉടൻ ചെല്ലൂ ദഹിപ്പിപ്പാൻ കെടും നിൻ കേടതിന്നുമേൽ. 76
വൈശമ്പായനൻ പറഞ്ഞു
ഇത്ഥം പത്മാസനൻ ചൊന്ന സത്യമാം വാക്കു കേട്ടുടൻ
ഉത്തമം ജവമുൾക്കൊണ്ടു സത്വരം പോന്നു പാവകൻ. 77

ഖാണ്ഡവാരണ്യമെത്തീട്ടു ചണ്ഡവീര്യമെടുത്തുടൻ
ചൊടിച്ച കാറ്റൊടും കത്തിപ്പിടിച്ചിതു ഹുതാശനൻ. 78

[ 715 ]

ഖാണ്ഡവത്തിൽ തീയെരിഞ്ഞുകണ്ടിട്ടവിടെയുള്ളവർ
അത്യന്ത്യയത്നംചെയ്താരാക്കത്തും തീയു കെടുത്തുവാൻ. 79

തുമ്പിക്കയ്യിൽ ജലം കോരിക്കുംഭീന്ദ്രർ ജവമോടുടൻ
പത്തുമായിരവും ചേർന്നാക്കത്തും തീയിലൊഴിച്ചുതേ. 80

അനേകം ഫണമുള്ളോരു ഫണീന്ദ്രരുമതേവിധം
ചൊടിച്ചു തീയിൽ വെള്ളംകൊണ്ടൊഴിച്ചൂ ബഹുസത്വരം. 81

അമ്മട്ടു മറ്റു ജന്തുക്കളൊക്കയൊത്തുദ്യമിച്ചുടൻ
കത്തും വഹ്നിക്കു ശമനം വരുത്തീ ഭരതർഷഭ ! 82

ഏവം വീണ്ടുംവീണ്ടുമായിക്കത്തിക്കാളുന്ന വഹ്നിയെ
ഏഴു വട്ടം ശമിപ്പിച്ചൂ ഖാണ്ഡവാരണ്യഭൂമിയിൽ. 83


236. അർജ്ജുനാഗ്നിസംവാദം[തിരുത്തുക]

നല്ല വില്ലും അമ്പുകളും തേരും കുതിരകളും കിട്ടിയാൽ ഖാണ്ഡവവനം ദഹിപ്പിക്കുന്നതിനു വേണ്ട സൗകര്യം താൻ ഉണ്ടാക്കിത്തരാമെന്ന് അർജ്ജുനൻ ബ്രാഹ്മണവേഷധാരിയായ അഗ്നിയോടു പറയുന്നു.


വൈശമ്പായനൻ പറഞ്ഞു
പിന്നെ നൈരാശ്യമുൾക്കൊണ്ടു വാട്ടം തട്ടിയ പാവകൻ
ചൊടിയോടും പത്മജന്റെ സവിധത്തിങ്കലെത്തിനാൻ. 1

നടന്നമട്ടതൊക്കേയും ബ്രഹ്മാവിനോടു ചൊല്ലിനാൻ
മുഹൂർത്തനേരം ചിന്തിച്ചു ഭഗവാനോതിയുത്തരം: 2

“ഭവാനീക്കാടെരിച്ചീടാനുപായം കണ്ടു ഞാനെടോ
ഒട്ടുകാലം പൊറുത്താലും ചൊല്ലാം നിന്നോടു പിന്നെ ഞാൻ. 3

നരനാരായണന്മാർ നിൻ തുണയായ്‌വരുമപ്പൊഴേ
അവരൊത്തു ഭവാൻ കാടു ചുട്ടീടും ഹവ്യവാഹന !” 4

എന്നാലങ്ങനെയെന്നോതീ ബ്രഹ്മാവോടു ഹുതാശനൻ
നരനാരയണമുനിവരോല്പത്തിയറിഞ്ഞൂടൻ 5

ഏറെക്കാലം കഴിഞ്ഞിട്ടു വിധിവാക്കോർത്തു പാവകൻ
വീണ്ടും വിരിഞ്ചദേവന്റെയരികിൽപ്പുക്കു ഭൂപതേ ! 6

അവനോടോതിനാൻ ബ്രഹ്മാ"വാ വനം ഖാണ്ഡവം ഭവാൻ
ശക്രദേവൻ കണ്ടുനില്ക്കെച്ചുട്ടെരിക്കുമസംശയം. 7

നരനാരായണന്മാരാമാദിദേവർ വിഭാവസോ !
ദേവകാര്യത്തിനായിട്ടു പിറന്നിട്ടുണ്ടു ഭൂനിയിൽ. 8

കൃഷ്ണാർജ്ജുനന്മാരെന്നേവമവരെച്ചൊൽവു ലോകമരും
ഖാണ്ഡവോപാന്തമമരുമവരെച്ചെന്നു കാണെടോ. 9

തുണ ഖാണ്ഡവദാഹത്തിൽ ചെയ്‌വാനർത്ഥിച്ചുകൊള്ളുക
വാനോർ കാത്തീടിലും പിന്നെച്ചുടുമാക്കാടുടൻ ഭവാൻ. 10

[ 716 ]

സത്വജാലത്തെയൊക്കേയുമവരെത്തിത്തടുത്തിടും
ശക്രനേയും തടുത്തീടുമതിനില്ലൊരു സംശയം.” 11

എന്നു ചൊന്നതു കേട്ടിട്ടു പോന്നു വേഗം ഹുതാശനൻ
കൃഷ്ണാർജ്ജുനന്മാർക്കരികിൽച്ചെന്നപേക്ഷിച്ചൊരക്കഥ 12

മുന്നമേതന്നെ ഞാൻ ചൊല്ലിയല്ലോ മന്നവസത്തമ !
വഹ്നി ചൊന്നതു കേട്ടിട്ടാ വഹ്നിയോടപ്പമർജ്ജുനൻ 13

കഥിച്ചൂ നൃപശാർദ്ദൂല, കാലത്തിന്നൊത്ത വാക്കിനെ
ഖാണ്ഡംവ ചുടുവാനിന്ദ്രൻതടുത്താലും ശ്രമിക്കവേ. 14
അർജ്ജുനൻ പറഞ്ഞു
ഉത്തമങ്ങൾ നമുക്കുണ്ടു ദിവ്യാസ്ത്രങ്ങളസംഖ്യമേ 15

അവകൊണ്ടേറ്റമിന്ദ്രന്മാരടുത്താലും തടുക്കുവൻ.
കൈയൂക്കിന്നു ശരിക്കൊത്ത വില്ലെനിക്കില്ല പാവക ! 16

പോരിൽ പ്രയത്നംചെയ്യുമ്പോളൂക്കൊക്കത്താങ്ങിടും വിധം
വേഗമെയ്യുമ്പോളാവശ്യമുണ്ടൊടുങ്ങാത്തയമ്പുകൾ; 17

യഥേഷ്ടമെന്നമ്പു താങ്ങുന്നതിനാകില്ല തേരുമേ.
വായുവേഗങ്ങളാം ശുഭാശ്വങ്ങളാവശ്യമുണ്ടു മേ 18

മേഘനിർഗ്ഘോഷമായ് സൂര്യപ്രഭമാം രഥവും പരം.
കൃഷ്ണന്നും വീര്യമതിനൊത്തുള്ളൊരായുധമില്ലിഹ 19

പിശാചനാഗനിരയെക്കേശവന്നു വധിക്കുവാൻ.
കർമ്മസിദ്ധിക്കുപായത്തെബ്‌ഭഗവാൻ ചൊല്ലിടേണമേ 20

കാട്ടിൽ വർഷിച്ചിടും ശക്രൻതന്നെച്ചെന്നു തടുക്കുവാൻ.
പൗരുഷംകൊണ്ടു വേണ്ടുന്നതിഹ ഞങ്ങൾ നടത്തിടാം 21
തക്കതാം യുക്തി ഭഗവൻ, ഭവാൻ കാണിച്ചിടേണമേ !

237. ഗാണ്ഡീവാദിദാനം[തിരുത്തുക]

അഗ്നി വരുണനെദ്ധ്യാനിച്ച് വരുണനിൽനിന്നു കിട്ടിയ ഗാണ്ഡീവവും കപിദ്ധ്വജമായ രഥവും ഒരിക്കലും അമ്പുകളൊടുങ്ങാത്ത ഒരാവ നാഴിയും അർജ്ജുനനു സമ്മാനിക്കുന്നു; കൃഷ്ണനു് ഒരു ചക്രവും.


വൈശമ്പായനൻ പറഞ്ഞു
ഏവം ചൊല്ലിക്കേട്ടു ദേവൻ ധൂമകേതു ഹുതാശനൻ
നേരെ കാണ്മാൻ വിചാരിച്ചു പാശിയാം ലോകപാലനെ. 1

ആദിത്യനുദകത്തിങ്കലരുളീടും ജലേശ്വരൻ
സ്മരിക്കുന്നതറിഞ്ഞഗ്നിസവിധത്തിങ്കലെത്തിനാൻ. 2

ധൂമദ്ധ്വജൻ സല്ക്കരിച്ചു ജലത്തിന്നധിനാഥനായ്
നാലാം ലോകേശനാം ദേവദേവനോടേവമോതിനാൻ. 3

[ 717 ]

അഗ്നി പറഞ്ഞു
സോമന്റെ വില്ലുമമ്പെന്നുമൊടുങ്ങാത്താവനാഴിയും
രണ്ടും തന്നീടണം കീശദ്ധ്വജമാം രഥവും ഭവാൻ 4

വലുതാം കാര്യമാഗ്ഗാണ്ഡീവത്താലേ ചെയ്യുമർജ്ജുനൻ
ചക്രത്താൽ കൃഷ്ണനുമതുമെനിക്കിപ്പോൾ തരേണമേ. 5
വൈശമ്പായനൻ പറഞ്ഞു
തരാമെന്നുത്തരം ചൊല്ലീ വരുണൻവഹ്നിയോടുടൻ
അത്യത്ഭുതം മഹാവീര്യം പേർപുകഴ്ചയ്ക്കു കാരണം. 6

സർവ്വശാസ്ത്രങ്ങളേല്ക്കാതെ സർവ്വശസ്ത്രഹരംപരം
സർവ്വായുധം തടുപ്പൊന്നായ് സർവവൈരിപ്രധർഷണം, 7

നൂറായിരത്തിനെതിരാമൊന്നു രാജ്യവിവർദ്ധനം
പല വർണ്ണങ്ങളും ചേർന്നു കേടെന്ന്യേ ശ്ലക്ഷ്‌ണമുത്തമം, 8

ദേവ ദാനവ ഗന്ധർവ്വപൂജിതം പണ്ടുപണ്ടുതാൻ
ദിവ്യചാപം കൊടുത്താനമ്പൊടുങ്ങാത്താവനാഴിയും. 9

ദിവ്യാശ്വങ്ങളുമായ്ക്കീശദ്ധ്വജമായൊരു തേരുമേ
പൊന്മാലകളണിഞ്ഞുള്ള വെള്ളക്കുതിര നാലിഹ 10

ശരന്മേഘപ്രകാശത്തിൽ വായുവേഗത്തൊടൊത്തവ
പൂട്ടീട്ടെല്ലാമൊരുക്കീട്ടു ദേവദാനവദുർജ്ജയം 11

രശ്മി പൂണ്ടും ഘോഷമാണ്ടും സർവ്വരത്നമണിഞ്ഞുമേ
ഭുവനപ്രഭുവാം വിശ്വകർമ്മാവങ്ങു ചമച്ചതായ്, 12

ഇന്നുമട്ടെന്നു പറകവയ്യാതർക്കപ്രകാശമായ്
ചന്ദ്രൻ കേറിദ്ദാനവരെ മൂന്നും പോരിൽ ജയിച്ചതായ്, 13

പുതുക്കാർക്കെതിരായേറ്റമുതിരും ശ്രീ കലർന്നതായ്
വിലസീടുന്നൊരാതേരിലിന്ദ്രായുധസമാഭമായ്, 14

ഭംഗിയിൽ സ്വർണ്ണമയമായ് നില്പുണ്ടുത്തമമാം ധ്വജം.
സിംഹശാർദ്ദൂ ലമട്ടേറ്റം ഭീഷണൻ ദിവ്യവാനരൻ 15

ലോകം ദഹിപ്പിക്കുമാറു വിളങ്ങുന്നുണ്ടതിന്റെമേൽ.
നാനാ മഹാഭൂതജാലമുണ്ടാദ്ധ്വജമതിൽസ്സദാ 16

അവറ്റിൻ നിനദം കേട്ടു മോഹിച്ചീടുമരിവ്രജം.
നാനാ പതാകകളെഴുമാ ശ്രേഷ്ഠത്തേരിലായവൻ 17

പ്രദക്ഷിണം വെച്ചു വീണ്ടും ദേവകൾക്കും നമിച്ചുടൻ
സന്നദ്ധൻ ചട്ടയും വാളുമേന്തിക്കൈയുറയിട്ടഹോ 18

കേറീ വിമാനം സുകൃതി കേറീടുംവണ്ണമർജ്ജുനൻ.
ബ്രഹ്മാവു പണ്ടു താർത്തോരാദ്ദിവ്യമാകിന കാർമ്മുകം 19

ഗാണ്ഡീവം കിട്ടിയതിനാൽ സന്തോഷിച്ചിതു ഫൽഗുനൻ.
അഗ്നി മുൻപിട്ടു നില്ക്കുമ്പോൾ വീര്യവാനാദ്ധനുസ്സിനെ 20
എടുത്തു ശക്തനാം പാർത്ഥനുടനേ ഞാണു കെട്ടിനാൻ.

[ 718 ]

ബലമേറും പാണ്ഡുപുത്രൻ കുലയേറ്റുന്ന നേരമേ 21

ആരവം കേട്ടവർക്കെല്ലാമരമുള്ളു പിടച്ചുപോയ്
ആത്തേരും വില്ലുമമ്പെന്നുമൊടുങ്ങാത്താവനാഴിയും 22

കിടച്ചപ്പോൾ തുണച്ചീടാൻ പടുവായീ ധനഞ്ജയൻ.
വജ്രനാഭം ചക്രമേകീ തത്ര കൃഷ്ണന്നു പാവകൻ 23

ആഗ്നേയാസ്ത്രപ്രഭമിതങ്ങതിനാൽ കല്യനായ് ഹരി.
കഥിക്കയും ചെയ്തു വഹ്നി"യിതിനാൽ മധുസൂദന ! 24

അമാനുഷന്മാരെയും നീ പോരിൽ വെല്ലുമസംശയം.
ഇതിനാൽ മാനുഷരിലും വാനവന്മാരിൽ രണേ 25

രക്ഷ:പിശാചാസുരാഹികളിലും മെച്ചമാം ഭവാൻ;
ഇല്ല വാദം ശത്രുനാശകല്യനായിബ്‌ഭവിച്ചിടും. 26

ശത്രുവർഗത്തിലിതു നീ യുദ്ധത്തിങ്കലയയ്ക്കുകിൽ
ശത്രുനാശം ചെയ്തു വീണ്ടു, ഹസ്തത്തിൽത്തന്നെയെത്തിടും.” 27

വരുണൻ കൃഷ്ണനായ് നല്കീ പരം ഘനവരത്തോടും
ദൈത്യസൈന്യം മുടിപ്പോരു സാക്ഷാൽ കൗമോദകീഗദ. 28

പിന്നെപ്പാവകനോടോതീ നന്ദിച്ചാക്കേശവാർജ്ജുനർ:
“കൃതാസ്ത്രർ ശസ്ത്രസമ്പന്നർ തേരും കൊടിയുമൊത്തവർ 29

പൊരുതാൻ പോരുമീ ഞങ്ങൾ സുരാസുരരോടൊക്കയും
പിന്നെയെന്തോ പന്നഗാർത്ഥിമിന്ദ്രൻ മാത്രമെതിർക്കുകിൽ?” 30
അർജ്ജുനൻ പറഞ്ഞു
ചക്രപാണി ഹൃഷികേശൻ ചക്രമേന്തിജ്ജനാർദ്ദനൻ
കെല്പോടു പോരിൽ നേരിട്ടാലിപ്പോൾ മുപ്പാരിലെങ്ങുമേ 31

ചക്രത്താൽ ഭസ്മമാക്കീടാനൊക്കാതില്ലൊരു വസ്തുവും.
ഗാണ്ഡീവം വില്ലുമമ്പെന്നുമൊടുങ്ങാത്താവനാഴിയും 32

ധരിച്ചിട്ടൊന്നു നോക്കാമീ ഞാനും ലോകം ജയിക്കുവാൻ.
ചുറ്റും വളഞ്ഞീ വിപിനം മുറ്റുമെന്നാൽ ഭവാൻ വിഭോ ! 33

കത്തിത്തുടങ്ങുകങ്ങയ്ക്കുണ്ടൊത്തിങ്ങു തുണയിജ്ജനം.
ഖാണ്ഡവം കാക്കുവാൻ കൂട്ടത്തോടിന്ദ്രൻ വന്നടുക്കുകിൽ 34
കാണാമമ്പേറ്ററ്റുഴലും വാനോർസൈന്യപരിഭ്രമം.
വൈശമ്പായനൻ പറഞ്ഞു
എന്നു ഗോവിന്ദനോടൊന്നിച്ചർജ്ജുനൻ ചൊന്നനേരമേ 35

തേജോരൂപത്തൊടും കാടു ചുടാനേറ്റു ഹുതാശനൻ.
ചുറ്റും വളഞ്ഞു ചെന്നിട്ടു സപ്താർച്ചിസ്സായ പാവകൻ 36

ഖാണ്ഡവാടവിയിൽക്കത്തീ പ്രളയം കാട്ടിടുംവിധം.
പിടിച്ചുള്ളിൽക്കടന്നിട്ടാക്കാട്ടിൽ ഭരതസത്തമ ! 37

ഇടിക്കൊത്താരവത്തോടുമിളക്കീ ഭൂതസഞ്ചയം.
എരിച്ചു കാട്ടിൽ പതറി സ്ഫുരിച്ചൂ വഹ്നി ഭാരത ! 38
സൂര്യാംശു തട്ടിച്ചിതറും മേരുശൈലംകണക്കിനെ.

[ 719 ] ====238.ഇന്ദ്രക്രോധം====

കൃഷ്ണാർജ്ജുനന്മാരുടെ രക്ഷയിൽ അഗ്നി ഖാണ്ഡവവനം ദഹിപ്പിച്ചുതുടങ്ങുന്നു. ഇന്ദ്രൻ കോപിച്ച് ആ വനദാഹം തടസ്സപ്പെടുത്തുവാൻ മഴ പെയ്യിക്കുന്നു.


വൈശമ്പായനൻ പറഞ്ഞു

കാടിന്റെ രണ്ടു ഭാഗത്തുംകൂടിത്തേരിലമർന്നവർ
എല്ലാടവും ഭൂതജാലകദനം ചെയ്തിതുൽക്കടം. 1

ഏതേതു ദിക്കിൽ കാണുന്നൂ ഖാണ്ഡവാരണ്യവാസികൾ
ഓടുന്നതവിടെയ്ക്കൊക്കപ്പാഞ്ഞെത്തും വീരരാമവർ. 2

പഴുതെങ്ങും കാണ്മതില്ലാ പാഞ്ഞീടും രണ്ടു തേരിനും
ചുറ്റും തേരുണ്ടെന്നമട്ടിലായിക്കാണായിതെപ്പൊഴും. 3

ഖാണ്ഡവം കത്തിടുംനേരമസംഖ്യം ഭൂതസഞ്ചയം
ഭൈരവാരാവമോടൊത്തു പുറത്തെക്കെത്തി ചുറ്റുമേ. 4

ഒട്ടു മെയ് കത്തിന ചിലർ ചുട്ടു വല്ലാതെയായ് ചിലർ
കണ്ണു പൊട്ടിച്ചിലരെരിഞ്ഞോടിപ്പാഞ്ഞിട്ടുമേ ചിലർ, 5

മക്കളച്ഛൻ സോദരരെന്നിവരെത്തഴുകിച്ചിലർ
സ്നേഹത്താൽ വിട്ടുപേകാതെയവിടെത്തന്നെ വെന്തുപോയ്. 6

ചൊടിച്ചു പൽ കടിച്ചുംകൊണ്ടുല്പതിച്ചിതതിൽ ചിലർ
പിടഞ്ഞുംകൊണ്ടവരുമാക്കെടുതീയിലെരിഞ്ഞുപോയ്. 7

പക്ഷവും മിഴിയും കാലും വെന്തു വീണു പിടഞ്ഞഹോ!
അങ്ങുമിങ്ങും കാണുമാറായ് നശിക്കുന്ന ശരീരികൾ. 8

ജലാശയങ്ങൾ തീയേറ്റു ചുട്ടു വറ്റുന്ന നേരമേ
ചത്തുകാണായി മീനാമയെന്നിവറ്റയസംഖ്യമായ്. 9

കത്തിജ്ജ്വലിക്കും ദേഹത്തോടൊത്തു വഹ്നികണക്കിനെ
പ്രാണക്ഷണത്തിൽക്കാണായീ പ്രാണിജാലങ്ങളാ വനേ. 10

പുറത്തു ചാടുന്ന ചില വിഹഗങ്ങളെയർജ്ജുനൻ
അമ്പെയ്തറുത്തു വീഴിച്ചൂ കത്തുന്ന കടുവഹ്നിയിൽ 11

ശരം മെയ്യിൽ തറച്ചുംകൊണ്ടാരവത്തോടുമായവർ
മേല്പോട്ടു പൊങ്ങിപ്പോയിട്ടും വീണൂ ഖാണ്ഡവവഹ്നിയിൽ. 12

കൂട്ടത്തോടമ്പുകൊണ്ടേറ്റമാർത്തിയാൽ വനവാസികൾ
ആർക്കും ഘോഷം കേൾക്കുമാറായ് കടയും കടലിൻപടി 13

ജ്വലിക്കുമഗ്നിക്കുള്ളൊരാ ജ്വാല മേല്പോട്ടുയർന്നതിൽ
ഏറ്റമുദ്വേഗമുണ്ടായീ വാനിൽ വാഴുന്നവർക്കുമേ. 14

അഗ്നിജ്ജ്വാല പൊറുക്കാഞ്ഞു മുനിമാരോടു ചേർന്നവർ
എല്ലാ ദേവകളുംകൂടിച്ചേർന്നു ചെന്നിതു തൽക്ഷണം
അസുരാരാതിയാം ദേവാധീശനിന്ദ്രന്റെ സന്നിധൗ. 15

[ 720 ]

ദേവകൾ പറഞ്ഞു

എന്തിതിങ്ങനെ മർത്ത്യന്മാർ വെന്തിടുന്നിതു വഹ്നിയാൽ?
ശോകപ്രളയമായ്വന്നിതെന്നുണ്ടോ ദേവനായക! 16

വൈശമ്പായനൻ പറഞ്ഞു

അതു കേട്ടിട്ടു വൃത്രാരിയതുതാൻ പാർത്തു കണ്ടുടൻ 17

ഖാണ്ഡവാരണ്യരണ്യരക്ഷയ്ക്കായിറങ്ങീ ഹരിവാഹനൻ.
അനേകതാതിരിക്കുള്ള നാനാ മേഘഗണത്തിനാൽ 18

ആകാശത്തെ മറച്ചിട്ടു വർച്ചിതു സുരേശ്വരൻ
പരമക്ഷപ്രമാണത്തിൽ ചൊരിഞ്ഞൂ ജലധാരകൾ 19

ദേവരാജാജ്ഞയാൽ മേഘജാലം ഖാണ്ഡവഭൂമിയിൽ.
അടുക്കുംമുൻപിലാ വാരിധാര തീയിന്റെ ചൂടിനാൽ 20

ആകാശത്തിൽത്തന്നെ വറ്റീ തീയിലെത്തീല ലേശവും.
ഉടനേ നമുചിദ്വേഷി ചൊടിച്ചാക്കടുവഹ്നിയിൽ 21

മഹാമേഘങ്ങളെക്കൊണ്ടു പെയ്യിച്ചൂ വളരെജ്ജലം.
അർച്ചിസ്സും ധാരയും ചേർന്നു പുകയും പടു മിന്നലും
ഭയങ്കരസ്ഥിതിയിലായിടിവെട്ടിയുമാ വനം. 22

239. ദേവകൃഷ്ണാർജ്ജുനയുദ്ധം[തിരുത്തുക]

വനദഹനകൃത്യം തടുക്കാൻ സാധിക്കാതെവന്നതിനാൽ ക്രുദ്ധനായ ഇന്ദ്രൻ ദേവന്മാരുടേയും ദിക്പാലന്മാരുടേയും സഹായത്തോടുകൂടി കൃഷ്ണാർജ്ജുനന്മാരോടു യുദ്ധത്തിനു പുറപ്പെടുന്നു. ഒടുവിൽ ദേവന്മാരെല്ലാം തോറ്റ് ഇന്ദ്രനെ ശരണം പ്രാപിക്കുന്നു.ഇന്ദ്രൻ പൂർവ്വാധികം ചൊടിച്ചു യുദ്ധം ചെയ്യുന്നു. ദേവരാജൻ കൃഷ്ണാർജ്ജുനൻമാരെ ലാക്കാക്കി വല്ച്ചെറിഞ്ഞ പർവ്വതശൃംഗം ഖാണ്ഡവവനത്തിൽ വീണ് അനവധി ജീവജാലങ്ങൾ മൃതിയടയുന്നു.


വൈശമ്പായനൻ പറഞ്ഞു

അവനംഭസ്സു വർഷിക്കെത്തടുത്താനതു പാണ്ഡവൻ
ഉത്തമാസ്ത്രങ്ങൾ കാണിക്കും ബീഭത്സു ശരവൃഷ്ടിയാൽ. 1

ഖാണ്ഡവക്കാടു മുഴുവൻ പാണ്ഡവൻ പരമമ്പിനാൽ
മഞ്ഞിനാലേ ചന്ദ്രനെന്നപോലേ പാടവേ മൂടിനാൻ. 2

പുറത്തുപോകവയ്യാതായൊരു ജീവിക്കുമേ തദാ
സവ്യസാചി ശരംകൊ​ണ്ടങ്ങാകാശത്തെയടയ്ക്കയാൽ. 3

ഉണ്ടായിരുന്നില്ലക്കാട്ടിലപ്പോളൂക്കുള്ള തക്ഷകൻ
കുരുക്ഷേത്രം പുക്കിരുന്നൂ കാടു കത്തുമ്പൊഴങ്ങവൻ. 4

അതിലുണ്ടന്നശ്വസേനൻ തക്ഷകന്റെ മകൻ ബലി

[ 721 ]

തീയിൽനിന്നൊഴിവാൻവേണ്ടിയവൻ യത്നിച്ചിതേറ്റവും. 5

പുറത്തു ചാടാനാളായീലർജ്ജുനാസ്ത്രം തടുക്കയാൽ
വിഴുങ്ങിയവനേ മോചിപ്പിച്ചാളന്നമ്മ പന്നഗി. 6

തലതൊട്ടാ മെയ് വിഴുങ്ങി വാൽ വിഴുങ്ങുന്നനേരമേ
മകനേ വിടുവിപ്പാനായ് പുറത്തേക്കെത്തിനാളവൾ. 7

തീക്ഷ്‌ണധാരശരംകൊണ്ടിട്ടവൾതൻ തല പാണ്ഡവൻ
പോകുന്നേരമറുത്താ,നായതു കണ്ടു പുരന്ദരൻ 8

അവന്റെ മോചനത്തിന്നു കാറ്റു വർഷിച്ചു വാസവൻ;
മോഹിപ്പിച്ചാനർജ്ജുനനേ വിട്ടുപോയശ്വസേനനും. 9

ആഗ്ഘോരമായയാൽ നാഗം തന്നെ വഞ്ചിച്ചു പോയതിൽ
അർജ്ജുനൻ വാനെഴും പ്രാണികളെക്‌‌ഖണ്ഡിച്ചു വീണ്ടുമേ. 10

ശപിച്ചൂ കോപമുൾക്കൊണ്ടാപാമ്പിനെപ്പാണ്ഡുപുത്രനും
നിലകിട്ടാതെയാമെന്നു വഹ്നിയും വാസുദേവനും. 11

പിന്നെജ്ജിഷ്ണു സഹസ്രാക്ഷൻതന്നെ വാനിൽ ശരോത്‌കര
ചൊരിഞ്ഞു പൊരുതിച്ചാനാച്ചതികൊണ്ടു ചൊടിക്കയാൽ. 12

സംരബ്ധനാമർജ്ജിനനെക്കണ്ടുടൻ ദേവരാജനും
അംബരം മുഴുവൻ മൂടി പ്രയോഗിച്ചൂ നിജാസ്ത്രവും. 13

ഉടൻ ഘോഷത്തൊടും കാറ്റു കടലെല്ലാം കലങ്ങവേ
മഴ പെയ്യും മേഘജാലമംബരത്തിൽ പരത്തിതേ. 14

തടിൽപടലമോടൊത്തിട്ടിടി വെട്ടുമ്പടിക്കുടൻ
അതു നിർത്തീടുവാനെയ്താനുത്തമാസ്ത്രത്തെയർജ്ജുനൻ. 15

വായവ്യമഭിമന്ത്രിച്ചു മറുകൈ കണ്ടിടുന്നവൻ
അതിനാലിന്ദ്രമേഘൗഘവീര്യൗജസ്സു നശിച്ചുപോയ്. 16

ശരധാരകൾ വറ്റിപ്പോയ് പെരുകും മിന്നൽ മാഞ്ഞുപോയ്
ഇരുട്ടും പൊടിയും പോയിപ്പരം ശോഭിച്ചിതംബരം; 17

കുളുർകാറ്റും വീശിയർക്കൻ തെളിയുംവണ്ണമായിതേ.
അലം പ്രഹൃഷ്ടനായിട്ടു പലമാതിരി വഹ്നിയും 18

പ്രാണിദേഹങ്ങളിലെഴും വസ വീണതുകാരണം
ജ്വാലാമാലയൊടും കത്തിക്കാളീ ഘോരാരവത്തൊടും. 19

കൃഷ്ണന്മാർ കാത്തിടുന്നോരാക്കാട്ടുതീ കണ്ടു ഗർവ്വൊടും
ആകാശത്തെത്തി രാജേന്ദ്ര, സുപർണ്ണാദി പതത്രികൾ. 20

ഗരുഡന്മാർ വജ്രമൊക്കും പക്ഷതുണ്ഡമുഖങ്ങളാൽ
വാനിൽ കൃഷ്ണാർജ്ജുനന്മാരെ പ്രഹരിപ്പാനടുത്തതേ. 21

അവ്വണ്ണമുരഗൗഘങ്ങൾ പാണ്ഡവന്റെയടുത്തുടൻ
എത്തീ ഘോരവിഷം കത്തിജ്ജ്വലിക്കുന്ന മുഖത്തൊടും. 22

തടുത്തൂ പാർത്ഥനവരെ രോഷാഗ്ന്യുഗ്രശരങ്ങളാൽ
പതിച്ചിതു കടുംതീയിലഥ ചാകുമ്പടിക്കവർ. 23

[ 722 ]

അക്ഷണം ദൈത്യ ഗന്ധർവ്വ യക്ഷ രാക്ഷസ പന്നഗർ
ഉഗ്രമാമാരവത്തോടുമുല്പതിച്ചു രണത്തിനായ്. 24

ഇരുമ്പുചീറ്റും ചക്രാശ്മമുസൃണ്ഠികളെടുത്തവർ
കൃഷ്ണാർജ്ജുനവധത്തിന്നായുൽക്കടക്രോധമെത്തിനാർ. 25

അതിവാക്കും പറഞ്ഞസ്ത്രം വർഷിക്കുമവർതമ്മുടേ
കഴുത്തറുക്കും ബാണങ്ങൾ പൊഴിച്ചിതു ധനഞ്ജയൻ. 26

വിക്രമം കൂടിടും കൃഷ്ണൻ ചക്രംകൊണ്ടരിനാശനൻ
ദൈത്യദാനവസംഘത്തിൽ കദനം ചെയ്തിതേറ്റവും. 27

ചിലരമ്പേറ്റുകൊണ്ടിട്ടു ചക്രമേറ്റിട്ടുമേ ചിലർ
നിലയ്ക്കു നിന്നൂ വീരന്മാർ വേല പൂക്കെന്നവണ്ണമേ. 28

ഉടൻ ചൊടിച്ചുകൊണ്ടിന്ദ്രൻ ത്രിദശന്മാർക്കു നായകൻ
വെള്ളയാനപ്പുറം കേറിയവരോടേറ്റെതിർത്തുതേ. 29

ഊക്കോടശനി കൈക്കൊണ്ടു വജ്രാസ്ത്രം വിട്ടു വാസവൻ
ഇവർ ചത്തെന്നു ചൊന്നാനാസ്സുരരോടസുരാന്തകൻ. 30

ഇന്ദ്രൻ വജ്രമെടുത്തെന്നു കണ്ടു വാനവരൊക്കെയും
താന്താങ്ങൾക്കുള്ള ശസ്ത്രങ്ങളേന്തിനാരതുനേരമേ. 31

കാലദണ്ഡം യമൻ ഭൂപമൗലേ, ഗദ ധനാധിപൻ
പാശങ്ങളൊത്തശനിയും പാശപാണി ജലേശ്വരൻ. 32

ശക്തി കൈക്കൊണ്ടുനിന്നാനാ സ്കന്ദൻ മേരുകണക്കിനെ
ജ്വലിക്കുമോഷധുകളെയെടുത്താരശ്വിപുത്രരും 33

ധാതാവപ്പോൾ വില്ലെടുത്തൂ മുസലം ജയനും പരം
ത്വഷ്ടാവപ്പോൾ ചൊടിച്ചിട്ടു പർവ്വതം കയ്യിലേന്തിനാൻ. 34

ശക്തിയേന്തീടിനാനാശു മൃത്യു വെൺമഴുവേന്തിനാൻ
പരിഘം കയ്യിലേന്തിസ്സഞ്ചരിച്ചാനര്യമാവുമേ. 35

ക്ഷുരാന്തമാം ചക്രമേന്തി നിന്നൂ മിത്രനുമങ്ങനെ
പൂഷാവു ഭഗനവ്വണ്ണം സവിതാവു ധരാപതേ ! 36

വില്ലും വാളുമെടുത്തേറ്റൂ കൃഷ്ണന്മാരുടെ നേർക്കുടൻ.
വസുക്കൾ രുദ്രരൂക്കേറും മരുത്തുക്കളുമങ്ങനെ 37

വിശ്വേദേവകൾ സാദ്ധ്യന്മാരേറ്റം തേജസ്സിയന്നവർ
മറ്റുള്ള ദേവകളുമാ വീരരാം കൃഷ്ണപാർത്ഥരെ 38

ഹനിക്കുവാൻ പാഞ്ഞടുത്തൂ വിവിധായുധപാണികൾ.
അത്ഭുതങ്ങൾ നിമിത്തങ്ങൾ കാണായീ പോരിലന്നഹോ ! 39

പ്രളയത്തിന്നൊത്തവണ്ണം ഭൂതസമ്മോഹനങ്ങളായ്.
വാനോർകളൊത്തു കോപിച്ചു വാനോർകോൻ വന്നു കണ്ടതിൽ

ഭയമെന്ന്യേ വില്ലുമേന്തി നിന്നാർ സന്നദ്ധരച്യുതർ.
ഉടനെത്തും വാനവരെപ്പടിയിൽ പ്രൗഡരാമവർ 41

ചൊടിച്ചെയ്‌തൂ വജ്രമൊക്കമ്പടിക്കുള്ള ശരങ്ങളാൽ.

[ 723 ]

ഭഗ്നസങ്ക്പരായിത്തീർന്നന്നു പേർത്തും സുധാശനർ 42

പേടിച്ചു പോരു നിർത്തപ്പോയ്‌ക്കൂടീ ശക്രന്റെ സന്നിധൗ.
കൃഷ്ണാർജ്ജുനന്മാരീവണ്ണം വിണ്ണോരേ വെന്നു കണ്ടതിൽ 43

അത്ഭതപ്പെട്ടുപോയ് വാനിൽ നല്പൊരു മുനിണ്ഡലം.
പലപാടുമവർക്കള്ള വീര്യം കണ്ടു സരേന്ദ്രനും 44

പരമപ്രീതനായ്‌ത്തീർന്നൂ പൊരതീ ചെന്നു പിന്നെയും.
ഉടനുഗ്രാസ്ത്രവർഷത്തെച്ചെയ്താനാപ്പാകശാസനൻ 45

വീണ്ടും പാർത്ഥന്റെ വീര്യത്തെക്കണ്ടുകൊള്ളുന്നതിന്നുതാൻ.
ആ വർഷത്തെശ്ശരം തൂകിത്തടുത്താനുടനർജ്ജുനൻ 46

അതു നിഷ്ഫലമാക്കിടുന്നവ കണ്ടു ശതക്രതു,
വീണ്ടുമാ വർഷമൊന്നേറ്റിക്കൊണ്ടൂ പാകനിഷൂദനൻ. 47

ഊക്കേറും ശരവർഷത്താൽ ശിലാവർഷത്തെയർജ്ജുനൻ
ശമിപ്പിച്ചാൽ പിതാവിന്നങ്ങമിതാനന്ദമേകുവോൻ. 48

മന്ദരാദ്രിക്കൊടുമുടിയൊന്നടർത്തിപ്പുരന്ദരൻ
മുറ്റും വൃക്ഷഗണത്തോടും വിട്ടൂ പാർത്ഥവധത്തിനായ്. 49

പടു പാർത്ഥൻ കൂർത്തുമൂർത്ത കടു ബാണഗണങ്ങളാൽ
ഉടച്ചിതാശ്ശൈലശൃംഗമുടനായിരമാംപടി. 50

ഉടഞ്ഞിടും പർവ്വതത്തിന്നുടെമട്ടന്നു കണ്ടുതേ
അർക്കേന്ദുഗ്രഹമൊത്തീടുമബരം തകരുംവിധം. 51

ആശ്ശൈലശൃംഗമാക്കാട്ടിൽച്ചെന്നു വീണതു കാരണം
ഖാണ്ഡവത്തിലെഴും പ്രാണിഷണ്ഡം പാരം തകർന്നുപോയ്.